കണ്ണില്‍ നോക്കി നാം നിന്നു പരസ്പരം
മുള്ളുതിങ്ങുന്ന വേലിക്കിരുപുറം
ഓടിയെത്തും കിഴക്കന്‍ സമീരണന്‍
മാമരങ്ങളെയാട്ടി കുടുങ്ങിയൊ-
രമ്പിളിപ്പന്ത് തേടിപ്പിടിക്കവെ,
വാശിയേറുന്ന ബാലന്‍ കളിപ്പാട്ടം
വീശിയാര്‍ത്ത് കളിക്കുന്ന പോലവെ.
നാഴികയഞ്ചു ചെല്ലണമിന്നിയും
സൂര്യനെത്തി ദിവസമൊരുക്കുവാന്‍,
നിന്‍റെ കണ്ണുകള്‍ നക്ഷത്രബിന്ദുക്കള്‍
പോലെ മിന്നി, അതില്‍ നോക്കി നിന്നു ഞാന്‍.
മിണ്ടിയില്ല ഒരുവാക്കു പോലുമെ,
മിണ്ടാതെ തന്നെ ചൊല്ലി നാമെല്ലാമെ.
നന്ദി, പ്രിയെ! ആ മധുരിക്കുമോര്‍മ്മക്ക്.
എന്നും ശശാങ്കനെ മാമരച്ചില്ലകള്‍
തേടിപ്പിടിച്ചു പന്താടിരസിക്കുമ്പോള്‍,
ഓടിവരാറുണ്ട് ഹൃത്തടത്തിങ്കല്‍ നിന്‍
കോമളസ്മേരവും താരകക്കണ്‍കളും,
എവിടെയാണുനീയെങ്കിലും മല്‍ സഖി,
ഇഹമാകിലും പരമാകിലും, അല്ല
കമിതാക്കള്‍ക്കെങ്ങാനും മരണമുണ്ടോ?