സ്വന്തം ഞാൻ

 

 

 

നിന്റെയർത്ഥം മുങ്ങിത്തപ്പീ
എന്റെ നിഘണ്ടുവിൽ
മുങ്ങിത്തപ്പിപ്പോകെപ്പോകെ
എന്തിനെ ഞാൻ തിരയുന്നെന്നു
മറന്നേപോയ്‌

എന്റെ ചുറ്റും ചിന്തകൾ വാക്കുകൾ
എന്തു കൂമ്പാരം!
ആൾക്കൂട്ടത്തിന്നിരമ്പമെന്നിലെ
ആഴമളന്നു
ആറ്റുതിട്ടയിലീറക്കാട്ടിലെ-
യൊറ്റയാനായ്‌ ഞാൻ

കൂട്ടം വിട്ടു നടന്നപ്പോഴെൻ
മസ്തകത്തിൽ
സ്വപ്നനിലാവിൽ
കണ്ടല്ലോ നിന്നെ

ശാന്തമെന്റെ മനസ്സിൻ നടുവിൽ
പർണകുടീരം
എന്റെ ചിന്തകൾ പോലും കാനന-
ഗുഹാമുഖത്തിൽ പെരുകി മുഴങ്ങി

എന്നതീന്ദ്രിയശബ്ദലയങ്ങളി-
ലുണർന്നിരുന്നൂ ഞാൻ
അതിലെൻ പുത്തൻ മുഖവും കാട്ടി-
ത്തെളിഞ്ഞു വന്നൂ നീ
ഗുഹയിൽ പല്ലും നഖവും നീട്ടി
എന്റെയുള്ളിലെ ഞാൻ
സടകുടയുന്നോരെന്റെ മുമ്പിൽ
കേഴമാനായ്‌ ഞാൻ

ഇടതൂർന്നോരെൻ ബൃഹദാരണ്യ-
ക്കുടുക്കുവഴികളിൽ
ഇരയായ്‌ ജീവനെടുത്തുംകൊണ്ടു
ഞാൻ പറക്കുമ്പോൾ
എന്റെ സൗമ്യത കാർന്നു തിന്നാൻ
എന്നെയിട്ടു വലച്ചോടുന്നു
ഞാനൊരു നായാടി

അകലെക്കാണും പച്ചക്കുന്നു
ചവുട്ടി മറിച്ചാലേ
ആൾക്കൂട്ടത്തിൻ പാർപ്പിടമെത്തി-
പ്പലതായ്‌ പെരുകാനാവൂ

കലങ്ങിമറിയും സന്ധ്യാലഹരിയി-
ലിത്തിരി ബാക്കികിടക്കും വെളിവിൽ
തളർന്നു നീങ്ങും ഞങ്ങടെ നടുവിലെ
വിടവു കുറഞ്ഞു.
ഇരമ്പിയിളകുമൊരാൾക്കൂട്ടത്തിൽ
തിരിച്ചു ചെല്ലുമ്പോൾ
ഇരയും നായാടിയുമില്ലുള്ളിൽ-
ത്തേടുവതെന്തിനെയെന്നതുകൂടെ
മറന്നേപോയ്‌.

 

 

(C)
കാവാലം കവിതകൾ
സാഹിത്യ പ്രവർത്തക സഹ. സംഘം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here