പ്രശസ്ത തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ (75) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ തിരുനല്‍വേലിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ച് മണിക്ക് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
1944 സെപ്റ്റംബര്‍ 26-ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്താണ് മുഹമ്മദ് മീരാന്‍ ജനിച്ചത്. മലയാളത്തില്‍ എഴുതി അത് തമിഴിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ദക്ഷിണേന്ത്യയിലെ സവിശേഷ സാമൂഹിക-സാംസ്‌കാരിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ മുഖ്യപങ്കു വഹിച്ച അദ്ദേഹം മലയാളം, തമിഴ്, അറബി മലയാളം, അറബി തമിഴ് സാഹിത്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കുവാനും അവയ്ക്കിടയിലെ ആശയസംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുവാനും പരിശ്രമം നടത്തിയ സാഹിത്യകാരനായിരുന്നു.
ചായ്‌വു നാര്‍ക്കാലി എന്ന നോവലാണ് 1997-ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായത്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുറൈമുഖം, കൂനന്‍തോപ്പ്, അന്‍പുക്ക് മുതുമൈ ഇല്ലൈ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഹുസ്‌നു ജമാല്‍ (മോയിന്‍കുട്ടി വൈദ്യര്‍), ദൈവത്തിന്റെ കണ്ണ് (എന്‍.പി മുഹമ്മദ്), വൈക്കം മുഹമ്മദ് ബഷീറിന്‍ വാഴ്‌കൈ വരലാറ് (എം.എന്‍. കാരശ്ശേരി), തൃക്കൊട്ടിയൂര്‍ കുരുണവേല്‍(യു.എ. ഖാദര്‍), മീസാന്‍ കര്‍ക്കളിന്‍ കാവല്‍ (പി.കെ. പാറക്കടവ്) എന്നിവ മീരാന്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളാണ്. വിസ്മരിക്കപ്പെട്ടവര്‍ എന്ന പേരില്‍ മലയാളത്തില്‍ ഒരു നോവല്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
Click this button or press Ctrl+G to toggle between Malayalam and English