മൃഗശിക്ഷകന്‍ വീണ്ടും വായിക്കുമ്പോള്‍

മലയാള കവിതാ ലോകത്തെ പ്രകാശവലയങ്ങളിലൊന്നും  പെടാതെ വഴിമാറി നടക്കുവാനാണ് ശ്രീമതി വിജയലക്ഷ്മി എന്നും ശ്രമിച്ചത്. കഠിന യാഥാർത്ഥ്യങ്ങളെ നേരിട്ട് ജീവിതസ്വാതന്ത്ര്യത്തിന്റെ തുറസ്സായ ആകാശത്തിലേക്ക് തന്റെ സ്വത്വത്തെ അവർ പറത്തിവിട്ടു. അതികാമനയുടെ തീക്ഷ്ണനിനാദങ്ങൾക്കു പകരം സംയമത്തിന്റെ മന്ദ്രസ്വരമാണ് അവർ തന്റെ കവിതയിലൂടെ കേൾപ്പിച്ചത്.അതിനാൽ തന്നെ വിജയലക്ഷ്മിയുടെ കവിതകൾ വാദകോലാഹലങ്ങൾക്ക് ഇടം നൽകിയില്ല. പകരം അനുവാചകമനസ്സിനെ  അസ്വസ്ഥമാക്കിക്കൊണ്ട് നിരന്തരമനനത്തിന് സ്വയം വിധേയമായി.

മൃഗശിക്ഷകൻ , തച്ചന്റെ മകൾ , മഴ തൻ മറ്റേതോ മുഖം , മുതലായ കവിതകൾ  പരക്കെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്.

1991ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘മൃഗശിക്ഷകൻ ആശയത്തിന്റെ ബഹുസ്വരത കൊണ്ട്   നിരൂപകശ്രദ്ധ നേടി. അതിശക്തനായിരുന്നിട്ടും ഭയം കൊണ്ടു മാത്രം സ്വത്വബോധം ഒളിപ്പിച്ചു ശിക്ഷിതജീവിതത്തിന് വഴിപ്പെടുന്ന മൃഗരാജന്റെ ജീവിതം   രൂപകമാക്കിയാണ് കവയിത്രി കവിത രചിച്ചിരിക്കുന്നത്. പ്രകൃതി , സംസ്കാരം , രാഷ്ട്രം , ഭാഷ , സ്ത്രീത്വം , പുഴ , എന്നിങ്ങനെ പല തലത്തിലേക്ക് അന്വയിക്കാം ഈ രൂപകത്തെ. ഇവിടെ ഈ കവിതയുടെ സ്ത്രീപക്ഷവായനയ്ക്കാണ്  ശ്രമിക്കുന്നത്. സ്ത്രീയുള്ളിടത്തോളം   ഒന്നിന്റേയും സ്ത്രീപക്ഷ വീക്ഷണത്തിന് പ്രസക്തി മങ്ങുന്നില്ല എന്ന ഉറപ്പിൽ.

‘ഭയമാണങ്ങയെ ‘ എന്ന തുടക്കം തന്നെ കവിതയിലേക്കുള്ള വാതിലാണ്. വലയത്തിനു പുറത്തേക്കു ചാടാനും ശിക്ഷകനെ ശിക്ഷിക്കാനും കരുത്തും ശൗര്യവും ഉള്ള മൃഗം തന്റെ കാമനകളെ ,  കിനാവിനെപ്പോലും അടക്കി തീവലയത്തിലൂടെ ചാടാൻ സ്വയം പാകപ്പെടുന്നത് ഭയം ഒന്നു കൊണ്ടു മാത്രമാണ്‌. തന്റെ ശിക്ഷകന് തന്റെ നേർക്ക് അല്പമെങ്കിലും ആർദ്രഭാവമുണ്ടോ എന്ന് ചിന്തിക്കുവാൻ പോലും അത്  ധൈര്യപ്പെടുന്നില്ല.
” വനത്തിലേക്കെന്റെ വപുസ്സു പായുവാൻ
വിറയ്ക്കുന്നു , പക്ഷേ നിറകൺമുന്നിലീ –
ച്ചുവന്ന തീച്ചക്രം , വലയത്തിന്നക-
ത്തിടം വലം നോക്കാതെടുത്തു ചാടണം!
ഇതെത്രകാലമായ് , പഠിച്ചു ഞാൻ , പക്ഷേ
ഇടയ്ക്കെൻ തൃഷ്ണകൾ കുതറിച്ചാടുന്നു. ”
എന്ന വരികളിൽ ഗോത്രമനസ്സിന്റെ  സ്വാതന്ത്ര്യാഭിവാഞ്ഛയും  ബലമായി അടക്കി നിർത്തപ്പെടുന്നതിലെ അമർഷവും ഗത്യന്തരമില്ലായ്മയും വേദനയും എല്ലാം വായിക്കാം.

സ്ത്രീയുടെ  സാമൂഹ്യബോധവും ഇങ്ങനെയാണ്. തന്റെ വ്യക്തിത്വത്തെ തിരിച്ചറിയാനായാലും സകലശക്തിയും അവൾ സംഭരിക്കുന്നത് സമൂഹത്തിൽ ശുക്രനക്ഷത്രമായി ഉദിച്ചുയരാനല്ല .  സഹനത്തിലേക്കാണ് അവൾ അവളെത്തന്നെ അന്വയിക്കുന്നത്.സർവ്വംസഹയാകുവാനാണ് തന്റെ ജൻമനിയോഗം എന്ന് ഓരോ സ്ത്രീയും കരുതിപ്പോകുന്നു. സഹനത്തിന്റെ തീവലയത്തിലൂടെ ചാടാനാണ് സമൂഹം അവളെ പാകപ്പെടുത്തുന്നത്. സമൂഹം വരച്ചിട്ട ലക്ഷ്മണരേഖയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ് സ്ത്രീയുടെ സ്വത്വബോധം.

‘അപൂർവ്വസുന്ദരഗഭീരമായ ‘ തന്റെ മുഖം പ്രതിബിംബിക്കുന്ന അരുവിയും പ്രിയയുമൊത്തുള്ള സുഖനിമിഷങ്ങളും കുരുന്നുകളുടെ കളിമ്പവും കവിതയിലെ  മൃഗത്തെ വനസ്ഥലിയുടെ ശീതളച്ഛായയിലേക്ക് ചിലപ്പോഴെങ്കിലും വലിച്ചെടുക്കുന്നുണ്ട്. അപ്പോഴെല്ലാം താനൊരു അടിമമൃഗമാണ് എന്ന ക്രൂരമായ തിരിച്ചറിവിലേക്ക് ശിക്ഷകന്റെ ചാട്ടവാർ ശീല്ക്കാരം അവനെ അടിച്ചമർത്തുന്നു. ശിക്ഷകന്റെ രൂക്ഷനേത്രം പ്രാചീനമായ അടിമഭാവത്തിലേക്ക് , ഭയത്തിലേക്ക് മൃഗത്തെ തിരിച്ചെത്തിക്കുന്നു. ഇത് സ്ത്രീയുടെ സ്വത്വാംശം തന്നെയാണ്. രക്തത്തിൽ എന്നോ കലർന്നു പോയ അധഃസ്ഥിതി വികാരം.

പാവയല്ല താനെന്നും  തന്നെ മെരുക്കിയൊതുക്കുകയാണെന്നും കവിതയിലെ മൃഗത്തിനറിയാം .  ശിക്ഷകനെ മാത്രമല്ല , തീവലയത്തിലൂടെയുള്ള തന്റെ ചാട്ടം കണ്ടു രസിക്കുന്ന കാണികളെയെല്ലാം തന്നെ കൊന്നുതിന്നുവാനുള്ള  അമർഷം അവന്റെ സിരകളിൽ പുകയുന്നുണ്ട്. തന്നെ സംഭീതനാക്കുന്ന തേജസ്സുറ്റ നയനങ്ങൾ പിഴുതു മാറ്റാൻ അവനാഗ്രഹമുണ്ട്. പക്ഷേ ഭയം എല്ലാറ്റിനും മീതേ അവനെ കീഴ്പ്പെടുത്തുന്നു. വീണ്ടും അടിമജീവിതത്തിന് അവൻ സ്വയം വിധേയനാകുന്നു.

” അരുതു നോക്കുവാനതിതേജസ്വിയെ  –
ച്ചുഴിഞ്ഞു നോക്കിയാലുടയും കണ്ണുകൾ.
അതിൻ മുൻപീ നഖമുനകളാൽതന്നെ
ഇനിയീക്കൺകൾ ഞാൻ പിഴുതു മാറ്റട്ടെ”

എന്നാണ് അവൻ സ്വയം വരിക്കുന്ന വിധി
സ്ത്രീയും ഇതു തന്നെയാണ് ചെയ്യുന്നത്. സർവ്വശക്തയും സൃഷ്ടികാരിണിയും ഒക്കെയായ സ്ത്രീ തന്റെ വ്യക്തിത്വത്തെ മനപ്പൂർവ്വം മറച്ചു വയ്ക്കുന്നു. തന്റെ വികാരവിചാരങ്ങൾക്കെല്ലാം കടിഞ്ഞാണിട്ട് സ്വപ്രകൃതിയിൽ നിന്ന് തന്നെത്തന്നെ പിഴുതു മാറ്റി അവൾ ആരുടെയൊക്കെയോ ചാട്ടവാറിനെ പേടിച്ച് ഒതുങ്ങുന്നു. നൂറ്റാണ്ടുകളായി ശീലിച്ചു  വന്ന  ഭയത്തിൽ നിന്ന് സ്വന്തം ചേതനയെ മോചിപ്പിക്കാൻ സ്ത്രീ തയ്യാറാവുന്നില്ല. അതിശക്ത  അശക്തയുടെ മൂടുപടം വലിച്ചിടുന്നു. സ്വപ്നങ്ങളിൽ നിന്നു പോലും വിലങ്ങിമാറുന്നു. ഭീതിയുടെ കൂട്ടിൽ കുടുങ്ങുവാൻ ഇനി വയ്യ എന്നു പറയുമ്പോഴും ത്രസിക്കുന്ന തൃഷ്ണയെ  ഉള്ളിലും ഉടലിലും അറിയുമ്പോഴും അവൾ കുനിഞ്ഞിരിക്കുന്നു. തീവലയത്തിലൂടെ ചാടാൻ തയ്യാറാവുന്നു.

” അതിനും വയ്യല്ലോ ! ഭയം , ഭയം മാത്ര-
മടിമ ഞാൻ , തോറ്റൂ , കുനിഞ്ഞിരിക്കുന്നു
മുതുകിൽ നിൻ ചാട്ടയുലച്ചു കൊള്ളുക
വലയത്തിൽ ചാടാനുണർന്നിരിപ്പു ഞാൻ”
എന്ന് അവൾ തളർന്നു പോകുകയാണ്.
‘മൃഗശിക്ഷക’ന് ഇത്തരമൊരു സ്ത്രീപക്ഷ വായന സാദ്ധ്യമാകുമ്പോഴും സ്വാതന്ത്ര്യത്തിന്റെയും ശക്തിയുടെയും സ്വതന്ത്രചോദനയുടെയും പ്രതീകമായി കവയിത്രി സ്വീകരിക്കുന്നത് ആൺമൃഗത്തെയാണ് എന്നത് വിരോധാഭാസമാണ്. ഉള്ളുലയ്ക്കുന്ന പാരതന്ത്ര്യത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലേക്ക് പെൺമ ചിറകടിച്ചുയരണമെങ്കിൽ അവൾ കാണുന്ന പ്രതിബിംബം അവളുടേതു തന്നെയാകണം. കണ്ണാടിയിൽ കാണുന്നത് മറ്റാരോ മുൻകൂട്ടി വരച്ചു വച്ച ചിത്രമാകരുത്.
സ്നേഹത്തിനു വശംവദയായ പെണ്ണ്  സ്നേഹിതന്റെ ഇഷ്ടങ്ങൾക്കൊത്തല്ല തന്നെത്തന്നെ മാറ്റിയെടുക്കുന്നത് , അനിഷ്ടങ്ങൾക്കനുസരിച്ചാണ് എന്നതാണ് ക്രൂരമായ യാഥാർത്ഥ്യം.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here