ചോദ്യങ്ങൾ ഏറി
ഉത്തരങ്ങൾ കുറഞ്ഞപ്പോൾ
ഉത്തരത്തിൽ ഒരു സാരിത്തലപ്പിൽ
കടിച്ചുതൂങ്ങാൻ
എന്നോട് പറഞ്ഞത്
നീയായിരുന്നു.
ചൂളം വിളിച്ചെത്തിയ
പുകവണ്ടിക്കു മുന്നിൽ
താളം തെറ്റി
പാളത്തിലൊട്ടാൻ
എന്നെ പഠിപ്പിച്ചതും
നീ തന്നെയായിരുന്നു.
ഉള്ളിലെരിയുന്ന അഗ്നിയെടുത്ത്
ദേഹത്തൊഴിക്കാൻ
എനിക്ക് ധൈര്യം തന്നതും
നീ മാത്രമായിരുന്നു.
പ്രണയമെന്ന
വാക്കിൽ
നീ ഒളിച്ചിരുന്നെന്ന്
ഞാൻ അറിഞ്ഞപ്പോഴേക്കും
ശ്മശാനത്തിലെവിടെയോ
ഉറക്കമായിരുന്നു.
നൊന്തു പെറ്റവരുടെ രോദനങ്ങളും
സ്വന്തം കുഞ്ഞിന്റെ തേങ്ങലുകളും
ഇവിടെയും എനിക്ക് ഉറക്കം തടയുന്നു.