പ്രഥമ വാങ്മയം സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ എന്‍.ശശിധരന്. നിരൂപണം, നാടകം, തിരക്കഥ, വിവര്‍ത്തനം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകൾ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എം. മുകുന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, എന്‍. പ്രഭാകരന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. 2019 ജനുവരി മൂന്നിന് പാലാരിവട്ടം പി.ഒ.സിയില്‍ ചേരുന്ന വാങ്മയത്തിന്റെ പ്രതിമാസ കൂട്ടായ്മയില്‍ പുരസ്‌കാരം സമര്‍പ്പിക്കും.
സാഹിത്യനിരൂപകനും വിമർശകനും എന്ന നിലയിലാണ് അറിയപ്പെടുന്നത് എങ്കിലും നാടകകൃത്തും തിരക്കഥാകൃത്തും കൂടിയാണ് എൻ.ശശിധരൻ. കെ. പി. അപ്പൻ, നരേന്ദ്രപ്രസാദ് തലമുറയ്ക്കു ശേഷം ആധുനികതയുടെ ആശയങ്ങൾ പിന്തുടർന്നു നിരൂപണരംഗത്ത് എത്തിയ ശശിധരൻ തുടർന്ന് മാർക്സിസ്റ്റ് ആശയങ്ങളുടെ സ്വാധീനവും ഉത്തരാധുനിക നിലപാടുകളും പ്രകടമാക്കാൻ തുടങ്ങി.പ്രശസ്ത എഴുത്തുകാരി സിതാര. എസ്. മകളാണ്.
കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂരിലാണ് എന്‍. ശശിധരന്‍ ജനിച്ചത്. നീണ്ടകാലം അധ്യാപകനായിരുന്നു. ചരിത്രഗാഥ, ഉഷ്ണകാലം, വാണിഭം, അടുക്കള, ഹിംസാടനം, രാവണന്‍കോട്ട, ഏകാന്തത, പച്ചപ്ലാവില, ജീവചരിത്രം, ജാതിഭേദം, നാട്ടിലെ പാട്ട്, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം എന്നിവയാണ് പ്രധാന നാടകങ്ങള്‍. കഥ: കാലം പോലെ, മെതിയടി, മഷി, വാക്കില്‍ പാകപ്പെടുത്തിയ ചരിത്രം, ഏകാന്തതപോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല, പുസ്തകങ്ങളും മനുഷ്യരാണ്, കപ്പല്‍ച്ചേതം വന്ന നാവികന്‍ എന്നീ ലേഖന സമാഹാരങ്ങളും നെയ്ത്തുകാരന്‍, അവനവന്‍ എന്നീ തിരക്കഥകളും രചിച്ചിട്ടുണ്ട്. 1998-ലെ ചെറുകാട് പുരസ്‌കാരം ലഭിച്ചിരുന്നു.
Click this button or press Ctrl+G to toggle between Malayalam and English