നല്ല പോഷകഗുണം പ്രദാനം ചെയ്യുന്ന ഒരു ഭക്ഷണപദാർത്‌ഥമാണ് മാങ്ങയണ്ടി
1. ചക്കരച്ചോറ് പണ്ട് ധനുമാസത്തിലെ കൊയ്‌ത്ത് കഴിഞ്ഞ് പത്തായമെല്ലാം നിറഞ്ഞാൽ മകരം 1 ന് ആണ് ഈ വിഭവം തയ്യാറാക്കുന്നത്. ആദ്യകാലത്ത് ചക്കരച്ചോറ് എല്ലാവീട്ടിലും വെയ്‌ക്കാറുണ്ട്. ഇത് വയ്‌ക്കാൻ കഴിവില്ലാത്തവീട്ടിൽ അയൽക്കാർ തങ്ങളുടെ ഒരോഹരി കൊണ്ടുകൊടുക്കാറുണ്ട്. അരി, ശർക്കര, നാളികേരം എന്നിവയോടൊപ്പം ജീരകം, ഉളളി, ഏലക്കായ എന്നീ ചേരുവകൾ ചേർത്താണ് ചക്കരച്ചോറ് തയ്യാറാക്കുന്നത്. ചക്കരച്ചോറ് വെയ്‌ക്കുന്ന മകരം ഒന്നിന് താലപ്പൊലി ഒന്നാം തീയതി എന്നും പറയുന്നു.
2. മത്തങ്ങപ്പാല്യപ്പം ചിങ്ങംകന്നി മാസങ്ങളിലാണ് മത്തങ്ങ പാല്യപ്പം ഉണ്ടാക്കുന്നത്. മത്തങ്ങ, പയറ്, ഉളളി, നല്ല ജീരകം, നാളികേരം, വറുത്ത അരിപ്പൊടി എന്നിവയാണ് ഇതിനാവശ്യമായ സാധനങ്ങൾ. മത്തങ്ങയും പയറും വെന്തു പാകമായി വരുമ്പോൾ അരിപ്പൊടിയിട്ട് ഇളക്കുന്നു. അല്പസമയം കഴിഞ്ഞാൽ അരിപ്പൊടി വെന്തുകുറുകി പാകമായി വരുമ്പോൾ മത്തങ്ങപ്പാല്യപ്പം തയ്യാറാവുന്നു.
3. ഇലയടകൾ പരുത്തി, വാഴില, ഐനിയില, കറുകയില – എന്നിവ ഉപയോഗിച്ച് വിവിധയിനം അടകൾ തയ്യാറാക്കുന്നു. ഇത്തരം ഇലകൾ ഉപയോഗിച്ച് അടയുണ്ടാക്കുമ്പോൾ അതിന് പ്രത്യേകം രുചിയും മണവും കൈവരുന്നു. ഇതിൽത്തന്നെ ചില ഇലകൾ ഉപയോഗിച്ച് അത് കോട്ടി ഇലയുടെ ഞെട്ടിഭാഗം ഒടിച്ച് കുമ്പിളിയുടെ വായ്‌ഭാഗം മൂടി കുമ്പിളിയട എന്നമറ്റൊരു പലഹാരംകൂടി ഉണ്ടാക്കുന്നു. അരിപ്പൊടി, പുല്ലുപൊടി എന്നിവ ഉപയോഗിച്ചാണ് ഇത്തരം വിഭവങ്ങൾ തയ്യാറാക്കുക.
4. മുളയരികൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ പട്ടിൽ കട്ടയിടുമ്പോൾ (കതിരുടുമ്പോൾ) അതിന്റെ ചുവട് രണ്ടുനേരവും അടിച്ചു തളിച്ചിടുക. വൃത്തിഹീനരായവർ ഈ പ്രവൃത്തിചെയ്‌തുകൂടാ. കുംഭത്തിനും മേടത്തിനും ഇടയ്‌ക്കുളള സമയത്താണ് പട്ടില് കട്ടയിടുക. അറ്റവേനലിലാണ് ഇതുകാണുക. വസൂരിയുടെ വിത്തുകളാണ് ഇവ എന്നാണ് സങ്കല്പം. അതുകൊണ്ടാണ് ശുദ്ധിയുളളവർ ഈ പ്രവൃത്തി ചെയ്യണമെന്ന് പറയുന്നത്. പട്ടിൽ കട്ടയിട്ടാൽ ഒന്നോ രണ്ടോ മാസം അതിന്റെ അരികൊഴിഞ്ഞുകൊണ്ടിരിക്കും. ദേഹശുദ്ധിയുളളവർ ഇത് രണ്ടുനേരവും അടിച്ചുകൊണ്ടുവരും. അങ്ങനെ കൂട്ടിവച്ച അരിചേറി കല്ലുംപൊടിയും കളഞ്ഞ് വെടിപ്പാക്കി ഉണക്കികുത്തിക്കുന്നു. ഈ അരി ശരിക്കും സൂചിഗോതമ്പിന്റെ അരിയാണേന്നേ തോന്നൂ. പായസം, കഞ്ഞി, കുമ്പിളിയപ്പം എന്നീ വിഭവങ്ങൾ മുളയരി ഉപയോഗിച്ച് തയ്യാറാക്കാം. നാട്ടിൻപുറങ്ങളിൽനിന്നും മുളകൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചു തുടങ്ങിയപ്പോൾ മുളയും അരിയും നാക്കിൽനിന്നും അപ്രത്യക്ഷമായി.
5. കഞ്ഞിപ്പുല്ലുകൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങൾ മീനമാസം ആദ്യത്തിൽ പുല്ലുപാവി മുളപ്പിച്ച് ഇടവമാസം ആദ്യത്തിൽ അത് നടുന്നു. ചിങ്ങമാസം ആദ്യത്തിൽ കതിരിട്ട് ഓണത്തോടുകൂടി വിളവെടുക്കുന്നു. വിളവെടുപ്പിനുശേഷം പുല്ല് ഉണക്കി ധാന്യമാക്കി പൊടിപ്പിച്ച് പല ഭക്ഷണവിഭവങ്ങൾ തയ്യാറാക്കാം. കഞ്ഞി – അട, പുട്ട്, കുറുക്ക് എന്നീ വിഭവങ്ങൾ പുല്ലുപൊടി ഉപയോഗിച്ച് തയ്യാറാക്കുന്നു. പുല്ലുപാവി അത് പൊടിയാക്കുന്നതുവരെയുളള കാര്യങ്ങൾ ചെയ്യുവാൻ വളരെയധികം പ്രയത്നം ആവശ്യമാണ്.
6. നല്ല മാങ്ങയണ്ടിയുടെ കാമ്പ് ഉപയോഗിച്ചുളള ഭക്ഷണരീതി മിഥുനം, കർക്കിടകം എന്നീ മാസങ്ങളിൽ നല്ല മാങ്ങയുടെ അണ്ടി ഉപയോഗിച്ച് ചില ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുന്നു. നല്ല മാങ്ങയുടെ അണ്ടിവെട്ടിപ്പൊളിച്ച് കാമ്പെടുത്ത് ഉണക്കി ഇടിച്ച് വെളളത്തിലിടുക. എന്നിട്ട് അതിന്റെ കട്ടുകളഞ്ഞ് ഊറ്റിയെടുത്ത് അരിപ്പൊടി, ശർക്കര, നാളികേരം, ഉളളി, ജീരകം എന്നിവ ചേർത്ത് – കുറുക്ക്, അട, കുമ്പിളിയപ്പം എന്നീ വിഭവങ്ങൾ തയ്യാറാക്കാം. ശരീരത്തിന് നല്ല പോഷകഗുണം പ്രദാനം ചെയ്യുന്ന ഒരു ഭക്ഷണപദാർത്‌ഥമാണ് മാങ്ങയണ്ടി. സന്ധിവേദനയ്‌ക്ക് മാങ്ങയണ്ടി അരച്ച് കട്ടുകളഞ്ഞ് ശർക്കരയിട്ട് കുറുക്കി സേവിക്കുക പതിവായിരുന്നു പണ്ട്.