പതിവായി പ്രഭാത സവാരിക്ക് പോകുന്ന റോഡരുകില്‍ ഒരാള്‍ക്കൂട്ടം! ചീറിപ്പാഞ്ഞു വന്ന ഒരു ടിപ്പര്‍ ലോറി ഒരു പാവം വൃദ്ധനെ ഇടിച്ചു തെറിപ്പിച്ചു! ചോരയില്‍ കുളിച്ചു കിടന്ന വൃദ്ധനെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി!
“ആരാ അത്..?” കൂടിനിന്ന പരിചയക്കാരനോട് ചോദിച്ചു. അയാള്‍ പറഞ്ഞു: “നമ്മുടെ അബ്ദുവാ..ആക്രി അബ്ദു..”
അബ്ദുവിനെ അറിയാത്തവര്‍ ആരുമില്ല ഈ നാട്ടില്‍. സ്ഥിരമായി കാല്‍നടയാത്ര ചെയ്യുന്ന ഒരേ ഒരാള്‍! ഏതാണ്ട് 5 കി.മീ. അകലെയാണ് വീട്. അതിരാവിലെ വീട്ടില്‍ നിന്നിറങ്ങും. വൈകുന്നേരം തിരിച്ച് വീട്ടിലേക്കും. അങ്ങനെ ദിവസേന 10 കി.മീ. നടപ്പ്!!
പ്രായം ഏതാണ്ട് 80 വയസ്സിനു മേല്‍ വരും. കെട്ടിയോള്‍ 20 വര്‍ഷം മുന്‍പ് മയ്യത്തായി. മൂന്ന് പെണ്മക്കള്‍. അവരുടെ കേട്ടിയോന്മാരും മയ്യത്തായി. മൂന്ന് പേര്‍ക്കും കൂടി ആറു കുട്ടികള്‍. ഇവര്‍ക്കെല്ലാം വേണ്ടിയാ പാവം അബ്ദു ഈ വയസാംകാലത്തും ആക്രി പെറുക്കി കഷ്ടപ്പെടുന്നത്?
അങ്ങനെ ഓരോന്ന് ആലോചിച്ചു നില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് ദൂരെ നിന്നും ഒരു ആംബുലന്‍സ് മിന്നല്‍ പോലെ തിരിച്ചു പോയത്!?
നോക്കിനിന്ന പരിചയക്കാരന്‍ പറഞ്ഞു: “അബ്ദുവാ.. നമ്മുടെ ആക്രി അബ്ദു….മയ്യത്തായി….പാവം…?”