ഒരു ദിവസം രാവിലെ അമ്മയും ഉണ്ണിയേട്ടനുമായുള്ള വഴക്ക് കേട്ടാണ് അവളുണർന്നത്.
” എനിക്ക് ഫോൺ കിട്ടിയേ തീരു” ഉണ്ണിയേട്ടൻ ശബ്ദമുയർത്തി. പഴയ പോലെ അച്ഛനമ്മമാരോട് കുട്ടികൾക്ക് പേടിയോ ബഹുമാനമോ ഇല്ല.
വാശി പിടിച്ചാൽ വാശി തന്നെ , ഉണ്ണിയേട്ടൻ പ്രത്യേകിച്ചും. അല്ലെങ്കിലും വാശിക്കാരായ അച്ഛന്റെയും അമ്മയുടെയും മൂത്ത മോനല്ലേ അതങ്ങനെയെ വരൂ. തനിക്ക് അമ്മൂമ്മയുടെ സ്വഭാവമാണ് കിട്ടിയിരിക്കുന്നതെന്ന് ഒരിക്കൽ അമ്മൂമ്മ തന്നെ പറഞ്ഞതാണ്. എല്ലാവർക്കും അമ്മൂമ്മയുടെ സ്വഭാവം കിട്ടിയിരുന്നെങ്കിൽ ലോകത്ത് തന്നെ ഒരു പ്രശ്നവുമുണ്ടാകുമായിരുന്നില്ല. അവളോർത്തു.
” ഇത്രയും വിലയുള്ള ഫോൺ ഇപ്പോൾ എന്തിനാ , അത്യാവശ്യത്തിനു ഒരു ഫോണില്ലേ?”
” അമ്മെ, ക്ലാസിൽ എനിക്ക് മാത്രമേ ഈ മോഡൽ ഫോൺ ഇല്ലാത്തതുള്ളൂ ”
” നിനക്ക് നിർബന്ധമാണെങ്കിൽ അച്ഛനോട് ചെന്ന് പറ”
അച്ഛനോട് പറയില്ല എന്ന് അമ്മക്കറിയാം. അച്ഛൻ ചൂടായാൽ ഇതൊന്നുമല്ല. ഇനി കാശുണ്ടെങ്കിൽ തന്നെ അച്ഛൻ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കുന്നതിന് എതിരാണ്. ക്ളാസുകൾ ഓൺലൈനായപ്പോഴാണ് തനിക്കാണെങ്കിലും മനസ്സില്ലാമനസോടെ ഫോൺ വാങ്ങി തന്നത്.
” അമ്മേ ഇന്ന് എനിക്ക് ഈ ഫോൺ വാങ്ങി തന്നില്ലെങ്കിൽ ഞാനിങ്ങോട്ട് വരില്ല ” ഉണ്ണിയേട്ടൻ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞു.
” നീ ആരെയാണ് പേടിപ്പിക്കുന്നത്. ഇത്രയും കൂടിയ ഫോൺ വാങ്ങിക്കാൻ എന്റെ കയ്യിൽ കയ്യിൽ കാശില്ല , ഇനി ഉണ്ടെങ്കിൽ തന്നെ ഞാൻ വാങ്ങിച്ചു തരികയുമില്ല. കുട്ടികൾക്കെന്തിനാ ഇത്രയും വില കൂടിയ ഫോൺ?”
അമ്മ എടുത്ത് വച്ച ഭക്ഷണം കഴിക്കാതെയാണ് ഏട്ടൻ പോയത്, പിന്നെ ഒരിക്കലും ഏട്ടൻ വീട്ടിലേക്കു വന്നില്ല.
അന്വേഷിക്കാവുന്നിടത്തെല്ലാം അന്വേഷിച്ചു. പത്രത്തിലും ടി.വി.യിലുമൊക്കെ അറിയിപ്പ് കൊടുത്തു. പക്ഷെ, ഏട്ടനെപ്പറ്റി ഒരറിവും കിട്ടിയില്ല. എല്ലാവർക്കും വലിയ ആഘാതമായിരുന്നു ആ സംഭവം. അങ്ങനെ ദേഷ്യപ്പെട്ടു പറഞ്ഞെങ്കിലും ഉണ്ണിയേട്ടൻ വീട് വിട്ടു പൊയ്ക്കളയുമെന്ന് അമ്മയും ഓർത്തിട്ടുണ്ടാവില്ല.
അവൾക്കും വലിയ ദുഃഖമായി ആ സംഭവം. വഴക്കിടുമെങ്കിലും അവൾക്ക് എന്തിനും ഏതിനും സഹായമായിരുന്നു ഉണ്ണിയേട്ടൻ. പെട്ടെന്നൊരു ദിവസം ആ സാന്നിദ്ധ്യമില്ലാതായപ്പോൾ എന്തോ ഒരു ശൂന്യത പോലെയായി ജീവിതം.
അമ്മയുടെ കാര്യം നോക്കി അമ്മയും അച്ഛന്റെ കാര്യം നോക്കി അച്ഛനും പോയിക്കഴിഞ്ഞാൽ പിന്നെ അവൾ ഒറ്റക്കായി.
എങ്കിലും അവൾ പ്രതീക്ഷിച്ചു ‘ എടീ, അമ്മുക്കുട്ടി ‘ എന്ന് വിളിച്ചുകൊണ്ട് എന്നെങ്കിലും ഒരിയ്ക്കൽ ഉണ്ണിയേട്ടൻ മുറ്റത്തു കാലു കുത്തുമെന്ന്. പക്ഷെ, അവൾ പ്രതീക്ഷയോടെ കാത്തിരുന്നതല്ലാതെ പിന്നെ ഒരിക്കലും ഉണ്ണിയേട്ടൻ വന്നില്ല.
അവൾക്ക് ഒന്ന് മാത്രം മനസ്സിലായില്ല… ഇത്ര ചെറിയ കാര്യത്തിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ, ഒരു മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തില്ല എന്ന് പറഞ്ഞ് അച്ഛനെയും അമ്മയെയും അനിയത്തിയേയും വിട്ടു പോകാമോ? എന്നെങ്കിലും ഏട്ടൻ വരുമ്പോൾ ഇതൊക്കെ ചോദിക്കണം.
” പറഞ്ഞിട്ടു കാര്യമില്ല മോളെ, ക്ഷമിക്കാനും സഹിക്കാനുമൊന്നും ഇപ്പോഴത്തെ കുട്ടികൾക്കാവില്ല വെട്ടൊന്ന് , മുറി രണ്ട് …”
ഉണ്ണിയേട്ടൻ പോയ നാളുകളിലൊന്ന് അവളോട് അമ്മൂമ്മ പറഞ്ഞത് അവളോർത്തു.
അതിനിടയിൽ അച്ഛനും അമ്മയുമാകട്ടെ എന്നും വഴക്കുകൾ തുടർന്ന് കൊണ്ടിരുന്നു. അതിനൊടുവിലാണ് അച്ഛനോട് പിണങ്ങി അമ്മയും വീട്ടിൽനിന്ന് പോകുന്നത്. അതോടെ അവളുടെ ലോകത്ത് അവൾ മാത്രമായി…
Click this button or press Ctrl+G to toggle between Malayalam and English