എൻ.എൻ.കക്കാടിന്റെ ഭാരിച്ച ദിവസങ്ങൾ എന്ന കവിത വായിക്കാം
ഭാരിച്ച ദിവസങ്ങൾ ഉരുണ്ടുരുണ്ടെങ്ങോ
പോകുന്നു
ഓടക്കമ്പുപോലുടഞ്ഞടിയിലെന്തോ
ചതഞ്ഞരയുന്നു
നൊന്തൊരു ഞരക്കവും കൂടി കേൾപ്പിക്കാതെ
ചടപടെന്നുടയുന്നതസ്ഥികളാമോ?
ചപ്പിളി കൊട്ടുന്നതു നിണച്ചളിയാമോ?
എങ്കിൽ ആരുടെയസ്‌ഥി,യാരുടെ നിണം?
ഭാരിച്ച ദിവസങ്ങൾ ഉരുണ്ടുരുണ്ടെങ്ങോ
പോകുന്നു
തീരത്തെ വെളിച്ചങ്ങൾ കരിഞ്ഞണഞ്ഞു
പോകുന്നു
കനത്ത തമ:പിണ്ഡമായ് ഭൂമി താണുതാണെങ്ങോ
പോകുന്നു.
നിരാലംബമാ, യനാഥമായ്
എവിടേക്കെവിടെക്കീ യാത്ര?
ഇതെങ്കിലുമൊന്നറിയാൻ കഴിഞ്ഞെങ്കിൽ
എത്ര നന്നായിരുന്നു
ഇതെന്തനുഭവം, ഭയമോ മരവിപ്പോ?
*കക്കാടിന്റെ കൃതികൾ
കറന്റ് ബുക്ക്‌സ്, തൃശൂർ