പാട്ടുവഴികൾ

 

untitled-1

കവിയും നോവലിസ്റ്റുമായ മനോജ് കുറൂർ സംഗീതത്തെക്കുറിച്ച് സജീവമായി സംസാരിക്കുന്ന ഒരാളാണ്. കഥകളിയുമായുള്ള അടുപ്പവും, ചെണ്ടയിലെ അറിവും സംഗീതത്തിന്റെ ചിട്ടകൾ തിരിച്ചറിയാൻ അദ്ദേഹത്തെ കൂടുതൽ സഹായിച്ചിട്ടുണ്ടാകാം. സംഗീതത്തിൽ എന്നാൽ ഒട്ടും പഴഞ്ചനല്ലാത്ത സമീപനമാണ് കുറൂരിന്റെത്. പൗരസ്ത്യ സംഗീതത്തിലെന്നപോലെ പാശ്ചാത്യ സംഗീതത്തിലും ഉള്ള പരിചയമാകാം അതിന്റെ കാരണം. മനോജ് കുറൂർ തന്റെ പൂർവ്വ വിദ്യാർത്ഥിനിയും മലയാളത്തിലെ പുത്തൻ സംഗീതത്തിന്റെ വക്താവുമായ രശ്മി സതീഷിനെപ്പറ്റി എഴുതിയ കുറിപ്പ് വായിക്കാം
‘കോഴിക്കോടു കഴിഞ്ഞ കേരള സാഹിത്യോത്സവത്തിന് സംഗീതത്തെക്കുറിച്ചുള്ള ഒരു സെഷനിൽ രശ്മി സതീഷും ഞാനും ഒരുമിച്ചുണ്ടായിരുന്നു. ‘മാഷ് എന്റെ അധ്യാപകനാണ്’ എന്നു രശ്മി എന്നെച്ചൂണ്ടി സദസ്സിനോടു പറയുകയും ചെയ്തു. സംഗതി ശരിയാണ്. ബിരുദപഠനത്തിന്റെ ഭാഗമായുള്ള സാഹിത്യക്ലാസ്സുകളിൽ രശ്മി എന്റെ വിദ്യാർത്ഥിനിയായിരുന്നു. കവിതയോടും കലയോടും അന്നേ താത്പര്യവുമുണ്ടായിരുന്നു. അധ്യാപകർക്കു വലിയൊരു സൗകര്യമുണ്ട്. കുട്ടികൾ പിന്നീടു പ്രശസ്തരായാൽ, പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും അഭിമാനിക്കാം. ശാസ്ത്രവിഷയങ്ങളിലൊന്നാണ് രശ്മി പ്രധാനമായി പഠിച്ചിരുന്നത് എന്നാണോർമ്മ. പിന്നീടൊരിക്കൽ കണ്ടപ്പോൾ കൽക്കത്ത സത്യജിത് റായ് ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിൽ സൗണ്ട് ഡിസൈനിംഗ് ചേർന്നു എന്നറിഞ്ഞു. ഒരമ്പരപ്പും സന്തോഷവും അന്ന് ഒരുമിച്ചു തോന്നി. രശ്മി കലയുടെ മേഖലയിലേക്കു തിരിയുകയാണ്. പിന്നീടു രശ്മിയെ കാണുന്നത് ഒരു ശ്രദ്ധേയയായ ഗായിക എന്ന നിലയിലാണ്. മലയാളത്തിലും തമിഴിലും പല ചലച്ചിത്രങ്ങളിലുമുള്ള ഗാനങ്ങൾ കൂടാതെ ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?’ എന്ന കവിതയും ആദിവാസിസമരത്തിന്റെ സന്ദർഭത്തിൽ രശ്മിയുടെ ശബ്ദത്തിലൂടെ പ്രശസ്തമായി. ഗായികാസങ്കല്പത്തിന്റ പൊതുവായ ധാരണകളെ ലംഘിക്കുന്ന മൂർച്ചയുള്ള ശബ്ദം! തീർത്തും അനായാസമായുള്ള ആലാപനം! ഒപ്പം ആദിവാസി ഭൂസമരങ്ങളിലുൾപ്പെടെ സജീവമായ പങ്കാളിത്തം. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രശ്മിയുടെ മറ്റൊരു മുഖവും കാണാനായി.

ഈ സമയങ്ങളിൽ സംഗീതത്തെക്കുറിച്ച് ഏറെയെഴുതിയിരുന്ന ഞാൻ വാദിച്ചത് ഏറെയും സ്വതന്ത്രസംഗീതത്തിനു വേണ്ടിയായിരുന്നു. നേരിട്ട് ഒരു ബന്ധവുമില്ലാതെ സമാന്തരമായി രശ്മി സഞ്ചരിച്ചതും ഈ വഴിയിലൂടെത്തന്നെ. വ്യത്യസ്തമായ ആലാപനം, ഒപ്പം ആക്ടിവിസം. ഇവയെ ചേർത്തിണക്കാൻ, ഒന്നു മറ്റൊന്നിനു പൂരകമാക്കാൻ രശ്മിക്കു കഴിഞ്ഞു എന്നതു പ്രധാനകാര്യമാണ്. ഒപ്പം നാട്ടിലെ പാട്ടുവഴികളുടെ പുതുവ്യാഖ്യാനത്തിലൂടെ സ്വതന്ത്രസംഗീതത്തിന് ഊർജ്ജം നല്കാനും ഈ ഗായിക ശ്രമിക്കുന്നു. ഗായികയും നടിയും ആക്ടിവിസ്റ്റുമായി ഒരേസമയം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന, സ്വതന്ത്രമായ പോപ് സംഗീതമെന്ന സ്വപ്നത്തിനു യാഥാർത്ഥ്യത്തിന്റെ മൂർത്തരൂപം നല്കുന്ന രശ്മിയുടെ പേരിൽ, വ്യക്തിപരമായി പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും ഞാൻ അഭിമാനിക്കുന്നു. പൊതുവേ നിശ്ശബ്ദയായിരുന്ന ഈ പെൺകുട്ടിയുടെ പ്രകടനകലയിൽ വിസ്മയിക്കുന്നു. രശ്മിയുടെ സ്വതന്ത്രസംഗീതസംരംഭങ്ങൾക്ക്, അതിന്റെ പ്രസക്തിയെന്തെന്ന് ഉറച്ച ബോധ്യമുള്ള ഒരാളെന്ന നിലയിൽ ആശംസകൾ നേരുകയും ചെയ്യുന്നു.നിരവധി സംഗീതജ്ഞരെക്കുറിച്ചു ഞാൻ എഴുതിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരാളെപ്പറ്റിയാവുമ്പോൾ അതിനുള്ളിലെ ആനന്ദം എങ്ങനെ പറഞ്ഞറിയിക്കാനാണ്’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here