ഓഫീസ്സിലിരിക്കുമ്പോൾ ചിലപ്പൊഴൊക്കെ അയാളുടെ മനസ്സിൽ വീട്ടിലെ ചിന്തകൾ കടന്നുകൂടും. മകൾ മിന്റയെക്കുറിച്ചുള്ള ചിന്തകളായിരിക്കും മിക്കപ്പൊഴും അലോഷ്യസ്സിനെ അലട്ടാറുള്ളത്.
പഠിത്തമെന്നത് എടുത്താൽപൊങ്ങാത്ത ഒരു ചുമടുപോലെയാണ് മിന്റയ്ക്ക്. അലോഷ്യസ്സിനെ എല്ലായ്പ്പോഴും അലട്ടുന്നതും അതുതന്നെ.
താനൊരു നല്ല അച്ഛനല്ലെന്നുണ്ടോ ?. മനസ്സിനോടു നൂറുവട്ടം അയാൾ ആവർത്തിച്ചു ചോദിച്ചു.
തന്റെ പക്ഷത്ത് താൻ തീർത്തും നല്ലൊരച്ഛനാണ്. !. ഒരു നല്ല മനസ്സുതനിക്കുണ്ട് !എന്നിട്ടും എവിടെയാണ് പിഴയ്ക്കുന്നത് ?.
തിരിച്ചുംമറിച്ചും ചിന്തിച്ചുനോക്കി. താൻ നല്ലതാണെന്ന ഉത്തരമല്ലാതെ മറ്റൊന്നും കിട്ടുന്നില്ല. മനസ്സിൽ നിറയെ സ്നേഹം കരുതിവെച്ചിട്ടുണ്ട്. അതു പങ്കിടാൻ എന്താണ് കഴിയാത്തത് !?. നൂറുനൂറു ചിന്തകൾ മനസ്സിനെ മഥിക്കുകയായിരുന്നു.
കഴിഞ്ഞതെല്ലാം ഇവിടെവെച്ചുതന്നെ ഉപേക്ഷിക്കാം. എല്ലാവരുടെയും ഹിതങ്ങൾക്കൊപ്പം ജീവിക്കാൻ ശ്രമിക്കുകയാണുവേണ്ടത്. അല്ലെങ്കിലും സ്വന്ത കണ്ണിൽ കോലിരിക്കുന്നത് ആരും തിരയാറില്ലല്ലോ !. ഒരുപക്ഷെ തനിക്കും അതായിരിക്കാം സംഭവിച്ചിരിക്കുന്നത് !.
തന്റെ ഉള്ളുതുറക്കാതെ താൻ നല്ലവനാണെന്ന് മറ്റുള്ളവർ എങ്ങനെ അറിയും !.
സ്നേഹം ഹൃദയത്തിൽ ഒതുക്കിവെയ്ക്കാതെ പുറത്തേയ്ക്കു ചൊരിയപ്പെടണം. കുറച്ചൊക്കെ വീട്ടിലുള്ളവരുടെയും അഭിരുചിക്കനുസ്സരിച്ച് വഴങ്ങണം. പിന്നത്തേയ്ക്കെന്നു മാറ്റിവെയ്ക്കാതെ ഇന്നുതന്നെയാവണം. മനസ്സിന്റെ സമ്മർദ്ദങ്ങളെ തന്റെ ഉള്ളിൽതന്നെ അടക്കിവെയ്ക്കാം !. മുഖം മനസ്സിന്റെ കണ്ണാടിയാണ്. എത്ര മൂടിവെച്ചാലും അതു മുഖത്ത് അല്പമായെങ്കിലും സ്പുരിക്കാതിരിക്കില്ല !.
ഓഫീസ്സിന്റെ പടിക്കൽ ഉപേക്ഷിച്ചുപോന്ന മാനസ്സികാസ്വാസ്ഥ്യങ്ങളെ ഇനി തിരിച്ചു മനസ്സിലേയ്ക്കാവാഹിക്കാതിരിക്കാൻ കഴിയണം. സന്തോഷത്തോടുകൂടിവേണം പടിപ്പുരകടന്ന് വീട്ടിലേക്ക് കാലെടുത്തു കുത്താൻ.
വഴങ്ങിക്കൊടുക്കുകയെന്നു പറഞ്ഞാൽ തലയെടുത്ത് കാല്ക്കൽ വെയ്ക്കുന്നതിനു തുല്യമാണ് തന്നെ സംബന്ധിച്ച് !. തന്റെ വ്യക്തിത്ത്വത്തെ ബലികഴിക്കണമെന്നോ ?! സാരമില്ല. സ്വന്തം ഭാര്യയുടെയും മക്കളുടെയും മുന്നിലല്ലെ. എങ്കിലും മനസ്സുമുഴുക്കെ മേഘപടലങ്ങൾ മൂടിക്കഴിഞ്ഞിരുന്നു. മനസ്സിന്റെ അസ്വസ്ഥതകളാണതിനു കാരണമെന്നറിയാം.
വണ്ടിയോടിക്കുന്നുണ്ടെങ്കിലും ചിന്തകൾ പലവഴിയ്ക്കു പായുകയായിരുന്നു.
ജോലികഴിഞ്ഞു വീട്ടിലേക്കു തിരികെപ്പോകുന്ന തന്നേപ്പോലെതന്നെ ദേശാടനക്കിളികളും അതിന്റെ കൂട്ടിലേക്കു മടങ്ങുന്നുണ്ടായിരുന്നു. വ്യത്യാസം ഒന്നുമാത്രം അവ നാളെയെക്കുറിച്ച് ചിന്തിക്കുന്നില്ല. രാത്രികാലങ്ങളിൽ ദുസ്വപ്നങ്ങൾകണ്ട് ഉറക്കംകെടുന്നില്ല. അവ കൂട്ടമായി ചൂടുപറ്റി ഒന്നിച്ചുകൂടിയിരിക്കുന്നു. മനുഷ്യരിൽ ഇതൊക്കെ വിരളമാണെന്നു തോന്നുന്നു. മനുഷ്യരുടെ മാനസ്സിക വികല്പങ്ങളാണതിനു കാരണം.
ചിന്തകൾ പരിധികടന്നപ്പോൾ കാറിന്റെ വേഗത കുറഞ്ഞുവന്നു. പിന്നിൽക്കൂടി കാറോടിച്ചുവരുന്നവർ പിറുപിറുത്തുകൊണ്ട് ഹോറൺ നീട്ടിയടിച്ചു. യാന്ത്രികമായി അയാൾ ആക്സിലേറ്ററിൽ കാലമർത്തി
പോർച്ചിൽ കാറു പാർക്കുചെയ്തു. കാറിന്റെ ഡോറുതുറന്ന് പുറത്തിറങ്ങുമ്പോൾ ഭാര്യ വന്ന് ടിഫൺബാഗ് വാങ്ങിപ്പോയി. മുഖത്തുനോക്കി ചിരിക്കുന്നതിനുമുമ്പേ അവർ പോയിക്കഴിഞ്ഞിരുന്നു. സ്നേഹത്തിന്റെ ലാഞ്ചനപോലും അവളിലും കാണാൻ കഴിഞ്ഞില്ല !.
വീടിനകത്തുചെന്ന് ഡ്രസ്സുമാറുന്നതിനുമുമ്പുതന്നെ എല്ലാവരെയും വിളിച്ചിരുത്തി സ്നേഹത്തോടെ മനസ്സുതുറന്നു സംസാരിക്കണം. ശാന്തിയും സമാധാനവും കുടുംബത്തിൽ ഉണ്ടെങ്കിലെ അഭിവൃദ്ധിയുണ്ടാകുകയുള്ളു എന്നൊക്കെ പറഞ്ഞു മനസ്സിലാക്കണം. അതിനുവേണ്ട എല്ലാ മാനസ്സിക തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു സെമിനാറിൽ സംസാരിക്കാൻ എന്നവണ്ണം അയാൾ മനസ്സിനെ മുങ്കൂട്ടിതന്നെ തയ്യാർ ചെയ്തിരുന്നു.
ഉണർവ്വുള്ള ഉശിരൻ മനസ്സോടെയാണു വീട്ടിനുള്ളിലേക്ക് കയറിയത്. അപ്പോഴാണ് അവിടെ മേശപ്പുറത്ത് പ്രോഗ്രസ് കാർഡ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. എന്നത്തെയുമ്പോലെ ഒപ്പിനുവേണ്ടിയാണത് ടേബിളിനു പുറത്തുവെച്ചിരിക്കുന്നത്. അതില്ക്കൂടി കണ്ണോടിച്ചു. ഒരു വിഷയത്തിനു തോറ്റിരിക്കുന്നു. അതും ട്യൂഷനുപോകുന്ന സബ്ജക്ടിന് !.
ഓഫീസ്സിന്റെ പടിക്കൽ ഉപേക്ഷിച്ചുപോന്ന സർവ്വദേഷ്യവും ദുരാത്മാക്കളേപ്പോലെ ക്ഷിപ്രവേഗത്തിൽ അയാളിലേക്ക് ഓടിയെത്തി. കണ്ണിൽ ആകമാനം ഇരുട്ടുപടർന്നുകയറി. ശരീരം ചുട്ടുപൊള്ളി. ഇത്രയുംനേരം മനസ്സിൽ താലോലിച്ചുവന്നതെല്ലാം ചില്ലു കൊട്ടാരമ്പോലെ തകർന്നടിഞ്ഞു.
ഞൊടിയിടകൊണ്ട് എല്ലാം അനിയന്ത്രിതമായി. തന്റെയുള്ളിലെ മനുഷ്യത്വം മരിച്ചുപോയെന്ന തോന്നൽ !. അരയിൽ കെട്ടിയിരുന്ന തുകൽ ബെൽറ്റൂരിയെടുത്തു് അലോഷ്യസ് കുട്ടിയെ തലങ്ങും വിലങ്ങും തല്ലി. തരിക്കുന്ന രണ്ടു കൈപ്പത്തികളും തുരുതുരെ അവളുടെ മുഖത്ത് ആഞ്ഞുപതിച്ചു.
മമ്മീ…മമ്മീ…. എന്നവൾ പൊട്ടിക്കരയുമെന്ന് അയാൾ കരുതി.
രാജകല്പന പാലിക്കുന്നവനെപ്പോലെ ഒരു ദാക്ഷ്യണ്യമില്ലാതെ അയാൾ കുട്ടിയെ എണ്ണിയെണ്ണിയടിച്ചു. കുറ്റവാളിയുടെ മനോഗതങ്ങളോടെ മറുത്തൊരു ശബ്ദമ്പോലും ഉരിയാടാതെ അടിയെല്ലാം ഏറ്റുവാങ്ങുകയായിരുന്നു കുട്ടി. ദേഷ്യത്തിനു അറുതിവന്നപ്പോൾ അയാൾ അടിനിറുത്തി.
മമ്മിയും അനുജത്തിയും വാതിക്കൽ നിന്നും എത്തിനോക്കി. ഇടയ്ക്കുകയറിയാൽ ചിലപ്പോൾ തനിക്കും അടികിട്ടുമെന്ന് മിന്റയുടെ മമ്മിക്ക് നല്ല ബോധമുണ്ടായിരുന്നു. അതുകൊണ്ട് അവർ അതിനു തുനിഞ്ഞില്ല.
അടിപ്പിണരുകളിലെല്ലാം മമ്മി തന്റെ മാതൃസ്നേഹം മരുന്നായി പുരട്ടിക്കൊടുത്തു. മമ്മിയിപ്പോൾ സ്നേഹത്തിന്റെ മൂർത്തിഭാവമായിരിക്കുന്നു. പപ്പ ഹൃദയശൂന്യനും ക്രൂരനും ആയിക്കഴിഞ്ഞിരിക്കുന്നു !.
നിശബ്ദതയുടെ നിമിഷങ്ങളായിരുന്നു പിന്നെ. മൂകതമാത്രം.
അയാൾ മുറിയടച്ച് തനിയെ കുത്തിയിരുന്നു. ജനാലയുടെ വിരിപ്പുമാറ്റി ശൂന്യതലിലേയ്ക്കു കണ്ണുകൾ പായിച്ചു. മനസ്സുപോലെ മാനവും ശൂന്യമായിരുന്നു.
ചായ കാപ്പി അത്താഴം എല്ലാം ബഹിഷ്കരിച്ചു. ഒരു പപ്പ ഇത്രമാത്രം ക്രൂരനാകാമോ എന്നൊക്കെ അന്ത:ക്കരണത്തിൽ വിചാരണ നടത്തിക്കൊണ്ടിരുന്നു.
തന്റെ കുട്ടിയെ ഉപദേശിച്ചു വീണ്ടും ശുഭാപ്തിയിലേക്കുകൊണ്ടുവരേണ്ടതിനു പകരം ഹൃദയശൂന്യമായി പെരുമാറിയത് ശരിയായില്ല എന്നു മനസ്സു കുറ്റപ്പെടുത്തി. മാപ്പു പറയാനായി പുറപ്പെട്ടു. ഇപ്പോൾ വേണ്ടന്ന് മനസ്സു പുറകോട്ടു വലിച്ചു. താനാണ് തോറ്റുപോയതെന്നു തോന്നിയ നിമിഷങ്ങൾ.
രാത്രിമുഴുക്കെ തിരിഞ്ഞുംമറിഞ്ഞും കിടന്നു. ഉറക്കം കൺപോളകളെ തൊട്ടതുപോലുമില്ല. ചിന്തകളുടെ വേലിയേറ്റം മനസ്സിന്റെ ഭിത്തിയെ തകർത്തുകൊണ്ടിരുന്നു.
ഹൈസ്കൂളിലേക്കു കടന്നപ്പോൾ മൊബൈയ്‌ലിൽ എടുത്ത കുട്ടിയുടെ യൂണിഫോമിട്ട ചിത്രം വലുതാക്കി ആൽബത്തിൽവെച്ചിട്ടുണ്ട്. ആ ചിത്രത്തിൽതന്നെ അയാൾ മിഴിനട്ടിരുന്നു. നിഷ്കളങ്കതയും പുഞ്ചിരിയും നിറഞ്ഞു നില്ക്കുന്ന മുഖം. ആ മുഖത്താണ് തന്റെ തഴമ്പു മുറ്റിയ കയ്യുടെ പ്രഹരങ്ങളേറ്റു ചോരപ്പിണരുകൾ പൊങ്ങിയിരിക്കുന്നത്. തന്റെ കൈവിരലുകൾ താനറിയാതെതന്നെ ആൽബത്തിലെ കുട്ടിയുടെമുഖത്തു തലോടി. കണ്ണുകൾ നിറഞ്ഞൊഴുകി. മാപ്പ് എന്ന് ഹൃദയഭിത്തിയിൽ നൂറുതവണ ശിക്ഷാവിധിയായെഴുതി. എന്നിട്ടും സ്വസ്ഥത തിരിച്ചുകിട്ടിയില്ല.
തന്റെ അപ്പൻ ഒരിക്കൽമാത്രമേ തന്നെ തല്ലിയിട്ടുള്ളു. അമ്മ തടുത്തപ്പോൾ അമ്മയ്ക്കും കൊടുത്തു അടി. കുറെ കരഞ്ഞു. പിന്നെ അപ്പൻ പുറത്തുപോയി തിരിച്ചു വന്നത് മിഠായിയുംകൊണ്ടാണ്. അപ്പോൾ വേദനകൾ വിസ്മൃതിയിലേക്കാഴ്ന്നുപോയി !. തെറ്റുകളിലേക്ക് ചുവടുകൾ നീങ്ങുമ്പോൾ ആ അടിയുടെ ചൂട് ഇന്നും അനുഭവിച്ചറിയുന്ന പ്രതീതിയാണ് .
എത്രതവണ മൊബയിലിൽ സമയം നോക്കിയെന്നറിയില്ല. ഡിസംബർ മാസത്തിലെ മരം കോച്ചുന്ന തണുപ്പ് ശരീരത്തിൽ കുത്തിത്തുളയ്ക്കുന്നുണ്ടായിരുന്നു. കൈകൾ കോച്ചി വിറച്ചിരുന്നു. നേരംപുലരുവാൻ ഇനിയും സമയം ബാക്കിയുണ്ട്.
പതിവുപോലെ ദൈവത്തെ മനസ്സിൽ ധ്യാനിച്ച് അയാൾ എഴുന്നേറ്റു.
അപ്പോൾ മനസ്സു ചോദിച്ചു “എന്നെ ധ്യാനിക്കുകയും അതനുസ്സരിച്ച് പ്രവർത്തിയിലില്ലെങ്കിൽ എന്തു പ്രയോജനം” എന്ന്.
പിതാവാണെന്നു കരുതി മക്കൾക്കുമുന്നിൽ താഴ്ന്നുകൊടുത്തതുകൊണ്ട് തന്റെ അഭിമാനം തകർന്നടിയില്ല എന്നു തോന്നി.
ഇരുൾ ഇനിയും വിട്ടുപ്പൊയിട്ടില്ല. പുറത്ത് മഞ്ഞു പുതഞ്ഞിരുന്നു. കലപില കൂട്ടാറുള്ള പക്ഷിഗണങ്ങളെല്ലാം മരക്കൊമ്പിൽ മഞ്ഞിൽ പുതഞ്ഞിരിക്കുകയാണ്. നിശബ്ദതയുടെ നിമിഷങ്ങൾ.
തന്റെ കാല്പാദങ്ങൾ കുട്ടികിടക്കുന്ന മുറിയെ ലക്ഷ്യമാക്കി മുന്നോട്ടു ചലിച്ചു. ചാരിയിരിക്കുന്ന വാതിൽ മെല്ലെതുറന്നു. നല്ല ഉറക്കത്തിലായിരുന്നു കുട്ടി. അടിപ്പിണരിന്റെ പാടുകൾ ഇനിയും മുഖത്തുനിന്നു മാഞ്ഞിട്ടില്ല. കുട്ടിയുടെ കാല്പാദങ്ങളിൽനിന്നു പുതപ്പു മാറ്റി. തണുത്തുറഞ്ഞ തന്റെ രണ്ടു കൈകളും കുട്ടിയുടെ പാദത്തിൽതൊട്ടു മാപ്പിരക്കാനായി.
കണ്ണിൽ കുമിഞ്ഞുകൂടിയ കണ്ണുനീർ തുള്ളികൾ കുട്ടിയുടെ പാദത്തിൽ വീണുടഞ്ഞു. തണുത്തുറഞ്ഞ തന്റെ കരസ്പർശനം കുട്ടിയെ ഉറക്കമുണർത്തി.
അവൾ തന്റെ കാലുകൾ പുറകോട്ടുവലിച്ചു. പപ്പ തന്റെ കാലുകൾ പിടിച്ചുനില്ക്കുന്നത് അവൾക്ക് സഹിക്കാനായില്ല. താൻ കാലുപിടിച്ചത് അടിയേക്കാൾ വലിയ ശിക്ഷയായി കുട്ടിയ്ക്കു തോന്നിയിട്ടുണ്ടാവണം. പിടഞ്ഞെഴുന്നേറ്റ് തന്നെ കെട്ടിപ്പിടിച്ചു. കരഞ്ഞുകൊണ്ട് കുട്ടി പറഞ്ഞു.
“ഇനി ഞാനൊരിക്കലും തോൽക്കില്ല പപ്പാ” എന്ന്.
കൊടും പാതകംചെയ്ത കൈകളാണെങ്കിലും കുട്ടിയെ ചേർത്തുപീടിച്ചു. പൊന്തിനില്ക്കുന്ന അടിപ്പിണരുകളിൽ ചെന്നിനീർ പൊടിഞ്ഞു നില്ക്കുന്നുണ്ടായിരുന്നു.
മുറിഞ്ഞ വാക്കുകളോടെ അലോഷ്യസ് പറഞ്ഞു. “എന്റെ കുട്ടീനെ പപ്പാ ഒത്തിരി തല്ലീലേ…?”
അയാൾ ഒരപരാധിയേപ്പോലെ ഗദ്ഗദം കടിച്ചമർത്തി.
ഇതുപോലൊരു പാതകം ഇനിയൊരിക്കലും ചെയ്യില്ലെന്ന് അയാൾ മനസ്സിൽ ശപഥമെടുത്തു.
****
കുട്ടിക്കാലത്ത് തെറ്റുകൾ കണ്ടാൽ അടിച്ചു വളർത്തണം. പിന്നെ തന്നോളം വളർന്നാൽ താനെന്നു വിളിക്കണം എന്നൊക്കെ പഴമക്കാർ പറഞ്ഞിരുന്നു.
ആ കാലങ്ങളൊക്കെ പമ്പകടന്നിരിക്കുന്നു. മുഖം മുഷിഞ്ഞു ഉപദേശിച്ചാൽപോലും ഇന്നു കുട്ടികൾക്ക് ഈർഷ്യയാണ്. മാതാപിതാക്കൾ സ്വന്ത കുട്ടികളുടെ നന്മയ്ക്കായി തല്ലുകയും വഴക്കുപറയുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും തങ്ങളുടെ ഉള്ളിന്റെയുള്ളിൽ മക്കളെ സ്നേഹത്തിൽ പൊതിയുന്നുണ്ടായിരിക്കും. എല്ലാ മാതാപിതാക്കൾക്കും തങ്ങ്ളുടെ മക്കൾ നല്ല നിലയിൽ എത്തണമെന്ന ആഗ്രഹംകൊണ്ടാണത്.
വളർത്തിവലുതാക്കിയ തന്റെ കുട്ടികൾ നഷ്ടപ്പെടാതിരിക്കാൻ ഇപ്പോൾ കുട്ടികളെ ശാസിക്കുന്നതും അടിക്കുന്നതും ഉപേക്ഷിക്കേണ്ടതായ കാലം വന്നിരിക്കുന്നു.
സ്കൂളിൽ അദ്ധ്യാപകരുടെ ശകാരത്തിനുപോലും ആത്മഹത്യചെയ്ത് പകരംവീട്ടുന്ന ഇളംതലമുറ….!.
ഇപ്പോഴും ഓഫീസ്സിലിരിക്കുമ്പോൾ മനസ്സ് ഓടിപ്പോകുന്നത് വീട്ടിലേക്കാണ്. മാതാപിതാക്കളുടെ ആഗ്രഹത്തിനൊത്ത് കുട്ടികൾ വളർന്നില്ലെങ്കിൽ അവരുടെ മനസ്സിനെ അതു ക്യാൻസറുപോലെ കാർന്നു തിന്നുകൊണ്ടിരിക്കും.
മിക്ക കുട്ടികളും വീട്ടിൽ ഒന്നും തുറന്നു പറയാറില്ല. അടികിട്ടുമെന്ന ഭയമാണതിനു കാരണം. അല്ലെങ്കിൽ കഴിഞ്ഞകാല അനുഭവങ്ങൾ അവരെ ശിഥിലമാക്കുന്നതുകൊണ്ടായിരിക്കാം!.
എല്ലാത്തിനും കുറ്റക്കാരൻ അച്ഛൻ എന്ന ഒരാൾ മാത്രമായിരിക്കും. അമ്മ ഏതുവിധേനയും മക്കളോടൊട്ടിനിന്ന് അവരുടെ സഹാനുഭൂതിക്ക് പാത്രമാവും.
ഒറ്റപ്പെട്ട ഒരു കഥാപാത്രമായി അച്ഛൻ അപ്പോഴും ജീവിതത്തോടു മല്ലടിച്ച് മുന്നോട്ടു തരണംചെയ്യുന്നുണ്ടായിരിക്കും. ഒരു കഴുതയെപ്പോലെ താങ്ങാവുക്കതിലേറെ ഭാരവും വഹിച്ചിട്ടുണ്ടായിരിക്കും. സഹിക്കാവുന്നതിലേറെ സങ്കടങ്ങൾ ഉള്ളിലൊതുക്കുന്നുണ്ടായിരിക്കും. തരണം ചെയ്യാവുന്നതിലേറെ പ്രതിസന്ധികൾ തരണം ചെയ്യുന്നുണ്ടാവും. സ്വന്ത ആവശ്യങ്ങൾ കുറെയൊക്കെയുണ്ടായിട്ടും അവയെല്ലാം വേണ്ടന്നുവെയ്ക്കും. പിന്നെയൊരിക്കൽ തന്റെ ആവശ്യങ്ങൾ നടത്താമെന്നോർത്ത് ആവശ്യങ്ങൾ മാറ്റിവെയ്ക്കും. അവിടെ ആരും പരിഭവിക്കാൻ കാണില്ല. മറിച്ച് കുടുംബത്തിലെ ഒരാളുടെ ആഗ്രഹം സ്സധിച്ചുകൊടുത്തില്ലെങ്കിൽ അതിന്റെ പരിഭവും മാനസ്സിക പീഢനകളും ഒന്നുവേറെ !.
തികയാത്ത കാശുതികച്ച് മക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും. കൊഴിഞ്ഞ പല്ലുകളുടെ സ്ഥാനത്ത് വേറെ വെയ്ക്കാമായിരുന്നു. പക്ഷെ കുട്ടികളുടെയും ഭാര്യയുടെയും ആവശ്യങ്ങൾക്കു മുൻഗണന കൊടുത്തുകഴിയുമ്പോൾ പിന്നീടാവാം എന്നു സ്വയം സമാധാനിക്കും. ഒരിക്കലും സാധിക്കാത്ത കുറെ ആഗ്രഹങ്ങളുമായി അപ്പനു നേരത്തെതന്നെ പ്രായാധിക്യം തോന്നിത്തുടങ്ങും.
ഒരായുസ്സുമുഴുവൻ മറ്റുള്ളവർക്കായി ഉഴിഞ്ഞുവെയ്ക്കും ഒരു നല്ല നാളെയ്ക്കുവേണ്ടിയുള്ള പ്രത്യാശയിൽ. അപ്പോഴേയ്ക്കും കാലങ്ങൾ അതിക്രമിച്ചിട്ടുണ്ടായിരിക്കും.
****
പലപ്പോഴും ദേഷ്യം പെരുവിരലിൽനിന്നും ഉച്ചിവരെ തെറുത്തുവരാറുണ്ടെങ്കിലും എല്ലാം ഒതുക്കി നിർത്താൻ ശ്രമിക്കും. പക്ഷെ അടിക്കുപകരം മറ്റൊരായുധമാണ് ഇപ്പോൾ അലോഷ്യസ് തരപ്പെടുത്തിയിരിക്കുന്നത്. എല്ലാറ്റിനും മൗനം ഭജിക്കുക.
തോൽവിയുടെയും ജയത്തിന്റെയും ഒരു ശൃംഗലതന്നെ മിന്റയുടെ ജീവിതത്തിൽ വന്നുപോയി. പ്രൊഗ്രസ്സ് കാർഡുപോലും ഒപ്പിടുവിക്കാതെ തിരിച്ചു സ്കൂളിൽ കൊടുത്തിട്ടുണ്ട്. പപ്പ തല്ലുമെന്ന ഭയംകൊണ്ട്.
വാട്ട്സപ്പും ഫേസ്ബുക്കും വരുന്നതിനു മുമ്പ് എടുക്കുന്ന ഫോട്ടോകളെല്ലാം ആൽബത്തിൽ സൂക്ഷിക്കുമായിരുന്നു. ഇന്നതൊന്നും ആരും ചെയ്യുന്നില്ല. ഷെയർചെയ്യുന്ന നേരംമാത്രം ഓർത്തിരിക്കും. പിന്നെ അതൊക്കെ മെമ്മറിയിൽനിന്നു മാഞ്ഞുപോകും. ബന്ധങ്ങളും ഏതാണ്ടൊക്കെ അങ്ങനെതന്നെയായിക്കഴിഞ്ഞിരിക്കുന്നു.
ആൽബങ്ങളെടുത്ത് താളുകൾ മറിച്ച് പഴയ ഫോട്ടോകളോരോന്നും കണ്ടുകൊണ്ടിരുന്നു.
എന്തിനും ചുറുചുറുക്കോടെ കുട്ടികൾക്കിടയിലെ നേതൃത്വം കയ്യടക്കിവെയ്ക്കാറുള്ള മിന്റയുടെ ഫോട്ടൊകൾ. താൻ മാത്രമാണ് വിജയി എന്ന് ആ മുഖത്ത് എഴുതിവെച്ചിരിക്കുന്നതുപോലെതോന്നും മിന്റയുടെ ഓരോ ഫോട്ടോ കാണുമ്പോഴും.
മിന്റ ഇടയ്ക്കിടെ പറയാറുള്ളതോർത്തുപോയി “പപയ്ക്ക് തന്നോട് സ്നേഹമില്ലാതായത് അനുജത്തി വന്നതിനു ശേഷമാണെന്ന് !”
മാതാപിതാക്കൾ മക്കളെ വേർതിരിച്ചു കാണുന്നുവെന്ന അപഹർഷതാബോധമായിരിക്കാം ഒരുപക്ഷെ കുട്ടികളെ ഇത്തരത്തിൽ ചിന്തിക്കാൻ ഇടവരുത്തുന്നത്. ചിലപ്പോൾ ഈ ചിന്തതന്നെയാവണം മിന്റയെ എല്ലാറ്റിൽനിന്നും പുറകോട്ടു വലിക്കുന്നതും. അവളുടെ ഏതൊരാവശ്യവും മമ്മിയോടാണ് ഇപ്പോൾ പറയാറ്.
അവൾ സ്കൂൾ കോളേജും കഴിഞ്ഞു ഉപരിപഠനം നടത്തുന്നു. കൈക്കുഞ്ഞിൽനിന്നു തുടങ്ങി കന്യകയായിരിക്കുന്നു ഇന്നു മിന്റ. കാലങ്ങൾ അവളിൽ പല മാറ്റങ്ങളും ഇതിനോടകം വരുത്തിക്കഴിഞ്ഞു. പക്ഷെ തനിക്കു മാത്രം ഒരു മാറ്റവും വന്നില്ല. പണ്ടത്തെ ആ പിടിവാശിയും ദേഷ്യവും ഈർഷ്യയും ക്ഷിപ്രകോപവും എല്ലാമെല്ലാം അതുപോലെതന്നെ !.
ഒരിക്കൽ മിന്റ പറയുകയുണ്ടായി “എപ്പോഴും എന്നോടു ദേഷ്യം പിടിക്കാനല്ലാതെ എന്റെ മുഖമൊന്നു നേരെചൊവ്വെ പപ്പ കണ്ടിട്ടുണ്ടോ..?!”
അവളുടെ ചോദ്യത്തിനു മറുപടി പറയാൻ വാക്കുകൾ ഇല്ലായിരുന്നു. കാരണം അവൾ പറഞ്ഞതുതന്നെയായിരുന്നു സത്യം.
പലപ്പോഴും ശ്രമിച്ചിട്ടും സ്നേഹം പുറത്തുകാണിക്കാൻ കഴിയാതെ ജീവിത ക്ളേശങ്ങളുടെ നിബിഡതയിൽ ഉഴലുകയായിരുന്നു അലോഷ്യസ്.
അന്നു പള്ളികഴിഞ്ഞു മടങ്ങിവന്നു. പലപ്പോഴും മിന്റയും അനുജത്തിയും വഴക്കിടും. താൻ ജയിക്കണമെന്ന പിടിവാശിയാണ് രണ്ടുപേർക്കും. ക്ഷമയുടെ നെല്ലിപ്പലകവരെ താണ്ടിയിരിക്കുന്നു. ഇത്തവണ അനുജത്തിക്കാണ് മുച്ചൂടും അടി കൊടുത്തത്. അപ്പോൾ രംഗം ശാന്തമായി.
പ്രാർത്ഥനായോഗത്തിനുപോകേണ്ട സമയമായി. നിശബ്ദമായി മിന്റയും അനുജത്തിയും തയാറായി കാറിൽകയറി. ചില്ലുകൾ അടഞ്ഞ കാറിനുള്ളിൽ നിശബ്ദമായിരുന്നു. മൂവ്വരുടെയും ചിന്തകൾ മൂന്നുവഴിക്കായിരുന്നു.
മൂകതയെ ഭഞ്ജിച്ചുകൊണ്ട് അലോഷ്യസ്സാണ് തുടക്കമിട്ടത്.
എല്ലാത്തിനും ഒറ്റവാക്കിൽ അയാൾ പറഞ്ഞു “സോറി”
അപ്പോഴേയ്ക്കും അവർ പൊട്ടിക്കരയാൻതുടങ്ങി. വഴിപോക്കർ കാണണ്ടന്നു കരുതി കാറ്‌റോഡുസൈഡിൽ ഒതുക്കിനിർത്തി. ഒരു കുട്ടിയേപ്പോലെ അലോഷ്യസും അവരോടൊപ്പം പൊട്ടിക്കരഞ്ഞു.
പ്രാർത്ഥനായോഗത്തിന്റെ സമയം അതിക്രമിക്കാൻതുടങ്ങിയിരുന്നു.
സന്ധ്യമെല്ലെ പട്ടണപ്രാന്തങ്ങളിലേയ്ക്കും പരക്കാൻതുടങ്ങി.. വഴിവിളക്കുകൾ കണ്ണുചിമ്മിതുറന്നുകഴിഞ്ഞു.
വർഷങ്ങൾകൊണ്ടു പറയേണ്ടകാര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ അവരെ പറഞ്ഞുമനസ്സിലാക്കി.
കരയുന്നതിനിടയിൽ മിന്റ പറഞ്ഞു “പപ്പയെ എന്റെ ആദർശ പുരുഷനായിട്ടാണ് ഞാൻ എല്ലായിടത്തും അവതരിപ്പിക്കാറ്….പപ്പയുടെ കഷ്ടപ്പാടിനെ ഞാൻ ഓർക്കാറുണ്ട്….കഷ്ടപ്പാടിലും തളരാത്ത ഒരു വ്യക്തിത്വമാണ് പപ്പ….അതാണെന്റെയും പ്രചോദനം…. പപ്പ ഞങ്ങളുടെ നേരെ നോക്കി ഒന്നു പുഞ്ചിരിച്ചു കാണാൻ കൊതിച്ചിട്ടുണ്ട്…സ്നേഹ സാന്ദ്രമായ ഒരു തലോടലിനുവേണ്ടി മോഹിച്ചിട്ടുണ്ട്….പല കുട്ടികളെയുമ്പോലെ പപ്പയുടെ കൂടെ വല്ലപ്പോഴും ചുറ്റിക്കറങ്ങണമെന്നു ഇശ്ചിച്ചിട്ടുണ്ട്… പക്ഷെ പപ്പയുടെ ക്ളേശങ്ങൾ കണ്ട് അതൊക്കെ വേണ്ടന്നുവെയ്ക്കും. മനസ്സു നിറയെ പപ്പയാണു പപ്പാ…!. കഴിഞ്ഞ സെമിനാറിനു ഞാൻ പ്രസംഗിച്ചപ്പോഴും എന്റെ പപ്പയാണ് എന്റെ ആദർശ പുരുഷൻ എന്ന് ഞാൻ ഉറക്കെയുറക്കെ പറഞ്ഞു… എന്റെ വാക്കുകൾക്കു മറുപടിയായി അവിടെ നീണ്ട കരഘോഷം നടക്കുമ്പോ ഴും എന്റെ കണ്മുമ്പിൽ പപ്പമാത്രമായിരുന്നു..“
എന്നൊക്കെ മിന്റ അന്നാദ്യമായി വചാലമായിപ്പറഞ്ഞു പൊട്ടിക്കരഞ്ഞു.
അലോഷ്യസ് അവരെ ചേർത്തുപിടിച്ച് എത്രനേരം കരഞ്ഞെന്നറിയില്ല. എന്നിട്ട് അവരുടെ കണ്ണുനീർ തുടച്ചു.
അലോഷ്യസ് പറഞ്ഞു.
“ഇനിമുതൽ നമ്മൾ ജീവിതത്തിലെ ഒരോ നിമിഷങ്ങളും പങ്കിട്ടും പരസ്പരം അറിഞ്ഞും ജീവിക്കണം”
“നമ്മൾ കരഞ്ഞിടുണ്ടെന്ന് അവിടെ ചെല്ലുമ്പോൾ ആരും അറിയാൻ ഇടവരരുത്”.
അവർ തലകളിളക്കി.
പ്രാർത്ഥനായോഗം നടക്കുന്ന വീട്ടിൽ കയറിച്ചെല്ലുമ്പോൾ അവിടെ പ്രാർത്ഥന തുടങ്ങിക്കഴിഞ്ഞിരുന്നു.
ആ പ്രാർത്ഥനയിൽ അവർ അകമഴിഞ്ഞലിഞ്ഞുചേർന്നു.