ആകാശമില്ലെന്നും ,
ഉണ്ടെന്നുതോന്നുന്നതെന്നും
ശാസ്ത്ര ക്ലാസിൽ മാഷ് പറയുമ്പോളും ,
ഞാൻ ജനലിലുടെ നോക്കി, കണ്ണുകളാൽ ഉറപ്പു വരുത്തിയിരുന്നു
ആകാശം ഉണ്ട്!
പക്ഷികൾപറക്കുന്ന ,
ജെറ്റ് വിമാനം പോകുന്ന ആകാശം ഉണ്ട്.
ചന്ദ്രൻ , നക്ഷ്ത്രങ്ങൾ തെളിയുന്ന ആകാശം ഉണ്ട്.
പുരാണ സീരിയിലിൽ ദേവൻമാരും അസുരൻമാരും യുദ്ധം ചെയ്യുന്ന ആകാശം ഉണ്ട്.
ഈ കണ്ട മഴയെല്ലാം പെയ്യുന്ന ആകാശം ഉണ്ട്.
വർഷങ്ങൾക്കിപ്പുറം രാത്രി,
നക്ഷത്ര നിബിഢമായ വാനം നോക്കി
ബാൽക്കണിയിലിരുന്ന് ,
‘ആകാശം വെറും മിഥ്യ’ എന്ന സെമിനാർ എഴുതുമ്പോളും,
എനിക്കറിയാം ആകാശം ഉണ്ട്.
ആൾത്താരയിൽ ആകാശം പെയ്ൻ്റടിക്കുന്ന,
ചങ്ങാതി ആർട്ടിസ്റ്റ് ഭൂമിയെ (ഭൂമിനാഥൻ) കളിയാക്കുമ്പോഴുമെനിക്കറിയാം
ആകാശം ഉണ്ട്.
ഒരു ഡിസംബർ മാസം ഈ തറയിൽ
രാത്രി മഞ്ഞ് പുതച്ച് നഗ്നരായി രതി ചെയ്യുമ്പോൾ അവൾ പറഞ്ഞു
ആയിരം ആനയുടെ കരുത്തുള്ള മഴമേഘത്തെ
പോലെയെന്നെ മുറുക്കെ പുണരൂ
ഞാൻ അവളെ നെഞ്ചിലമർത്തിയാകാശം നോക്കി
നീല, പച്ച, ചുവപ്പ് , മഞ്ഞ, പിങ്ക്, വയലറ്റ് ,എന്നീ നിറങ്ങളിലൊക്കെ
ആകാശത്തെ സങ്കൽപിച്ചു കണ്ടു.
ആകാശത്ത് പറക്കുന്ന പക്ഷികളെ പേലെ സ്വതന്ത്രരാവണം എന്ന്
എളേപ്പൻ പറയും
ആകാശം സ്വാതന്ത്ര്യമെങ്കിൽ,
ആകാശം ഉണ്ട് !
ഉണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടവും!
ശൂന്യതയെ എന്തെല്ലാം പേരു ചൊല്ലി നാം വിളിക്കുന്നു!
സ്തുതിക്കുന്നു!
വാനം, മാനം, അംബരം, വിഹായസ്സ് ,ഗഗനം
ഇതെല്ലാമെനിക്കിന്ന് ശൂന്യമാണ്
എന്നാൽസ്വാതന്ത്ര്യമാണ്! ,
അവകാശമാണ്!
ഒരോർമ്മയിലേക്ക്,
മൂന്നാം ക്ലാസിലെ പി.ടി പിരിയഡിൽ
മുറ്റത്തൊരു വരക്കപ്പുറം നിന്ന് പൗർണ്ണമി പറയും
“ആകാശം ഭൂമി കളിക്കാം നമുക്ക് ”
ചവച്ചു തുപ്പിയബബിൾഗം, നെയിം സ്ലിപ് കീറിയത്, സിപ്പപ്പ് കവർ, ചെപ്പലിൻ്റെ നീല വാറ്, തുപ്പലം വറ്റാത്ത അച്ചാറ് പായ്ക്കറ്റുള്ള മണ്ണിലെ
ആകാശത്തു , ആകാശനീലയും വെള്ളയുമുള്ള യൂണിഫോമിട്ട ഞങ്ങൾ
കാലുറപ്പിച്ചു നിർത്തും.
Click this button or press Ctrl+G to toggle between Malayalam and English