മുള്ളിലപ്പൂക്കള്‍ ചിലപ്പോഴൊക്കെ കരയിക്കാറുമുണ്ട്

mullilapookkalഉള്ളിന്റെയുള്ളില്‍ പ്രിയപ്പെട്ട ആരെയെക്കയോ തിരയുകയും ഒടുവില്‍ കണ്ടു പിടിക്കുകയും പഴയ സ്നേഹം ഓര്‍മ്മിക്കുകയും പിന്നീട് അതെല്ലാം കണ്ണില്‍ നിറച്ച് ചിരിക്കുകയും കരയുകയും വിസ്മയപ്പെടുകയുമൊക്കെ ചെയ്യുന്ന മുഹൂര്‍ത്ത‍ങ്ങള്‍ മനസിനു നല്കുന്ന സുഖവും സന്തോഷവും എന്തുമാത്രം വലിയതാണ്. അത്തരത്തിലൊരു സന്തോഷത്തിന്റെ മൂഡിലാകാന്‍ പോവുകയാണല്ലോ താനും ഭാമയും വീണ ചിന്തിച്ചു.

സത്യത്തില്‍ ഒരു ചായക്കപ്പിലെ ഇളം ചൂടില്‍ ഒതുങ്ങിയ സൗഹൃദം പിന്നീട് ഐസ്ക്രീമിലേക്കും പിസയിലേക്കും ബീച്ചിലേക്കുമൊക്കെ വൃഥാ വ്യതി ചലിച്ചപ്പോള്‍ ഒരു വിരല്‍ത്തുമ്പ് തൊട്ട് ഡിസിപ്ലിന്‍ തന്നത് ഭാമയല്ലാതെ പിന്നെയാരാണ്?

ആ നന്ദിയും കടപ്പാടും എപ്പോഴും വേണമല്ലോ. ചന്ദ്രൂന് ലീവ് കിട്ടുന്നതും നോക്കിയിരുന്നാല്‍ ഒന്നും നടക്കില്ലെന്നു മനസിലായപ്പോള്‍ ഒരു ദിവസം മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച് മനസറിഞ്ഞ പ്രിയ കൂട്ടുകാരിയെ കാണാനായി പുറപ്പെടുകയായിരുന്നു. അവള്‍ക്കിഷ്ടപ്പെട്ട ചിപ്സും ഫ്രൂട്സും മിഠായികളും വാങ്ങി വെയില്‍ കുരുത്ത നടവഴിയിലൂടെ വിയര്‍ത്തൊലിച്ച് വരുമ്പോള്‍ ഭാമയോട് പറയാനായി ഒരു കൂട്ടം കാര്യങ്ങള്‍ മനസില്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. ആദ്യമായി എന്തിനെക്കുറിച്ച് പറയണമെന്ന ചിന്ത ചന്ദ്രുവില്‍ കൊണ്ടെത്തിച്ചപ്പോള്‍ തുടക്കം ചന്ദ്രദാസില്‍ നിന്നു തന്നെയാകട്ടെ എന്നു കരുതി. മനസിനു ഇഷ്ടപ്പെട്ടൊരു മുഖം കണ്മുന്നില്‍ വന്ന് പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ എന്തോ അവഗണിക്കാനായില്ല. നിനക്കിത് ശാശ്വതമെന്ന് മനസ് ധൈര്യപ്പെടുത്തിയപ്പോള്‍ പിന്നെ ഒന്നും ഓര്‍ത്തില്ല ചന്ദ്രൂനെ സ്വീകരിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തിന് കാത്തു നില്ക്കാതെ സ്വന്തം താത്പര്യങ്ങള്‍ക്കു പ്രാധാന്യം നല്കി ചന്ദ്രുവിന്റെ കൂടെ ഒരു വാടക വീട്ടിലേക്ക് വലതുകാല്‍ വച്ചു കയറുമ്പോള്‍ കൂടെ ഒരു കൂട്ടായി ഭാമയും ഉണ്ടായിരിക്കണമെന്ന് ഏറെ ആഗ്രഹിച്ചതായിരുന്നു. പക്ഷെ, ഭാമ വന്നില്ല. അവള്‍ക്ക് അങ്ങിനെയൊന്നും ഓടി വരാന്‍ കഴിയില്ലെന്നു അറിയാമായിരുന്നിട്ടും വെറുതെ ആഗ്രഹിച്ചു പോയി. അല്ലെങ്കിലും താനെന്തൊരു ഫൂളാണ്. പതിനാറ് കെട്ടിലെ ബ്രാഹ്മണ പെണ്‍കുട്ടിക്ക് അങ്ങിനെയങ്ങ് ഓടി വരാനൊക്വോ? എന്തെല്ലാം പരിമിതികളുണ്ടവള്‍ക്ക് ഛെ! അന്നേരം താന്‍ ഒന്നും ചിന്തിച്ചില്ല. മനസില്‍ ഒറ്റപ്പെടലിന്റെ വേദന തിങ്ങി നിറഞ്ഞപ്പോള്‍ വെറുതെ അവളുടെ നിറസാന്നിദ്ധ്യം വേണമെന്ന് തോന്നിപ്പോയി അത്രമാത്രം. സാരമില്യാന്ന് ചന്ദ്രു ആശ്വസിപ്പിച്ചപ്പോഴാണ് സമാധാനമായത്. പിന്നീടുള്ള ഓരോ ദിവസവും സന്തോഷത്തിന്റെ വിടരുന്ന പുലരികളൂം സന്ധ്യകളും ഇടക്കു പെയ്തു നിറയുന്ന മഴയും വെയിലും ഋതുക്കളുടെ മാറി മറിയുന്ന നിറഭേദങ്ങളും കൊണ്ട് ഉതിര്‍ന്നു വീഴുന്ന ദിനങ്ങള്‍….!

ഒരിക്കല്‍ ചന്ദ്രു തന്നെയാണ് ഭാമയെ കാണാന്‍ പോകാന്‍ ഓര്‍മ്മപ്പെടുത്തിയതും വെറുതെ ധൃതി പ്രകടിപ്പിച്ചതും. പക്ഷെ അന്ന് തനിക്ക് മറ്റെന്തോ അത്യാവശ്യം കാരണം പോകാന്‍ കഴിഞ്ഞില്ല. പിന്നീട് ഇതുവരേയും.

അതിനിടയില്‍ രണ്ട് മൂന്ന് തവണ ലെറ്റര്‍ വിട്ടിട്ടു തിരിച്ചൊരു പ്രതികരണവും ഭാമയില്‍ നിന്നുണ്ടാവാത്തതിനാല്‍ ഇനി വൈകിയാല്‍ ഒട്ടും ശരിയാവില്ലെനു കരുതി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.

എന്തായാലും ചന്ദ്രൂന് പിണക്കമാവില്ലെന്നത് തീര്‍ച്ച. ഇത്തരം സന്ദര്‍ഭമൊന്നും നമ്മുടെ ഒരു ടേയ്സ്റ്റിനൊത്ത് ഒരു പക്ഷെ ചന്ദ്രൂന് ഇഷ്ടായെന്നു വരില്ല. എന്തൊക്കെയായാലും ഭാമയെ കാണേണ്ട ആവശ്യം തന്റേതാണല്ലോ പോവുക തന്നെ.

പണ്ടെന്നോ പോയൊരു ഓര്‍മ്മ മുന്‍ നിര്‍ത്തിയാണ് യാത്ര. അതൊരു സ്കൂള്‍ ഫൈനല്‍ എക്സാമിനേഷന്‍ സീസണിലാണെന്നു തോന്നുന്നു, ചൂടു പിടിച്ച പഠനത്തിനിടയില്‍ എപ്പോഴോ വീണു കിട്ടിയ ഒരവസരം ഭാമയുടെ പതിനാറ് കെട്ടിലേക്ക് നയിച്ചു.

നിറയെ മാവും പ്ലാവും പുളിയും നെല്ലിമരവുമൊക്കെയുള്ള ഒരു വിസ്മയക്കാഴ്ചയും ചതുരക്കിണറും ആനപ്പന്തിയും കണിക്കൊന്നമരം പൂത്തു നില്ക്കുന്ന വലിയ അങ്കണവുമൊക്കെയുള്ള ഭാമയുടെ പതിനാറ് കെട്ട് ഭവനം.

അന്നവിടെ ഒട്ടേറെ വാല്യക്കാരൂം കുടുംബക്കാരുമൊക്കെയുണ്ടായിരുന്നു. ഭാമേടെ വല്യമ്മാവന്‍, ചെറ്യമ്മാവന്‍, അച്ഛന്‍, മുത്തച്ഛന്‍, മുത്തശ്ശി, അമ്മ, അമ്മായിമാര്‍, മൂത്തമ്മ, ചെറ്യമ്മ, കുട്ടികള്‍ അങ്ങനെ ഒട്ടനവധി പേര്‍. തനിക്കന്ന് അവരെയെല്ലാം കണ്ടപ്പോള്‍ അതിശയം തോന്നി. ഇത്രേം വലിയൊരു കൂട്ടുകുടുംബം എങ്ങിനെ ഒത്തു പോകുന്നു? അതും യാതൊരു വാക്കു തര്‍ക്കവുമില്ലാതെ…! സസ്നേഹം ഒരു കുടക്കീഴില്‍ എന്ന പോലെ… ശരിക്കും അതിശയിച്ചു പോയി അതേക്കുറിച്ചന്ന് ഭാമയോട് തിരക്കിയപ്പോള്‍ അവള്‍ക്ക് പറയാനുള്ള മറുപടി ഒരു കുഞ്ഞു ചിരിയില്‍ പൊതിഞ്ഞ കളങ്കമില്ലാത്ത രണ്ട് വാക്കായിരുന്നു. സ്നേഹം. ആ വാക്കില്‍ അടങ്ങിയ പരിശുദ്ധി ഞങ്ങള്‍ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു എങ്കിലും ഒന്നു മനസിലായി ഒരു വലിയ ഘടകം സ്നേഹം തന്നെയാണെന്ന്. അതോടെ സ്നേഹമുള്ളിടത്ത് എല്ലാമുണ്ടെന്ന സത്യങ്ങള്‍ തിരിച്ചറിഞ്ഞു.

അന്ന് അവിടന്ന് കഴിച്ച മാമ്പഴത്തിന്റെ മധുരവും സംഭാരത്തിന്റെ പുളിയും ഓര്‍മ്മയില്‍ ഇപ്പോഴും നല്ല പുളിയും മധുരവും നിറച്ച് മനസ്സിനെ വല്ലാതെ കൊതിപ്പിക്കുന്നു.

അങ്ങിനെ ചിന്തകളുടെ ചെറിയ വലിയ ചിറകുകളാഞ്ഞു വീശിപ്പറന്ന് ഭാമയുടെ വെള്ളൈരി നെല്ലി ഗ്രാമ വഴിയിലെത്തിയത് വീണയറിഞ്ഞില്ല.

ഇളം ചൂടു വിതച്ച വെയിലിലൂടെ വഴിയോരത്തെ ചെറു കാറ്റിനൊപ്പം ചിരിച്ചു തള്ളുന്ന അതിരണിപ്പൂക്കളില്‍ ഒന്നു വിരല്‍ തൊട്ട് ഒരു നിമിഷം വീണ ഭാമയുടെ ഗ്രാമ ചാരുതയില്‍ മിഴി നട്ടു.
പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല. വഴിയരികില്‍ ഇടക്കെവിടെയോ രണ്ട് മൂന്ന് കോണ്ക്രീറ്റ് കെട്ടിടങ്ങളും കരിങ്കല്‍ മതില്‍ കെട്ടുകളുമല്ലാതെ വേറെയൊന്നും പുതു സൃഷ്ടികളായി ഉയര്‍ന്നു കണ്ടില്ല. പിന്നെ നിറയെ പൂവിട്ടു നില്ക്കുന്ന വഴിയോരത്തെ തണല്‍മരങ്ങളില്‍ ഉച്ചച്ചൂടിനെ അതിജീവിക്കാനായി ചേക്കേറിയിരിക്കുന്ന നാട്ടു പക്ഷികളോടു പരദൂഷണം ചൊല്ലുന്നു. നല്ല കിളീപ്പച്ചയുടെ പൂര്‍ണ്ണിമയില്‍ പ്രകൃതിയും ആരോടെന്നില്ലാതെ മുറു മുറുക്കുന്നു.

വീണ ഭാമയുടെ ഗ്രാമക്കാഴ്ച മതിയാക്കി വീണ്ടും യാത്ര തുടര്‍ന്നു. ഉച്ചച്ചൂടിന്റെ തീക്ഷ്ണത പെരുകി അടിമുടി ചുട്ടു പൊള്ളീച്ചപ്പോള്‍ കയ്യിലൊരു കുട കരുതാന്‍ മറന്നു പോയ നിമിഷത്തെ വെറുതെ പഴി പറഞ്ഞു കൊണ്ട് വീണ തന്റെ നടത്തിന്റെ വേഗത കൂട്ടി.

വഴിയരികിലെ വേലിത്തലപ്പുകള്‍ക്കിടയില്‍ വിരിഞ്ഞു നില്ക്കുന്ന കാക്കപ്പൂക്കളും കാര്‍ത്തികപ്പൂക്കളും മറ്റ് ഒട്ടനവധി കടും ചെടികളും കുറ്റിച്ചെടികളും കടന്ന് ഭാമയുടെ പതിനാറ് കെട്ടിനടുത്തെത്തിയപ്പോള്‍ അവിടുത്തെ മൂകതയും ശൂന്യതയും വിജനതയും വീണയെ അമ്പരപ്പിച്ചു കളഞ്ഞു. എങ്കിലും ഒരാശ്വാസമായി മനസ്സില്‍ ഭാമയുടെ മുഖം നിറഞ്ഞപ്പോള്‍ പണ്ടത്തെ കൂട്ടു കുടുംബമെല്ലാം അണു കുടുംബമായി ഒതുങ്ങി പോയ കഥ ഓര്‍ക്കാതെ പോയതിനാല്‍ വീണ സ്വയം പഴിച്ചു. ഇപ്പോള്‍ എല്ലാവരും അവരവരുടെ സൗകര്യാര്‍ത്ഥം കാലത്തിന്റെ പുതിയ പരിഷ്ക്കാരങ്ങളെ കൂട്ടു പിടിച്ച് സ്നേഹം എന്ന രണ്ട് വാക്കിന്റെ ദൈര്ഘ്യം പരമാവധി വെട്ടിക്കുറച്ച് ജീവിക്കുകയാണ്. അതാണെന്നു തോന്നുന്നു ഇവിടെയും സംഭവിച്ചത്. ആകെയൊരു മൂകത….. എല്ലാവരും തറവാട് വിട്ട് പോയിരിക്കുന്നു. ഇനീപ്പോ ഭാമയും കുടുംബവും ഇവിടെയില്ലായെന്നുണ്ടോ? വീണ ആശങ്കയോടെ ഭാമയുടെ പതിനാറ് കെട്ടിലേക്കു വെറുതെ ചുമച്ച് ആളെ അറിയിച്ചുകൊണ്ട് കയറി. മുറ്റത്തും പൂമുഖത്തും ആരുമില്ല. എന്തിന് അരികിലൂടെ ഒരു ചെറുകാറ്റെങ്കിലും വന്ന് ഒരനക്കം പോലും ഉണ്ടായില്ല അത്രക്കും മൂകതയും ശൂന്യതയും.

പെട്ടന്നായിരുന്നു ഒച്ചവച്ചുള്ള ശബ്ദം പൊട്ടിപ്പുറപ്പെട്ടത്.

” ആരാ എന്താ? നില്ക്കാ… അവ്ടെ”

വീണ നടുങ്ങിപ്പോയി. ഒരു നിമിഷം മുന്നോട്ടു വച്ച കാല്‍ പുറകോട്ട് വെച്ച് അവള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.

ഒറ്റ നോട്ടത്തില്‍ തന്നെ വീണക്ക് ആളെ മനസിലായി. ഭാമയുടെ മുത്തശ്ശന്‍. ഒരിത്തിരി പ്രായക്കൂടലിന്റെ അവശത മുഖത്തുണ്ടങ്കിലും ശബ്ദത്തിനു പഴയതിലും ഗാംഭീര്യം മുഴക്കം.

”ഇതു ഞാനാ മുത്തശ്ശാ ഭാമേടെ കൂട്ടുകാരി വീണ ” വീണ തന്റെ പേരു പറഞ്ഞ് സ്വയം പരിചയം പുതുക്കിയപ്പോള്‍ ഭാമയുടെ മുത്തശ്ശന്‍ വീണയെ ക്രുദ്ധിച്ചൊന്നു നോക്കി. പിന്നീട് ചുണ്ടിന്റെ കോണില്‍ ചേര്‍ത്തു നിര്ത്തിയ ഒരു ചുച്ഛിച്ച ചിരിയുമായി വീണയുടെ നേര്‍ക്കു തിരിഞ്ഞു.

” ഓഹോ…. നീയ്യാ ഈഴോച്ചെറുക്കന്റെ കൂടെ ഒളിച്ചോടിപ്പോയോളല്ലേ? അതുപോലെ നെന്റെ തൊണക്കാരീം പോയി… ഓള്‍ക്ക് പറ്റിയോന്റെ കൂടെ. ചെല്ല് ഇവടന്നങ്ങട് വടക്കോട്ട് പോയാല് ഓള്ടെ പൊര കാണാം പൊയ്ക്കോളൂ ”
വീണ ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി. ഈശ്വരാ താന്‍ എന്തൊക്കെയാണീ കേട്ടത്? ഭാമ പോയെന്നോ എങ്ങോട്ട് ആരുടെ കൂടെ ?

പഠിക്കുന്ന കാലത്ത് കോളേജിലെ ഏറ്റവും നല്ല സ്റ്റുഡന്റും ഡിസിപ്ലിനുമുള്ള ഏക പെണ്കുട്ടി ആരെന്നു ചോദിച്ചാല്‍ അദ്ധ്യാപകര്ക്കും കുട്ടികള്‍ക്കുമിടയില്‍ ഒരേ പേരൊള്ളു. ഭാമിനി പതിനാറു കെട്ടിലെ ഭാമിനി വര്‍മ്മ. എന്നിട്ടിപ്പോള്‍ എന്തേ ഇങ്ങനെ സംഭവിക്കാന്‍?

വീണ ഭാമയുടെ മുത്തശ്ശന്‍ ചൂണ്ടിക്കാട്ടിയ വഴിയിലൂടെ വടക്കോട്ടു നടക്കുമ്പോള്‍ അവളുടെ മനസ്സില്‍ ഭാമയെക്കുറിച്ചുള്ള ദുശ്ചിന്തകളുടെ ഭാരം ക്രമാധീതമായിരുന്നു.

വഴിയില്‍ കണ്ട പലരോടും ചോദിച്ചിട്ടായിരുന്നു ഒടുവില്‍ ഓടിട്ട ചെറിയ പുര കണ്ടു പിടിച്ചത്. ഓടിനു മേലെ പുകച്ചുരുളുകല് മേലോട്ടുയരുന്നുണ്ടായിരുന്നു. കനകാംബരപൂക്കള്‍ കൂട്ടത്തോടെ വിടര്ന്നു നില്ക്കുന്ന ചെടികള്‍ അതിരിട്ട ഒറ്റ വേലിക്കപ്പുറം വൃത്തിയായി അടിച്ചൊതുക്കിയിട്ട മുറ്റവും പരിസരവും. എന്നിട്ടും അനുസരണക്കേടെന്ന പോലെ മുറ്റത്തെ വയസന്‍ മാവ് അടിക്കടി ഇലകള്‍ പൊഴിച്ച് രസിക്കുന്നു. ഇത് മാവ് തളിര്‍ക്കുന്ന കാലമണെന്നു തോന്നുന്നു. വീണ ഉമ്മറ വാതിലിനു നേരെ കയറി ചെന്ന് ഒന്നു മുരടനക്കി. ഉമ്മറ വാതില്‍ തുറന്നു തന്നെ കിടപ്പുണ്ട്. ഉള്ളില്‍ ആളനക്കവുമുണ്ട്. വീണ പുറത്തു നിന്ന് പതിയെ വിളീച്ചു ചോദിച്ചു.

” ഇവിടെ ആരുമില്ലേ? ഭാമേ …ഭാമേ”

പെട്ടന്നായിരുനു ഉള്ളില്‍ നിന്ന് വൃദ്ധയായ ഒരു സ്ത്രീ എന്തെല്ലാമോ ഉച്ചത്തില്‍ വിളീച്ചു പറഞ്ഞു ബഹളം വച്ച് പുറത്തേക്കു വന്നത്. അവര്‍ പുറത്തേക്കു വന്നതും വീണയെ കണ്ടതും വായടഞ്ഞതും ഒന്നിച്ചായിരുന്നു. എങ്കിലും വല്ലാത്തൊരു ജാള്യതയോടെ മുഷിഞ്ഞ ഉടുമുണ്ടിന്റെ മടിത്തുമ്പുയര്‍ത്തി വായ പൊത്തിപ്പിടിച്ച് ഒരു കീഴ്വഴക്കത്തോടെ അവര്‍ പതിയെ ചോദിച്ചു.

” ആരാണാവോ”

” ഇവിടെ ഭാമിനിയില്ലേ? ഞാന്‍ ഭാമിനിയെ കാണാന്‍ വന്നതാണ്” വീണ ചുണ്ടില്‍ കരുതിയ മൃദുസ്മിതവുമായി ഒതുക്കത്തോടെ പറഞ്ഞു.

”ഉവ്വുവ്വേ തമ്പ്രാട്ടി നീരാട്ടിലാ…. അല്ലാ അവിടുന്ന് ആരാന്നാ പറയേണ്ടത്?”

വൃദ്ധയുടെ പരിഹാസം ചുണ്ടിന്‍ കോണില്‍ കൃത്യമായി വക്രിച്ചപ്പോള്‍ വീണക്കു ചെറുതായി ദേഷ്യം വന്നു. എങ്കിലും ആ ഭാവം മുഖത്തു പ്രകടിപ്പിക്കാതെ അവള്‍ പതിവ് ചിരിയോടെ പറഞ്ഞു.

” വീണ വന്നിരിക്കുന്നു എന്നു പറഞ്ഞോളൂ ”

ശരിയെന്ന് കോക്രി കാട്ടി വൃദ്ധ ഉള്ളീലേക്കു പോയി. പിന്നെയും ഒരു പത്തു പതിനഞ്ചു മിനിറ്റ് കൂടി വൃഥാ ചുറ്റു വട്ടം വീക്ഷിച്ചു കൊണ്ട് നിന്നു. അധികം കാത്തു നിന്ന് മുഷിയേണ്ടി വന്നില്ല ഉമ്മറ വാതിലിനു പുറകില്‍ നിന്ന് കറുത്തുണങ്ങി മെലിഞ്ഞ് ഒരു പെണ്‍ കോലം നരച്ചു പിഞ്ചിയ മാക്സിയില്‍ ഇറങ്ങി വന്നു.

അവളുടെ നീളം കുറഞ്ഞ ചുരുണ്ടു കയറിയ മുടിയിഴകളില്‍ നിന്നും വെള്ളത്തുള്ളികള്‍ താഴേക്ക് ഊര്‍ന്നു വീഴുന്നുണ്ടായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഹൃദയം ഹൃദയത്തെ തൊട്ടറിഞ്ഞതിന്റെ നൊമ്പരം ഭാമയുടെ മനസിലെവിടെയോ കുരുങ്ങി വലിഞ്ഞു മുറുകിയപ്പോള്‍ കീറി മുറിയുന്ന ഹൃദയ വേദനയോടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു പുറം തിരിഞ്ഞു കൊണ്ട് യാതൊരു പരിചയവുമില്ലാതെ കനപ്പിച്ച മുഖത്തോടെ അവള്‍ വീണയെ തുറിച്ചു നോക്കിക്കൊണ്ട് വളരെ പരുഷമായി പറഞ്ഞു.

” നിങ്ങളെ ഞാന്‍ അറിയില്ല പിന്നെ ഞാന്‍ ഭാമിനിയുമല്ല. ഭാരതിയാണ് കീഴ്ജാതിക്കാരന്‍ വേലുണ്ണിയുടെ മകന്‍ ഭാഗീരഥന്റെ ഭാര്യ ഭാരതി. ഇതെന്റെ വിധി ഇനി നിങ്ങള്‍ക്കു പോകാം”

അത്രയും പറഞ്ഞു കൊണ്ട് ഒരു തകര്‍ന്ന ഏങ്ങലടിയുടെ നീണ്ട ശേഷിപ്പുമായി അവള്‍ പുരക്കകത്തേക്ക് ഓടിക്കയറി ഉമ്മറവാതില്‍ ചേര്‍ത്ത് ഉച്ചത്തില്‍ അമര്ത്തി ബന്ധിച്ചു.

ഇതെല്ലാം കണ്ട് വീണ സ്തംഭിച്ചു നില്ക്കുകയായിരുന്നു. ഇത്രയും കോലം കെട്ടാണെങ്കിലും സത്യത്തില്‍ ഭാമയെ തനിക്കു തിരിച്ചറിയാമെങ്കില്‍ എന്തേ അവള്‍ തന്നെ തിരിച്ചറിഞ്ഞില്ല? എന്തുമാത്രം ക്ഷോഭത്തോടെയാണവള്‍ നിങ്ങളെ എനിക്ക് അറിയില്ല എന്ന് വെട്ടി തുറന്നു പറഞ്ഞത്. ഒരു പക്ഷെ അവളുടെ ജീവിതം അവളെ കൊണ്ട് അങ്ങിനെ പറയിപ്പിച്ചതായിരിക്കും. അല്ലെങ്കില്‍ അഭിനയമാകാം ഇതു രണ്ടുമല്ലെങ്കില്‍ ചിലപ്പോള്‍ അവളുടെ മനസു മരവിച്ച് നന്മയും ഓര്മ്മയും സ്നേഹവുമെല്ലാം ചോര്ന്നു പോയതുകൊണ്ടായിരിക്കാം. എന്തൊക്കെയായാലും തനിക്ക് ഒരു നല്ല സുഹൃത്ത് നഷ്ടപ്പെട്ടു. വീണ വല്ലാത്തൊരു നഷ്ടബോധത്തോടെ തിരിച്ചു നടന്നു. രണ്ട് ചുവടു മുന്നോട്ടു വച്ചപ്പോഴാണ് പിറകില്‍ നിന്നും ആ വൃദ്ധയുടെ മുരടനക്കം.

” അല്ല മോള് പോവാണോ? കൂട്ടുകാരി അറിയില്ലെന്നു നാഠ്യം കാണിച്ചൂല്ലേ? സാരമില്ല ഓള്‍ക്ക് വെഷമമായിട്ടാ ”

വൃദ്ധ ചുമ്മാ ആശ്വസിപ്പിക്കലിന്റെ നല്ല വാക്ക് ചൊല്ലി വെളൂക്കെ ചിരിച്ച് തല ചൊറിഞ്ഞു നിന്നു. എന്തോ കാര്യ സാദ്ധ്യതക്കു വേണ്ടിയുള്ള നില്പ്പാണെന്നു കണ്ടാലറിയാം. മുഖവും ഭാവവും അതു വ്യക്തമാക്കുന്നുണ്ട് വീണ അവരെ നോക്കി കൊണ്ട് ചോദിച്ചു.

” എന്താ എന്താ വേണ്ടത്?”
” കാശുണ്ടങ്കീ ഒരു പത്തു രൂപ തര്വോ? തെല്ലു ജാള്യതയോടെയാണെങ്കിലും രൂപ കിട്ടുമെന്ന പ്രതീക്ഷ കണ്ണില്‍ നിറച്ച് വൃദ്ധ വീണ്ടും ഇളിച്ചുകൊണ്ട് ഓച്ഛാനിച്ചു നിന്നു.

വീണ വൃദ്ധയുടെ ഇല്ലായ്മയില്‍ മനം നൊന്ത് ബാഗില്‍ തപ്പി ഒരു നൂറ് രൂപ നോട്ട് എടുത്ത് വൃദ്ധയുടെ കയ്യില്‍ വച്ചു കൊടുത്തു.

നന്ദിയും സന്തോഷവും മാറി മറിയുന്ന മുഖഭാവത്തോടെ ഇരു കയ്യും നീട്ടി വൃദ്ധ രൂപ വാങ്ങി കണ്ണില്‍ വച്ചു നിന്നു. പിന്നെ വീണ ഭാമക്കായി കരുതിയ പലഹാരങ്ങളുടെ കിറ്റും വൃദ്ധയുടെ കയ്യില്‍ വച്ചു കൊടുത്തു. ഹൃദയഭാരത്തിനൊപ്പം ഇനി പൊതിക്കെട്ടിന്റെ ഭാരവും താങ്ങി മൈലുകള്‍ താണ്ടാന്‍ തനിക്കു വയ്യ…..!

വേദനയോടെ പിന്‍തിരിയുമ്പോള്‍ വൃദ്ധ തൊഴുകയ്യോടെ നിന്നു. വീണ പിന്നെ അവിടെ നിന്നില്ല നെഞ്ചിലൂടെ കുറുകി വളര്ന്ന ഒരു തേങ്ങല്‍ തൊണ്ടയോളം വന്നു മുട്ടി നിലവിളീച്ചപ്പോള്‍ വേഗത്തില്‍ തന്നെ അവള്‍ തിരിച്ചു നടക്കുകയായിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English