അനുപമം ഈ മാതൃസ്നേഹം

ഈ കരച്ചിൽ സാന്താപത്തിന്റെയോ, സന്തോഷത്തിന്റേയോ അല്ല. ആരോ പഠിപ്പിച്ചതോ, പറഞ്ഞു ചെയ്യിയ്ക്കുന്നതോ അല്ല. ഇതൊരു പ്രപഞ്ച സത്യമാകുന്നു. പ്രകൃതിയും ഒരു പുതു ജീവനും കണ്ടുമുട്ടുന്ന അനുഭൂതി. ഒരു സ്ത്രീ തന്റെ ജീവിതത്തിൽ കേൾക്കാൻ ആഗ്രഹിയ്ക്കുന്ന, അവളിൽ മാതൃത്വം ചുരത്തപ്പെടുന്ന, ഒരമ്മയുടെ ജീവിത സങ്കൽപ്പങ്ങളുടെ വാതായനങ്ങൾ തുറക്കപ്പെടുന്ന, ഒരു മാതാവിലെ പ്രതീക്ഷകളുടെ മൊട്ടുകൾ വിടർന്ന് മനസ്സൊരു പലവർണ്ണ പുഷ്പങ്ങൾ നിറഞ ഒരു പൂങ്കാവനമാകുന്ന നിമിഷമാണ് നവജാത ശിശുവിന്റെ കരച്ചിൽ. കൗമാര പ്രായത്തിൽ ഒരു പെൺകുട്ടി വിവാഹത്തെകുറിച്ച് സ്വപനം കാണുമ്പോൾ ആ സ്വപ്നം അതിന്റെ പൂർണ്ണാവസ്ഥയിൽ എത്തുന്നത് താലോലിച്ച് വളർത്താൻ ഒരു കുഞ്ഞു എന്ന അവസ്ഥയിലാണ്. തന്റെ ഉദരത്തിൽ ഒരു ജീവൻ ഉത്ഭവിച്ച് കഴിഞ്ഞാൽ അവളിലെ ഓരോ ചിന്തകളും പിറക്കാനിരിയ്ക്കുന്ന കുഞ്ഞിനെ കുറിച്ചാകുന്നു. ഒമ്പത് മാസക്കാലം അവൾ അനുഭവിയ്ക്കുന്ന എല്ലാ ശാരീരികമായ ബുദ്ധിമുട്ടുകളും, പ്രസവ നോവും അവൾ കുഞ്ഞിന്റെ ആദ്യ കരച്ചിൽ കേൾക്കുമ്പോഴുണ്ടാകുന്ന നിർവൃതിയിൽ മറക്കുന്നു
ജന്മദിവസത്തെക്കുറിച്ച് ഡോ. എ പി ജെ അബ്ദുൽ കലാം ഇങ്ങിനെ പറഞ്ഞു ‘ “The only day in your life your mother smiled when you cried”. ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ യഥാർത്ഥ അമ്മയ്ക്ക് ചിരിയ്ക്കാൻ കഴിയുന്നത് കുഞ്ഞിന്റെ ജനിച്ചു വീഴുന്ന കരച്ചിൽ കേൾക്കുമ്പോൾ മാത്രമാണ് .അതല്ലാതെ ഒരു സാഹചര്യത്തിലും മക്കൾ കരയുന്നത് സഹിയ്ക്കാൻ ശരിയായ ഒരു മാതൃ ഹൃദയത്തിനു കഴിയില്ല.

മാതാവിലൂടെ അല്ലെങ്കിൽ ഒരു അമ്മയിലൂടെ മാത്രം സംഭാവ്യമാകുന്ന ‘ജനനം’ എന്ന പ്രപഞ്ച പ്രക്രിയ. പ്രകൃതിയിൽ, മനുഷ്യനോ, മൃഗമോ ആകട്ടെ ഒരു ജീവൻ ഉത്ഭവിച്ചിട്ടുണ്ടെങ്കിൽ അത് ‘അമ്മ എന്ന സത്യത്തിലൂടെ മാത്രം സംജാതമാകുന്നു. ഓരോ ജീവനും തന്റെ അമ്മയുടെ വാത്സല്യം അനുപമമാണ് അതുപോലെതന്നെ ഒരുപെറ്റമ്മയ്ക്ക് തന്റെ ഉദരത്തിൽ ഉത്ഭവിച്ച ജീവൻ കള്ളനോ, ദുഷ്ടനോ, ക്രൂരനോ അല്ലെങ്കിൽ അംഗ വൈകല്യമുള്ളവനോ, ബുദ്ധിയില്ലാത്തതോ ആയാലും തന്റെ കുഞ്ഞു എന്നും അരുമതന്നെ. ഒരിയ്ക്കലും പകരം നൽകാനോ, കൊടുത്തുതീർക്കാനോ, പറഞ്ഞു അവസാനിപ്പിയ്ക്കാനോ കഴിയാത്ത ബന്ധമാണ് ഒരു ജീവന് ‘അമ്മ. എത്ര പറഞ്ഞാലും, എത്ര വർണ്ണിച്ചാലും വാക്കുകൾകൊണ്ട് മാത്രം പൂർണ്ണത വരാത്ത പദം ‘അമ്മ’

മുംബൈയിലും, പല ഗ്ലോബൽ മീഡിയകളിലും, മാധ്യമങ്ങളിലും പ്രശസ്തനായ ശ്രീ തൊടുപുഴ കെ ശങ്കർ ‘അമ്മയും ഞാനും’ എന്ന തന്റെ കവിതാസമാഹാരത്തിൽ ഇരുപതിൽ പരം കവിതകൾ അമ്മയെകുറിച്ച് മാത്രം എഴുതിയിരിയ്ക്കുന്നു. ഈ കവിതാ സമാഹാരത്തിൽ ”അമ്മ എന്റെ ആദ്യബന്ധു’ എന്ന കവിതയിൽ അദ്ദേഹം എഴുതി “വീട്ടുവാനാകാത്തതീക്കടം വാടകവീടലല്ലമ്മേ, നിൻ ഗർഭപാത്രം! പത്തുമാസം മാത്രം താമസിച്ചെങ്കിലും ചത്തുപോകുംവരെ ഓർമ്മ നിൽക്കും!” അങ്ങനെ ഓരോ കവിയും കലാകാരനും അമ്മയെ കുറിച്ച് എഴുതിയിട്ടും വർണ്ണിച്ചിട്ടും അവസാനിയ്ക്കാത്ത ഒരു ആവനാഴിയാണ് മാതൃ സ്നേഹം.
ഒരുപക്ഷെ പാശ്ചാത്യ സംസ്കാരത്തെക്കാളും പാവനമായും അമൂല്യവുമായാണ് ഇന്ത്യൻ സംസ്കാരത്തിൽ അമ്മ എന്ന സത്യത്തെ കാണുന്നത്. ഒരു ജീവന്റെ ചുട്ടമുതൽ, ചുടലവരെ ഹൃത്തിൽ സുഗന്ധം പകരുന്ന, വാടാമലരായി മാതൃസ്നേഹം നിറഞ്ഞു നിൽക്കുന്നു. ഒരാൾ എത്ര വലിയവനായാലും ‘അമ്മ എന്ന സ്മരണയ്ക്ക് മുന്നിൽ എന്നും നിഷ്കളങ്കമായ ഒരു കുഞ്ഞാകുന്നു . ഒരുപക്ഷെ ഓരോരുത്തരിലും അലിഞ്ഞുചേർന്ന ഈ മാതൃസ്നേഹം തന്നെയാകാം നമ്മുടെ സംസ്കാരത്തിൽ അമ്മ എന്ന സങ്കൽപ്പത്തെ നിത്യഹരിതമാക്കുന്നത്.
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ നിർമലമായ ഈ മാതൃസ്നേഹത്തിനു മൂല്യച്ച്യുതി സംഭവിച്ചുവോ എന്ന് പല  സന്ദർഭങ്ങളിലും നമുക്ക് തോന്നിപോകാം. അവിഹിത ബന്ധങ്ങളിൽ പിറക്കുന്ന കുഞ്ഞുങ്ങളെ പൊതുസ്ഥലങ്ങളിലും, ചവിട്ടുകൊട്ടകളിലും ഉപേക്ഷിയ്ക്കപ്പെടുന്നതും, വിവാഹേതര ബന്ധങ്ങൾ കൂടുതൽ സുഖമമാക്കുന്നതിന് സ്വന്തം ഉദരത്തിൽ കുരുത്ത് തന്റെ രക്തത്തിൽ പിറന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തുന്നതും, ഒരു അമ്മയുടെ ചൂടും സ്നേഹവും ആവശ്യമുള്ളപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം സുഖം തേടി പോകുന്നതും അമ്മതന്നെ. ഇത്തരത്തിലുള്ള നിത്യ സംഭവങ്ങൾ അമ്മ എന്ന ദൈവികമായ പദം കളങ്കപ്പെടുത്തുന്നതും നിർമ്മലമായ മാതൃസ്നേഹത്തെ ചോദ്യം ചെയ്യുന്നതും ആകാം.
ജന്മം തന്നതിന് കണക്കുതീർത്ത് അമ്മമാരുടെ ശല്യം ഒഴിവാക്കുന്ന മക്കളും ഇന്ന് അമ്മ എന്ന പദത്തെ കളങ്കപ്പെടുത്തുന്നില്ലേ എന്ന് തോന്നിയേക്കാം. കൈ വളര്ന്നുവോ കാൽ വളരുന്നുവോ എന്ന് നോക്കി, ശരിയായ ആരോഗ്യത്തോടെ, തനിയ്ക്കാകുന്നതിനും ഉപരിയായി സാമ്പത്തിക പരാധീനതകൾ നികത്തി ആവശ്യമായ വിദ്യാഭ്യാസം നൽകി മക്കളെ ഉന്നത പദവികളിൽ എത്തിയ്ക്കുമ്പോൾ മാതാപിതാക്കളെ ഒന്ന് വന്നു കാണാൻ, അവരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ, എന്തിനേറെ അവർക്ക് ഒരു ഫോൺ വിളിച്ച് സംസാരിയ്ക്കാൻ വരെ സമയം കണ്ടെത്താൻ കഴിയാത്ത മക്കളെ കുറിച്ചുള്ള ദുഃഖങ്ങൾ കടിച്ചമർത്തി വാർദ്ധക്യം വേലക്കാർക്കൊപ്പം കഴിച്ചുകൂട്ടുന്ന മാതാപിതാക്കളെ സമൂഹത്തിൽ നമുക്ക് കാണാൻ കഴിഞ്ഞേക്കാം. അറിയപ്പെടാത്ത വഴികളിൽ , പള്ളികളിൽ, അമ്പലങ്ങളിൽ അമ്മയെ ഉപേക്ഷിച്ച് സ്വത്ത് കരസ്ഥമാക്കി സ്വന്തം കാര്യം നോക്കി സ്ഥലം വിടുന്ന മക്കളും, ഹൃദയത്തിൽ തന്റെ പ്രാണൻ പോലെ ഓരോ നിമിഷത്തിലും മക്കൾക്കുവേണ്ടി നൊമ്പരം കൊണ്ട ‘അമ്മയെ, മാതാപിതാക്കളെ അനാഥാലയത്തിൽ നിഷ്പ്രയാസം ഉപേക്ഷിയ്ക്കുന്ന മക്കളും ഇന്ന് സമൂഹത്തിലുണ്ട് എന്നതും മാതൃ വാത്സല്യത്തെ ചോദ്യം ചെയ്യപ്പെടുന്നതാണ്.
ഇത്തരം സംഭവങ്ങൾ ഈ കാലഘട്ടത്തിൽ മാത്രമല്ല പണ്ടുകാലങ്ങളിലും സംഭവിച്ചിരുന്നു എന്നാൽ ഇന്ന് മാധ്യമങ്ങളുടെ സ്വാധീനം കൂടുതൽ ഉള്ളതിനാൽ നല്ല സംഭവങ്ങളെക്കാൾ ഇത്തരം അനിശ്ചിത സംഭവങ്ങൾ കൂടുതൽ ശ്രദ്ധേയമാകുന്നു എന്നുമാത്രം. കഴിഞ്ഞ കാലഘട്ടത്തെക്കാൾ ഇന്ന് മക്കൾക്ക് മാതാപിതാക്കളോടോ, മാതാപിതാക്കൾക്ക് അച്ഛനമ്മമാരോടോ വാത്സല്യം നഷ്ടപ്പെടുന്നു എന്ന് തറപ്പിച്ച് പറയാനാകില്ല. ജീവിത സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് ജീവിത രീതി മാറിയെന്നിരിയ്ക്കാം. അനിശ്ചിതമായ സംഭവങ്ങൾ, ചില സംഭവങ്ങൾ മാത്രമാണ്. മനുഷ്യത്വം നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് മാത്രമേ ഇത്തരം അനിശ്ചിത സംഭവങ്ങൾക്ക് ഉത്തരവാദികളാകാൻ കഴിയൂ.

ദേവാലയങ്ങളേക്കാൾ പരിശുദ്ധമാണ് മാതൃ ഹൃദയം, ദേവാലയങ്ങളിൽ വാഴുന്ന ദൈവങ്ങളെക്കാളും ശക്തിയേറിയതും, സഹിയ്ക്കാനും പൊറുക്കാനും കഴിയപ്പെടുന്ന കാണപ്പെടുന്നതുമായ ദൈവമാണ് ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും, സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും ആകെ തുകയായ ഒരു മാതാവ്. ഓരോ കുഞ്ഞിന്റെയും ശരീരത്തിൽ, മനസ്സിൽ ഒരു വേദന പറ്റിയാൽ ആ വേദന കൂടുതൽ പ്രതിഫലിയ്ക്കുന്നത് മാതാവിന്റെ ഹൃദയത്തിലാണ്. ആ നെഞ്ചു പിടയുന്നത് മക്കൾക്ക് വേണ്ടിയാണ്, ആ പ്രാർത്ഥന എന്നും തന്റെ രക്തത്തിൽ നിന്നും ഉരുത്തിരിഞ്ഞ മറ്റൊരു ജീവനുവേണ്ടിയാണ്. തന്റെ അന്ത്യശ്വാസം വരെ ആ കണ്ണുകൾ കാണാൻ ആഗ്രഹിയ്ക്കുന്നത് മക്കളെയാണ്, മക്കളുടെ ചുണ്ടിലെ ചിരിയാണ്. ആ നിസ്വാർത്ഥ സ്നേഹം മക്കൾക്കുവേണ്ടി മാത്രമാണ്. ആ ശാസന നന്മയ്ക്കുവേണ്ടി മാത്രമാണ്, ആ സ്വാർത്ഥത മക്കൾ എന്ന് മാത്രമാണ്.
ഓരോ മനുഷ്യനും തന്റെ മനസ്സെന്ന ദേവാലയത്തിൽ പ്രതിഷ്ഠിയ്ക്കേണ്ടത് ‘അമ്മ എന്ന അനുപമമായ മാതൃ വാത്സല്യത്തെയാണ്. ആരാധന നടത്തേണ്ടത് ആ മനസ്സിന്റെ നന്മയെയാണ്. എന്നും സേവിയ്ക്കേണ്ടത് ആ പാദത്തെയാണ്. ‘അമ്മ എന്ന ചൈതന്യം എല്ലാ മനസ്സിലും ജീവ ചൈതന്യമായി നിറഞ്ഞു നിൽക്കും.
നമ്മൾ നമ്മുടെ മാതാപിതാക്കളെ സ്നേഹിയ്ക്കുന്നതിലൂടെ വരും തലമുറ നമ്മിലെ മാതാപിതാക്കളും സ്നേഹിയ്ക്കപ്പെടട്ടെ. നമ്മൾ നമ്മുടെ മാതാപിതാക്കളെ സ്നേഹിയ്ക്കുന്നതിലൂടെ വരും തലമുറകളാൽ നമ്മിലെ മാതാപിതാക്കളും സ്നേഹിയ്ക്കപ്പെട്ടേക്കാം. ജനനിയെന്ന പ്രപഞ്ച ശക്തിയിലെ അതുല്യമായ സ്നേഹം അമ്മയെ സ്നേഹിച്ചുകൊണ്ടുതന്നെ ഓരോരുത്തർക്കും നുകർന്നറിയാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here