മൃണാൾദാ മുയലിനെപ്പോലെ നടക്കുന്നു: ലിജീഷ് കുമാർ

 

ഇന്ത്യൻ സിനിമ ചരിത്രത്തിലെ മഹാരഥന്മാരിൽ ഒരാളായ മൃണാൽ സെൻ വിടവാങ്ങി. ഇന്ത്യൻ നവതരംഗ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ക്രാന്തദർശിയെ സ്മരിക്കുകയാണ് എഴുത്തുകാരനും, സിനിമ നിരൂപകനുമായ ലേഖകൻ

ലിയോൺ, ഫ്രാൻസിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരം. കൊല്ലം 1895, ദിവസം മാർച്ച് 19. ലിയോണിലെ ഒരു ചെറിയ ഫാക്ടറിയുടെ മുമ്പിൽ നിന്ന് ലോകം അന്നോളം കേൾക്കാത്ത രണ്ട് വാക്കുകൾ രണ്ട് മനുഷ്യർ വിളിച്ച് പറഞ്ഞു, ”സ്റ്റാർട്ട് ക്യാമറ, ആക്ഷൻ !!” തൊഴിലാളികൾ പതിയെ പുറത്തേക്ക് നടന്നു. ലൂമിയർമാരുടെ ക്യാമറയിലേക്ക്, ലോക സിനിമയുടെ ചരിത്രത്തിലേക്ക്. ആദ്യ സിനിമയുടെ ആദ്യഷോട്ട് !

ലിയോണിലെ ഇൻസ്റ്റിറ്റ്യൂട്ട് ലൂമിയറിൽ ഇന്നും ആ ദിവസം ഉൽസവ ദിവസമാണ്. 1995 ൽ സിനിമ നൂറു വയസ്സ് ആഘോഷിച്ച മാർച്ച് 19 ന് ലോകത്തെ മുപ്പത് രാജ്യങ്ങളിൽ നിന്ന് പ്രതിഭാധനരായ സംവിധായകരെ ഫ്രഞ്ച് ഗവൺമെന്റ് ലിയോണിലേക്ക് ക്ഷണിച്ചു. ഒരാൾ ഇന്ത്യയിൽ നിന്നുമുണ്ട്, ലോകത്തെ പ്രതിഭാധനരായ മുപ്പത് പേരിലൊരാൾ ! അയാളിലേക്ക് വരാം. ഇപ്പോൾ നമുക്ക് ലിയോണിലെ തയ്യാറെടുപ്പുകൾ നോക്കാം. പഴയ ഫാക്ടറി അവർ സെറ്റിട്ടെടുത്തു. ലോക പ്രശസ്തരായ ആ സംവിധായകർ പഴയ തൊഴിലാളികളുടെ വേഷമണിഞ്ഞു. അവരെ ഒപ്പിയെടുക്കാൻ അമ്പത് ക്യാമറകൾ, മുമ്പിൽ മുഖ്യ ക്യാമറമാനായി ലൂയിസ് ലൂമിയറിന്റെ ചെറുമകൻ. ഫ്രഞ്ച് സംസ്കാരിക മന്ത്രി വിളിച്ചു പറഞ്ഞു, ”സ്റ്റാർട്ട് ക്യാമറ, ആക്ഷൻ !!” സംവിധായകർ പുറത്തേക്ക് നടന്നു. ലിയോണിലെ തെരുവുകളിൽ ഉത്സവമേളം മുഴങ്ങി.

കൂട്ടത്തിൽ ഏറ്റവും വേഗം നടന്ന മനുഷ്യനെ നോക്കി വിഖ്യാത ഹോളിവുഡ് സംവിധായകൻ ആൻഡ്രേ ഡി ടോത്ത് പറഞ്ഞു, ”മൃണാൾ, നിങ്ങൾ ഒരു മുയലിനെപ്പോലെ നടക്കുന്നു !” ചിരിച്ചു കൊണ്ട് മൃണാൾ സെൻ മറുപടി പറഞ്ഞു, ”എന്റെ ശവഘോഷയാത്രയിലും ഞാൻ ഇതേ വേഗത നിലനിർത്തും.”

നാളെ കൊൽക്കത്തയുടെ തെരുവുകളിലൂടെ മൃണാൾ ദായുടെ ശവഘോഷയാത്ര നീങ്ങും. ഇന്ത്യന്‍ ആര്‍ട്ട് ഹൗസ് സിനിമയിലെ അതികായകനെ അവസാനമായി കാണാൻ അതിൽ ജനങ്ങളുടെ തിങ്ങിക്കയറ്റമുണ്ടാകും. അതിലൂടെ മൃണാൾ ദായുടെ ശവവണ്ടി മുയലിനെപ്പോലെ ചാടിച്ചാടി എങ്ങനെ നീങ്ങും.

ഓൾവെയ്സ് ബീംഗ് ബോൺ എന്നൊരു വരിയുണ്ട് നെരൂദയുടെ കവിതയിൽ, നിരന്തര ജനനം. മൃണാൾ സെന്നിന്റെ ആത്മകഥയുടെ പേരതാണ്. അവസാനിക്കില്ല മൃണാൾസെൻ. ഒരിതിഹാസവും അവസാനിച്ച ചരിത്രമില്ല, അവ പിന്നെയും പിന്നെയും ജനിച്ച് കൊണ്ടേയിരിക്കും. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തിന് ലാൽസലാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here