ഞാനെന്നും കടന്നുപോകുന്നത് അവരുടെ പറമ്പിന്റെ അരികുവഴി നീളുന്ന വഴിയിൽ ക്കൂടിയാണ്. ഒറ്റപ്പെട്ട വീടാണവരുടേത്.
റോഡിന്റെ ഒരു വശം ഉയർന്ന തിട്ടയാണ്. അവിടെ നില്ക്കുന്ന കശുമാവിൻ കൊമ്പ് റോഡിലേയ്ക്കു പടർന്നിരിക്കുന്നു. അതിൽ നിറയെ പൂക്കളും കുരുന്ന് കശുവണ്ടിയും പിടിച്ചുതുടങ്ങിയിട്ടുണ്ട്.
റബ്ബർ തോട്ടങ്ങൾക്കിടയിലാണ് അവരുടെ പുരയിടം. റബ്ബറും തളിരിട്ട് പൂത്തുതുടങ്ങി. തേനീച്ചകൾ പാറിനടക്കുന്നുണ്ട്.
ആരെയൊ കൂലിക്കു നിറുത്തി പുരയിടം കിളപ്പിക്കുകയാണ് . തെങ്ങിന്റെ വേരുകൾ പടർന്നിരിക്കുന്ന ചെമ്മണ്ണ് അയാൾ തൂമ്പകൊണ്ട് കിളച്ചു മറിക്കുന്നതു നോക്കിനിന്നു.
അപ്പോഴാണ് പണിക്കാരന് വെള്ളവുമായി സൂസന്ന ചേടത്തി പുറത്തേയ്ക്കു വന്നത്.
പണിക്കാരനു വെളളം കൊടുത്ത് അവർ എന്റെയടുത്തേയ്ക്കുവന്നു കുശലങ്ങൾ തിരക്കുന്നതിനായി.
വർഷത്തിൽ ഒന്നോരണ്ടോ തവണമാത്രമെ അവരെ കാണാറുള്ളു. അതും അവധിക്കുചെല്ലുമ്പോൾ പറമ്പിൽ പോകുന്ന സമയത്ത്.
“അച്ചായൻ ഗൾഫിൽ നിന്നും വരാറുണ്ടോ ?” എന്നു തിരക്കി.
ഇപ്പോൾ വന്നിട്ടുപോയതേയുള്ളുവെന്ന് അവർ ഉത്തരം പറഞ്ഞു.
അവരുമായി സംസാരിക്കുമ്പോൾ അകത്തുനിന്നും നീണ്ട വിളി ഉയർന്നു കേട്ടു.
“എടി സൂസന്നേ ഇത്തിരി ചൂടുവെളളമിങ്ങെടുത്തേട്യേ….!.”
അവരുടെ സംസാരം പൊടിപ്പും തൊങ്ങലുംവെച്ച്നീളുന്നതുപോലെ തോന്നി.
വീണ്ടും അകത്തുനിന്ന് നീണ്ട വിളി “എടി സൂസന്നേ ഇത്തിരി ചൂടുവെളളമിങ്ങെടുത്തേട്യേ….!”.
ആരാണെന്നു ഞാൻ തിരക്കി.
മറുപടിയായി അവർ പറഞ്ഞു “അതിയാന്റെ അമ്മയാ….എപ്പഴും ചൂടുവെള്ളോം അനത്തി ആ തള്ളേടെയടുത്ത് കൂട്ടിരിക്കണം…!!”
പണിക്കാരൻ കിളയ്ക്കുന്ന താളത്തിനൊത്ത് ചീവീടുകൾ മൂളുന്നുണ്ടായിരുന്നു.
കുട്ടികൾ പുരയിടത്തിൽ അങ്ങിങ്ങായിരുന്നു മൊബൈലിൽ വരച്ചുകൊണ്ടിരിക്കുന്നു.
“ ഇന്നു കുട്ടികൾ സ്കൂളിൽ പോയില്ലേ ?” എന്നു തിരക്കിയപ്പോൾ ബന്തു കാരണം സ്കൂളില്ലെന്ന് അവർ മറുപടി പറഞ്ഞു.
വരുന്ന വഴി കടകളൊക്കെ അടഞ്ഞുകിടന്നത് ബന്തു കാരണമാണെന്ന് അപ്പോഴാണ് മനസ്സിലായത്.
കേരളത്തിൽ മാത്രമാണ് ബന്തെന്നു കേട്ടാൽ ജനങ്ങൾ ഒരു ദിവസ്സത്തെയ്ക്കുള്ള റേഷനും (സർവ്വ സാധനങ്ങളും) തലേന്നുതന്നെ വാങ്ങി വീട്ടിൽ പൂട്ടിക്കെട്ടിയിരിക്കുന്ന കാഴ്ച കാണാറുള്ളത്.
ഒരിക്കൽ തനിക്കും ഒരു ബന്തിന്റെ ദുരനുഭവമുണ്ടായി. രണ്ടു ദിവസ്സത്തെ ലീവെടുത്ത് നാട്ടിൽ വന്നു റബ്ബറിനിത്തിരി വളമിട്ടുപോകാമെന്നു കരുതി. അപ്പോഴാണ് നാട്ടിൽ അടുപ്പിച്ച് രണ്ടു ദിവസ്സം വിവിധ പാർട്ടിക്കാരുടെ ബന്താഘോഷങ്ങൾ !. കൂലിപ്പണിക്കുവരെ ആരും വരാൻ കൂട്ടാക്കാതെ അവർ വീട്ടിനുള്ളിൽ കുത്തിയിരുന്നു.
പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളന്മാരെപ്പോലെ കേരളത്തിലെ ജങ്ങൾ അധ:പതിച്ചു പോകുന്നതുകണ്ടപ്പോൾ വ്യസനം തോന്നി.
വന്ന കാര്യം പോലും സാധിക്കാതെ നിരാശനായി താൻ ബന്തിന്റെ സ്വന്തം നാട്ടിൽ നിന്നും തിരിച്ചുപോയി.
കുട്ടികൾ സമയം ഒട്ടും പാഴാക്കാതെ മൊബൈലിൽ കളിക്കുന്നതു കണ്ടപ്പോൾ എനിക്കു തോന്നിയത് അവർ ഒരു ബന്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന്.
സൂസന്ന ചേട്ടത്തിയുടെ കയ്യിൽ നല്ല വിലകൂടിയ മൊബൈലാണിരിക്കുന്നത്. ആൻഡ്രോയിഡ് ഫോൺ.
മക്കൾ കളിച്ചു കൊണ്ടിരിക്കുന്നതും ആൻഡ്രോയിഡ് ഫോണുകൾതന്നെ.
“അച്ചായൻ വന്നപ്പോൾ എല്ലാവർക്കും കൊണ്ടത്തന്നതാ മൊബൈലുകൾ ” എന്നവർ അഭിമാനപുരസരം പറഞ്ഞു.
എന്റെ കയ്യിലിരിക്കുന്ന വിലകുറഞ്ഞ ഫോൺ അവർ കാണെണ്ടെന്നുകരുതി അതു ഞാൻ പതുക്കെ പാന്റിന്റെ പോക്കറ്റിൽ തിരുകി.
അമ്മച്ചിയുടെ കെഞ്ചൽ വീണ്ടും ഉയർന്നുകേട്ടു “എടി സൂസന്നേ ഇത്തിരി ചൂടുവെളളമിങ്ങെടുത്തേട്യേ….!.”
കുട്ടികളുടെ മൊത്തം ശ്രദ്ധ മൊബൈലിൽ ആയിരുന്നു. അമ്മച്ചിയ്ക്ക് ഇത്തിരി ചൂടുവെള്ളം കൊടുക്കാൻ ആരും തുനിഞ്ഞില്ല.
സൂസന്ന ചേട്ടത്തിയ്ക്ക് ആ അമ്മച്ചിയുടെ തലോടലുകളും സ്നേഹവും ഒരുപക്ഷെ ലഭിച്ചിട്ടുണ്ടാവില്ല. ചുടു ചുംബനങ്ങൾ കിട്ടിയിട്ടുണ്ടാവില്ല. പക്ഷെ അങ്ങനെയാണോ ആ പുരയിടത്തിൽ കുത്തിയിരുന്ന് മൊബൈലിൽ തോണ്ടിക്കളിക്കുന്ന കുട്ടികൾ !
അവരെ പെറ്റിട്ടത് സൂസന്ന ചേട്ടത്തിയാണെങ്കിലും അവരെ കാൽത്തണ്ടയിൽ കിടത്തി കൈകാലുകൾ തിരുമ്മി നിവർത്തിയത്, എണ്ണതേച്ചു തടവിയത്, ചെവിയുടെ ചുളുക്കു നിവർത്തിയത്, ചളുങ്ങിയ നെറ്റിത്തടം നേരെയാക്കിയത്, നീളം വെയ്ക്കാൻ തലകീഴാക്കി കാലിൽ പിടിച്ച്കുടഞ്ഞത്, തല കുളിർക്കെ എണ്ണതേച്ചത്, കണ്ണിലിത്തിരി വെള്ളമ്പോലും പോകാതെ പാളത്തൊട്ടിയിൽ കിടത്തി കുളിപ്പിച്ചത്, പാളത്തൊട്ടിയിലെ വെള്ളത്തിൽ കൈകാലിട്ടടിക്കുമ്പോൾ ചട്ടയിലും മുണ്ടിലും വെള്ളംതെറിച്ചു നനഞ്ഞിട്ടും കുസൃതികണ്ട് ചിരിച്ചിരുന്ന അമ്മച്ചി…!!
സൂസന്ന ചേട്ടത്തിയുടെ മൊബൈലിൽ നീണ്ട റിംഗടിച്ചു.
“അച്ചായന്റെ ഫൊണാ..” അവർ പറഞ്ഞു..
ഫോണില്ക്കൂടി അച്ചായൻ വീട്ടു വിശേഷങ്ങൾ തിരക്കുന്നുണ്ട്. ഒപ്പം അമ്മയെക്കുറിച്ചറിയാനുള്ള ജിജ്ഞാസയും അയാൾക്കു നന്നായുണ്ട്. അമ്മയുടെ ഭക്ഷണം, മരുന്ന് എല്ലാം സമയത്തിനു കൊടുക്കുന്നുണ്ടോ എന്നെല്ലാം അയാൾ കാര്യമായി ചോദിക്കുണ്ട്.
“ഉവ്വു…ഉവ്വ് “ എന്ന് അവർ അയാളുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നുണ്ടായിരുന്നു.
ഇത്രയും നേരംകൊണ്ട് ആ അമ്മച്ചി ചൂടുവെള്ളത്തിനായി ആറോ ഏഴോ തവണ കേണുവിളിച്ചിട്ടുണ്ടാവും.
തന്റെ മുന്നിൽ വെച്ചുതന്നെ അവർ വളരെ സമർത്ഥമായി ഭർത്താവിനു മറുപടികൊടുക്കുന്നതു കേട്ടുകൊണ്ടുനിന്നു.
സംസാരത്തിനിടെ അമ്മച്ചിയുടെ ചൂടുവെള്ളത്തിനായുള്ള നീണ്ട വിളി എങ്ങാൻ അച്ചായൻ കേട്ടാലോ എന്നു കരുതി സൂസന്ന ചേട്ടത്തി വീട്ടു പരിസരംവിട്ട് റോഡരികിലേക്ക് മാറിനിന്നു.
“എടീ സൂസന്നെ എന്റെ അമ്മയെ നീ പൊന്നുപോലെ നോക്കണം കേട്ടോ….ഇന്നു നമക്കീ ജീവിതൊണ്ടാവാൻ കാരണം അമ്മച്ചിയാട്ടോ”
അച്ചായന്റെ ശബ്ദം എനിക്കു നല്ലതുപോലെ കേൾക്കാമായിരുന്നു.
“എന്റെ പൊന്നച്ചായാ എന്തിനാ നിങ്ങളിങ്ങനെ വേവലാധിപ്പെടണെ…? അമ്മച്ചിയെ ഞാൻ പൊന്നുപോലെയല്ലെ നോകണത് “.
“അതുമതി സൂസന്നേ..എനിക്കു സമാധാനമായി”
ദൂരെയായതിനാൽ അമ്മച്ചിയുടെ ചൂടുവെള്ളത്തിനായുള്ള കെഞ്ചൽ ഇപ്പോൾ നേരിയ തോതിൽ മാത്രം കേൾക്കാം.
പറമ്പിൽ പോയിവരാമെന്നു പറഞ്ഞ് അവിടെനിന്നു മെല്ലെ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി ഞാൻ.
****
സൂര്യൻ റബ്ബർ മരങ്ങൾക്കിടയിൽക്കൂടി ഉദിച്ചുയർന്നു തുടങ്ങി.
റബ്ബർ മരങ്ങളിൽ നിന്നും റബ്ബർ പാൽ ചിരട്ടയിലേയ്ക്ക് തുള്ളിതുള്ളിയായി ഒഴുകി വീഴുന്നുണ്ടായിരുന്നു.
എന്റെ സിരകളിൽക്കൂടി രക്തമൊഴുകുന്നതുപോലെ തോന്നി റബ്ബർ പട്ടകളിൽനിന്നും പാലൊഴുകി വീഴുന്നതു കണ്ടപ്പോൾ.
റബ്ബർ തോട്ടത്തിനു നടുക്കുള്ള വെള്ളക്കെട്ടിൽ കൂത്താടികൾ കൂത്താടുന്നുണ്ട്.
പൊന്മാൻ വെള്ളക്കെട്ടിൽ നിന്നും പൊടിമീനുകളെ കൊത്തിയെടുത്തു പറക്കുന്നതുകണ്ടു.
അക്കരെ അമ്പലത്തിൽനിന്നും പഞ്ചവാദ്യങ്ങളുടെ ശബ്ദം അലകളായി വന്നെത്തി തന്റെ ഹൃദയത്തുടിപ്പുകൾക്കൊത്ത് താളമ്പിടിക്കുന്നതായി തോന്നി. അതിന്റെ മുഖരിതയിൽ ലയിച്ച് പാറപ്പുറത്ത് എന്നെത്തന്നെ മറന്ന് കുറെനേരം മലർന്നുകിടന്നു.
ദൂരെ നീല വിഹായസ്സിൽ തന്നെ വിട്ടുപോയ അമ്മയുടെയും വല്യമ്മച്ചിമാരുടെയും ചിത്രങ്ങൾ മേഘശകലങ്ങളിൽ രൂപം കൊള്ളുന്നതുപോലെ തോന്നി.
പഴയ കാലങ്ങൾ വെള്ളിത്തിരയിലെന്നപോലെ മനസ്സിൽ തെളിഞ്ഞു. ആയുസ്സില്ലാത്ത ആ രൂപങ്ങൾ കണ്മുമ്പിൽതന്നെ മേഘങ്ങളിൽ അലിഞ്ഞു മാഞ്ഞുപോയി. കുറെ സ്നേഹങ്ങൾ തന്നു പിരിഞ്ഞുപോയ അവരെയോർത്ത് മനസ്സ് അസ്വസ്ഥമായി.
സൂസന്ന ചേട്ടത്തിയുടെ വീട്ടിലെ അമ്മച്ചിയുടെ ദീനരോദനം വേറിട്ട് തന്റെ കർണ്ണപുടങ്ങളിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പറഞ്ഞു
“ ഇത്തിരി ചൂടുവെള്ളം കിട്ടീർന്നെങ്കിൽ നന്നായിരുന്നു”
കൺകോണുകളിൽ താനറിയാതെ കണ്ണുനീർ പോടിഞ്ഞു. അവരും അമ്മയല്ലേ എന്ന ചിന്തതന്നെയാണതിനു കാരണം !.
സൂസന്ന ചേട്ടത്തി ഒരുങ്ങികെട്ടി അത്തറും പൂശി പറമ്പിനോടു ചേർന്നുള്ള ഇടവഴിയിൽക്കൂടി പട്ടണത്തിലേക്കുപോകുന്നത് താൻ പറമ്പിൻ നിന്നു കണ്ടു.
അടുത്ത പറമ്പിന്റെ അതിർത്തിയിൽ നിന്നിരുന്ന ജാനകി ചേടത്തി പറഞ്ഞു.
“അവരുടെ പോക്കത്ര ശരിയല്ല” അവരുടെ വാക്കിൽ പല അർത്ഥങ്ങൾ ഒതുങ്ങിയിരുന്നു.
മിക്ക ഗൾഫുകാരുടെയും കുടുംബത്തിലുള്ളവർ പണക്കൊഴുപ്പിൽ അഹങ്കരിക്കുന്നത് സർവ്വസാധാരണമാണ്.
ബുദ്ധിമതികളായ കുടുംബിനികൾ ഭർത്താവിന്റെ വിയർപ്പിന്റെ വില സ്വരുക്കൂട്ടിവെച്ച് അഭിവൃത്തിയുടെ പടികൾ ചവുട്ടിക്കയറുന്നതും കണ്ടിട്ടുണ്ട്.
തിരിച്ചു വീട്ടിലേയ്ക്കു പോകുമ്പോൾ അമ്മച്ചി പഴയപടി ചൂടുവെള്ളത്തിനായി കേഴുന്നുണ്ടായിരുന്നു.
എന്റെ കാലുകളെ ഏതോ മാന്ത്രികന്റെ ശക്തിയാൽ ആവാഹിക്കപ്പെട്ടതുപോലെ അമ്മച്ചിയുടെ മുറവിളി കേൾക്കുന്നിടത്തേയ്ക്ക് ചലിപ്പിച്ചു.
സൂസന്ന ചേട്ടത്തി അവിടെ ഇല്ലാത്ത സ്ഥിതിയ്ക്ക് അവിടെ ചെല്ലുന്നത് ഉചിതമല്ലെന്നറിയാം. എങ്കിലും അവരില്ലെന്ന് അറിയാതെ നടിച്ച് അവിടെ ചെന്നു.
കുട്ടികൾ ഇപ്പോഴും മൊബൈലിൽ തൂത്തുകൊണ്ടിരിക്കുന്നു.
സൂസന്ന ചേട്ടത്തി അവിടെയില്ലെന്നറിയാം എങ്കിലും കുട്ടികളോടായി ചോദിച്ചു
“മമ്മി എന്ത്യേ മക്കളെ” എന്ന്.
പുറത്തുപോയി എന്നു പറഞ്ഞുകൊണ്ട് അവർ എനിക്കു കസേര നീക്കിയിട്ടൂതന്നു ഇരിക്കാനായി.
ഇത്ര നേരം കൊണ്ട് അമ്മച്ചി കിടക്കുന്ന മുറിയിലേക്ക് എന്റെ കണ്ണുകൾ അറിയാതെ പാഞ്ഞുപോയി.
അമ്മച്ചി അർദ്ധ നഗ്നയായി കിടക്കുന്നു. സാധനങ്ങൾ വികലമായി കിടക്കുന്ന മുറി. അവിടെ നിന്നും മൂത്രത്തിന്റെയും വിസർജ്യത്തിന്റെയും രൂക്ഷ ഗന്ധം അരിച്ചെത്തുന്നുണ്ടായിരുന്നു.
അമ്മച്ചി ചൂടുവെള്ളത്തിനായി വീണ്ടും കേണു.
അവരിലെ മൂത്ത പെൺകുട്ടിയോട് ഞാൻ പറഞ്ഞു “വല്യമ്മച്ചിക്ക് ഇത്തിരി ചൂടുവെള്ളം കൊടുത്താ നന്നായിരുന്നു !”
കുട്ടി അകത്തേയ്ക്ക് പോയി വെള്ളവുമായിവന്ന് വല്യമ്മച്ചിക്ക് കൊടുത്തു.
വല്യമ്മച്ചി വെള്ളം ആർത്തിയോടെ കുടിക്കുന്നതും കണ്ട് ഞാൻ ഇറങ്ങി നടന്നു.
****
പിന്നീട് ലീവിനു വന്നത് അഞ്ചു മാസ്സങ്ങൾക്കു ശേഷമാണ്.
വീട്ടിലിരുന്ന ടൂവീലർ പൊടിതട്ടിക്കളഞ്ഞു പൈപ്പുപിടിച്ചു കഴുകി.
വെറുതെയിരുന്നതുകൊണ്ട് ബാറ്ററി വർക്കുചെയ്യുന്നില്ല. കിക്കറിൽ എണ്ണിയെണ്ണി ചവുട്ടിയിട്ടും സ്റ്റാർട്ടായില്ല.
വിയർപ്പൊതുങ്ങാൺ അല്പനേരം വിശ്രമിച്ചു. പിന്നീട് വീണ്ടും കിക്കറിൽ ആഞ്ഞു ചവുട്ടി. ഇത്തവണ അനായാസ്സമായി വണ്ടി സ്റ്റാർട്ടായി.
പുതുമഴ പെയ്ത് പുല്ലുകൾ പൊടിച്ച പറമ്പുകൾ കണ്ടാസ്വദിച്ച് ഞാൻ തന്റെ പറമ്പിനെ ലക്ഷ്യമാക്കി വണ്ടി പായിച്ചു.
ചായക്കട നടത്തുന്ന കേശവൻ നായർ കടയിൽ നിന്നെത്തിനൊക്കുന്നുണ്ടോയെന്നു കണ്ണയച്ചു നോക്കി. അയാൾ കണ്ടാൽ പിടിച്ചിരുത്തും. ആവശ്യപ്പെടാതെതന്നെ ചായ എടുത്തുവെയ്ക്കും. ഔദാര്യമാണെന്നു കരുതിയാൽ തെറ്റിപ്പോയി. അതുകൊണ്ട് അവിടെ എത്തുമ്പോൾ വണ്ടി സ്പീഡിൽ ഓടിച്ചുപോകാറാണു പതിവ്.
വളവു തിരിഞ്ഞു നിവർന്നപ്പോൾ ഒരു മുറവിളിയുടെ ശബ്ദം അടുത്തുവന്നു.
കയറ്റം കയറിയിറങ്ങിയപ്പോൾ മനസ്സിലായി അതു സൂസന്ന ചേട്ടത്തിയുടെ വീട്ടിൽ നിന്നാണെന്ന്.
വണ്ടി വഴിയരുകിൽവെച്ച് അങ്ങോട്ടു ചെല്ലുമ്പോൾ സൂസന്ന ചേട്ടത്തിയാണ് അമ്മ പിരിഞ്ഞുപോയതിൽ അലമുറയിട്ടു കരയുന്നത്.
മരണവീട്ടിലും മൊബൈലിൽ തോണ്ടിക്കളിക്കുന്നവർക്ക് ഒരു കുറവുമില്ലായിരുന്നു.
അമ്മച്ചി ജീവിച്ചിരുന്നപ്പോൾ ഒരു തുള്ളിവെള്ളവും നേരെചൊവ്വെ കൊടുത്തിട്ടില്ലെന്നു താൻ നേരിൽ കണ്ടിട്ടുണ്ട്.
കപടത നിറഞ്ഞൊരു മുറവിളിയാണ് സൂസന്ന ചേട്ടത്തി നടത്തുന്നതെങ്കിലും അമ്മച്ചിയെ പ്രതി തന്റെ മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു.
Valare nanayi.