എന്റെ ‘പ്രേംനസീർ’ : ബഷീർ

 

‘പ്രേംനസീർ’ മഹാനായ മനുഷ്യൻ. അദ്ദേഹം അന്തരിച്ചു. സിനിമാലോകത്തിലെ ‘പ്രഭയേറിയ വിളക്ക്‌’ എന്നെന്നേക്കുമായി അണഞ്ഞു. അദ്ദേഹം മരിച്ചുകൊണ്ടിരിക്കയാണെന്നു എനിക്കു തോന്നി. ഇതു രാത്രിയിലാണ്‌. ഞാൻ ചുമ്മാ ഇരുളിലേക്കു നോക്കി വരാന്തയിലെ അരമതിലിൽ ഇരുട്ടത്തു തനിച്ച്‌ ഇരിക്കുകയായിരുന്നു. മരണം വലിയ കാര്യമായ സംഭവമൊന്നുമല്ല. മരിച്ച വിവരം രാവിലെയാണ്‌ അറിഞ്ഞത്‌. ലോകത്തിന്‌ ഒരു മാറ്റവും കണ്ടില്ല. ഞാൻ മരിച്ചാലും ആരു മരിച്ചാലും ഇങ്ങനെയൊക്കെത്തന്നെ. ലോകം പണ്ടേപ്പടി!

പരമസുന്ദരനായ പ്രേംനസീർ. പ്രകാശത്തിൽ മുങ്ങിയതുപോലുളള ആ ചിരി. അതു ഞാൻ ഇപ്പോഴും കാണുന്നു. അദ്ദേഹം ഈ വീട്ടിൽ രണ്ടുമൂന്നുതവണ വന്നിട്ടുണ്ട്‌. വർത്തമാനങ്ങൾ ഒരുപാടുനേരം. കോഴിക്കോട്ടെ പൗരാവലിക്കുവേണ്ടി, തിങ്ങിനിറഞ്ഞ മഹാസദസ്സിൽവച്ച്‌ ഞാൻ പ്രേംനസീറിനു പൊന്നാട അണിയിച്ചിട്ടുണ്ട്‌. അദ്ദേഹം പത്തെഴുനൂറു പടങ്ങളിൽ അഭിനയിച്ചു. ലോകറിക്കാർഡുകളുടെ പുസ്‌തകമായ ഗിന്നസ്‌ബുക്കിൽ അദ്ദേഹമുണ്ട്‌. പ്രേംനസീർ അവസാനമായി അഭിനയിച്ച സിനിമയിൽ ഞാനും അഭിനയിച്ചിട്ടുണ്ട്‌- വളരെ വളരെ ചെറിയ റോളിൽ.

പ്രേംനസീറിനെപ്പോലെ ഒരു നടൻ മലയാള സിനിമയിൽ വേറെ ഇല്ല. മഹാനായ മനുഷ്യനെന്ന പോലെ മഹാനായ ധർമ്മിഷ്‌ഠൻ. മതസ്ഥാപനങ്ങൾക്കെല്ലാം അദ്ദേഹം വലിയ തുകകൾ സംഭാവന ചെയ്‌തിട്ടുണ്ട്‌. കോളേജുകൾ, സ്‌കൂളുകൾ, ആതുരാലയങ്ങൾക്കും അശരണർക്കും പണം കൊടുത്തു സഹായിച്ചിട്ടുണ്ട്‌. ഒരു ഹിന്ദുക്ഷേത്രത്തിൽ പ്രേംനസീർ ഒരു ആനയെ നടയിരുത്തി. അദ്ദേഹം എല്ലാ ജാതിക്കാരുടെയും സുഹൃത്തായിരുന്നു. മനുഷ്യസ്‌നേഹി.

‘നാം മനുഷ്യർ-നമ്മൾ ഒന്ന്‌!’ മാനുഷകുലത്തെപ്പറ്റിയുളള ഈ മഹത്തായ തത്ത്വം പ്രേംനസീർ സ്വീകരിച്ചിരുന്നു. എനിക്കദ്ദേഹത്തെ ഒരുമാതിരി നല്ലവണ്ണം അറിയാം. തലക്കനം ഭാവിക്കുന്ന ആളായിരുന്നില്ല പ്രേംനസീർ. പത്തുമുപ്പതു കൊല്ലങ്ങൾക്കുമുമ്പ്‌ ഒരു ദിവസം പകൽ ശോഭനാ പരമേശ്വരൻനായരും ഞാനുംകൂടി പ്രേംനസീറിനെ കാണാൻ ചെന്നു. മദ്രാസിലാണ്‌. എനിക്കദ്ദേഹത്തെ പരിചയമുണ്ടായിരുന്നില്ല. ഏതോ രാജാവിന്റെയോ ചക്രവർത്തിയുടെയോ മേക്കപ്പോടുകൂടി നസീർ രംഗത്താണ്‌. വിളക്കുകളും ക്യാമറകളും. ഷൂട്ടിംഗ്‌ നടന്നുകൊണ്ടിരിക്കുന്നു. യാദൃച്ഛികമായി നസീർ പരമുവിനെ കണ്ടു. പരമു എന്നെ ചൂണ്ടിക്കാണിച്ചു. ഉടനെ നസീർ കൈകൊണ്ടെന്തോ ഡയറക്‌ടറോട്‌ കാണിച്ചിട്ട്‌ വാണംവിട്ടമാതിരി ആളുകളുടെയിടയിലൂടെ ഞങ്ങളുടെ അടുത്ത്‌. പരമു എന്നെച്ചൂണ്ടി, “ഇതാരാണെന്നറിയാമോ?” “ചുമ്മാ പോ പരമൂ തല കണ്ടാലറിഞ്ഞുകൂടേ?”

എന്നിട്ടു എന്നെ കെട്ടിപ്പിടിച്ച്‌ എന്റെ മുഖത്ത്‌ ഒരു ചുംബനം!

പുരുഷന്മാർ എന്നെ കെട്ടിപ്പിടിച്ച്‌, ഉമ്മവെയ്‌ക്കുന്നതു എനിക്കു ഒട്ടും, ഒട്ടും ഇഷ്‌ടമല്ല!

പോട്ടെ. ഒരു രാജകീയ ചുംബനമല്ലെ! സഹിച്ചു എന്നുമാത്രമല്ല, ഞാനും ഒരു രാജകീയ ചുംബനം പ്രേംനസീറിന്റെ മുഖത്തു വെച്ചുകൊടുത്തു. എന്റെ ചുണ്ടുകളിൽ പറ്റിയ വെളുത്ത ചായം പരമു തുടച്ചു ക്ലീനാക്കിത്തന്നു. അന്നു ഷൂട്ടിംഗ്‌ വേഗം കഴിച്ചു പ്രേംനസീറിന്റെ വീട്ടിൽ പോയി. വലിയ മാളികവീട്‌. മുഴുവനും ഞങ്ങളെ കാണിച്ചു. ഞങ്ങൾ പുട്ടും കടലയും പപ്പടം കാച്ചിയതും മറ്റും കഴിച്ചു. അതുപോലെ ഞങ്ങൾ പലേ സ്ഥലങ്ങളിൽ ഇരുന്നു പലപ്പോഴും പലതും തിന്നിട്ടും കുടിച്ചിട്ടുമുണ്ട്‌. ഭാർഗ്ഗവീനിലയം എന്ന എന്റെ സിനിമയിൽ പ്രേംനസീർ അഭിനയിച്ചിട്ടുണ്ട്‌. അത്‌ ഷൂട്ടുചെയ്‌ത്‌ തീരുന്നതുവരെ ഞാൻ അതിന്റെ കൂടെ ഉണ്ടായിരുന്നു.

പ്രേംനസീർ ഇപ്പോഴും മന്ദഹസിച്ചുകൊണ്ട്‌ എന്റെ തൊട്ടടുത്ത്‌ ഇരിക്കുന്നതായി എനിക്കു തോന്നുന്നു. തോന്നലാണ്‌. ദൈവം തമ്പുരാനേ, എല്ലാം തോന്നലാണല്ലോ. പ്രപഞ്ചങ്ങളും ഈ ഞാനും. പ്രേംനസീർ മരിച്ചുപോയി. അദ്ദേഹം എങ്ങോട്ടാണു പോയത്‌?

ഞാനും ഉടനെ മരിക്കുമല്ലോ. ഞാനും എങ്ങോട്ടാണു പോകുന്നത്‌?

കരുണാമയനായ ദൈവമേ, പ്രേംനസീറിന്റെ ആത്മാവിനു നിത്യശാന്തി നൽകി അനുഗ്രഹിച്ചാലും.

മംഗളം. ശുഭം.

 

 

 

(പോൾ മണലിലിന്റെ ശേഖരത്തിൽ നിന്ന്‌ , നസീർ മരിച്ച സമയത്ത് എഴുതപ്പെട്ടത്)

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here