ഗുരുവായൂർ അമ്പലത്തിൽ ഒരമ്മയും മകനും

25591916_1509458182463100_6618470725683310861_n

അമ്മയും മകനും തമ്മിൽ ഉള്ള അടുപ്പം ഏറെ എഴുതപ്പെട്ട ഒരു വിഷയമാണ്. എങ്കിലും ഓരോ തവണ അത്തരമൊരു കഥ കേൾക്കുമ്പോൾ നമ്മളും നമ്മുടെ അമ്മമാരെക്കുറിച്ച് ചിന്തിക്കുന്നു. ഇവിടെ സുഭാഷ് ചന്ദ്രന്റെ കുറിപ്പിൽ അമ്മയോടുള്ള ആരാധനയും, വിധേയത്വവും നമുക്ക് വായിച്ചെടുക്കാനാകും എത്ര വലുതായാലും അമ്മമാർക്ക് മുൻപിൽ കുട്ടികളായിപ്പോകുന്നവരാണെല്ലോ നമ്മളും. സുഭാഷ് ചന്ദ്രൻ പങ്കു വെച്ച കുറിപ്പ് വായിക്കാം

 

‘ഇന്നലെ അമ്മയുടെ എഴുപത്തഞ്ചാം പിറന്നാളായിരുന്നു; കാഴ്ചയിലോ സ്വഭാവത്തിലോ മുക്കാൽ നൂറ്റാണ്ടിന്റെ പഴക്കം തീണ്ടിയിട്ടില്ലാത്ത പൊന്നമ്മയുടെ.
സ്വസ്ഥമായി എഴുതാനായി നെടുനീളത്തിലൊരു ലീവെടുത്ത്‌ അസ്വസ്ഥനായി കഴിഞ്ഞുകൂടുന്ന എന്നോട്‌ ഭാര്യയാണ് മിനിഞ്ഞാന്ന് ഓർമ്മിപ്പിച്ചത്‌. കുംഭത്തിലെ പൂരാടത്തിന് അമ്മയ്ക്ക്‌ എന്താണ് ഇത്തവണ സമ്മാനം കൊടുക്കുക?
കുറച്ചുകാലം കോഴിക്കോട്ട്‌ എന്നോടൊപ്പം താമസിച്ച ശേഷം അമ്മ കടുങ്ങല്ലൂരിലേക്ക്‌ മടങ്ങിപ്പോയിരുന്നു. അമ്മയ്ക്കുവേണ്ടി ഞാൻ ആലുവയിൽ പണിത, അച്ഛന്റേയും അമ്മയുടേയും പേരുകൾ ചേർത്ത്‌ നാമകരണം ചെയ്ത ‘പൊൻ ചന്ദ്രിക’ എന്ന പുതിയ വീട്ടിലേക്ക്‌ രാത്രി വിളിച്ചുചോദിച്ചു:”പിറന്നാളുകാരിക്ക്‌ എന്തെങ്കിലും ആഗ്രഹമുണ്ടോ?”
കുറച്ചു ദിവസങ്ങളായിരുന്നു ആ ശബ്ദം കേട്ടിട്ട്‌. പേരു പൊന്നമ്മയെന്നാണെങ്കിലും കവിയൂരെ പൊന്നമ്മയെപ്പോലെ വാൽസല്യമൊന്നും കാണിക്കാനറിയാത്ത ആളാണ്. വെട്ടൊന്ന്, മുറി രണ്ട്‌ എന്ന എന്റെ മട്ട്‌ ഈ അമ്മയിൽനിന്ന് പകർന്നതാണ്. “ഹേയ്‌! ഒരാഗ്രഹോം ഇല്ലേയ്‌!” എന്ന മറുപടിയാണ് ഒഴിവുകഴിവിന്റെ ഉസ്താദായ ഞാൻ പ്രതീക്ഷിച്ചത്‌. പക്ഷേ അമ്മ പറഞ്ഞത്‌ മറ്റൊന്നായിരുന്നു:”കാൽമുട്ടുവേദന കലശലായിട്ടുണ്ട്‌. എന്നാലും പിറന്നാളായിട്ട്‌ ഗുരുവായൂരൊന്ന് പോയി തൊഴണോന്നുണ്ട്‌. അല്ലെങ്കി വേണ്ട, ഈ തിരക്കിനിടയിൽ നിനക്കെവിടെയാടാ നേരം?”
ഓ, ആദ്യമൊന്നു ആശ്വസിച്ചു. ഞാൻ വല്യ തിരക്കുകാരനാണെന്ന് അമ്മ തിരിച്ചറിഞ്ഞല്ലോ. അതുകൊണ്ട്‌ രാവിലേ ഒന്നു ചെന്ന് മുഖം കാണിച്ചിട്ട്‌ പതിവുപോലെ സ്നേഹത്തിൽ തുടങ്ങി കൊള്ളിവാക്കിൽ ഒടുങ്ങുന്ന എന്റെ സ്ഥിരം നമ്പറുകൾ പുറത്തെടുത്ത്‌ മടങ്ങാം എന്നു കരുതിയിരിക്കുമ്പോൾ ഭാര്യ പറഞ്ഞു:” എന്റെ പഴയ വള കൊടുത്ത്‌ അമ്മയ്ക്ക്‌ ഞാനൊരു പുതിയ വള വാങ്ങി വച്ചിട്ടുണ്ട്‌. എഴുപത്തഞ്ചാം പിറന്നാളല്ലേ, ഞാനുമൊന്ന് വന്നോട്ടെ?”
കാറിൽ രാത്രി ഗുരുവായൂർ കടക്കുമ്പോൾ ഞാൻ പറഞ്ഞു:”അമ്മയ്ക്ക്‌ ഗുരുവായൂരിൽ തൊഴണമെന്നൊരു ആഗ്രഹം പറഞ്ഞു. ഭാഗ്യത്തിനു വല്യ നിർബന്ധമൊന്നും കാണിച്ചില്ല!”
“അങ്ങനെ പറയല്ലേ!”, ഗുരുവായൂർ പിന്നിടുമ്പോൾ എന്റെ പഴയ ശിഷ്യ അപ്പോഴെനിക്ക്‌ ഗുരുവായി:”നാളെ രാവിലേ നമുക്കു കൊണ്ടുപോകാം. പെറ്റമ്മയ്‌ക്കുവേണ്ടിയല്ലേ? ഇതൊരു കുഞ്ഞു കാര്യമല്ലേ?”
ഞാൻ കുഞ്ഞായി. കുഞ്ഞുകുഞ്ഞോർമ്മകൾ ചാറാൻ തുടങ്ങി. അമ്മ എന്നെ ഗുരുവായൂരാണ് ചോറുകൊടുത്തത്‌.
അവിടെയാണ് ആസ്ത്മ മാറിയതിനു പൂവൻപഴം കൊണ്ട്‌ തുലാഭാരം കഴിപ്പിച്ചത്‌. എല്ലാം കുഞ്ഞു നാളിൽ. മുതിർന്ന ശേഷം ഞാൻ ഒരിക്കലും അവിടെ പോയിട്ടില്ല. യേശുദാസിനെ കയറ്റാത്ത ഒരിടത്ത്‌ കയറാൻ എനിക്കെന്തു യോഗ്യത?
പക്ഷേ ഇക്കുറി ഞാൻ വഴങ്ങി. പൂരാടപ്പുലർച്ചേ നാലുമണിക്ക്‌ പുറപ്പെട്ട് ഞങ്ങൾ അഞ്ചരയോടെ ഗുരുവായൂരെത്തി. എഴുത്തുകാരനെന്ന ദുഷ്പേരു ദുർവിനിയോഗം ചെയ്ത്‌ അരമണിക്കൂറിനുള്ളിൽ ദർശനവും വഴിപാടുകളുമൊക്കെ കഴിച്ചുകൂട്ടി അമ്മയേയും കൊണ്ട്‌ പുറത്തെത്തി. എന്തൊക്കെയോ പ്രാർത്ഥിക്കുന്ന അമ്മയുടേയും ഭാര്യയുടേയും ഇടയിൽ നിന്ന് അമ്പലത്തിൽ പ്രാർത്ഥിച്ചു ശീലമില്ലാത്ത ഞാൻ തനിയേ ചിരിച്ചു.
മടങ്ങും വഴി തൃപ്പയാറും കൊടുങ്ങല്ലൂരുമെല്ലാം അമ്മയ്ക്കു തൊഴണമെന്നു പറഞ്ഞു. ഞായറാഴ്ചത്തിരക്കിനുള്ളിലൂടെ നൂണ്ട്‌ ഞാനും ജയശ്രീയും അമ്മയേയും കൈപിടിച്ച്‌ നടന്നു.
ഇന്ന് കോഴിക്കോട്ടേക്ക്‌ മടങ്ങുമ്പോൾ ഭാര്യ പറഞ്ഞു:”അമ്മയ്ക്ക്‌ നല്ല സന്തോഷമായീട്ടോ.”
അപ്പോൾ ഞാൻ അമ്മ കുട്ടിക്കാലത്ത്‌ എനിക്കു പറഞ്ഞുതന്ന ഒരു കഥയോർത്തു:
ഒരിക്കൽ ഒരു മകൻ തന്റെ വൃദ്ധയായ അമ്മയ്ക്ക്‌ ചെയ്യാവുന്നതെല്ലാം ചെയ്തുകൊടുത്ത്‌ അവരെ ആനന്ദത്തിലാറാടിക്കാൻ തീരുമാനിച്ചു. പുതിയ വീടു പണിയിച്ചു; പൊന്നാഭരണങ്ങളും അണിയിച്ചു. നാലുംകൂട്ടി മുറുക്കുന്ന ശീലമുള്ള അമ്മയ്ക്ക്‌ നാൽപ്പാമരംകൊണ്ടു തീർത്ത കട്ടിലിന്റെ കാൽക്കൽ തന്നെ വെറ്റിലക്കൊടി നട്ടുവളർത്തി. കിടക്കയിൽ കിടന്നുകൊണ്ടുതന്നെ തളിർവെറ്റില നേരിട്ടു പൊട്ടിച്ചെടുത്ത്‌ മുറുക്കുന്ന അമ്മയെ കണ്ട്‌ മകൻ അഭിമാനത്തിൽ കോരിത്തരിച്ചു. പക്ഷേ ഒരിക്കൽ അയാൾക്ക്‌ അമ്മയോട്‌ തന്റെ അൽപ്പത്തം ചോദിക്കാതിരിക്കാനായില്ല. “അമ്മേ”, മകൻ ചോദിച്ചു:”ഇത്രയുമൊക്കെ ‌ ചെയ്തു തന്ന എന്നെക്കുറിച്ചോർത്ത്‌ അമ്മയ്ക്ക്‌ സന്തോഷം മാത്രമല്ലേ?”
അമ്മ ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ കഥയിലെ അമ്മയും കഥ പറയുന്ന അമ്മയും ഒന്നായി:”എന്തൊക്കെ ചെയ്തുതന്നാലും…”, അമ്മ ഉപസംഹരിച്ചു:”നിറവയറ്റിൽ നിന്നേയും ചുമന്ന് ഒരു ഉമ്മറപ്പടി കടക്കാൻ ഞാൻ പെട്ട പാടിനു അത്‌ പകരമാകുമോ കുഞ്ഞേ?”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here