എന്റെ പപ്പ

എൻ്റെ ചെറുപ്പത്തിൽ, വളരുമ്പോൾ ആരെ പോലെ ആകണം എന്ന് ചോദിക്കുമ്പോൾ ഒറ്റ മറുപടി ആയിരുന്നു എനിക്ക്‌. എൻ്റെ അപ്പനേ പോലെ.  പപ്പാ എനിക്ക് എന്നും ഒരു നല്ല അപ്പൻ മാത്രം അല്ല, നല്ല സുഹൃത്തും കൂടി ആണ്.

ഈയ്യിടെ ഇറങ്ങിയ “ജൂൺ” എന്ന മൂവി കാണുമ്പോൾ എൻ്റെ കണ്ണുകൾ അറിയാതെ നിറയും. അതിലെ പല അപ്പൻ- മകൾ രംഗങ്ങൾ എനിക്ക് എൻ്റെ ജീവിതവുമായി ഏറിയ താരതമ്യം തോന്നും. അത്രയധികം അടുപ്പമാണു ഞാനും പപ്പയും തമ്മിൽ.

എന്റെ പപ്പ, ഇപ്പോഴും എന്നും എന്നെ വിളിക്കും, അന്വേഷിക്കും, സപ്പോർട്ട് ചെയ്യും, ഉപദേശിക്കും.. എനിക്ക് ഒരു ദിവസം ആ വിളി കേട്ടില്ലെങ്കിൽ ഉറക്കം വരില്ല. ആദ്യം ഒക്കെ അപ്പന്റെ സ്വപ്നം എന്നെ പപ്പയെ പോലെ ഒരു എൻജിനിയർ ആക്കണം എന്ന് ആയിരുന്നു.  പിന്നീട് ഞാൻ അതിൽ താത്പര്യം കാണിക്കാതെ ആയപ്പോൾ, എന്റിഷ്ടത്തിനു അക്കൗണ്ടിംഗ്‌ എടുത്തോട്ടെ എന്നു ചോദിച്ചപ്പോൾ യാതൊരു എതിർപ്പും കൂടാതെ സമ്മതം മൂളി. പപ്പായ്ക്ക്‌ ഉള്ളിൽ ഒരുപാട്‌ സങ്കടം ഉണ്ടായിരുന്നു എന്നെനിക്കറിയാമായിരുന്നു. പക്ഷേ എനിക്ക് വെണ്ടി അതെല്ലാം മാറ്റി വെച്ചും, മറിച്ചു വെച്ചും എനിക്ക്‌ ഇഷ്ടം ഉള്ളത് പഠിപ്പിച്ചു.

ജീവിതത്തിന്റെ ഓരോ വഴി തിരിവിൽ നിന്നു ഞാൻ പിൻ തിരിഞ്ഞു നോക്കുമ്പോൾ ആ വലിയ മനസ്‌ അവിടെ നിന്നും മുന്നോട്ട് പോയ്ക്കൊള്ളാൻ ഉത്തേജനം ൻൽകി തലയാട്ടും.  ഞാൻ അകലെ പഠിക്കാൻ പോയപ്പോൾ, അവധിക്കാലമാകുന്നതിനു മുൻപ്‌ ഓരോ പ്രാവശ്യവും തിരിച്ചു ഭിലായിൽ വീട്ടിലേക്ക് ചെല്ലാൻ ഉള്ള ടിക്കറ്റ് ആയച്ചു തരുമായിരുന്നു. ആ കവറിൽ ഉള്ള കുറുപ്പിൽ ഒരു വരിയും കൂടി ഉണ്ടാവും -” we love you betu!”. ബേട്ട എന്ന് ഹിന്ദിയിൽ പറഞ്ഞാൽ മകൻ. ഹിന്ദിക്കാർ  ചിലപ്പോൾ മകളേയും അങ്ങനെ വിളിക്കും. അത് ഓമനപ്പേര് ആയി ബേട്ടു എന്ന് ആക്കി എന്റെ പപ്പ.

എനിക്ക് കല്യാണപ്രായം ആയി എന്ന് പറഞ്ഞു നാട്ടിലെ എൻ്റെ ബന്ധുക്കൾ എൻ്റെ 21 വയസിൽ കയര് പൊട്ടിച്ച പശുവിനെ പോലെ പരക്കം പാച്ചിൽ തുടങ്ങിയപ്പോൾ ഞാൻ പപ്പയെ വിളിച്ചു. ഞാൻ പറഞ്ഞു, “പപ്പാ എനിക്ക് ഇനിയും പഠിക്കണം”.

ഞാൻ അത്‌ ഒറ്റ വാക്കിൽ പറഞ്ഞപ്പോൾ എന്നോട് പപ്പാ എന്നെ പിന്താങ്ങിക്കൊണ്ട്‌ ഇങ്ങിനെ പറഞ്ഞു, “അവർ പറയുന്നത് കേൾക്കേണ്ട, നീ മുന്നോട്ട്  പഠിച്ചോ. നിനക്ക് ഒരു കൂട്ട് വേണം എന്ന് തോന്നുമ്പോൾ മാത്രം പപ്പാ അന്വേഷിക്കുള്ളു എന്നു വാക് തരുന്നു”.

പപ്പയോടു ഞാനും എൻ്റെ മനസ്സിൽ തൊട്ട്‌ ഒരു വാക് കൊടുത്തു. “എനിക്ക് ആരെയെങ്കിലും ഇഷ്ടപ്പെട്ടാലും പപ്പാ സമ്മത്ം മൂളാതെ ഞാൻ എൻ്റെ ജീവിതത്തിലേക്ക്‌ ആരേയും ചേർക്കില്ല”.

പി. ജി കഴിഞ്ഞപ്പോഴും ഇനിയും വേണമെങ്കിൽ പഠിച്ചോ എന്ന് പപ്പാ പറഞ്ഞു. ഞാൻ ജോലി നോക്കാം എന്ന് പറഞ്ഞല്ലോഴും അതിനും എന്നെ പിന്താങ്ങി. പിന്നീട്‌ ഒരു കുടുംബ സുഹൃത്ത്‌ ഒരാലോചന ആലോചിച്ചു വന്നെപ്പോൾ, ഞാൻ പപ്പയെ അറിയിച്ചു. അങ്ങനെ അതും പപ്പാ എൻ്റെ ഇഷ്ടത്തിന് വിട്ട് തന്നു. പപ്പയുടെ അഭിപ്രായങ്ങൾ പറഞ്ഞു. പപ്പക്ക്‌ ചെറുക്കനെ ഇഷ്ടം ആണ് എന്ന് അറിയിച്ചു. പക്ഷേ ഞാൻ സമ്മതം പറഞ്ഞപ്പോൾ മാത്രം ആണ് മുന്നോട്ട് കാര്യങ്ങൾ നീക്കിയത്‌.

ഞാൻ ഇന്നും ഓർക്കുന്നു – പള്ളിയിൽ അച്ഛൻ സമ്മതം ചോദിച്ചപ്പോൾ ഞാൻ പതുക്കെ തിരിഞ്ഞു നോക്കി. അപ്പന്ൻ എന്റെ തൊട്ടടുത്ത്‌ ഉണ്ടായിരുന്നു. പപ്പായുടെ കണ്ണുകൾ സമ്മതമേകി അപ്പോൾ എനിക്ക്‌ ധൈര്യം ആയി വിവാഹത്തിന് സമ്മതമാണെന്ന് പള്ളീലച്ചനോട്‌ പറയുകയും ചെയ്തു.

എൻ്റെ താങ്ങും തണലും ആണ് അപ്പൻ. എന്റെ അപ്പനെ പോലെ തന്നെ കരുതൽ ഉള്ള ആളെ, എന്നെ ഏല്പിച്ചു കൊടുക്കാനായിരുന്നു എന്റപ്പന്റെ തീരുമാനം അല്ലെങ്കിൽ സന്തോഷം എന്ന് എനിക്ക്‌ അറിയാമായിരുന്നു. അതു തന്നെ ഭവിക്കുകയും ചെയ്തു. എന്നാലും എല്ലാ തവണയും നാട്ടിൽ നിന്ന് പപ്പയെ വേർപിരിയുമ്പോൾ എൻ്റെ നെഞ്ചിൽ ഒരു വല്ലത്ത വേദന ആണ്. കണ്ണുനീരോടെ അല്ലാതെ ഞാൻ പപ്പയെ പിരിഞ്ഞിട്ടില്ല.  പപ്പയും അങ്ങനെ തന്നെ. ഇപ്പൊ ഈ കോവിഡ്‌ ഒക്കെ വന്നു വേർപ്പാടും ഏറി. അപ്പന്റെ മനസ്സിൽ ഉണ്ടാവും എന്നാ നേരിൽ കാണാൻ സാധിക്കുക എന്ന്. എന്നാണു  കൊച്ചുമക്കളേ കളിപ്പിക്കാൻ സാധിക്കുക എന്ന്. എനിക്ക്‌ അതിനു ഉത്തരം ഇല്ല. എന്നെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു ആളും ചോദിക്കാറില്ല..

ഇതെല്ലാം മാറിയുള്ള നല്ലൊരു നാളേയും പ്രതീക്ഷിച്ചു കൊണ്ട്‌ എന്റെ സ്വന്തം പപ്പ അക്കരയും ഈ മകൾ ഇക്കരയും ഒരുപാട്‌ പ്രതീക്ഷകളുമായി കാത്തിരുപ്പ്‌ തുടരുന്നു…..

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English