എന്റെ മൈതീൻ,അറബിയുടെ മുഹിയിദ്ദീൻ..

ബസ്സിന്റെ അരികിലെ സീറ്റിൽ ഇരിക്കുമ്പോൾ ഓർമ്മകൾ അയാളെ വല്ലാതെ അസ്വസ്ഥനാക്കി,ബസ്സിൽ വലിയ തിരക്കൊന്നുമില്ല.കോവിഡ് ഭീതി തുടങ്ങിയ ശേഷം പലപ്പോഴും ഇങ്ങനെ കാലിയാണ് ബസ്സുകൾ.അത്യാവശ്യത്തിന് മാത്രം ആളുകൾ പുറത്തിറങ്ങുന്നു..ജോലിക്ക് പോകേണ്ടതുള്ളതിനാൽ മാത്രം പോകാതിരിക്കാനാവില്ല.വെളുപ്പിന് ജോലിക്ക് പോകാൻ ഇറങ്ങവെയാണ് അപ്രതീക്ഷിതമായി ആ വാർത്ത അറിഞ്ഞത്.മൈതീൻ മരിച്ചു..ഒരു നിമിഷം തരിച്ചു നിന്നു പോയി.
വെളുപ്പിനെ സുബുഹി നിസ്ക്കാരവും കഴിഞ്ഞ് വീട്ടിൽ വന്നതാണ്,പെട്ടെന്നാണ് അസഹ്യമായ നെഞ്ചു വേദന വന്നത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു..മരണം..അവിടെ കോവിഡ് ടെസ്റ്റും കൂടി കഴിഞ്ഞേ വിട്ടു കിട്ടൂ എന്നതിനാൽ അടക്കാൻ വൈകും..ബസ്സിലിരിക്കുമ്പോൾ ഓർത്തു..മൈതീനുമായുള്ള സൗഹൃദത്തിന്റെ ഒരിക്കലും മങ്ങാത്ത ഏടുകൾ.നാട്ടിൽ വെച്ച് പരിചയമുണ്ടായിരുന്നെങ്കിലും പരിചയം ദൃഡമാകുന്നത് ഗൽഫിൽ പോകാനായി ബോംബെയിൽ താമസിക്കുമ്പോഴാണ്.അന്നങ്ങനെയാണ്.ഏജന്റ് പറയുന്നതനുസരിച്ച് ബോംബെയിൽ വന്ന് കിടക്കണം..പോകാനുള്ളവന്റെ ഭാഗ്യമനുസരിച്ചാണ് വിസ ശരിയാകുന്നതും പോകുന്നതും..
ചിലർ എത്ര നാളായി വന്നു താമസിക്കുന്നു,ഇതുവരെ അവരുടെ തലവര ശരിയായിട്ടില്ല.ചിലർ വന്ന് ഒരാഴ്ച്ചയ്ക്കകം കേറി പോകുന്നു.അങ്ങനെ പ്രതീക്ഷയുടെയും നിരാശയുടെയും നിശ്വാസങ്ങൾ നിറഞ്ഞ ലോഡ്ജ് മുറിയിലെ അനേകം അന്തേവാസികളിൽ ഒരാളായി ചേക്കേറുമ്പോൾ അവിടെ മൈതീനുമുണ്ടായിരുന്നു.പിന്നെ ഒന്നിച്ചായി കിടപ്പും നടപ്പുമൊക്കെ..രാവിലെ നാട്ടുകാരൻ കൂടിയായ ഏജന്റ് വന്ന് പറയും’’ഇന്ന് ഇന്റർവ്യൂ ഉണ്ട്..’’
ഉടുത്തൊരുങ്ങി മൈതീനൊപ്പം രാവിലെ പോകും, അങ്ങനെ കുറെ ഇന്റർവ്യൂവിന് പോയി മടുത്തു.ഒടുവിൽ സൗദി അറേബ്യയുടെയും യമന്റെയും അതിർത്തിയായ ഷറൂറ എന്ന സ്ഥലത്ത് പെട്രോൾ പമ്പും സൂപ്പർമാർക്കറ്റും ചേർന്നുള്ള സ്ഥലത്ത് സെയിൽസ്മാനായി വിസ ശരിയായി..
ഉടൻ തന്നെ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു,,വിസ ശരിയാക്കാൻ വേണ്ടി ഓടി വന്നതാണ്.ഇനി ചെന്നിട്ട് വേണം റെഡിയായി വരാൻ. നാട്ടിലേക്ക് പോയതും എല്ലാവരോടും യാത്ര പറഞ്ഞ് തിരിച്ചു വന്നതും എല്ലാം ട്രെയിനിലായിരുന്നു..ബുക്ക് ചെയ്യാതെയുള്ള ഓർഡനറി ക്ളാസ്സ് ട്രെയിൻ യാത്രയുടെ മൂന്ന് നാല് ദിവസങ്ങൾ നീളുന്ന ദുരിത യാത്രകൾ അനുഭവിച്ചത് മൈതീനൊപ്പമായിരുന്നു. അഞ്ചു വർഷങ്ങൾ നീളുന്ന ആടു ജീവിതത്തിന്റെ പരിശീലനമായിരുന്നു അതെന്ന് അന്നൊന്നും അറിഞ്ഞില്ലല്ലോ..
ആദ്യത്തെ വിമാന യാത്രയുടെ കൗതുകത്തോടെ റിയാദ് എയർപോർട്ടിൽ,അടുത്ത വിമാനത്തിൽ നജ്റാൻ എയർപോർട്ടിൽ,..പിന്നെ മുന്നൂറ്റമ്പത് കിലോമീറ്റർ നീളുന്ന കാർ യാത്രയുടെ ഒടുവിലാണ്,യാത്രയുടെ വിരസത സമ്മാനിച്ച ഒരു വൈകുന്നേരത്ത്,വിശപ്പ് വയറിനെ കാർന്നു തിന്നാൻ തുടങ്ങുന്ന ഒരു സന്ധ്യനേരത്ത് ഷറൂറയെന്ന ആ ബദു ആദിവാസി ഗ്രാമത്തിലേക്ക് ഞങ്ങൾ വലതുകാൽ വെച്ച് കയറുന്നത്.മരുഭൂമിയ്ക്ക് മേൽ പൊടിക്കാറ്റ് അടിച്ചു വീശുന്നുണ്ടായിരുന്നു,നവംബറിലെ വല്ലാത്ത തണുപ്പ് രോമകൂപങ്ങളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു..എങ്കിലും നാളെ കയ്യിൽ കുമിഞ്ഞു കൂടുന്ന റിയാലുകളെപ്പറ്റിയുള്ള സ്വപ്നം എല്ലാം അതിജീവിച്ച് ഞങളുടെ കണ്ണുകളിലും മനസ്സിലും നിറഞ്ഞു നിന്നു.
‘’യാ അള്ളാ അഹ്ലൻ വ സഹ്ലൻ..’’ ഞങ്ങളുടെ അറബിയുടെ മകൻ താരിഖ് പെപ്സിയും ബിസ്ക്കറ്റും തന്ന് സ്വീകരിച്ചപ്പോൾ മനസ്സ് വല്ലാതെ കുളിർത്തു .മറ്റൊരിക്കലും കിട്ടാത്ത രുചിയായിരുന്നു അന്നാ പെപ്സിക്കും ബിസ്ക്കറ്റിനും,അത്രമേൽ വിശന്നിരുന്നതു കൊണ്ടാവണം..
പക്ഷേ,പിന്നെ ഞങ്ങൾ പ്രതീക്ഷിച്ചതു പോലെയൊന്നുമായിരുന്നില്ല കാര്യങ്ങൾ..അറബിയുടെ മകൻ തിരിച്ച് റിയാദിലേക്ക് പോയി.ആദ്യ ഭാര്യയിലെ മകനാണതെന്നും അവർ അവിടെയാണ് താമസമെന്നും ഇവിടെയുള്ളത് ഹൈദരാബാദുകാരിയായ രണ്ടാം ഭാര്യാണെന്നുമൊക്കെ ഞങ്ങൾ പിന്നെ മനസ്സിലാക്കിയതാണ്..ഒരു ഇന്ത്യക്കാരിയാണ് ഭാര്യ എന്നതിനാൽ ഞങ്ങൾക്കും ഞങ്ങൾ ചെല്ലുമ്പോൾ ജോലിക്കാരനായി അവിടെയുണ്ടായിരുന്ന ഷമീമെന്ന ഉത്തർപ്രദേശുകാരനും ഒരു പരിഗണനയും കിഴവൻ അറബി തന്നില്ല. ’’യാ അള്ളാ ശുഉൽ [ജോലി ചെയ്യൂ] എന്നത് മാത്രമാണ് എപ്പോഴും അയാളുടെ ചുണ്ടിൽ ഉയർന്നു കൊണ്ടിരുന്നത്..അഞ്ഞൂറ് റിയാൽ ശമ്പളം തരുന്നതിന് അയ്യായിരം റിയാലിന്റെ പണി ഞങ്ങളെക്കൊണ്ട് ചെയ്യിക്കും..
ബോബെയിൽ നിന്നു കിട്ടിയ മഞ്ഞപ്പിത്തം ഞങ്ങളെ ബാധിച്ച് കുറെ നാൾ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഞങ്ങളെ കാണാൻ വന്നപ്പോഴെങ്കിലും അറബിയുടെ കണ്ണുകളിൽ കനിവിന്റെ ഒരു തരി പ്രതീക്ഷിച്ചു.ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ നേരം മൈതീന്റെയും എന്റെയും അടുത്തു വന്നയാൾ പറഞ്ഞു..’’യാ മുഹിയുദ്ദീൻ [എല്ലാ മൈതീൻമാരും അറബികൾക്ക് മുഹയിദ്ദീൻമാരാണ്] മാഫീ,ശുഉൽ മാഫീ ഫുലൂസ്..’’
അതായത് ജോലി ചെയ്താലെ ശമ്പളമുള്ളൂ,നിങ്ങൾ ആശുപത്രിയിൽ കിടക്കുന്ന കാലം ശമ്പളം തരില്ലെന്ന്.ഇത്ര കരുണയില്ലാതെ ഒരു അറബിയും അരു ജോലിക്കാരന്നോടും പറഞ്ഞിട്ടുണ്ടാവില്ല.അറബി പോയപ്പോൾ മൈതീനെന്ന അറബിയുടെ മുഹിയിദ്ദീൻ എന്നെ സമാധാനിപ്പിച്ചു..പലപ്പോഴും ബോംബെ വാസം മുതൽ എല്ലാ സുഖദു:ഖങ്ങളുംപങ്കിടാൻ ഞങ്ങൾ മാത്രമായിരുന്നു.വീട്ടുകാരുമായി സംസാരിക്കാൻ ഒരു വഴിയുമില്ല..ലാൻഡ്ഫോൺ തന്നെ അപൂർവ്വമായ കാലം, വാപ്പയുടെയും ഉമ്മയുടെയും സഹോദരൻമാരുടെയും വല്ലപ്പോഴും വരുന്ന കത്തുകൾ മാത്രമായിരുന്നു ആടുകളുടെയും ഒട്ടകങ്ങളുടെയും കുളിക്കാത്ത അറബി ആദിവാസികളുടെയും മുശ്ക്ക് മണങ്ങൾക്കിടയിൽ ആശ്വാസമായി നിറയുന്നത്..
അതും അറബി ഇടയ്ക്ക് ടൗണിൽ പോയി വരുമ്പോൾ ഏതോ കടയിലെ അഡ്രസ്സിൽ വരുന്ന കത്തുകൾ ഒന്നായി എടുത്തു കൊണ്ടുവന്ന് തരും.അയാൾ പുറത്തേക്ക് പോകുമ്പോൾ ആകാംക്ഷയോടെ ഞങ്ങൾ കാത്തിരിക്കും.പലപ്പോഴും ഞങ്ങളെ നിരാശരാക്കി കൈ കൊണ്ട് ആംഗ്യം കാട്ടി കിഴവൻ പറയും ‘’മാഫീ രിസാല.’’.[കത്തൊന്നുമില്ല..]അതു കേൾക്കുമ്പോൾ ഞങ്ങളുടെ നിരാശ വല്ലാത്ത നിരാശ തന്നെയായിരുന്നു
രാത്രി മുറിയിൽ ചെല്ലുമ്പോഴാണ് ഞങ്ങൾ സങ്കടങ്ങൾ അഴിച്ചു വെച്ചിരുന്നത്.അന്നു വന്ന കത്തിലെ വിവരങ്ങൾ,നാട്ടിൽ മരിച്ചു പോയവർ,പുതുതായി ഗൾഫിലേക് വന്നവർ,കല്യാണം കഴിഞ്ഞവർ..എല്ലാ വാർത്തകളും ഞങ്ങൾ പങ്കു വെച്ചു,ഒരേ നാട്ടുകാരായതിനാൽ എല്ലാവരും ഞങ്ങൾക്ക് പരിചിതരായിരുന്നു..
വർഷങ്ങളുടെ ആടുജീവിതവും കഴിഞ്ഞ് ഒരു ദിവസം അപ്രതീക്ഷിതമായാണ് ഞങ്ങൾ തിരിച്ചെത്തിയത്..ഉമ്മ കഴിഞ്ഞ ദിവസവും പറഞ്ഞു’’ഞാൻ അസർ നിസ്ക്കാരവും കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ രണ്ടു പേർ പുറകിൽ നിൽക്കുന്നു..’’
അത്രയ്ക്കും അപ്രതീക്ഷിതമായിരുന്നു ഞങ്ങളുടെ തിരിച്ചു വരവ്.ഓടി രക്ഷപെടുകയായിരുന്നു എന്നു വേണമെങ്കിലും പറയാം..പിന്നെ ഗൾഫ്കാരെന്ന മോടിയിൽ പെണ്ണുകാണൽ..അതും എത്ര സ്ഥലങ്ങളിൽ ഒന്നിച്ചു പോയി.ഒടുവിൽ മൈതീന്റെ കല്യാണമാണ് ആദ്യം ശരിയായത്.എങ്കിലും അവിടെയും ഒരു മനുഷ്യനും കാണിക്കാത്ത മര്യാദ അവൻ എനിക്കു വേണ്ടി കാണിച്ചു..എന്റെ കല്യാണം ശരിയാകുവാൻ വേണ്ടി് അവന്റെ കല്യാണത്തീയതി നിശ്ചയിക്കാൻ പിന്നെയും കാത്തിരുന്നു.
കിഴക്കേ പള്ളിയിലെ മൈലാഞ്ചിക്കാടുകളുടെ തണലുകൾക്കിടയിൽ അപ്പോൾ മൂടപ്പെട്ട കബറിനരികിലിരുന്ന് ഉസ്താദ് പ്രാർത്ഥന ചൊല്ലുന്നത് നോക്കി നിൽക്കുമ്പോഴും എത്ര നാൾ എന്നോടൊപ്പം സുഖവും ദു:ഖവും പങ്കിട്ട..ഇന്ന് പെട്ടെന്ന് ചലനമറ്റു പോയ എന്റെ മൈതീന്റെ ഓർമ്മകളായിരുന്നു എന്റെ മനസ്സിൽ..തിരിച്ചു നടക്കുമ്പോൾ എപ്പോഴും ചിരിച്ചു കൊണ്ട് എന്നെ വിളിച്ചെത്തുന്നതു പോലെ പേരു വിളിച്ചു കൊണ്ട് മൈതീൻ അരികിലെത്തുമെന്ന് അപ്പോഴും ഞാൻ പ്രതീക്ഷിച്ചു..
……………………………………………………………………………………………………………………………………………………………………………………………………………………………………………………………

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleയു.എസ് ചൈന ശീതയുദ്ധം ചൂടുപിടിക്കുന്നു ; ആശങ്കയിൽ ലോകം
Next articleകൊച്ചുങ്ങൾ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here