ല്സോത്തോ – എന്റെ പുതിയ പരീക്ഷണശാല !

 

 

 

ല്സോത്തോയിൽ

ജീവിച്ച, ജീവിക്കുന്ന ഓരോ മലയാളിക്കും ഓരോ തരത്തിലുള്ള അനുഭവം ഉണ്ടാകും. അതിന് കഷ്ടപ്പാടുകളുടെ ഉലയിൽ നീറ്റിയെടുത്ത പൊന്നിന്റെ തെളിമയും ഉണ്ടാകും. പിൻതിരിഞ്ഞുനോക്കിയാൽ ഒരു മലയാളിയുടെ ഇവിടത്തെ കാഴ്ചകൾ, കാഴ്ചപ്പാടുകൾ മറ്റു പ്രവാസികളിൽ നിന്നും പലതരത്തിൽ വ്യത്യസ്തമാർന്നത് എന്നുറപ്പിച്ചു പറയാം. അതിൽ ഒരംശമോ ഒരു വശമോ മാത്രമേ എന്റെ അനുഭവം വരച്ചുകാട്ടുന്നുള്ളു.

ല്സോത്തോയിലെ എന്റെ അനുഭവങ്ങളും കാഴ്ചകളും ഈ നാടുമായി ബന്ധപ്പെട്ടതാണെങ്കിലും ഞാൻ കാണുന്ന അതേ രീതിയിൽ ആവണമെന്നില്ല ഇവിടെ ജീവിച്ച മലയാളികളോ തദ്ദേശീയരോ ചരിത്രകാരന്മാരോ കാണുക. എങ്കിലും ഇത്തരം അനുഭവങ്ങൾ ഓരോ പാതകൾ കൂടിയാണ്. ല്സോത്തോ എന്ന കൊച്ചുനാടിനെ അറിയുവാനുള്ള പലവഴികളിൽ ഒരു വഴി.

’90 കളുടെ ആദ്യഘട്ടത്തിൽ നൂറിലധികം മലയാളി കുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നു. മിക്കവാറും എല്ലാവരും അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ. മുപ്പത് വർഷത്തിനിപ്പുറം നിന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ പക്ഷെ വിരലിൽ എണ്ണാവുന്നവർ മാത്രമേ ഇവിടെ അധ്യാപകരായി ജോലി ചെയ്യുന്ന മലയാളികൾ ഉള്ളു.

തൊഴിലില്ലായ്മകൊണ്ട് നട്ടം തിരിയുന്ന ഈ നാട് വിദേശികളായ അധ്യാപകർക്ക് ഇപ്പോൾ അവസരം കൊടുക്കുന്നില്ല. 90കളിൽ പക്ഷേ, അതായിരുന്നില്ല അവസ്ഥ.

സൗത്ത് ആഫ്രിക്കയാൽ ചുറ്റപ്പെട്ട ഒരു സ്വതന്ത്ര രാഷ്ട്രമാണ് ല്സോത്തോ എന്നതിനാൽ സൗത്ത് ആഫ്രിക്കയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു ഈ മലനാട്.

ആധുനിക ല്സോത്തോയുടെ ചരിത്രത്തിന് ഏകദേശം 200 വർഷത്തെ പഴക്കമേയുള്ളു. പല കാരണങ്ങളാൽ ബാന്റു വർഗ്ഗത്തിലുള്ളവർ ദക്ഷിണ ആഫ്രിക്കൻ മണ്ണിൽ ചിതറികിടന്നിരുന്നു. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അവസ്ഥകൾ കാരണങ്ങളാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ ഒരു ശക്തമായ നേതൃത്വം കൊടുത്ത മഹാനേതാവാണ് ലെപോഖോ മൊഷ്വേഷ്വേ (Lepoqo Moshoeshoe the Great – pronounced as Mo-shwe-shwe, born in 1786, near the upper Caledon River, northern Basutoland. He died in March 11, 1870, Thaba Bosiu, Basutoland).
മാർച്ച്‌ 11 മൊഷ്വേഷ്വേ ദിനമായി വലിയ പ്രധാന്യത്തോടെ ആഘോഷിക്കുന്നു ഇവിടെ. അദ്ദേഹത്തിന്റെ പേരിലാണ് ഇവിടെയുള്ള ഏക എയർപോർട്ട്.

ഒരു നാട്ടുരാജാവിന്റെ പുത്രനായി ജനിച്ച ലെപോഖോ നല്ല സാമർത്ഥ്യവും ബുദ്ധിശക്തിയും ഉള്ള കുട്ടിയായിരുന്നു. കാലിക്കിടാങ്ങളുമൊത്ത് കൗമാരകാലത്ത് പല വികൃതികളും കാട്ടിയ കൂട്ടത്തിൽ അയല്പക്കത്തെ ഒരാളുടെ കന്നുകാലിയെ ഇങ്ങുകൊണ്ടുപോന്നു. ചെറുപ്പകാലത്തെ വികൃതിയാവാം, അയൽവക്കത്തെ കാരണവർ ഒരു മുരടനായതുകൊണ്ടുമാവാം ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. കാലികൾ സമ്പത്തിന്റെ അളവ്കോലെന്നതിനൊപ്പം ഒരു രാഷ്ട്രീയ ആയുധം കൂടിയാണല്ലോ കാർഷികം മുഖ്യമായ നാടുകളിൽ. അങ്ങനെ നോക്കുമ്പോൾ കാലിമോഷണം സമ്പത്ത് വർധിപ്പിക്കുവാനുള്ള ശക്തരുടെ മാർഗ്ഗം കൂടിയാണ്.
മഹാഭാരതത്തിലെ വിരാടപർവ്വത്തിൽ ഗോഗ്രഹണം നടത്തിയ ദുര്യോധന പ്രഭ്റുതികളെ നേരിട്ടത് പ്രച്ഛന്നവേഷധാരികളായ പാണ്ഡവരായിരുന്നല്ലോ. ആഫ്രിക്കൻ മണ്ണിലെ കുട്ടികളെ കാണുമ്പോൾ, കാലികളെ മേച്ചുള്ള അവരുടെ നിഷ്‌ക്കളങ്ക പെരുമാറ്റം കാണുമ്പോൾ ഓർമ്മ വരിക, നമ്മുടെ ഉണ്ണിക്കണ്ണനെ ആണ്.

“കോടക്കാറും പൊരിവെയിലും
തുളഞ്ഞുകേറും മഞ്ഞും
വാരിപ്പുതച്ചു
മലദൈവങ്ങളെ
കാവലിരുത്തി
ചെറുതീ ചുറ്റിലും
ചടഞ്ഞിരുന്നും
ഗ്രാമത്തിൻ ചെറുശീലിൽ
കഥയാൽ മെനഞ്ഞെടുത്തൊരു
സംസ്കാരം…” എന്ന് ഞാൻ എഴുതിയിട്ടുമുണ്ട്.

ഇന്നും ഗോക്കളുടെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക പ്രാധാന്യം കാണാതിരുന്നുകൂടാ. നമുക്ക് ഇവിടത്തെ ചരിത്രപാഠത്തിലേക്ക് വരാം.

കൂട്ടുകാരോട് അന്ന് ആ കുട്ടിലെപോഖൊ വീരവാദം മുഴക്കിയത് ഇങ്ങനെ, “ഞാൻ അയാളുടെ താടി വടിച്ചു” (താടിവടിക്കുമ്പോൾ ഉണ്ടാവുന്ന ഷ്വേഷ്വേ എന്ന ശബ്ദം അനുകരിച്ചാണ് ആ കുട്ടി വീരവാദം മുഴക്കിയത്). മഹാന്മാരെക്കുറിച്ച് എല്ലാനാട്ടിലും ഇത്തരം ഇതിഹാസജന്യമായ കഥകൾ ഉണ്ടാകുമല്ലോ. ഏതായാലും, ആ സംഭവത്തിനു ശേഷം മൊഷ്വേഷ്വേ എന്ന ചെല്ലപ്പേര് സ്വയം സ്വീകരിച്ചതോ കൂട്ടുകാർ ചാർത്തിക്കൊടുത്തതോ, ഏതായാലും ആ പേരിലാണദ്ദേഹം പിന്നീട് അറിയപ്പെട്ടത്.

മൊഷ്വേഷ്വേ എന്ന മഹാനെക്കുറിച്ച് പറയുമ്പോൾ ഈ നാട്ടിലെ ആളുകൾക്ക് ആദരവും ഭക്തിയും ഒന്നായലിഞ്ഞൊഴുകുന്ന ഒരു വികാരമുണ്ട്. ഈ നാട്ടിൽ താമസിച്ചാൽ അദ്ദേഹത്തെ അറിയാതെ ജീവിക്കുവാൻ സാധ്യമല്ല. അദ്ദേഹത്തിന്റെ തലമുറയിലെ ഏട്ടാമത്തെ രാജാവ് ലെറ്റ്‌സീയെ മൂന്നാമൻ (Letsie III) ആണിപ്പോഴത്തെ രാജാവ്.

1820 ൽ, പിതാവ് മൊഖജാനിയുടെ മരണശേഷം (Mokhacane, as the chief of the Bamokoteli) നാട്ടുരാജാവായി ബൂത്തബൂത്തെ ഗ്രാമം താവളമാക്കിയ കാലഘട്ടത്തിൽ ആണ് സൂലു (Zulu), ന്റെബേലെ (Ndebele) തുടങ്ങിയ വർഗ്ഗങ്ങൾ അവരെ ആക്രമിച്ചത്.

കഠിനമായ ഈ ആക്രമണത്തെ കൊടുങ്കാറ്റെന്നാണ് വിശേഷിപ്പിച്ചിരുന്നത് (Difaqane -1813-1830).

ശാകാ-സുലുവിൽ നിന്നും ഒഴിഞ്ഞുമാറാനായി ബൂത്താബൂത്തെയിൽ നിന്നും തന്റെ കൂട്ടരെ ബുദ്ധിപൂർവം അവധാനതയോടെ 200 ഓളം കിലോമീറ്റർ ദൂരെയുള്ള ഖിലൊവാനീ താഴ്വാരത്തേക്ക് (Qiloane plateau) ഭാഗത്തേക്ക്‌ അദ്ദേഹം കൊണ്ടുപോയി. ഇന്ന് ആ മലമ്പ്രദേശം അറിയപ്പെടുന്നത് ഥബ-ബോസിയു (Thaba Bosiu), എന്നുവച്ചാൽ ‘രാത്രിയിൽ പ്രകാശിക്കുന്ന പർവതം’ എന്നത്രെ!

ചുറ്റും പർവതനിരകളാൽ സംരക്ഷിതമായ താഴ്‌വാരത്തിൽ മൊഷ്വെഷ്വേയും കൂട്ടരും താമസമാക്കി. ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഇതൊരു രാഷ്ട്രീയ സന്ദേശമാണ്. തന്നെ വിശ്വസിച്ചു കഴിയുന്ന ജനങ്ങളുടെ സംരക്ഷണം, സ്വാതന്ത്ര്യം എല്ലാമാണ് പരമപ്രധാനം.
അദ്ദേഹത്തിന്റെ മഹത്വങ്ങളിൽ ഒന്നുമാത്രം ഈ സംഭവം.
മസേരുവിൽ നിന്നും ഥബ-ബൊസിയുവിലേക്ക് ഏകദേശം 30 കിലോമീറ്റർ ദൂരമേയുള്ളു.
അദ്ദേഹം ഒരു സമാധാനപ്രിയനായ നേതാവായിരുന്നു എന്നതാണ് മറ്റൊരു പ്രധാന വസ്തുത.
പിതാവിൽ നിന്നും മൊഷ്വേഷ്വേയ്ക്ക് അധികാരത്തിന്റെ ദണ്ഡ് ലഭിച്ചപ്പോൾ നാടിന്റെ ഗതിയും മാറി. തെക്കുള്ള നാട്ടിൽ, അയൽരാജ്യങ്ങളിൽ വെള്ളമുഖങ്ങൾ (Lekhooa) പുതിയതരം ആയുധങ്ങളുമായി നാട് വെട്ടിപ്പിടിക്കുന്നത് കണ്ടുംകേട്ടുമറിഞ്ഞു യുവരാജാവ്.

സാന്ദർഭികമായി പറയട്ടെ, ഇന്ത്യൻ വംശജരെ ഇവിടത്തുകാർ വിളിക്കുന്നത് മക്കൂള എന്നാണ് (Makkula). ഇത് കൂലി എന്ന ഇന്ത്യൻ പദത്തിൽനിന്നും ഉത്ഭവിച്ചതിനാൽ, ഈ പദമുപയോഗിച്ചു മറ്റുള്ളവർ അഭിസംബോധനം ചെയ്യുന്നത് ഇന്ത്യക്കാർ അപമാനകരമായി കരുതുന്നു.
ഏതായാലും, ആധുനിക ല്സോത്തോയുടെ ചരിത്രം സൗത്ത് ആഫ്രിക്കയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ദക്ഷിണാഫ്രിക്കെയെക്കുറിച്ചും ചെറിയ സൂചനകൾ നൽകുന്നത് ഞങ്ങളെ മനസ്സിലാക്കുവാൻ ഉപകരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഉദാഹരണമില്ലാത്ത ഒരുവൾ പ്രകാശനം
Next articleഎം.എം. ഹസന്റെ ആത്മകഥ പ്രകാശനം ചെയ്തു
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

5 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English