അമ്മയും കുഞ്ഞുമായി
പായുന്ന കാളചക്ര വണ്ടിക്ക്
രണ്ട് മുലഞ്ഞെട്ട് ,
മുല വെള്ള
പാച്ചിലകത്തുള്ള
മാറുമറ.
വണ്ടി തലപ്പിലെ
കുരുവിയമ്മ കരച്ചിൽ
കേട്ട്,
നാട്ടിട്ട വഴിച്ചുറ്റിൽ
ചാരായ പെണ്ണുങ്ങളിറങ്ങി.
പെൺബീഡി ചുവയുള്ള
ആണുങ്ങൾ
തള്ളതവളകളെ
പൊരിച്ചെടുത്തു.
കുഞ്ഞിക്കണ്ണു നോക്കി,
കുശിനിയടുപ്പിലെ
അരി വെന്താൽ
കുഞ്ഞിന്
കൊടുത്തേക്കാമെന്ന്
അമ്മച്ചിമാർ..
മുലയൂട്ടാൻ
നാട്ടു ചെക്കന്മാർ തുരക്കാത്ത
ചുമർ താരാമെന്ന്,
പൈങ്കിളി പെണ്ണുങ്ങൾ.
പേറീട്ടിതെത്രയായെന്ന്
വെറ്റില തള്ള മാർ
മുല വഴുക്കലിൽ ചവിട്ടി
നിരതെറ്റി വീണു
മലമുകളിലെ
ലിംഗ പൂക്കളറക്കാൻ
വന്ന മലക്കാർ.
പേറ് വേദന വന്ന്
കുറ്റിക്കാട്ടിലൊളിച്ചു.
അവരുടെ വേട്ട പട്ടികൾ.
കരിമ്പന
പൊത്തു ചതച്ച്
അമ്മ വേഴാമ്പൽ
കന്യാമറിയച്ചെടി നോക്കി
പറന്നു.
അമ്മ ചൂടിലിരുന്ന്
ഉടൽ പൊളിഞ്ഞ
പെൺമഴു
ആൺമരങ്ങളെ
നോക്കി വിശപ്പോടെ
കുരച്ചു.
വഴിവിട്ടപ്പോൾ
വണ്ടി കിലുക്കം
കേട്ടുറങ്ങിയ
കുഞ്ഞുണർന്നു.
വാഴനൂലര
വിറച്ചു.
അമ്മ കണ്ണവിടെ
വണ്ടിക്കാരി പെണ്ണേ?
അമ്മ കാത വിടെ
ചുമന്ന കൊമ്പുള്ള
ഇണക്കാളകളെ?
കുഞ്ഞുമായി
തനിച്ചു പാഞ്ഞ
വണ്ടിക്കു താഴെ
കിതക്കുന്ന റാന്തലിൽ
വെളിച്ചങ്ങൾ
അടയിരുന്നു.
പട്ടണ റോഡിൽ
കാള ചക്ര വണ്ടി
പാഞ്ഞ പാതയിൽ
ഗർഭചൂട്ടേന്തിയൊരു
വെളിച്ചതൂണ്
രാത്രി കൊഴുപ്പിൽ
നിന്നു വിയർത്തു.
അമ്മയില്ലാ വണ്ടികൾ
പാഞ്ഞു.
——————————— ആദിത്ത് കൃഷ്ണ ചെമ്പത്ത്
പേര്: ആദിത്ത് കൃഷ്ണ ചെമ്പത്ത്
കോളേജ്: CMS കോളേജ് കോട്ടയം
ലഭിച്ച പുരസ്കാരങ്ങൾ: കടത്തനാട് മാധവിയമ്മ കവിത പുരസ്കാരം, ഉജ്ജ്വല ബാല്യം അവാർഡ് ,ഐ ആർ കൃഷ്ണൻ മേത്തല എൻഡോവ്മെന്റ്, ഗീതകം നവമുകുള കഥാപുരസ്കാരം, എൻ.എൻ കാക്കാട് പുരസ്കാരം….etc
phone: 9995340330