തിരക്കേറിയ നാല്‍ക്കവലയിലൂടെ പതിയെ നീങ്ങുന്ന കാറില്‍ നിന്നും ശബ്ദഗാംഭീര്യത്തോടെ അനൗണ്‍ സ് മെന്റ് മുഴങ്ങി.
’’സുപ്രസിദ്ധ സാഹിത്യകാരനും വാല്‍മീകിയുമായ ശ്രീമാന്‍……ചക്കരക്കുളം മൈതാനിയില്‍ പ്രസംഗിക്കുന്നു.
’’അനൗണ്‍സ്മെന്റിന്റെ ശബ്ദഭംഗിയില്‍ ആരും ശ്രദ്ധിക്കുകയില്ല. അനൗന്‍സര്‍ വാഗ്മി എന്നതിനു പകരം വാല്‍മീകി എന്നാണ് വെച്ച് കാച്ചുന്നത്. അബദ്ധം പറ്റിയതാകാമെന്ന് ആദ്യം വിചാരിച്ചെങ്കിലും അത് തന്നെ ആവര്‍ത്തിക്കുന്നത് കേട്ടപ്പോള്‍ പ്രൊഫഷണല്‍ അനൗണ്‍സറായ ഇഷ്ടന്റെ സ്ഥിരം പ്രയോഗം തന്നെയാണതെന്ന് മനസ്സിലായി.
’’ഇന്നലെ ചെയ്തൊരബദ്ധം നാളത്തെയാചാരമാകാം..’’എന്ന് ആശാന്‍ പറഞ്ഞതു പോലെ നാളെ വാഗ്മി വാല്‍മീകിയാകില്ലെന്ന് ആരു കണ്ടു?
വാല്‍മീകിയല്ല, വാഗ്മിയാണ് ശരിയെന്ന് തിരുത്തിക്കൊടുത്താലോ എന്ന് ഞാന്‍ ആലോചിച്ചു.
വേണ്ട ഒത്തു തീര്‍പ്പിന് ചെല്ലുന്ന മദ്ധ്യസ്ഥന്‍മാര്‍ക്ക് അടി കിട്ടുന്ന കാലമാണ്. മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. വാല്‍മീകിയെങ്കില്‍ വാല്‍മീകി. ഏതായാലും ഈ വാല്‍മീകിയുടെ പ്രസംഗം കേള്‍ക്കണമെന്ന് കുറെ നാളായി വിചാരിക്കുന്നതാണ്. സമ്മേളനത്തില്‍ മുഖ്യപ്രസംഗം അദ്ദേഹമാണെന്നാണ് അറിയിപ്പ്. ഏതായാലും കേട്ടിട്ട് തന്നെ ബാക്കി കാര്യം.
സംഭവദിവസം നേരത്തെ തന്നെ ചക്കരക്കുളം മൈതാനി ലക്ഷ്യമാക്കി വെച്ചു പിടിച്ചു. സദസ്സില്‍ നിറയെ ആളുണ്ട്. മുഖ്യ വാല്‍മീകിയുടെ പ്രസംഗം കേള്‍ക്കാന്‍ വന്നതാണെന്ന് വ്യക്തം. പറഞ്ഞതില്‍ നീന്നും ഏകദേശം തൊണ്ണൂറ് മിനിറ്റ് മാത്രം വൈകി സമ്മേളന നടപടികള്‍ ആരംഭിച്ചു. ഈശ്വരപ്രാര്‍ത്ഥന കഴിഞ്ഞ് സ്വാഗതം തുടങ്ങി. ഏകദേശം ഒരു മണിക്കൂറോളം വിവിധ വിഷയങ്ങളില്‍ ഒന്ന് കണ്ണോടിക്കുക മാത്രം ചെയ്തിട്ടാണ് സ്വാഗതന്‍ തന്നെ ഏല്‍പ്പിച്ച കര്‍ത്തവ്യത്തിലേക്ക് സദസ്സിന്റെ അനുവാദത്തോടെ വിനയപൂര്‍വ്വം കടന്നത്.
അപ്പോഴേക്ക് മുഖ്യ പ്രസംഗകന്‍ അസ്വസ്ഥതയോടെ അങ്ങുമിങ്ങും നോക്കുന്നുണ്ടായിരുന്നു. മുഖ്യപ്രസംഗം വരാന്‍ ഉപക്രമം ഉള്‍പ്പെടെ എന്തെല്ലാം അക്രമം ഇനി കഴിയണമെന്ന് ഓര്‍ത്തായിരിക്കാം. ഉപക്രമത്തില്‍ അദ്ധ്യക്ഷന്‍ അരമണിക്കൂര്‍ കൊണ്ട് എല്ലാം ക്രമപ്പെടുത്തി ബാക്കി ഉപസംഹാരത്തില്‍ സംഹരിച്ചു കൊള്ളാമെന്ന മുന്നറിയിപ്പോടെ മൈക്ക് ഉല്‍ഘാടകനെ ഏല്‍പ്പിച്ചു. സ്വാഗതനെക്കാളും ഉപക്രമനെക്കാളും ഒട്ടും മോശമാകരുതെന്ന മട്ടില്‍ ഏകദേശം ഒന്നര മണിക്കൂര്‍ മാത്രമെടുത്ത് വിശദമായി സംസാരിക്കാന്‍ സമയമില്ലാത്തതിന്റെ ദു:ഖത്തോടെ ആ മാന്യദേഹം പ്രസംഗം അവസാനിപ്പിച്ചു. തുടര്‍ന്ന് നാലഞ്ച് ആശംസാപ്രാസംഗികരുടെ ശക്തിപ്രകടനം കൂടി നടന്നു. പലരും ഉറക്കത്തിലേക്ക് വഴുതി വീഴാന്‍ തുടങ്ങിയ ആ ശുഭമുഹൂര്‍ത്തത്തില്‍ സുപ്രസിദ്ധ വാല്‍മീകി ഉല്‍ഘാടന പ്രസംഗത്തിനായി എഴുന്നേറ്റു.
‘’സുഹൃത്തുക്കളേ, പലപല മുഖ്യ പ്രസംഗങ്ങള്‍ കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനിയൊരു മുഖ്യപ്രസംഗത്തിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മുഖ്യമായും ഇക്കാര്യം പറയാനാണ് ഞാനെഴുന്നേറ്റത്. ഇനി പ്രസംഗിക്കാനും കേള്‍ക്കാനുമുള്ള സമയമല്ല, ഉറങ്ങാനും സ്വപ്നം കാണാനുമുള്ള സമയമാണ്, ഇത്രയും നേരം എന്നെ ഇവിടെയിരുത്തി പല പല മുഖ്യപ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അവസരമുണ്ടാക്കി തന്നതിന് പ്രത്യേക നന്ദി ..നമസ്ക്കാരം.. ശുഭരാത്രി.’’
ഇത്രയും പറഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ മുഖ്യപ്രസംഗകന്‍ അവസാനിപ്പിച്ചു. ഒരു വാല്‍മീകിയുടെ മുഖ്യപ്രസംഗം കേള്‍ക്കാന്‍ വന്നിട്ട് പല വാല്‍മീകിമാരുടെ മുഖ്യപ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞ നിര്‍വൃതിയോടെ സദസ്യരും സ്ഥലം കാലിയാക്കി. എല്ലാവരും പിരിയാന്‍ തുടങ്ങിയതു കൊണ്ടാകാം കൃതജ്ഞതക്കാരന്‍ മാത്രം മുഖ്യ പ്രസംഗം നടത്തിയില്ല..
ഇങ്ങനെയാണ് മുഖ്യപ്രസംഗകന്‍ ഉണ്ടാകുന്നത്..