മുത്തച്ഛന്‍ എന്നാ മരിക്യാ…?

mutha5” സാഹിത്യകാരന്‍ സദാനന്ദന്റെ പേരക്കുട്ടികളാണ് സൂര്യയും ആര്യയും. അവര്‍ മുത്തച്ഛന്റെ പിന്നാലെ നടന്ന് എന്നും ഓരോ ആവശ്യങ്ങള്‍ ഉന്നയിക്കും. മുത്തച്ഛന്‍ കഴിവതും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കും

സദാനന്ദന്റെ അനിയന്റെ മകനാണ് ഷിപ്പിലെ ക്യാപ്റ്റന്‍ സാജു. ഒരു ദിവസം സാജു വല്യച്ഛന് ഒരു മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നു കൊടുത്തു . ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും പാട്ട് റെക്കോര്‍ഡ് ചെയ്യാനും കഴിയുന്ന മൊബൈല്‍ ഫോണായിരുന്നു . സൂര്യ മുത്തച്ഛന്റെ കൈയില്‍ നിന്ന് മൊബൈല്‍ വാങ്ങി എല്ലാവരുടേയും ഫോട്ടോ എടുത്തു. അവള്‍ക്ക് മൊബൈല്‍ വളരെ ഇഷ്ടമായി അവള്‍ മുത്തച്ഛന്റെ പിന്നാലെ നടന്നു ചോദിച്ചു.

” മുത്തച്ഛാ , ഈ മൊബൈല്‍ എനിക്കു തരാമോ?”

” പിള്ളേര്‍ക്ക് എന്തിനാ മൊബൈല്‍ ?” മുത്തച്ഛന്‍ ചോദിച്ചു.

” എനിക്കു ഫോട്ടോ എടുക്കാനാണ്” സൂര്യ പറഞ്ഞു.

അവള്‍ പിന്നാലെ നിന്നു മാറാതെ മുത്തച്ഛന്റെ കൂടെ നടന്നു. സൂര്യയെ കൊണ്ട് പൊറുതി മുട്ടിയപ്പോള്‍‍ മുത്തച്ഛന്‍ പറഞ്ഞു.

” മുത്തച്ഛന്‍ മരിക്കുമ്പോള്‍ മോള്‍ എടുത്തോ മൊബൈല്‍”

അതുകേട്ടപ്പോള്‍ അവള്‍ ഓടിപ്പോയി ആര്യയോടു പറഞ്ഞു.

” മുത്തച്ഛന്റെ മൊബൈല്‍ എനിക്കു തരുമല്ലോ മുത്തച്ഛന്‍ മരിക്കുമ്പോള്‍ മൊബൈല്‍ ഞാന്‍ എടുക്കൂലോ”

” നീ എടുത്തോ എനിക്കു വേണ്ട എനിക്ക് മുത്തച്ഛന്റെ കമ്പ്യൂട്ടര്‍ മതി ” ആര്യ പറഞ്ഞു.

” കമ്പ്യൂട്ടര്‍ എനിക്കാണ് നിനക്കു തരൂല്ല മുത്തച്ഛന്‍ മരിക്കുമ്പോള്‍ എന്നോട് എടുത്തോളാന്‍ പറഞ്ഞിട്ടുണ്ട്” സൂര്യ പറഞ്ഞു.

രണ്ടു പേരും കൂടി മുത്തച്ഛന്റെ അടുത്തു ചെന്നു.

” മുത്തച്ഛാ കമ്പ്യൂട്ടര്‍ എനിക്കല്ലേ ” സൂര്യ ചോദിച്ചു.

” അതെ ” മുത്തച്ഛന്‍ പറഞ്ഞു.

” എനിക്ക് ഒരു കമ്പ്യൂട്ടര്‍ വാങ്ങി തര്വോ?” മുത്തച്ഛ, നല്ല മുത്തച്ഛനല്ലേ എനിക്കൊരൊണ്ണം വാങ്ങി തരണം ” ആര്യ ആവശ്യപ്പെട്ടു.

” മോള്‍ക്ക് വങ്ങി തരാം അച്ഛന്‍ മുകളില്‍ മുറി പണിയുമ്പോള്‍‍ വാങ്ങിത്തരാം ”

ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം സൂര്യ മുത്തച്ഛനോടു ചോദിച്ചു.

” മുത്തച്ഛന്‍ എന്നാ മരിക്യാ..”

” മുത്തച്ഛനെ മുകളിരുന്നു മുത്തച്ഛന്റെ അമ്മ വിളിക്കുന്നുണ്ട് ഒരു ദിവസം പോകും”

” വേണ്ട വേണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടു പോയാല്‍ മതി ” സൂര്യ പറഞ്ഞു.

” എനിക്കു കമ്പ്യൂട്ടര്‍ വാങ്ങി തന്നിട്ടു പോയാല്‍ മതി” ആര്യ പറഞ്ഞു.

അങ്ങനെ ഇരിക്കെ ഒരു ദിവസം മുത്തച്ഛന് പെട്ടന്നു നെഞ്ചു വേദന വന്നു. പലക കട്ടിലില്‍ പായ വിരിച്ച് തലയിണയില്ലാതെ ശവാസനത്തില്‍ കിടന്നു അല്പ്പം ആശ്വാസം തോന്നിയപ്പോള്‍ പേരക്കുട്ടികളെ വിളിച്ചു പറഞ്ഞു.

” ആര്യക്കുട്ടിക്ക് കമ്പ്യൂട്ടര്‍ കൊണ്ടു വരാന്‍ വിപില്‍‍ ചേട്ടന് രൂപ കൊടുത്തേല്പ്പിച്ചിട്ടുണ്ട്. മക്കളേ മുത്തച്ഛന്‍ മരിക്കാന്‍ പോകയാണ് സൂര്യക്കുട്ടിക്ക് ഇന്നാ മൊബൈല്‍ ഫോണ്‍”

മുത്തച്ഛന്‍ മൊബൈല്‍ ഫോണ്‍ എടുത്തു സൂര്യക്കു കൊടുത്തു പതുക്കെ കണ്ണുകള്‍ അടച്ചു. സൂര്യ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തു. മുത്തച്ഛാ കണ്ണു തുറന്നേ എന്നു വിളിച്ചു പറഞ്ഞു വിളിച്ചു. മുത്തച്ഛന്‍ മിണ്ടിയില്ല. സൂര്യക്കുട്ടിയും ആര്യക്കുട്ടിയും മാറി മാറി വിളീച്ചു. മുത്തച്ഛന്‍ വിളി കേട്ടില്ല. അച്ഛമ്മ നെഞ്ചു തടവിക്കൊണ്ടു വിളീച്ചു. വിളീ കേട്ടില്ല. അച്ഛമ്മ ഉച്ചത്തില്‍ നില വിളിച്ചു. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടി വന്നു. വന്നവര്‍ മുത്തച്ഛന്റെ നാഡി പിടിച്ചു നോക്കി പ്രാണനും അഗ്നിയും മനസും ശരീരത്തില്‍ നിന്നു വിട്ടകന്നിരുന്നു.

” നീതിമാന്‍ ഉറക്കത്തില്‍ മരിക്കുന്നു”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here