എന്‍റെ വാക്ക്

 

ഒരിക്കൽ എന്‍റെ  വാക്ക്
കാക്കക്കൂട്ടിലേക്കെറിഞ്ഞ  കല്ലായിരുന്നു.

എടുക്കുമ്പോഴൊന്ന്
തൊടുക്കുമ്പോൾ പത്ത്
കൊള്ളുമ്പോൾ
എത്രയോ എത്രയോ…

ചിലപ്പോൾ എന്‍റെ  വാക്ക്
മലമുകളിൽ പെയ്ത മഴയായിരുന്നു

തുള്ളിത്തുള്ളിത്തുള്ളിത്തുള്ളി 
ഉറവയായരുവിയായ്

ഗംഗയായ് ,യമുനയായ് 
വിഷനീലിമയിൽ കാളിന്ദിയായ്
ജലസമാധിയിൽ സരയുവായ്
പിതൃക്കൾക്ക് പെരിയാറായ്
കേളികൊട്ടിനു നിളയായ്
കരിമ്പാറക്കെട്ടുകളും
പഥികന്‍റെ കാൽപാദവും നനച്ചു.

അന്നൊക്കെ വാക്കിനെ 
അരങ്ങത്ത് കേട്ടാലോ എന്ന്

അച്ഛന്‍ പേടിച്ചു,

അമ്മ ശാസിച്ചു 

കാമുകന്‍ ചുംബിക്കാതെ
തിരിഞ്ഞു  നടന്നു.

ചിലരപ്പോൾ വാക്കിനെ 
വർഗമാക്കി ,
വർണ്ണമാക്കി  

അതിരും മതിലും കെട്ടി
പട്ടികപ്പെടുത്തി.

എന്‍റെ വാക്ക് 
പത്തടി , നൂറടി , പിന്നെയുമകലെ

വാക്കൈ പൊത്തി നിന്നു
ഹോ!
എന്തൊരു ബഹുമുഖത!
എന്തൊരു ബഹുസ്വരത!

പക്ഷേ,

ഇപ്പോഴെന്‍റെ  വാക്ക്
കളഞ്ഞു പോയ താക്കോല്
തേടിത്തേടിയലഞ്ഞുമടുത്തു.

കണ്ടില്ലെന്ന കള്ളത്തിൽ
ഞാനെന്‍റെ മുഖം പൂഴ്ത്തുന്നു

 

(2021)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English