നക്ഷത്രങ്ങളെ സ്നേഹിച്ച പെൺകുട്ടി

 

 

 

 

അച്ഛൻ ഇനിയും ഉറങ്ങിയിട്ടില്ല. അല്ലെങ്കിൽ എപ്പോഴാണ് അച്ഛനുറങ്ങുക. അവൾക്കറിയില്ല. അവൾ രാത്രി ഉറങ്ങാൻ നേരം അച്ഛൻ ഉണർന്നിരിപ്പുണ്ടാവും. രാവിലെ ഉണരുമ്പോഴും അച്ഛൻ ഉണർന്നിരിപ്പുണ്ടാവും. കടലാസും പേനയുമായി എന്തോ കുത്തിക്കുറിക്കുകയാവും. വലിയ എഴുത്തുകാരനല്ലേ, അതിനിടയിൽ പലരുടെയും ഫോൺ വിളികളും. മകളുടെ കാര്യം നോക്കാൻ ഇതിനിടയിൽ എവിടെയാണ് സമയം? എങ്കിലും ചായ ഉണ്ടാക്കി വെച്ചിരിക്കും. ഭക്ഷണം ഉണ്ടാക്കാനും അടുക്കള ജോലിക്കുമായി ഒരു സ്ത്രീ വരും. വൈകിട്ടത്തെ ഭക്ഷണം ഉണ്ടാക്കി വെച്ചിട്ട് അവർ പോകും.

അച്ഛൻ ഇനിയും അമ്മയെ വിളിച്ചു കൊണ്ടു വരാത്തതെന്തെന്ന് അവൾക്ക് മനസ്സിലായിട്ടില്ല. പറയുമ്പോഴെല്ലാം ഓരോ ഒഴിവു കഴിവുകൾ പറയും. അവർ തമ്മിൽ എന്തോ പിണക്കമാണെന്നും കോടതിയിൽ കേസ് നടക്കുകയാണെന്നും മാത്രം അവൾക്കറിയാം.

അല്ലെങ്കിൽ എന്നാണ് അച്ഛനും അമ്മയും തമ്മിൽ വഴക്ക് കൂടിയിട്ടില്ലാത്തത്അ വൾക്ക് ഓർമ്മ വെച്ച കാലം മുതൽ അവരുടെ വഴക്ക് കേട്ടാണ് അവൾ വളർന്നത്. എ ന്തെങ്കിലും നിസാര കാര്യങ്ങൾ മതി രണ്ടാളും വിട്ടു കൊടുക്കില്ല. എഴുത്തിലും വായനയിലും കൂടുതൽ ശ്രദ്ധിക്കുന്ന അച്ഛൻ,അതിലൊന്നും ശ്രദ്ധയില്ലാത്ത അമ്മ. പലപ്പോഴും പ്രശ്നം അതായിരിക്കണം. അച്ഛൻ അൽപ്പം വീട്ടുകാര്യങ്ങളും അമ്മ അൽപ്പം അച്ഛന്റെ കാര്യങ്ങളും ശ്രദ്ധിച്ചാൽ തീരാവുന്നതേയുള്ളൂ അവർ തമ്മിലെ പ്രശ്നമെന്ന് അവൾക്ക് തോന്നിയിട്ടുണ്ട്. കോടതി വരെ ഇതെങ്ങനെ എത്തി എന്നവൾക്ക് അറിയില്ല.

അമ്മ പോയതോടു കൂടി നക്ഷത്രങ്ങളായി അവളുടെ കൂട്ടുകാർ. രാത്രി ഏറെ നേരം അവൾ നക്ഷത്രങ്ങളെ നോക്കി നിൽക്കും അവയോട് വർത്തമാനങ്ങൾ പറയും. കഥകൾ പറയും വിശേഷങ്ങൾ പങ്കുവെക്കും. പകൽ ആരുമില്ല അവൾക്ക് വിശേഷങ്ങൾ പങ്കു വെക്കാൻ. അവധിക്കാലമായതു കൊണ്ട് വായിച്ചും ടെലിവിഷൻ കണ്ടും മൊബൈൽ ഗെയിം കളിച്ചും അവൾക്ക് മതിയായി. പഴയ കഥകൾ വായിക്കുമ്പോൾ അതിൽ കുട്ടീം കോലും കളിയും ഓലപ്പന്തു കളിയുമൊക്കെ വിവരിക്കുന്നത് കാണുമ്പോൾ അവൾക്ക് കൊതിയാവും.

മടിച്ച് മടിച്ച് ഒരു ദിവസം അവൾ അച്ഛന്റെ എഴുത്തു മുറിയിൽ കയറിച്ചെന്നു.

’’മോൾ ഭക്ഷണം കഴിച്ചോ?’’

‘’ഞാൻ കഴിച്ചു..അച്ഛാ,ഞാനൊരു കാര്യം പറഞ്ഞാൽ കേൾക്കുമോ?’’

എന്താണെന്ന മട്ടിൽ അച്ഛൻ തലയുയർത്തി..

‘’നാളെ അമ്മയെ വിളിച്ചു കൊണ്ടു വരുമോ?’’ അതു കേട്ടതും അച്ഛന്റെ മുഖം ഇരുണ്ടു.

’’ഇങ്ങോട്ടു വിളിക്കുന്നില്ലെങ്കിൽ വെക്കേഷൻ കഴിയും വരെ എന്നെ അമ്മയുടെ അടുത്തു കൊണ്ടു നിർത്തുമോ?’’

‘’അതൊക്കെ ഇനി കോടതി തീരുമാനിക്കും. മോൾ പോയി ഉറങ്ങിക്കോളൂ’’

അനിഷ്ടത്തോടെ അച്ഛൻ പറഞ്ഞു. കോടതിയുടെ തീരുമാനം എന്തായാലും തനിക്ക് ഒരാൾ നഷ്ടപ്പെടും. രണ്ടു പേരും ഒരേ പോലെ പ്രിയപ്പെട്ടവരാണ്. തിരക്കിനിടയിലും ഇഷ്ട്ടപ്പെട്ടതെല്ലാം വാങ്ങിത്തരുന്ന അച്ഛൻ, പ്രത്യേകിച്ച് തനിക്ക് ഏറെ ഇഷ്ടമുള്ള പുസ്തകങ്ങൾ..പിടി വാശിക്കാരിയാണെങ്കിലും തന്നെ മനസ്സു തുറന്നു സ്നേഹിക്കുന്ന അമ്മ..ആരെ പിരിയേണ്ടി വന്നാലും അത് എന്നും വേദനയായി അവശേഷിക്കും.

ഈശ്വരാ,അതിനു മുമ്പ് ഒരു ഒത്തു തീർപ്പുണ്ടാവണേ…ഉറക്കം വരാതെ കിടക്കുമ്പോൾ അവൾ പ്രാർത്ഥിച്ചു. അവൾ ആകാശത്തേക്ക് നോക്കി. നിറയെ കുഞ്ഞു നക്ഷത്രങ്ങൾ.അച്ഛനും അമ്മയും ഞാനും അമ്മയും ഒത്തു ചേർന്ന് സന്തോഷത്തോടെ ജീവിക്കാൻ നിങ്ങളും പ്രാർത്ഥിക്കണേ..അത് കേട്ടിട്ടെന്ന പോലെ നക്ഷത്രങ്ങൾ തന്നെ നോക്കി ചിരിക്കുന്നതായി അവൾക്ക് തോന്നി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകേരളം ഇലക്ഷൻ ബൂത്തിലേക്ക്
Next articleകർഷക മാർച്ച്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English