അമ്മമേഘം

 

 

 

ഒരിക്കൽപോലും ആരോടും പറയാതെ കൊണ്ടുനടക്കുന്ന ഒരു രഹസ്യമുണ്ട് എന്‍റെ ചോറ്റു പാത്രത്തിൽ. ചില ഉപ്പ് കൂടുതലുകളിലോ രുചികുറവുകളിലുമായി ഞാൻ വിഴുങ്ങി ഒതുക്കാറുള്ള ചില നോവുകളുമാണ് അതിൽ. പങ്ക് വച്ചു വേണം ഭക്ഷണംകഴിക്കാനെന്ന സതുപദേശമൊരിക്കൽ പോലും പാലിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ എന്നതിൽ സ്വല്പം പോലും കുറ്റബോധമോ ലജ്ജയോ എന്നെ തൊട്ടു തീണ്ടാറില്ല .
അമ്മ കെട്ടി തരുന്ന ചോറു പാത്രത്തിലെ ഓരോ നിറങ്ങളിലും അമ്മയുടെ നോവുകളും വിയർപ്പു കണങ്ങളും ഒരുപക്ഷെ ചില ജീവിത യാഥാർഥ്യങ്ങളും അറിയാതെ പെട്ടു പോവാറുണ്ട് ന്ന് തിരിച്ചറിഞ്ഞ ദിവസം തൊട്ടാവണം പങ്കു വയ്ക്കലിന്റെ മഹത്വവും ആഡംബരവും ഞാൻ വേണ്ടാന്ന് വച്ചത് എന്ന് തോന്നിപോവാറുണ്ട്.. പ്രൗഡഗംഭീരമായ കറികൂട്ടങ്ങൾ ഒരിക്കൽപോലും എന്റെ ചോറുപാത്രത്തിന്റെ ഇത്തിരി വട്ടത്തിലേക്ക് എത്തി നോക്കാറില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം.
വലിയ ചോറ്റു പാത്രത്തിന്റെ വട്ടം നികത്താൻ അമ്മ കഷ്ടപ്പെടുന്നത് കണ്ട അന്നുമുതൽ ഞാൻ അമ്മയോട് വഴക്കിട്ടു,
“ഞാൻ dietലാന്ന് അമ്മയ്ക്കറിഞ്ഞുടെ, ഇത്രേം ഒന്നും നിക്ക് വേണ്ടാ”

മക്കളെ ഊട്ടുന്നതിനിടക്ക് മറന്നു പോയൊരു അമ്മവിശപ്പിനെയോ അധികമായ വീട്ടുജോലികളെയോ അമ്മയുടെ മെലിഞ്ഞുണങ്ങിയ ശരീരവും കറ പടർന്ന കവിളുകളോ നോക്കി “ഇതെന്തു കോലാ യാതൊരു ഭംഗിയും ഇല്ലാലോ”ന്ന് ആഭരണ വിഭുഷിതയായ ആ സ്ത്രീ ചോദിക്കും വരെ ഞാൻ ഗൗനിച്ചിരുന്നതേ ഇല്ല എന്നു തോന്നി പോവുന്നു !!
ഇരുണ്ടു കൂടിയ സങ്കടമേഘങ്ങൾ മറച്ച് എന്റെ അടുത്തേക്ക് അമ്മ ചേർന്നു നിന്നപ്പോഴെന്തുകൊണ്ടോ എനിക്ക് ഓർമ വന്നു. പണ്ടൊരു വേനലവധി കാലത്ത് വായിച്ച മാധവി കുട്ടിയുടെ കവിത.
“അമ്മേ.. അമ്മയൊരു കൊലാട് തന്നെ..!! “

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

Leave a Reply to Rajani KK Cancel reply

Please enter your comment!
Please enter your name here