മാതൃഭാഷ

 

 

നഗരത്തിലെ പ്രസിദ്ധമായ വിദ്യാലയത്തിൻ്റെ പ്രവേശന കവാടത്തിന് മുന്നിൽ ആ വൃദ്ധ ചുറ്റിപറ്റി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇക്കഴിഞ്ഞ ജൂൺ ഒന്നിന് കാവൽക്കാരൻ്റെ കണ്ണുവെട്ടിച്ച് അകത്തു കടന്ന വൃദ്ധയെ ആരൊക്കെയോ ചേർന്ന് കഴുത്തിനു പിടിച്ച് പുറത്താക്കിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. (അതിന് അവസരമൊരുക്കിയ കാവൽക്കാരനെ അന്നു തന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.)

“ആ തള്ള അകത്തു കടക്കാൻ തക്കം നോക്കി നടക്കുകയാണ്. ശ്രദ്ധിച്ചാൽ നിനക്കു കൊള്ളാം.”

അധ്യാപകർ ദിവസവും പുതിയ കാവൽക്കാരനെ ഓർമ്മിപ്പിക്കുമായിരുന്നു.

ചില കുട്ടികൾ അവർക്കു ലഭിക്കുന്ന ഉച്ചഭക്ഷണത്തിൻ്റെ ഒരു വിഹിതം ആരും കാണാതെ പുറത്തു കൊണ്ടുവന്ന് വൃദ്ധയ്ക്കു നൽകിയിരുന്നു.(അങ്ങനെ ചെയ്ത ഒരു കുട്ടിയെ തല മൊട്ടയടിച്ച് വെയിലത്തു നിർത്തുകയുണ്ടായി.)

സഹതാപം തോന്നിയ ചില അധ്യാപകർ വൃദ്ധയെ ചെന്നു കണ്ട് എങ്ങോട്ടേയ്ക്കെങ്കിലും പോകാൻ അപേക്ഷിച്ചതാണ്. വണ്ടിക്കൂലി നൽകാമെന്നും അറിയിച്ചു. പക്ഷേ, വൃദ്ധ അതൊന്നും ചെവിക്കൊണ്ടില്ല.

കാവൽക്കാരന് ഒരു സംശയം.
“വൃദ്ധയ്ക്ക് ഈ വിദ്യാലയത്തിനോട് എന്താണ് ഇത്ര താൽപ്പര്യം?”

അതിനു മറുപടി പറഞ്ഞത് ഈ വർഷം വിരമിക്കുന്ന ഒരു ടീച്ചറാണ്.

” ആട്ടിയോടിച്ചാലും കഴുത്തിനു പിടിച്ച് പുറത്താക്കിയാലും ആ അമ്മ ഇവിടം വിട്ടു പോകില്ല. ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും അവരെ അകത്തേയ്ക്കു ക്ഷണിക്കുമെന്ന് ആ പാവം പ്രതീക്ഷിക്കുന്നു.”

കാവൽക്കാരന് ഒന്നും മനസ്സിലായില്ല.എങ്കിലും അയാൾ തല കുലുക്കി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English