വായനയും സാഹിത്യാസ്വാദനവും ഇങ്ങനെയേ നിർവഹിക്കാവൂ

എസ് ഹരീഷിന്റെ നോവൽ മീശ സംഘപരിവാർ ഭീഷണികളെ തുടർന്ന് പിൻവലിക്കേണ്ടി വന്നതിനു പുറകെ എഴുത്തുകാരനെ അനുകൂലിച്ചും വിമർശിച്ചും ഏറെ എഴുത്തുകാർ രംഗത്തെത്തിയിരുന്നു. എന്നാൽ അവയിൽ പലതും തികച്ചും വൈകാരികമായ പ്രതികരണങ്ങൾ മാത്രമായിരുന്നു. ഒരു പാർട്ടിയുടെയും അംഗമല്ലാത്ത എഴുത്തുകാരൻ നേരിട്ട മാനസിക പീഡനമോ ആൾക്കൂട്ടത്തിന്റെ ഭീഷണിയോ പലരും മനസിലാക്കിയതേയില്ല. എഴുത്തുകാരനും പ്രഭാഷകനുമായ എൻ പ്രഭാകരൻ ഈ വിഷയത്തെപ്പറ്റി എന്താണ് പറയാണുള്ളതെന്ന് നോക്കാം

എസ്.ഹരീഷിന് മാതൃഭൂമി ആഴ്ചപ്പിതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന തന്റെ നോവൽ പിൻവലിക്കേണ്ടി വന്നത് കേരളസമൂഹത്തിന് ആകമാനം അവമതിയുണ്ടാക്കുന്ന സംഭവമാണ്.നോവലിലെ ഒരു സംഭാഷണം ഹിന്ദുമത വിശ്വാസികളെയും ക്ഷേത്രത്തിലേക്ക് പോകുന്ന സ്ത്രീകളെയും അപമാനിക്കുന്നുവെന്നു പറഞ്ഞ് പലരും നോവലിസ്റ്റിനെയും കുടുംബത്തെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഭീഷണി പുതിയ രൂപങ്ങൾ കൈക്കൊണ്ടേക്കുമോ എന്ന ഭീതി രൂപപ്പെട്ടുതുടങ്ങുകയും ചെയ്തിരുന്നു.

സമൂഹം പാകമാവുമ്പോൾ തന്റെ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുമെന്ന് ഹരീഷ് പ്രസ്താവിച്ചിട്ടുണ്ട്.അത്തരമൊരു പാകപ്പെടലിന് ഇനിയും എത്രകാലം വേണ്ടിവരുമെന്ന ആശങ്ക കേരള സമൂഹത്തിലെ ബഹുഭൂരിപക്ഷവും പങ്കുവെക്കുന്നുണ്ട്.ഹരീഷിന്റെ നോവൽ ഹിന്ദുസമുദായത്തെ അപമാനിക്കുന്നതാണ്; സമാനസ്വഭാവമുള്ള ഒരു നോവൽ മുസ്ലീംസമുദായത്തെപ്പറ്റി എഴുതാനാവുമോ എന്ന് ചോദിക്കുന്നവരുണ്ട്. ഹരീഷിനു നേരെ ഉയർന്നു വന്നിരിക്കുന്ന ഭീഷണിയെ ന്യായീകരിക്കാനാണ് ആ ചോദ്യം ഉന്നയിക്കുന്നത് .അതാണ് അതിൽ അടങ്ങിയിരിക്കുന്ന അപകടം.

വായനയും സാഹിത്യാസ്വാദനവും ഇങ്ങനെയേ നിർവഹിക്കാവൂ എന്നു പറയാനുള്ള അധികാരം ആർക്കുമില്ല.അതേ സമയം സാഹിത്യകൃതികളെ മനസ്സിലാക്കേണ്ടത് ഇടുങ്ങിയ മതബോധത്തിന്റെയും വ്രണപ്പെടാൻ കാത്തു നിൽക്കുുന്ന മതവികാരത്തിന്റെയും ഉള്ളിൽ നിന്നുകൊണ്ടല്ല എന്ന് ജാതിമതഭേദമില്ലാതെ മുഴുവൻ ജനങ്ങളെയുംബോധ്യപ്പെടുത്തേണ്ടത് അടിയന്തിരാവശ്യമായിത്തീർക്കുന്നുവെന്ന തിരിച്ചറിവിലേക്ക് എല്ലാ സാംസ്‌കാരിക പ്രവർത്തകരും മാധ്യമപ്രവർത്തകരും അധ്യാപകരും വിദ്യാർത്ഥികളും സാഹിത്യത്തെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന മുഴുവനാളുകളും ഉടനടി ഉണരേണ്ടിയിരിക്കുന്നു.

ഇനി ചില ഓർമപ്പെടുത്തലുകൾ :

പുതിയ കാലവുമായി തട്ടിച്ചു നോക്കുമ്പോൾ അമ്പത് വർഷം മുമ്പുള്ള കേരളം പല കാര്യങ്ങളിലും എത്രയോ പുറകിലായിരുന്നുവെന്നതിൽ സംശയമേയില്ല.പക്ഷേ,വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും കാര്യത്തിൽ നമ്മുടെ സമൂഹത്തിന്റെ അവസ്ഥ വളരെ ഭേദമായിരുന്നു.ഓരോ മതത്തിന്റെയും വിശ്വാസിസമൂഹം അന്യമതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെയും ഉത്സവങ്ങളെയുമെല്ലാം വളരെ താൽപര്യത്തോടെയാണ് നിരീക്ഷിച്ചിരുന്നത്.ആരാധനാലയങ്ങളുടെ നിർമ്മാണം,ഉത്സവങ്ങളുടെ നടത്തിപ്പ് എല്ലാം പരസ്പരസഹകരണത്തോടെ നടത്തുന്നതിൽ ആഹ്‌ളാദിക്കുന്ന ഒരു ജനതയായിരുന്നു നമ്മൾ.വിശ്വാസികൾക്കിടയിൽത്തന്നെ കടുത്ത നിരീശ്വരവാദികളും ആരാലും ഭീഷണിപ്പെടുത്തപ്പെടാതെ ഇവിടെ ജീവിച്ചിരുന്നു. നാലഞ്ച് ദശകങ്ങൾക്കു മുമ്പ് വരെയും പല തലങ്ങളിലും ഒട്ടൊക്കെ ഒരു ഫോക്‌സമൂഹമായിരുന്നു നമ്മുടേത്.

അത്തരം സമൂഹങ്ങളിലും ഫോക്‌സംസ്‌കാരത്തിലും വർഗീയതയ്ക്ക് ഇടം ലഭിക്കില്ല.
പോയകാലത്തെ തിരിച്ചു പിടിക്കുക സാധ്യമല്ല.പക്ഷേ,ഓർമകളെ തിരിച്ചു പിടിക്കാം. അവയെ ആവിഷ്‌കാരത്തിന്റെ പല ഇടങ്ങളിലായി നട്ടുനനച്ച് വളർത്താം. സമൂഹശരീരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വർഗീയതയുടെ അതിവേഗത്തിലുള്ള വ്യാപനം തടയുന്നതിന് ആ ഔഷധ സസ്യങ്ങൾ ചെറുതല്ലാത്ത അളവിൽ സഹായകമാവുക തന്നെ ചെയ്യും..

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here