ഉമ്മാ….
ഉമ്മ എന്നെ ഇത് വരെ കണ്ടില്ല.
ഞാൻ ഉമ്മയേയും.
നിങ്ങളെന്നെ പ്രസവിക്കുന്നത് വരെ
ഞാനിവിടെ മറഞ്ഞിരിക്കും.
ഞാൻ ദിവസങ്ങളെണ്ണിക്കഴിയുകയാണ്.
നിങ്ങളുടെ മുഖമൊന്ന് കാണുവാൻ.
ഉമ്മാ….
ദിവസങ്ങൾ കഴിയുന്തോറും
ഞാൻ വളർന്നു വരികയാണ്.
നിങ്ങളുടെ ഹൃദയത്തിന്റെ
ഓരോ സ്പന്ദനത്തിലും,
ഞാൻ പ്രതിധ്വനിക്കുന്നു.
ഞാൻ വലുതായി ഉമ്മാ…
എന്നെ കാണേണ്ടേ….
ഉമ്മാ……
നിങ്ങളെന്നെപ്പറ്റി കാണുന്ന സ്വപ്നങ്ങൾ,
ഇന്ന് എന്നെപ്പറ്റി സംസാരിച്ചത്,
അപ്പോൾ നിങ്ങൾക്കുണ്ടായ സന്തോഷം…
എല്ലാം നിങ്ങളുടെ ശരീരത്തിലൂടെ
ഞാനറിയുന്നു ഉമ്മാ….
നിങ്ങളെന്നെ സംരക്ഷിക്കുന്നത് പോലെ
ഞാൻ നിങ്ങളെയും സംരക്ഷിക്കും.
നിങ്ങളെനിക്ക് പാട്ടു പാടിത്തന്നപ്പോൾ
ഞാൻ പുഞ്ചിരിക്കാറുണ്ട്.
നിങ്ങളുടെ ചുണ്ടിലെ ചിരി
എന്റെ ലോകം പ്രകാശിപ്പിക്കുന്നു.
ഹായ് ഉമ്മാ….
ഇന്ന് എന്താണ് സംഭവിക്കുന്നത്?
നിങ്ങൾ കരയുകയാണല്ലോ?
എത്ര സുരക്ഷിതമായാണ്
ഞാൻ പുറത്തേക്ക് വന്നത്.
അപ്പോഴും വേദനകൾ കടിച്ചമർത്തി
ചിരിക്കുന്ന മുഖം ഞാൻ കണ്ടു.
നൊമ്പരത്തിന്റെ നടുക്കടലിലും ഉമ്മാ…
നിങ്ങളെത്രയോ സന്തോഷവതിയാണ്.
ഉമ്മാ….
പര്യാപ്തമല്ലാത്ത വാക്കുകളിൽ കൂടി
ഉമ്മയെക്കുറിച്ചെഴുതാൻ
ഞാൻ പരിശ്രമിക്കുകയാണ്.
മക്കൾക്ക് വേണ്ടി ത്യാഗം ചെയ്യാൻ
ഉമ്മയല്ലാതെ മറ്റാരാണീ ലോകത്ത്…?!
ആ സ്നേഹ നിർഭരമായ ഹൃദയത്തിന്റെ
ഭംഗിയാണ് ജീവിതത്തിന്റെ അടിത്തറ.
മക്കളെ ശക്തരാക്കാൻ…
മാലാഖമാരുടെ കൈവിരൽ കൊണ്ട്
നിങ്ങൾ സ്പർശിക്കുന്നു.
ഉമ്മാ….
ആത്മാർത്ഥമായ പുഞ്ചിരിയുള്ളത്
ആ മുഖത്ത് മാത്രമാണ്.
ആയിരം വ്യത്യസ്ത രീതിയിൽ അവ
ആവിഷ്കരിക്കാൻ നിങ്ങൾക്ക് കഴിയും.
ആദ്യത്തെ ശ്വാസം ഞാനെടുത്ത സമയം
ആശ്വാസം എത്രയായിരുന്നു നിങ്ങൾക്ക്.
ആ കൈകൾ അന്ന് മുതൽ
എന്നെ സൗമ്യമായി പിടിച്ചു.
മൃദുവായി തലോടി.
ആദ്യ ചുവടുകൾ വെക്കാൻ
ഞാൻ ഒരുങ്ങിയപ്പോൾ…
ആ കൈകൾ എന്നെ നയിക്കാൻ തുടങ്ങി.
എന്റെ കണ്ണുനീർ വീഴുമ്പോഴെല്ലാം
ആ കൈകൾ തുടച്ചു തന്നു.
എന്റെ മലമൂത്ര വിസർജ്ജനങ്ങൾ
ആ കൈകൾ കൊണ്ട് വൃത്തിയാക്കി.
എന്റെ തലമുടിയിലെണ്ണ തേക്കാൻ
ആ കൈകൾ വന്നു.
ഉമ്മാ……
എന്റെ കരച്ചിലുകൾക്ക് വിരാമമിട്ടത്
ആ കൈകളാണ്.
ഭൂമി ലോകത്ത് എനിക്ക് ആവശ്യമുള്ള
ഒരേ ഒരാൾ എൻറുമ്മ മാത്രം.
എന്തിനെക്കാളും മനോഹരമാണ്
ആ കൈകൾ.
ഉമ്മാക്ക് പകരം ഉമ്മ മാത്രം.
ഇനി മതിയാകുവോളം
ഞാനാമുഖം ആസ്വദിക്കുകയാണ്.