ടൈഗു കടുവയ്ക്ക് ഒരു മോഹം.നല്ല കുറച്ച് സൂപ്പ് കഴിക്കണം. വായ്ക്ക് രുചിയായി വല്ലതും കഴിച്ചിട്ട് കുറച്ചു നാളായി. കാട്ടിലാണെങ്കിൽ നല്ല ഭക്ഷണമൊന്നും കിട്ടാനുമില്ല.മൃഗങ്ങളൊന്നും ഇപ്പോൾ പണ്ടത്തെ പോലെ പുറത്തിറങ്ങുന്നുമില്ല.പേടിച്ചിട്ടാണ്.കാടിന് പുറത്ത് ഏതോ മഹാമാരി പടർന്നു പിടിച്ചിരിക്കുന്നു. അവിടെ മനുഷ്യരെല്ലാം മരിച്ചുകൊണ്ടിരിക്കുന്നു.ഇര തേടി ഒന്ന് രണ്ട് കടുവയും പുലിയുമെല്ലാം കാടിന് വെളിയിലേക്ക് പോയിട്ടുമുണ്ട്.
കാടിന്റെ കിഴക്ക് ഭാഗത്തുള്ള അരുവിയുടെ കരയിൽ നിറയെ നല്ല മുഴുത്ത മുയലുകളുണ്ട്.ഒരിക്കൽ അവറ്റകളെ പിടിക്കാൻ ഒരു ശ്രമം നടത്തിയതുമാണ്.അന്ന് നിരാശയായിരുന്നു ഫലം.
എന്തായാലും ഇന്ന് അതിൽ ഒന്നുരണ്ടെണ്ണത്തിനെ അകത്താക്കണം.
ടൈഗു അരുവിക്കരയിലേക്ക് നടന്നു.
അവിടെ പൊന്തക്കാട്ടിൽ പതുങ്ങി കാത്തിരുന്നു.
സൂര്യരശ്മികൾ ഇലകൾക്കിടയിലൂടെ ഒഴുകിയെത്തി അരുവിയിലെ ഒഴുക്കു വെള്ളത്തിൽ തിളങ്ങുന്നതും നോക്കി കിടന്നപ്പോൾ ടൈഗു ചെറുതായൊന്ന് മയങ്ങിപ്പോയി. എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന് നോക്കിയപ്പോൾ അവന് സന്തോഷം അടക്കാനായില്ല. തന്റെ തൊട്ടടുത്ത് പുല്ലിൻ കൂട്ടങ്ങൾക്കിടയിൽ രണ്ട് മുയലുകൾ.
അവൻ ശബ്ദം ഉണ്ടാക്കാതെ പതിയെ നടന്ന് മുയലുകളുടെ അടുത്തെത്തി. ഒറ്റച്ചാട്ടം.
ഒന്നിനെ തന്റെ കൈകളിലാക്കി.
“ഹഹഹാ…ഇന്നത്തെ ദിവസം എന്റേതാണ്” ടൈഗു ഉറക്കെ പറഞ്ഞു.
“കടുവാച്ചേട്ടാ എന്നെ തിന്നരുതേ , ഞാനൊരു പാവമാണേ ”
“ഇല്ലില്ല നിന്നെ ഞാനിപ്പോൾ തിന്നില്ല.എന്റെ ഗുഹയിൽ കൊണ്ടു പോയി നല്ല പോലെ ഉപ്പും കുരുമുളകും എല്ലാം ചേർത്ത് സൂപ്പാക്കി കുടിക്കാനാ”
അത് കേട്ടതും മുയൽ പറഞ്ഞു ” അയ്യോ ചേട്ടാ സൂപ്പാക്കാനാണെങ്കിൽ എന്നെ കൊള്ളില്ല. ഞാനൊരു നിത്യ രോഗിയാ,എന്നെ സൂപ്പാക്കി കഴിച്ചാൽ ചേട്ടൻ പെട്ടെന്ന് മരിച്ചു പോകും.’
” നീ എന്നെ വിഡ്ഢിയാക്കാനൊന്നും നോക്കേണ്ട. ശക്തിയിൽ മാത്രമല്ല ബുദ്ധിയിലും ഞങ്ങൾ കടുവകൾ ഏറെ മുന്നിലാ ”
“അല്ല ചേട്ടാ, ഞാൻ പറഞ്ഞത് സത്യമാ.സംശയമുണ്ടെങ്കിൽ ചേട്ടൻ എന്റെ കൂടെ വാ.ഞാൻ കഴിക്കുന്ന മരുന്നുകളും, നീലൻ കുറുക്കൻ വൈദ്യർ തന്ന മരുന്നിന്റെ കുറിപ്പടികളും കാട്ടിത്തരാം.അത് കണ്ടിട്ടെങ്കിലും ചേട്ടൻ വിശ്വസിക്കുമല്ലൊ.”
മുയൽ കരയാൻ തുടങ്ങി.
“ശരി. നിന്റെ കൂടെ ഞാൻ വരാം. ഒരു പക്ഷേ നീ പറയുന്നത് ശരിയാണെങ്കിൽ നീ എനിക്ക് പകരം ഒരു മുയലിനെ റെഡിയാക്കി തരണം.”
“ശരി ചേട്ടാ.മാളത്തിൽ എന്റെ കൂട്ടുകാരനുണ്ട്.
അവനെ ഞാൻ മരുന്നും കുറിപ്പടിയുമായി ചേട്ടന്റെ അടുത്തേക്ക് വിടാം.അവൻ അടുത്ത് വരുമ്പോൾ ചേട്ടൻ പിടിച്ചോണം.അവനാകുമ്പം
ചേട്ടന് ഒരാഴ്ചത്തേക്ക് സൂപ്പ് വെയ്ക്കാനുള്ള വകയുണ്ട്.”
ടൈഗു സമ്മതിച്ചു.
നടന്നു നടന്ന് അവർ കാടിന്റെ നടുവിലെത്തി.
അവിടെ ഒരു വലിയ മരത്തിന്റെ ചുവട്ടിലുള്ള മാളം ചൂണ്ടിക്കാട്ടി മുയൽ പറഞ്ഞു “ചേട്ടാ
ആ കാണുന്നതാണ് എന്റെ വീട്. ചേട്ടനിവിടെ നിൽക്ക്.ഞാനകത്ത് പോയി അവനെ പറഞ്ഞു വിടാം.”
“ശരി വേഗം വേണം” ടൈഗു ഗൗരവം നടിച്ചു.
മുയൽ മാളത്തിലേക്ക് കയറിപ്പോയി.
ടൈഗു കാത്തിരുന്നു.
കുറേ സമയമായിട്ടും ആരെയും പുറത്തേക്ക് കണ്ടില്ല.
“ഗർ..ർ..” അവന് കലികയറി.
“എന്തടാ ആരും വരാത്തത്” ടൈഗു മാളത്തിലേക്ക് നോക്കി അലറി.
“ചേട്ടാ അവനിവിടെയില്ല.ചേട്ടൻ പോയിട്ട് നാളെ എങ്ങാനം വാ.എനിക്ക് ഉറക്കം വരുന്നു. ഞാനൊന്നുറങ്ങട്ടെ.” മുയൽ മാളത്തിനുളളിൽ നിന്നും വിളിച്ച് പറഞ്ഞു.
അപ്പോഴാണ് തനിക്ക് പറ്റിയ അമളി ടൈഗൂന് മനസ്സിലായത്.
“നിന്നെ ഞാൻ പിന്നെ എടുത്തോളാമെടാ കള്ള മുയലേ” അവൻ ഇളിഭ്യനായി തിരികെ നടന്നു.
Click this button or press Ctrl+G to toggle between Malayalam and English