കോട്ടയത്ത് അക്ഷരമ്യൂസിയം വരുന്നു. നാട്ടകം മറിയപ്പള്ളിയിൽ എം.സി. റോഡരികിൽ ഉള്ള നാലേക്കർ സ്ഥലത്താണ് 25000 ചതുരശ്രയടി വിസ്തീർണത്തിൽ മ്യൂസിയം വരുന്നത്.ഒരു പുസ്തകം തുറന്നുവച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകല്പന. കെട്ടിടത്തിന്റെ ശിലാലസ്ഥാപനം കഴിഞ്ഞ ദിവസം നാട്ടകത്തു നടന്ന ചടങ്ങിൽ സഹകരണ ,രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു.
നാലു ഘട്ടങ്ങൾ ആയാണ് നിർമാണം പൂർത്തിയാക്കുക:
ഒന്നാംഘട്ടം:ഭാഷയുടെ ഉത്ഭവം മുതല്‍ ഭാഷ വാമൊഴിയായും വരമൊഴിയായും പരിണമിക്കുന്നതും പിന്നീട് ഇന്നത്തെ മലയാളലിപിയിലേക്കുള്ള വിവിധപരിണാമഘട്ടങ്ങളെ അടയാളപ്പെടുത്തുകയും, അച്ചടി, സഹകരണം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്ന വിവരങ്ങള്‍ ഒന്നാംഘട്ടത്തില്‍ നല്‍കും.
രണ്ടാംഘട്ടം:മലയാളകവിതയുടെ ചരിത്രവഴിയെ അടയാളപ്പെടുത്തുന്നതാണ് രണ്ടാംഘട്ടം. ആദ്യകാല കവിതാരൂപങ്ങളില്‍നിന്ന് തുടങ്ങി സംഘകാലവും മഹാകാവ്യങ്ങളും മുതല്‍ ആധുനിക-സമകാലിക കവിതവരെയുള്ള കാവ്യചരിത്രം ഇതില്‍ പ്രതിപാദിക്കും.
മൂന്നാംഘട്ടം:അടയാളപ്പെടുത്തലാണ് മൂന്നാംഘട്ടം. കഥ, ചെറുകഥ, നോവല്‍, നാടകം, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യങ്ങള്‍ എന്നിവയുടെ ഇന്നോളമുള്ള ചരിത്രം മൂന്നാംഘട്ട ഗാലറിയില്‍ ഒരുക്കുന്നു.
നാലാംഘട്ടം: വൈജ്ഞാനികസാഹിത്യം സര്‍ഗ്ഗാത്മകസാഹിത്യംപോലെ തന്നെ പ്രധാനമാണ് എന്ന ആശയത്തിന്‍റെ വിപുലീകരിണമാകും നാലാംഘട്ടം. ശാസ്ത്രവിഷയങ്ങളുടെ പഠനങ്ങള്‍ കൂടാതെ ചരിത്രം, നിയമം, ചലച്ചിത്രപഠനം, തത്ത്വചിന്ത, ഭൂമിശാസ്ത്രം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് നാലാംഘട്ടം.
പരിസ്ഥിതി-ഭിന്നശേഷി സൗഹാര്‍ദ്ദപരമായി ഒരുക്കുന്ന മ്യൂസിയത്തോടൊപ്പം ലൈബ്രറി, ആര്‍ക്കൈവല്‍-ആര്‍ക്കിയോളജിക്കല്‍ ശേഖരം, പുസ്തകങ്ങളുടെ പ്രഥമപതിപ്പുകളുടെ ശേഖരം, ഗവേഷണകേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, തീയേറ്റര്‍, ഡിജിറ്റലൈസേഷന്‍ ലാബ് എന്നിവയും ഒരുക്കാന്‍ ഉദ്ദേശിക്കുന്നു. അക്ഷരമ്യൂസിയത്തിന്‍റെ ഭാഗമായി മലയാളത്തിലെ പ്രഗത്ഭരായ സാഹിത്യകാരന്മാരുടെ രൂപങ്ങള്‍/ മെഴുക് പ്രതിമകള്‍ മ്യൂസിയം കോമ്പൗണ്ടില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ഭാഷക്കും സാഹിത്യത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന അക്ഷരം മ്യൂസിയത്തോടൊപ്പം തന്നെ വിപുലീകൃതമായ രീതിയില്‍ വിനോദസഞ്ചാര പ്രൊജക്ടിനും പദ്ധതിയിടുന്നുണ്ട്. കോട്ടയം നഗരത്തിന്‍റെ പാരമ്പര്യത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്ന ഇടങ്ങളെയും സ്ഥാപനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് ഇത് നടപ്പാക്കുക.