മുത്തശ്ശി മാവും കൂട്ടുകാരും

mavu(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ ആറാമത്തെ കഥാപ്രസംഗം )

മുത്തശ്ശി മാവും കൂട്ടുകാരും

ഞാനിവിടെ ഒരു മാവിന്റെ കഥ, കഥാപ്രസംഗരൂപേണ അവതരിപ്പിക്കുകയാണ് . എന്റെ കഥയുടെ പേര്‍ മുത്തശിമാവും കൂട്ടുകാരും.

കൂട്ടുകാരെ അതാ അങ്ങോട്ടു നോക്കു, അവിടേ നിന്ന് ആരോ വിളിക്കുന്നുണ്ടല്ലോ ആരാണത്?

 

ആഹാ! നമ്മുടെ മുന്നില്‍ നിന്നൊരു

മുതു മുത്തശ്ശി വിളിക്കുന്നു

ചില്ലക്കൈകളുമാട്ടിക്കൊണ്ടൊരു

ചക്കരമാവു വിളിക്കുന്നു!

വിളീകേട്ട് മാവിന്‍ ചുവട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ പെട്ടന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോള്‍ മുത്തശ്ശി മാവ് വിളി നിര്‍ത്തി . അവര്‍ നാലു പാടും നോക്കി ആരാണ് വിളീച്ചത് ? ആരെയും കാണുന്നില്ല .

കുട്ടികള്‍ വീണ്ടും കളികള്‍ തുടര്‍ന്നു

കൂക്കും വിളിയുമുയര്‍ന്നല്ലോ

കുട്ടീം കോലും നാടന്‍ പന്തും

വീണ്ടുമരങ്ങു തകര്‍ത്തല്ലോ

കുട്ടികള്‍ മാവിന്‍ ചുവട്ടില്‍ മതി മറന്നുല്ലസിക്കുകാണ്. അല്പ്പം കഴിഞ്ഞപ്പോള്‍‍ നേരത്തെ കേട്ട വിളി വീണ്ടൂം ഉയര്‍ന്നു.

” കുട്ടികളേ….”

കുട്ടികള്‍ അമ്പരന്നു വീണ്ടൂം നോക്കി.

അപ്പോള്‍ മുത്തശ്ശി മാവു പറഞ്ഞു.

” പേടിക്കേണ്ട നിങ്ങളുടെ മുത്തശ്ശി മാവാണു വിളിക്കുന്നത്”

” ങ്ഹാ! … എന്താ മുത്തശ്ശി , മുത്തശ്ശിക്ക്  എന്തോ  പറയാനുണ്ടല്ലോ പറഞ്ഞോള്ളൂ ഞങ്ങള്‍ കേള്‍ക്കട്ടെ” കുട്ടികള്‍ നിര്‍ബന്ധിച്ചു.

” ഞാനെന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍മ്മിക്കുകയായിരുന്നു ”

” പറഞ്ഞോള്ളു ഞങ്ങള്‍ക്ക് അതു കേള്‍ക്കാന്‍ കൊതിയാകുന്നു”

മുത്തശ്ശി തന്റെ പഴയ കഥ പറയാന്‍ തുടങ്ങി.

” ഒത്തിരി ഒത്തിരി വര്‍ഷം  മുമ്പേ

വിത്തിനുള്ളീല്‍ പാര്‍ത്തു ഞാന്‍

ഉണ്ണികളൊക്കെയുറങ്ങും മാതിരി

വിത്തിനുള്ളില്‍ ഉറങ്ങി ഞാന്‍ ”

മുത്തശ്ശി മാവ് ഒന്നു പറഞ്ഞു നിര്‍ത്തി. അപ്പോള്‍ അപ്പുക്കുട്ടന്‍ ചോദിച്ചു.

” എവിടെ കിടന്നാണ് അപ്പോള്‍ മുത്തശ്ശി മാവ് ഉറങ്ങിയത്” ?

”ഒരു വഴിവക്കിലായിരുന്നു എന്റെ ഉറക്കം. അതിനിടയിലാണ് മഴക്കാലം വന്നത് ശറ ശറ എന്ന് മഴ പെയ്തു ടെ ട്ടേ ട്ടേ എന്ന് ഇടി വെട്ടി ശൂ ശൂ ശൂ എന്ന് കാറ്റൂതി കുറെ ദിവസം നീണ്ട മഴ !”

ഇത്രയും പറഞ്ഞിട്ട് മുത്തശ്ശി മാവ് പഴയ കാര്യങ്ങളോര്‍ത്ത് ഒന്നു ചിരിച്ചു.

പിന്നത്തെക്കഥ  കേള്‍‍ക്കാനായി

കുട്ടികള്‍ നിന്നു സാമോദം

ചക്കരമാവിന്‍ കഥ കേള്‍ക്കാനായി

മിഴിച്ചു നിന്നു സാമോദം !

മുത്തശ്ശിമാവ്  വീണ്ടും കഥ പറയാന്‍ തുടങ്ങി. കുട്ടികള്‍ വിടര്‍ന്ന മിഴിയോടെ മുത്തശ്ശിമാവിന്റെ കഥ കേള്‍ക്കാന്‍ തുടങ്ങി.

ഒരു ദിവസം ഞാന്‍ ഉണര്‍ന്നു.

പതിയെ ചുറ്റും നോക്കി തളിരലകള്‍ എനിക്ക് അഴകേകി . ഹായ് ! …അപ്പോള്‍ എന്നെ കണ്ടാല്‍ ഒരു മാലാഖയേക്കാള്‍ സുന്ദരിയായിരുന്നു.

”എന്നിട്ടു പിന്നെ എന്തുണ്ടായി” കുട്ടികള്‍ അന്വേഷിച്ചു.

”ദിവസങ്ങള്‍ പലതു കഴിഞ്ഞു. ദാഹിച്ചപ്പോള്‍ ഞാന്‍ മണ്ണില്‍ നിന്നും വെള്ളം വലിച്ചു കുടിച്ചു സൂര്യന്‍ എനിക്കു വേണ്ട ശക്തി നല്‍കി. അപ്പോഴാണ് വേനല്‍ക്കാലം കടന്നു വന്നത് …!”

” അയ്യോ എന്നിട്ടോ?” കുട്ടികള്‍ ഒന്നടങ്കം മുത്തശ്ശി മാവിനെ നോക്കി.

” വേനല്‍ക്കാലം വന്നതു മൂലം

വരണ്ടുണങ്ങി നാടെല്ലാം

മണ്ണില്‍ നിന്നും വെള്ളം കിട്ടാന്‍

വയ്യാതേ ഞാന്‍ ദാഹിച്ചു”

” അയ്യോ .. പാവം ! പിന്നെങ്ങനെ ദാഹം മാറ്റി?” കുട്ടികള്‍ മൂക്കത്തു വിരല്‍ വച്ചു കൊണ്ടു ചോദിച്ചു . മുത്തശ്ശി പറഞ്ഞു.

” അങ്ങനെ ദാഹിച്ചു പൊരിഞ്ഞിരിക്കുമ്പോള്‍‍ അതാ വരുന്നു ചീറിപ്പാഞ്ഞൊരു മഴ !

പിന്നെ പെട്ടെന്നായിരുന്നു എന്റെ വളര്‍ച്ച. ഞാന്‍ വളര്‍ന്നു വലുതായി കുറെക്കാലം കഴിഞ്ഞ് പൂവണിഞ്ഞു . പിന്നെ കുലകുലയായി എന്റെ ചില്ലകളില്‍ ഉണ്ണിമാങ്ങകള്‍ തൂങ്ങിയാടി.

” ഹയ്യട! അതു കാണാനെന്തു രസമായിരിക്കും !” ഒരു കുട്ടി അഭിപ്രായപ്പെട്ടു.

”അപ്പോഴേക്കും വിരുതന്മാരാം

കുട്ടികളോടിയണഞ്ഞിട്ട്

ഉണ്ണി വിരിഞ്ഞൊരു  മാങ്കുലയെല്ലാം

എറിഞ്ഞു വീഴ്ത്താന്‍ മോഹിച്ചു”

മുത്തശ്ശിമാവ് അല്പ്പം പരിഭവം നടിച്ചു.

” അപ്പോള്‍ ഞങ്ങളോട് ദേഷ്യം തോന്നിയോ മുത്തശ്ശി?” കുട്ടികള്‍ ആരാഞ്ഞു.

” ഇല്ലില്ല എനിക്കു നന്നായി വേദനിച്ചു. എന്നാലും സങ്കടപ്പെട്ടില്ല. കുട്ടികളുടെ ഈ വികൃതിയൊക്കെ എനിക്കു നല്ല ഇഷ്ടമാണ് .  കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എന്റെ മാങ്ങകളെല്ലാം മൂത്തു പഴുത്ത് തേങ്കനികളായി മാറി. കാക്കകളും അണ്ണാറക്കണ്ണന്മാരും പാഞ്ഞെത്തി എന്റെ തേന്‍ കനികള്‍ എല്ലാവര്‍ക്കുമായി ഞാന്‍ പങ്കു വച്ചു ” മുത്തശ്ശി മാവ് അല്പ്പമൊന്നു നിര്‍ത്തി.

” മുത്തശ്ശി മാവിന്റെ മാമ്പഴം ഞങ്ങളും തിന്നിട്ടുണ്ട് എന്തൊരു രസാ” അമ്മിണിക്കുട്ടി നാവുനൊട്ടി നുണഞ്ഞ് വെള്ളമിറക്കി.

എല്ലാവര്‍ക്കും കുളിരും തണലും

മധുരക്കനിയും നല്‍കി ഞാന്‍

കിളീകള്‍ക്കെല്ലാം കൂടു ചമക്കാന്‍

എന്നുടെ ചില്ലയിലിടമേകി !

ഇത്രയും പറഞ്ഞിട്ട് മുത്തശ്ശി മാവ് ഒന്നു നെടുവീര്‍പ്പിട്ടു മുത്തശ്ശിമാവിന്റെ മുഖത്തൊരു വിഷാദം

” എന്താ മുത്തശ്ശിമാവേ, മുഖം പെട്ടന്നു വാടിയല്ലോ എന്താണിത്ര സങ്കടപ്പെടാന്‍?” കുട്ടികള്‍ അന്വേഷിച്ചു.

” അല്ല ഇനിയെത്രനാള്‍ ഞാനുണ്ടാകുമെന്ന് ചിന്തിക്കുകയായിരുന്നു. അതാ ഒരു കുസൃതിക്കാറ്റ് തുള്ളിക്കളീച്ചു വരുന്നു വേഗം മാമ്പഴം പെറുക്കാന്‍ തയാറായിക്കൊള്ളു ” മുത്തശ്ശി ചിരിച്ചു.

”പെട്ടന്നാവഴിയോടിയണഞ്ഞു

കുഞ്ഞിക്കാറ്റ് കുളിര്‍ക്കാറ്റ്

ഛട പട ഛട പട മാവിന്‍ ചോട്ടില്‍

മാങ്കനി ചിതറീ മഴ പോലെ ”

കുട്ടികളെല്ലാം ചാടിയോടി വന്ന് ചക്കരമാമ്പഴംഎടുത്തു കടിച്ചു ഹായ് എന്തു മധുരം അവര്‍ ഉച്ചത്തില്‍ വിളീച്ചു പറഞ്ഞു എന്താ നിങ്ങള്‍ക്കും കൊതി തോന്നുന്നില്ലേ?

സഹൃദയരേ മുത്തശി മാവും കൂട്ടുകാരും എന്ന എന്റെ ഈ കൊച്ചു കഥാ പ്രസംഗം ഇവിടെ പൂര്‍ണമാകുന്നു.

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English