എൻ ആർ ഐ ഫീസും പ്രവാസിയും

n-r-i

ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ട തരം താണ മറ്റൊരു നാടകമായിരുന്നുവല്ലോ സ്വാശ്രയ മെഡിക്കൽ സമരം. മുതലാളിമാരും സർക്കാരും പ്രതിപക്ഷവും എല്ലാം മത്സരിച്ചു,ഫീസ് കൂട്ടാൻ.  പക്ഷെ ഇതിനിടയിൽ ഏവരും കൂടി ‘തലക്കടിച്ച്’ വലിച്ചെറിഞ്ഞ ഒരു വിഭാഗമുണ്ട്, പ്രവാസി അഥവാ എൻ ആർ ഐ.

എന്നത്തേയും പോലെ ‘വില’ കൂട്ടാനും മുതലാളിമാർക്ക് കാശുണ്ടാക്കി കൊടുക്കുവാനുമുള്ള മത്‌സരത്തിനിടയിൽ നമ്മുടെ കമ്യുണിസ്റ്റ് മുതലാളിമാരും കോൺഗ്രസ് മുതലാളിമാരും ഒരു പോലെ സമ്മതിച്ച ഒറ്റ ഫീസേയുള്ളു. എൻ ആർ ഐ ഫീസ്. മാത്രമല്ല ചോദിച്ചതിനേക്കാൾ കുടുതൽ കൊടുത്തു.

എല്ലാം പ്രവാസിയുടെ വിലാപങ്ങളായി കാണുന്നവർ, കാശുകാരനായ പ്രവാസി ഇതിനും എന്തിനാണ് കരയുന്നതെന്ന് പറഞ്ഞു പരിഹസിച്ചേക്കാം. ഒരു വളരെ ചെറിയ ന്യുനപക്ഷമല്ലേ എൻ ആർ ഐ ഫീസിനെ കുറിച്ച് വിലപിക്കേണ്ടതുള്ളൂ, അതും മെഡിക്കൽ വിദ്യാഭാസം കൂടിയാകുമ്പോൾ.  പക്ഷെ എൻ ആർ ഐ എന്ന് മുദ്ര കുത്തി എത്രയും പിഴിയാൻ നിൽക്കുന്ന ഒരു രാഷ്ട്രീയ സമൂഹത്തോട് ഇതെങ്കിലും പറയാതിരിക്കുന്നതെങ്ങനെ.

പ്രവാസി എന്നാൽ എല്ലാത്തിനും കാശു കൊടുക്കേണ്ടവൻ എന്ന സമീപനമാണ് എല്ലാപേർക്കും.  എൻ ആർ ഐ ഫീസ് ഇത്രയും കുട്ടി കൊടുക്കുക വഴി യഥാർത്‌ഥത്തിൽ നമ്മുടെ രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയല്ലേ ചെയ്തത്! പ്രവാസികളുടെ നാട്ടിലുള്ള ‘ക്ളീഷേ’ അളിയന്മാരെ പോലെ തന്നെയാണ് ഇവരൊക്കെ വർത്തിച്ചത്.  നാട് വിട്ട് വിദേശത്ത്  പോയി പണിയെടുക്കുന്ന പ്രവാസികളെല്ലെപേരും വലിയ കാശുകാരല്ല.  യഥാർത്‌ഥത്തിൽ മെഡിക്കൽ സീറ്റൊക്കെ കാശു കൊടുത്തു വാങ്ങാൻ പറ്റുന്ന പ്രവാസികൾ വളരെ കുറവാണ്,  പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ. പൈസയുള്ള ഒരു അപ്പർ ക്‌ളാസ് മലയാളി അഥവാ ‘എൻ ആർ ഐ’ ക്ക് മാത്രമാണ് ഇത്തരം സംവരണങ്ങൾ പ്രയോജനം ചെയ്യുക.  ഭാര്യയും ഭർത്താവും ജോലി ചെയ്തു, കിട്ടുന്നതിൽ ഒരു നല്ല പങ്ക് നാട്ടിൽ ഒരു വീടുണ്ടാക്കാനായി സ്വരൂപിച്ച്,  ജീവിതകാലം കഴിച്ച് തിരിച്ച് പോകാനായി കഷ്ടപ്പെടുന്ന സാധാരണ പ്രവാസിക്ക് എൻ ആർ ഐ ഫീസ് സങ്കല്പിക്കാൻ പോലും കഴിയാത്ത അകലത്തിലെത്തിച്ചിരിക്കുന്നു ഇപ്പോൾ.

ഇന്ന്,  പ്രത്യേകിച്ച് ഗൾഫിൽ, പല കുടുംബങ്ങളിലും രണ്ട് പേരും ജോലി ചെയ്യൂമ്പോൾ കുട്ടികളും ഇവിടെ തന്നെ പഠിക്കുന്നു.  ഭാരിച്ച ഫീസ് നൽകി വിദേശത്ത് പഠിക്കുന്ന ഒരു കുട്ടി എൻ ആർ ഐ വിഭാഗത്തിൽ മാത്രമേ കണക്കാക്കപ്പെടുന്നുള്ളു.  ഇവിടെ എൻ ആർ ഐ സീറ്റിന് നാലിരട്ടി ഫീസ് കുത്തകയായി സംവരണം എന്ന പേരിൽ വാങ്ങുന്നവരും അതനുവദിച്ചു കൊടുക്കുന്നവരും കാണാതെ പോകുന്നത് ഭൂരിപക്ഷം വരുന്ന ഇത്തരം ഇടത്തരക്കാരെയാണ്.  യഥാർത്ഥത്തിൽ അവനെ എല്ലാ അനുകുല്യങ്ങളിൽ നിന്നും ഒഴിവാക്കി നിർത്തുകയാണ് ഇവരൊക്കെ ചെയ്യുന്നത്.  എൻ ആർ ഐ എന്നാൽ എല്ലാത്തിനും നാട്ടുകാരേക്കാൾ കാശു കൊടുക്കേണ്ടവൻ എന്ന കാഴ്ച്ചപ്പാടാണ് നമ്മുടെ രാഷ്ട്രീയക്കാരെ ഭരിക്കുന്നത്. പറഞ്ഞു വരുമ്പോൾ പ്രവാസി എത്ര പ്രിയപ്പെട്ട ജീവി. കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകും എന്ന് പ്രവാസിയും കാത്തിരുന്നു.  എന്നാൽ അവർ പഴയ ലീഗും കോൺഗ്രസ്സും തലയിൽ വച്ച് കൊടുത്ത ഭാരത്തിനു മീതെ ചുറ്റിക കൊണ്ട് ഒരു നല്ല അടിയും കുടി കൊടുത്തു അവന്റെ പ്രിയപ്പെട്ട പ്രവാസിക്ക്.  സാധാരണക്കാരന് വേണ്ടിയുള്ള കമ്മ്യുണിസ്റ്റ് സാമ്പത്തിക ശാസ്ത്രത്തിന്റെ പുതിയ ഫോർമുലകളും പൊക്കി പറഞ്ഞു കൊണ്ട്.
എങ്കിലും അവൻ പ്രവാസി മുതലാളിമാർക്ക് സിന്താബാദ് വിളിച്ചും നാട്ടിലെ രാഷ്ട്രീയത്തെ കുറിച്ച് പരിതപിച്ചും വിമർശിച്ചും പിന്നെ സ്വന്തം കാര്യത്തിൽ രാഷ്ട്രിയക്കാരൻ കാണിക്കുന്ന കപട സഹതാപത്തെ പ്രകീർത്തിച്ചും തന്റെ അവകാശങ്ങളെക്കുറിച്ച് ഒന്നും മിണ്ടാതെ വിധേയനാകുന്നു.  ഒരു ശരാശരി പ്രവാസിക്ക് സ്വപ്നം പോലും കാണാനാകാത്ത ഭാരം തലയിൽ വച്ച് കൊടുത്ത ഭരണാധികാരികളെ അവൻ വണങ്ങട്ടെ, ഒട്ടും മുറുമുറുപ്പില്ലാതെ. `

പ്രിയ പ്രവാസീ, നിനക്കെന്നും വലിയ പരിഗണനയാണ്.  എല്ലാത്തിനും പ്രീമിയം. വെള്ളി താലത്തിലാണ് എല്ലാം വച്ച് നീട്ടുന്നത്. വാങ്ങിക്കൊള്ളൂ, ജീവിതം വിറ്റ്. അല്ലെങ്കിൽ നാട്ടുകാർക്കുള്ള സൗഭാഗ്യങ്ങളുടെ പരിഗണനകളിൽ പോലും നീ അവരുടെ നഷ്ടം നികത്താനുള്ള ഗണിതങ്ങളിലെ ഒരു കുഷ്യനായി മാത്രം മാറിയിരിക്കുന്നു എന്ന് തോന്നുന്നുവെങ്കിൽ അഭിമാനത്തിന്റെ തിരശ്ശീലക്ക് പുറകിലേക്ക്` മാറി നിന്ന് ആരും കാണാതെ ഒന്ന് കരഞ്ഞു കൊള്ളൂ, ഒരല്പം ആശ്വാസം കിട്ടിയേക്കും …

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here