ഭയത്തിന്റ കറ
ചുണ്ടിലൊട്ടിപ്പിടിച്ചു.
ഇപ്പോൾ തൊണ്ടയിൽ നിന്ന്
വെള്ളം താഴോട്ടിറങ്ങാറേയില്ല.
ചുവരിലെ പഴയ ഫോട്ടോ
ഏറെക്കുറെ പശയടർന്നു തുടങ്ങി
ഫോട്ടോയിലെ ആള്
തോന്നുമ്പോലെ ഇറങ്ങി നടക്കാനും
കേറിവരാനും തുടങ്ങി,
മരിച്ചവർക്ക് എന്തുമാവാം.
അവർ ഇരുട്ടിലെ മഴയിൽ
വാഴയിലയനക്കി
കരിയില ഉതിർത്ത് കൊണ്ടു
ഭയത്തിന്റെ കറ വിതറും.
വെളിച്ചത്തിന്റെ ഉദ്യാനത്തിലെ
പൂക്കളെ തല്ലിക്കൊഴിച്ചിടാൻ അവർ
ഇരുമ്പുലക്കകൾ വളർത്തുന്നു.
പോകും വഴികളിൽ
ആരുടെയോ നിഴൽ പിന്തുടരുന്നു
കറുത്ത ഉണങ്ങിപ്പിടിച്ച
കറയൊന്നിൽ ചവിട്ടുന്നു,
സ്വന്തം നിഴൽ.
മൃദുവായ ഒരു ദയ
പൂച്ചയിൽ നിന്ന് എലിയിലേക്ക്
കാർട്ടൂണിലേക്ക്
എനിക്കതൊട്ടും ബോധിച്ചതേയില്ല.
പക്ഷെ, കാർട്ടൂൺ നന്നായി ആസ്വദിച്ചു,
കൂടാതെ തരമില്ല
ഭയത്തിന്റെ കറയിൽ
എണ്ണ പുരളുന്നു.
ചുണ്ടുകൾ ചിരിച്ചു തുടങ്ങി,
എലിയുടെയും പൂച്ചയുടെയുo ആദ്യം.
എഴുന്നു നിന്ന
രോമപ്പൂങ്കുല
വിറച്ച മീശ
തുറിച്ച കണ്ണുകൾ താഴുന്നു.
ചുമരിലെ ഫോട്ടോയുടെ
ഇളക്കം നിൽക്കുന്നു.
കഴുത്തിൽ പൂമാലയിടാൻ
എല്ലാവരുo ചിരിച്ചു കൊണ്ടു വരുന്നു
അടുത്തേക്ക്.
അവരുടെ കൈകളിൽ
കരിന്തേളുകളെ കോർത്ത മാല,
എനിക്കത് കാണാം.
ഞാൻ കഴുത്ത് നീട്ടുന്നു
ഭയത്തിന്റെ ആകാരമുള്ള
വലിയൊരു കരിന്തേൾ
കഴുത്ത് കടിച്ചു കുടയുന്നു
ഇക്കിളിപ്പെട്ടത് പോലെ ഞാൻ
തമാശിച്ചു.
വീണ്ടും വീണ്ടും കഴുത്ത് നീട്ടുന്നു.
ഭയത്തിന്റെ കറ
ശരീരത്തെയപ്പാടെ
ചുവരിൽ ഒട്ടിച്ചു വയ്ക്കുന്നു.
സൂര്യഗായത്രി പിവി