വൃദ്ധസദനത്തിൽ നിന്നാളുവന്ന്
കൂട്ടിക്കൊണ്ടുപോകും
നോക്കിക്കോ.
ഗേറ്റിലേക്കു തുറിച്ചുനോക്കുമ്പോൾ
തുറന്നുപോകുന്ന വായിലേക്ക്
ഒരു ചെറിയൊരുളയെങ്കിലത്.
ഇല്ല, നല്ല അമ്മമാരെയൊന്നും
അവരു കൊണ്ടുപോകില്ല.
അടുത്തയുരുളയതിനടുത്തത്
അതോടെയങ്ങു വഴിമുട്ടി.
പണ്ടുപണ്ടൊരു നല്ലയമ്മ
ഉണ്ടായിരുന്നു കേട്ടോ.
നല്ലയമ്മ എന്നു വിളി കേൾക്കാൻ
വയറുനിറച്ചുണ്ണുമായിരുന്നേ.
പിന്നെപ്പിന്നെ ഉണ്ണാതായപ്പോ
വൃദ്ധസദനക്കാര് വന്നേ.
ഉണ്ണാത്ത അമ്മേ ഞങ്ങളെന്നാല്
കൊണ്ടോയ്ക്കോളാന്ന്.
ഇപ്പോഴും നല്ല അമ്മ തന്ന്യാ
നോക്കിക്കോള്ട്ടോ വാതുറന്ന്
നിറയെ ഉരുള ഉണ്ണുന്നത്.
അപ്പോൾ തുറിക്കുന്ന കണ്ണിനൊപ്പം
വിടർന്ന വായിലേക്ക് ചെറിയേ ഒരുരുള.
പ്രേയസി സീരിയലിലെ സുഭദ്രാമ്മയ്ക്ക്
ഒരമ്മയുണ്ടായിരുന്നേ, ഒരു തങ്കമ്മ.
എന്നിട്ടെന്താ, മോള് പിണങ്ങിപ്പിരിഞ്ഞ്
പോയേപ്പിന്നെ ഒറ്റയ്ക്കായില്ലേ.
എങ്ങനെ വളർത്തീതായിരുന്നു.
പിണങ്ങിപ്പോവാനിപ്പോന്താണ്ടായേ.
എന്താണുണ്ടായെതെന്നു കേൾക്കാൻ
കാത്തിട്ടെന്ന പോലെ ഒരുരുള.
അയലത്തെ ചന്ദ്രമതി പറയുകയായ്ര്ന്നേ.
എന്താ, ചന്ദ്രമതി പറഞ്ഞതെന്ന്
അറിയാൻ അടുത്തൊരുരുള.
ചന്ദ്രമതി എന്തുപറഞ്ഞിട്ടെന്താ
ചപ്പിക്കിടക്കുകയാണ് വയറ്.
മുമ്പൊക്കെ ഒരു കഥയ്ക്കു തന്നെ
നിറച്ചുണ്ണുമായിരുന്നു.
കഥയുടെ വയറും
ഒട്ടിക്കിടക്കുന്നുണ്ടാകും.
Click this button or press Ctrl+G to toggle between Malayalam and English