മുപ്പത്തി മൂന്നാമത്തെ ഫോട്ടോ

cinima2‘ അപ്പച്ചന്റെ സ്റ്റുഡിയോ ഇരുന്നേടം ഇപ്പോ മെട്രോക്കു വേണ്ടി പൊളിച്ച് മാറ്റീന്നു മാത്രേ അറിയാന്‍ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ഇരുപത് കൊല്ലായി അടഞ്ഞ കിടന്നത് കൊണ്ട് അവര്‍ക്ക് എളുപ്പമായി. ചോദിക്കാനും പറയാനും ആരുമില്ലെന്നായപ്പോള്‍ അവര്‍ നിശ്ചയിച്ച തുക അടുത്ത അവകാശിയെന്ന നിലയില്‍ ഇവിടെ എത്തിച്ചു. അത്രേങ്കിലുമായി ‘

നഗരത്തില്‍ അപ്പച്ചന്‍ പേരെടുത്ത സ്റ്റുഡിയോ നടത്തിപ്പുകാരനായിരുന്നു. അപ്പച്ചനെടുത്ത ഫോട്ടോകളെല്ലാം വളരെ മിഴിവുള്ളതും ജീവന്‍ തുടിക്കുന്നതുമായിരുന്നു. അതുകൊണ്ട് അവിടെ ഫോട്ടോ എടുക്കാന്‍ ധാരാളം പേര്‍ ചെല്ലുമായിരുന്നു. അമ്മച്ചി ഇത്രേ പറഞ്ഞൊള്ളു.

ഓര്‍മ്മ വയ്ക്കുന്ന നാള്‍ മുതല്‍ അപ്പച്ചനെവിടെ പോയെന്ന് അന്വേഷിക്കുന്നതാണ്. നഗരത്തില്‍ എവിടെയാണ് അപ്പച്ചന്‍ സ്റ്റുഡിയോ നടത്തിയിരുന്നതെന്നും അമ്മച്ചിക്കറിയില്ല. ഇന്നേവരെ അമ്മച്ചി അവിടെ പോയിട്ടില്ല. കൈക്കുഞ്ഞായിരുന്ന തന്നെയും കൊണ്ട് അവിടെ പോകാനുള്ള മടി കൊണ്ട് അങ്ങോട്ട് പോയില്ല. ശനിയാഴ്ച ദിവസങ്ങളില്‍ വളരെ വൈകിയാണ് അപ്പച്ചന്‍ വീട്ടില്‍ വരാറ്. അപ്പച്ചന്‍ അമ്മച്ചിയെ കണ്ടു മുട്ടുന്നത് ശനിയാഴ്ച രാത്രിയും ഞായറാഴ്ചകളിലും മാത്രം. ഒരു ദിവസം ശനിയാഴ്ച നേരത്തെ വന്നു. അപ്പച്ചന്റെ ഡ്രസ്സും കുറെ ലൊട്ടുലൊടുക്കു സാധനങ്ങളെല്ലാം ഒരു ബാഗിലാക്കി ഒരു ദൂര യാത്രക്കുള്ള തയാറെടുപ്പ് നടത്തുന്നതു കണ്ടു. ഇങ്ങോട്ട് പറയുമല്ലോ എന്ന് കരുതി ചോദിച്ചില്ല.

പിറ്റേന്ന് രാവിലെ പള്ളീല്‍ പോയി. അത് പതിവില്ലാത്തതാണ്. കുര്‍ബ്ബാന കൂടി വന്നു പറഞ്ഞു

‘ നാളെ ഞാന്‍ മദ്രാസിലോട്ടു പോണു. അവിടെ സിനിമ പിടിക്കുന്ന ഒരു കൂട്ടര്‍ ഇന്നലെ സ്റ്റുഡിയോയില്‍ വന്നിരുന്നു. അവര്‍ക്കെന്റെ പടങ്ങളൊക്കെ കണ്ടപ്പോ വലിയ ഇഷ്ടമായി. എന്നോട് മദ്രാസിലോട്ട് ചെല്ലാന്‍ പറഞ്ഞു. സിനിമയിലാകുമ്പോ നിറച്ച് പണം കിട്ടും പിന്നെയീ നരകം പിടിക്കണേടത്ത് നിന്ന് നമുക്ക് എവിടെങ്കിലും നല്ലൊരു ദിക്കിലേക്കു പോയി അവിടൊരു വീട് വാങ്ങിക്കഴിയാം നീ തടസമൊന്നും പറയരുത്’

‘ഇതാണപ്പച്ചന്‍ അവസാനമായി പറഞ്ഞ വാക്കുകള്‍. പിറ്റേന്ന് വെട്ടം വെയ്ക്കണേനു മുന്‍പ് ബാഗും തോളത്തിട്ട് പോയതാ. പോവാന്‍ നേരത്ത് എന്റെ തോളത്ത് കിടന്ന് ഉറങ്ങുവാരുന്ന നിന്നെ എടുത്ത് കവിളിലൊരുമ്മ കൊടുത്തു. പിന്നെ എന്നെ നോക്കി പോവാന്ന് പറഞ്ഞ് പോയതാ .. പിന്നെ’

അമ്മച്ചിയുടെ കണ്ണു നിറഞ്ഞു. ചുവരിലെ മങ്ങിയ ക്രിസ്തുവിന്റെ ഫോട്ടോയില്‍ നോക്കി കുറെ നേരം അനങ്ങാതിരുന്നു. പിന്നെ കുരിശു വരച്ച് അടുക്കളയിലേക്കു പോയി.

എല്ലാം മനസിലായി വരുന്നു. ഇനി അപ്പച്ചന്‍ ജോലി ചെയ്യുന്ന മദ്രാസിലേക്ക് പോയാലേ വിവരം കിട്ടു. നഗരത്തില്‍ അപ്പച്ചന്റെ സ്റ്റുഡിയോ ഇരുന്ന സ്ഥലത്ത് പോയുള്ള അന്വേഷണത്തില്‍ കിട്ടിയ വിവരം മദ്രാസിലെ ജമിനി സ്റ്റുഡിയോയിലേക്കാണ് പോയതെന്നായിരുന്നു .

അപ്പച്ചന്‍ എത്ര സിനിമകള്‍ക്കു വേണ്ടീ ഫോട്ടോഗ്രാഫറായിരുന്നിട്ടുണ്ട്, ഏതെല്ലാം സിനിമകള്‍ക്ക്? ആര്‍ക്കും ഒന്നും അറിയില്ല. ഒന്നു മാത്രം എല്ലാവര്‍ക്കും പറയാനുണ്ട്, അപ്പച്ചന്‍ സിനിമയിലായിരുന്നു എന്നത് സത്യമായിരുന്നു. ഒരിക്കല്‍ നാട്ടില്‍ ഒരു സിനിമയുടെ ഔട്ട് ഡോര്‍ ഷൂട്ടിംഗിനു വേണ്ടി വന്നപ്പോള്‍ ഒരു പാട്ട് സീന്‍ എടുത്തത് കണ്ടവരുണ്ട്. നസീറും ഷീലയുമായിരുന്നു പട്ട് സീനില്‍ വന്നത്. ആ സിനിമ റിലീസ് ചെയ്തപ്പോള്‍ നന്നായി ഓടിയെന്നും കേട്ടു. ഈ സിനിമയുടെ വിവരം പറഞ്ഞയാള്‍ക്ക് ഇപ്പോള്‍ സിനിമയുടെ പേരു പോലും അറിയില്ല.
അപ്പച്ചനെ എല്ലാവരും ‘ ബേബി’ യെന്നാണ് വിളീച്ചിരുന്നത്. പോസ്റ്ററുകളിലും ആ പേര് കണ്ടിട്ടുണ്ട്.
‘മാര്‍ട്ടിന്‍ ബേബി അലോഷ്യസ് ‘.

എത്ര നാള്‍ അപ്പച്ചന്‍ സിനിമയിലുണ്ടായിരുന്നു, ഇപ്പോള്‍ സിനിമയൊന്നുമില്ലേ അതൊന്നും ആര്‍ക്കും അറിയില്ല. ഒരു സിനിമയുടെ സംവിധായകനായി എന്നറിയാം അതോടെ അപ്പച്ചന്റെ സിനിമാ ജീവിതം തീര്‍ന്നെന്നാണു തോന്നുന്നത് പിന്നൊന്നും കേട്ടില്ല.

ഒരു പക്ഷെ മദ്രാസില്‍ പോയന്വേഷിച്ചാല്‍ എന്തെങ്കിലും വിവരം ലഭിക്കുമായിരിക്കും. അപ്പച്ചനെ പറ്റി കുറെ അടുത്തറിയാവുന്ന ഒരാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ പിന്നെ ആ തീരുമാനത്തിലെത്തുകയായിരുന്നു.

മദ്രാസില്‍ ആദ്യമായിരുന്നെങ്കിലും സിനിമാക്കാര്‍ താമസിക്കുന്നത് വടപളനിയിലും കോടാമ്പക്കത്തുമാണെന്ന് കേട്ടപ്പോള്‍ യാത്ര അങ്ങോട്ടായി. അന്വേഷണത്തില്‍ മനസിലായത്, അപ്പച്ചന്റെ സിനിമകളൊക്കെ ബ്ലാക്ക് ആന്‍ഡ് വൈറ്റുകളായിരുന്നത്രെ. ഇന്നിപ്പോള്‍ കളറും ഡിജിറ്റലുമൊക്കെയായി മാറിയതോടെ അപ്പച്ചന്‍ ആ രംഗത്തു നിന്നും പിന്‍ മാറി. വിവരം പറഞ്ഞവര്‍ക്ക് കൂടുതലൊന്നും അറിയില്ല.

സ്വതവേ ഉള്‍വലിയുന്ന സ്വഭാവക്കാരനായിരുന്നു. അതുകൊണ്ട് ആരുമായും ചങ്ങാത്ത മുണ്ടായിരുന്നില്ല. കൂടുതല്‍ വിവരം കിട്ടാതെ പോകുന്നത് അതുകൊണ്ടാണ്.

”കോടാമ്പക്കത്ത് ഡയറക്ടേഴ്സ് കോളനിയുടെ സമീപത്തുള്ള വിനായക ടെമ്പിളില്‍ പോയി ഒരു തേങ്ങയുടക്ക് വിഘ്നേശ്വരന്‍ എന്തെങ്കിലും വഴി കാണികാതിരിക്കില്ല ”
വിവരം തിരക്കിയപ്പോള്‍ നിരത്തിന്നരികില്‍ പൂമാല വില്ക്കുന്ന ഒരു സ്ത്രീ അങ്ങനെ പറഞ്ഞപ്പോള്‍ ഇനി ആ മാര്‍ഗ്ഗവും നോക്കാമെന്ന് മനസില്‍ കരുതി.

” ഇവിടെ സിനിമ പിടിക്കുന്നോരെല്ലാം ഏത് മത വിശ്വാസിയാണേലും സിനിമ തുടങ്ങണേനു മുമ്പ് ഗണപതിക്ക് തേങ്ങയുടക്കുകയും പൂജ ചെയ്യുകയും ചെയ്യാറുണ്ട്. സിനിമാക്കാര്‍ക്കൊക്കെ അതൊരു വിശ്വാസമാ ” സ്ത്രീയുടെ വാക്കുകള്‍ ആത്മവിശ്വാസം പകരുന്നതായിരുന്നു.

തേങ്ങയുടച്ച് കാണിക്ക വഞ്ചിയില്‍ നാണയവുമിട്ട് തൊട്ടരികെയുള്ള ഒരു ചായക്കടയില്‍ കയറി. ഒരു ചായക്കു പറഞ്ഞിട്ട് തിരിഞ്ഞപ്പോള്‍ കണ്ണു തറച്ചത് ചുവരില്‍ പതിച്ചിരുന്ന ഒരു പഴയ സിനിമാ പോസ്റ്ററില്‍ . ഛായാഗ്രഹന്റെ പേര് അപ്പച്ചന്റേത് ‘ മാര്‍ട്ടിന്‍ ബേബി അലോഷ്യസ്’ .
ചായ കുടിക്കുന്നതിനു മുന്നേ തന്നെ കടക്കാരനോട് ആ സിനിമയെ പറ്റിയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പറ്റിയും അന്വേഷിച്ചു.

പേര് ചൂണ്ടിയിടത്ത് അല്പ്പ നേരം നോക്കി നിന്ന ശേഷം പറഞ്ഞു .

‘ ആളെ എനിക്കറിയാം. അങ്ങേര് താമസിച്ചിരുന്നത് കോവിലിന്റെ പിന്നാമ്പുറത്തുള്ള ലയിനിലെ ഒരു കെട്ടിടത്തിലാണ്. ഒറ്റാന്‍ തടി. അങ്ങേര്‍ സുഖമില്ലാതെ കിടന്നപ്പോള്‍ പലപ്പോഴും ഞാനവിടെ ചായയും കാപ്പിയുമൊക്കെയായി പോയിട്ടുണ്ട്. ആള് കൊച്ചിക്കാരനാണ്. കൊറെ നാള്‍ അവിടെയൊരു സ്റ്റുഡിയോ നടത്തിയിരുന്നു. അന്നൊരിക്കല്‍ അവിടെ വന്ന ഒരണ്ണാച്ചി വഴിയാണ് സിനിമയിലേക്കു വന്നത്. നാട്ടില്‍ നിന്ന് പോരുന്നതിനു മുന്നെ അവിടെയെടുത്ത കൊറെ ഫോട്ടോകളും കൊണ്ടു വന്നിരുന്നു. അതില്‍ ചിലതൊക്കെ ഞാന്‍ കണ്ടു. എത്ര നല്ല പടങ്ങളാ. ഞാനന്നേരം പറഞ്ഞത് അവിടെയാ സ്റ്റുഡിയോയായിട്ട് കഴിയുന്നതല്ലായിരുന്നോ നല്ലത് ഇവിടെ ക്യാമറയും തൂക്കി എങ്ങോട്ടെല്ലാം പോകണം പലപ്പോഴും മഞ്ഞും മഴയും കൊള്ളേണ്ടി വരും അങ്ങനൊരു പോക്കില്‍ മഴ ഏറെ നനഞ്ഞതിന്റെയായിരുന്നു പനി”

ചായ തന്നിട്ട് പിന്നെന്തോ ആലോചനയിലായിരുന്നു. പിന്നെ വേണോ വേണ്ടയോ എന്നൊരു സംശയം.

‘ ആട്ടെ തമ്പി അങ്ങേരുടെ ആരാ ? മോനാ ? ‘

‘അതെ’

‘ കണ്ടപ്പോഴേ തോന്നി അങ്ങേരുടെ ആ കണ്ണും മൂക്കും. പറയണത് കൊണ്ട് വിഷമമൊന്നും ഇല്ലല്ലോ’

ഇല്ല എന്നര്‍ത്ഥത്തില്‍ ചിരിച്ചു.

”അതേപടി വാര്‍ത്തു വെച്ചേക്കുന്നതു പോലെ. ആട്ടെ നാട്ടിലൊക്കെ വരാറില്ലായിരുന്നു അല്ലേ?”

വളരെ കുഞ്ഞായിരിക്കുമ്പോള്‍ കണ്ട ഓര്‍മ്മയേയുള്ളു. എന്നാലും ഒരു ഏകദേശ രൂപമുണ്ട്. പക്ഷെ ഇതാണെന്റെ അപ്പച്ചന്‍ എന്ന് ചൂണ്ടിക്കാണിക്കാന്‍ ഒരു ഫോട്ടൊ പോലും ഇല്ല. പറയണമെന്ന് കരുതിയ വാക്കുകള്‍ വിഴുങ്ങുകയായിരുന്നു.

”നാട്ടില്‍ വരാറില്ല അല്ലേ എപ്പോഴും തിരക്കായിരുന്നു ഒരു പടം തീരണേനു മുമ്പേ അടുത്ത പടം. ആള്‍ക്ക് റസ്റ്റ് കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്”

പിന്നൊന്നും മിണ്ടിയില്ല. ചായ കുടിച്ച് കഴിഞ്ഞ് അപ്പച്ചന്‍ താമസിച്ചിരുന്ന സ്ഥലത്തേക്കുള്ള വഴി ചോദിച്ചപ്പോള്‍ ആ മുഖത്തെ ഭാവവ്യത്യാസം അല്പ്പനേരം മാത്രം പിന്നെ പറഞ്ഞു.

” ഞാനും കൂടെ വരാം ഇപ്പോ ഒരു തെലുങ്കത്തി അവിടെ വന്ന് കൂടിയിട്ടുണ്ട് അങ്ങേരുടെ അവസാനകാലത്ത് അവരായിരുന്നു ശുശ്രൂഷയൊക്കെ ചെയ്തത്”

തലക്കകത്തു കൂടി ഒരു മിന്നല്‍പിണര്‍. നിന്ന നില്പ്പില്‍ തന്നെ വിയര്‍ത്തു പോയി. പിന്നീട് മനോലനില വീണ്ടെടുത്തു. എന്നാലും അപ്പച്ചനപ്പോള്‍ ഇങ്ങനേയും ഒരു ബന്ധം?

” എന്താ നിന്നു പോയേ? തമ്പി ഉദ്ദേശിക്കുന്നതു പോലെയല്ല കാര്യങ്ങള്‍. ഏതോ സിനിമയില്‍ ചാന്‍സ് ചോദിച്ചു വന്നതാ. കൂടെയൊരുത്തന്‍ ഉണ്ടായിരുന്നു. അവന്റെ പണി തന്നെ ഇതാണ്. ദൂരെ നാട്ടിന്‍ പുറത്ത് നിന്ന് ആരെങ്കിലുമൊക്കെ തപ്പിക്കൊണ്ടു വന്ന് പടം പിടിക്കണവരുടെ അടുത്ത് എത്തിക്കുക, ആളെ കൂട്ടിമുട്ടിച്ച് കഴിഞ്ഞാല്‍ സ്ഥലം വിടും. നല്ല തൊകയും കൈക്കലാക്കും. ഇതും അങ്ങനെ ഒരു കേസായിരുന്നു”

” ഈ സിനിമയില്‍ ചാന്‍സില്ല നീ ഞാന്‍ പറയണടിത്ത് വാ. അവിടെ കൂടാം. അടുത്ത പടത്തില്‍ ചാന്‍സ് തരാം ”പ്രഡ്യൂസര്‍ അങ്ങനെ പറഞ്ഞതോടെയാണ് ഒരു ചതിക്കുഴിയിലാണ് വീണതെന്ന് അവള്‍ക്ക് മനസിലായത്.

”നീ അങ്ങേരുടെ കൂടേ പോയാല്‍ നിന്റെ ജീവിതം തുലഞ്ഞു. സിനിമയിലോട്ട് കേറാനും പോണില്ല. പേടിക്കണ്ട ഞാന്‍ സഹായിക്കാം അപ്പച്ചന്‍ പറഞ്ഞു.

സിനിമയുടെ പിന്നാമ്പുറത്ത് ഇങ്ങനെ ധാരാളം കഥകളുണ്ട്.

”പനി വന്നപ്പോള്‍ കാര്യമാക്കിയില്ല അതോണ്ട് ആശുപത്രിയിലൊന്നും പോയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തെലുങ്കത്തിയൊണ്ട് കടയുടെ മുന്നില്‍ നിലവിളീച്ചുകൊണ്ടൂ വരുന്നു. ആ മരിച്ചെന്ന വിവരം അങ്ങനെയാണറിഞ്ഞത്. സിനിമാക്കാരനായതുകൊണ്ട് പിന്നത്തെ കാര്യങ്ങളെല്ലാം എളുപ്പമായി. ധാരാളം ആള്‍ക്കാര്‍. ആശുപത്രിയില്‍ പോകാനും പോസ്റ്റുമാര്‍ട്ടത്തിനുമൊക്കെ അവര്‍ സഹയിച്ചു. ഇവിടെ കോര്‍പ്പറേഷന്‍ വക സെമിത്തേരിയിലായിരുന്നു അടക്കം. എല്ലാം ഒരു ദിവസത്തെ പണീ”

അപ്പച്ചന്റെ താമസ സ്ഥലത്ത് എത്തുന്നതുവരെ അയാള്‍ സംഭാഷണം തുടര്‍ന്നു. അപ്പച്ചന്‍ ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. ആരോടും അതുകൊണ്ട് മരണപ്പെട്ട വിവരം നാട്ടില്‍ ആരേയും അറിയിക്കാന്‍ പറ്റിയില്ല. അങ്ങനെ സമാധാനപ്പെടാനാണ് ശ്രമിച്ചത്.

ലൈനില്‍ മൂന്നാമത്തെ കെട്ടിടം. പക്ഷെ ഗയിറ്റും വാതിലും പൂട്ടിയിരിക്കുന്നു. അപ്പോള്‍ തെലുങ്കത്തി എവിടെപോയി ?

”അവള്‍ പോയിക്കാണും സിനിമയില്‍ ചാന്‍സ് ചോദിച്ചു വന്നപ്പോള്‍ ചതിക്കുഴിയല് വീഴാതെ രക്ഷിച്ച ആള്‍ പോയതോടെ ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് തോന്നിക്കാണും. അങ്ങേരുടെ ഒന്നും വേണ്ടെന്നു വച്ച് കാണൂം. രണ്ടോ മൂന്നോ തവണയേ കണ്ടിട്ടുള്ളുവെങ്കിലും പറ്റിക്കൂടി നിന്നു എല്ലാം കൈക്കലാക്കുന്നവളല്ല”

അല്പ്പ നേരം ശങ്കിച്ചു നിന്നിട്ട് അയാള്‍ അടുത്ത വീട്ടിലേക്കുള്ള ഗയ്റ്റ് കടന്ന് ഡോറില്‍ ബെല്ലമര്‍ത്തി. വാതില്‍ തുറന്നത് മദ്ധ്യവയസ്ക്കയായ ഒരു സ്ത്രീ.

” ഓ സാംബന്‍ അല്ലേ? ഇവിടെ താമസിച്ചിരുന്ന സ്ത്രീ എന്നോടു പറഞ്ഞിരുന്നു. അവള്‍ നാട്ടിലേക്കു പോയി. ഇന്നലെ അവളുടെ വീട്ടില്‍ നിന്നും ആളൂ വന്നിരുന്നു. അപ്പ ആശുപത്രിയില്‍ ആണെന്നു പറഞ്ഞാണു വന്നിരുന്നത്. വീടു പൂട്ടി താക്കോല്‍ എന്നെ ഏല്പ്പിച്ചു. കടയിലെ സാംബശിവനെ ഏല്പ്പിക്കണമെന്നു പറഞ്ഞു. തിരിച്ചു വരുന്ന കാര്യമൊന്നും പറഞ്ഞില്ല ”

” റൊമ്പ നന്ദി അമ്മാ ” താക്കോല്‍ വാങ്ങി തിരിച്ചു വന്ന് ഗെയ്റ്റും വാതിലും തുറന്ന് അകത്തു കടന്നു.

” ഏതായാലും അവള്‍ നേരും നെറിയും ഉള്ളവളാ, കണ്ടില്ലേ ആശുപതിയിലേക്കു അങ്ങേരെ കൊണ്ടു പോയപ്പോളത്തെ അവസ്ഥയല്ല ഇപ്പോള്‍ മുറിയൊക്കെ അടിച്ചു വാരി വൃത്തിയാക്കി എല്ലാം അടുക്കും ചിട്ടയോടും കൂടി വച്ചിരിക്കുന്നു”

രണ്ടു മുറിയും അടുക്കളയും പിന്നൊരു ചായിപ്പും. ഒരു മുറിയില്‍ കുറെ ഫ്രയിം ചെയ്ത ഫോട്ടോകള്‍ നിരനിരയായി ചാരി വച്ചിരിക്കുന്നു. പലതും ഒത്തയാള്‍ പൊക്കമുള്ളവ. മിക്കതും വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്തവയാണ്. നിറം മങ്ങിയിട്ടുണ്ടെങ്കിലും ജീവന്‍ തുടിച്ചു നില്ക്കുന്നവ.

സാംബശിവന്‍ കണ്ണൂം മിഴിച്ച് ഒന്നും മിണ്ടാതെ നിന്നു. അടുത്ത മുറിയില്‍ കട്ടിലും മേശയും കസേരയും ടേബിള്‍ ഫാനും പിന്നെ രണ്ട് ചെറിയ സ്റ്റൂളും. അടുക്കളയില്‍ പ്ലേറ്റും ഗ്ലാസുമെല്ലാം അടുക്കി വച്ചിട്ടുണ്ട്. സ്റ്റൗവ്വിന്റെ മുകളില്‍ ഒരു അലുമിനിയം കലം അടച്ച് വച്ചിരിക്കുന്നു. അടുത്തകാലത്തൊന്നും അടുപ്പ് പുകഞ്ഞ ലക്ഷണമില്ല. ഇവരെങ്ങനെ ഇവിടെ കഴിഞ്ഞു. ഹോട്ടല്‍ ഭക്ഷണമായിരുന്നോ? വീണ്ടും മുന്‍ വശത്തെ മുറിയിലേക്കു വന്നു. മേശവലിപ്പില്‍ ഒരു പേഴ്സും ഒരു ചെക്ക് ബുക്കും കുറെ മണി ഓര്‍ഡര്‍ രസീതുകളും. പെഴ്സിലെ ഒരു കള്ളിയില്‍ കുറെ നോട്ടുകള്‍. എല്ലാം നൂറിന്റെ. എന്തേ തെലുങ്കത്തി ഇവയെല്ലാം ഇട്ടിട്ടു പോയി? മണീയോര്‍ഡര്‍ രസീതുകളും ചെക്കു ബുക്കിന്റെ കൗണ്ടര്‍ ഫോയിലുകളും അമ്മയുടെ പേരാണ് ഉള്ളത്. ഇരുപത് കൊല്ലക്കാലം നാട്ടിലേക്ക് പോയില്ലെങ്കിലും അപ്പച്ചന്‍ അമ്മച്ചിയെ മറന്നില്ല. മകന് കോളേജില്‍ പോകാനും ഡിഗ്രി എടുക്കാനും ഒക്കെ സാധിച്ചത് അപ്പച്ചന്റെയീ അകലത്തിരുന്നുള്ള സ്നേഹവായ്പ്പുകൊണ്ടാണ്.

അപ്പച്ചന്‍ മരിച്ചു എന്ന വിവരം എങ്ങനെ നാട്ടില്‍ അറിയിക്കും. അമ്മച്ചി അറിഞ്ഞാലത്തെ സ്ഥിതി എന്താവും?

അപ്പച്ചന്റെ ഒരു ഫോട്ടോ പോലും ഇല്ലെന്ന് എങ്ങനെ മറ്റുള്ളവരോട് പറയാനാകും? കൊച്ചിയില്‍ കുറെ നാള്‍ സ്റ്റുഡിയോ നടത്തിയിരുന്നു. പിന്നെ മദ്രാസില്‍ ഇരുപത് കൊല്ലക്കാലം സിനിമാ ഛായാഗ്രാഹകനായിരുന്നു. എന്നിട്ടും വീട്ടില്‍ ഫ്രയിം ചെയ്തു വയ്ക്കാന്‍ – അമ്മച്ചിക്ക് കണ്ണടക്കുന്നതുവരെ, കിടക്കാന്‍ നേരത്തും രാവിലെ എഴുന്നേല്‍ക്കുമ്പോഴും കുരിശു വരച്ചിട്ടു നോക്കാന്‍.

” തമ്പി ഒരു കാര്യം ചെയ്യ് ഇതെല്ലാം ഒന്ന് നോക്കി എന്താ വേണ്ടതെന്ന് തീരുമാനിക്ക്. നാട്ടിലേക്ക് പോകുമ്പോള്‍ ഇതൊന്നും മുഴുവനോടെ കൊണ്ടു പോകാന്‍ പറ്റില്ലല്ലോ. എല്ലാം കെട്ടിയടുക്കി വച്ച് വല്ല പാഴ്സല്‍ സര്‍വീസുകാരേയും ഏല്പ്പിക്കുന്നതാവും ബുദ്ധി. ഞാന്‍ കടയിലേക്കു ചെല്ലട്ടെ. എല്ലാം കഴിഞ്ഞിട്ടു അങ്ങോട്ടു വരു ഉച്ചഭക്ഷണം അവിടുന്നാകാം”

സാംബശിവന്‍ പോയപ്പോള്‍ അല്പ്പം സാവകാശം കിട്ടിയ പോലെയായി. ശരിയാണ് ഈ ഫോട്ടോകളെല്ലാം എങ്ങിനെ നാട്ടിലെത്തിക്കും? മേശയും കസേരയും കട്ടിലുമെല്ലാമുണ്ട് പാഴസല്‍ സര്‍ വീസുകാരെ ഏല്പ്പിക്കുന്നതാകും ബുദ്ധി.

നിരനിരയായി ചുവരുകളില്‍ ചാരി വച്ചിരിക്കുന്ന ഫോട്ടോകള്‍ വീണ്ടും നോക്കി. മിക്കവയും ആള്‍ വലിപ്പത്തില്‍ ഉള്ളവ. സിനിമാതാരങ്ങള്‍ അല്ലാത്തവര്‍ ചുരുക്കം. പലതിന്റെയും ഗ്ലാസ് ഫ്രയിം പൊട്ടിയതാണ്. അവസാനത്തെ ഒരെണ്ണത്തില്‍ ഫ്രയിം മാത്രമേ ഉള്ളു ഫോട്ടോയില്ല . പക്ഷെ അതിനും ഒരാളുടെ വലിപ്പമുണ്ട് . ഫോട്ടോ ഉള്ളവ മുപ്പത്തിരണ്ടെണ്ണം. കാലിയായത് ഒന്നു മാത്രം. എന്തേ ഈ ഒരെണ്ണം കാലിയാക്കിയിട്ടു? ഒരു പക്ഷെ അപ്പച്ചന്റെ ഒരു ഫോട്ടോയെടുത്ത് എന്‍ലാര്‍ജ് ചെയ്ത് അതില്‍ വയ്ക്കാനായിരിക്കുമോ?

ഫ്രയിമിനു ജീവന്‍ വയ്ക്കുന്നു. ‘വരൂ വരൂ ഒന്നു പരീക്ഷിച്ചു നോക്കു ഞാന്‍ കാത്തിരിക്കാന്‍ നോക്കിയിട്ട് എത്ര നാളായെന്നോ…….’

സാവകാശം ആ ഫ്രയ്മിലേക്കു കയറി നോക്കി. പിന്നീട് തിരിഞ്ഞു നിന്നു. എല്ലാം കിറു കൃത്യം. ജീവനുള്ള ഒരു ഫോട്ടൊ അപ്പച്ചനു പകരം.

കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഫ്രയിം തലക്കു മീതേയും വശങ്ങളീലും ഉറച്ചതു പോലെ. ഫ്രയിമില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത വിധം ഉറച്ച് പോയിരിക്കുന്നു.

ജീവനുള്ള ഫ്രയിം ഇതൊരണ്ണം അങ്ങനെയാകട്ടെ ‘ മാര്‍ട്ടിന്‍ ബേബി അലോഷ്യസ് ജൂനിയര്‍’

അങ്ങനെയൊരടിക്കുറിപ്പോടെ ഇവിടെയിനി സ്ഥാനം പിടിക്കും, മുപ്പത്തി രണ്ട് പടങ്ങള്‍ക്ക് പിന്നാലെ മുപ്പത്തി മൂന്നാമനായി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English