എസ് . ഹരീഷിന്റെ മീശ എന്ന പുതിയ നോവലിലെ ഒരു ഭാഗത്തെപ്പറ്റി തർക്കങ്ങളും വിവാദങ്ങളും ഉണ്ടാകുന്ന സമയമാണിത്. അഭിപ്രായ സ്വാതന്ത്ര്യം എഴുത്തുകാരന്റെ ഉത്തരവാദിത്വം തുടങ്ങി നിരവധി വാക്കുകൾ ഈ ദിവസങ്ങളിൽ ചർച്ചയാകുന്നുണ്ട്. എന്താണ് അതിൽ ഇത്ര ചോദിപ്പിക്കുന്നതെന്നും, എന്തിനാണ് അയാൾ അങ്ങനെ എഴുതിയതെന്നും പല തരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. എന്നാൽ എഴുത്തുകാരൻ ഇതുവരെ അതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. എന്നാൽ അതിനു പകരം സാംസ്കാരിക കേരളം തന്ന്നെ ചേരി തിരിഞ്ഞു രണ്ടു വാദങ്ങൽ ഉന്നയിക്കുകയാണ്. ഈ വിഷയത്തിൽ എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞ അഭിപ്രായം വായിക്കാം
എസ് . ഹരീഷിന്റെ നോവലിന്റെ പേര് മീശ എന്നാണ്. യഥാർഥമീശയുടെ അടയാളമെന്തെന്ന് പെണ്ണുങ്ങൾക്കെല്ലാമറിയാം.
മീശ മുളയ്ക്കുന്നതിനു മുന്നേ ഇവിടെ ആണുങ്ങൾ പറഞ്ഞു പഠിക്കുന്നതും പാടി നടക്കുന്നതും എന്തെന്നും പെണ്ണുങ്ങൾക്കറിയാം. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാ മീശക്കാരും സോദരത്വേന ചൊല്ലുന്ന മാതൃകാ ഗാനമെന്തെന്നും അവർക്കറിയാം.
രണ്ടു പുരുഷന്മാരുടെ സംഭാഷണത്തിലൂടെ അത് വ്യക്തമാക്കുകയാണ് എഴുത്തുകാരൻ.വർഗ്ഗീയതയുടെ വർത്തമാനകാലത്ത്, സത്രീപക്ഷ വായനയുടെ കാലത്ത് ,ചിന്തിക്കുന്ന ഒരെഴുത്തുകാരൻ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കിൽ അതിന്റെ അർഥവ്യാപ്തി ഉൾക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യർക്കെല്ലാം ഉണ്ടാകും. മീശക്ക് വർഗ്ഗീയതയുടെ കാലത്തെ മാനങ്ങൾ വലുതാണ്.
അതു കൊണ്ട് സംഘ പരിവാറുകാർ പ്രത്യേകിച്ചു പുസ്തകം വായിക്കാത്ത സംഘ പരിവാറുകാർ, പ്രകോപിതരായത് ആ അധിക്ഷേപത്തിൽ സ്ത്രീ എന്നു കണ്ടതുകൊണ്ടല്ല. അമ്പലമെന്നു കണ്ടതുകൊണ്ടാണ്. പള്ളിയെക്കുറിച്ചു പറയാൻ ധൈര്യമുണ്ടോ എന്നു ചോദിക്കുന്നത് കേട്ടില്ലേ? പെണ്ണിനെക്കുറിച്ചു പറയാൻ ധൈര്യമുണ്ടോ എന്നല്ല.
പെണ്ണിനെ അധിക്ഷേപിക്കുന്നതിനെതിരെ ഒരു മത സംഘടനയും കൊമ്പു കുലുക്കണ്ട. എല്ലാ മതത്തിനും പുറത്താണ് ഞങ്ങളുടെ സ്ഥാനം. മതാധികാരത്തിന്റെ പുല്ലിംഗങ്ങളെല്ലാം ഒരേ പോലെ നീണ്ടു വരുന്നത് ഞങ്ങളുടെ നേർക്കു തന്നെയാണല്ലോ. വെളിച്ചപ്പാടേതു വന്നാലും പുരോഹിതനാരു വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് ഞങ്ങൾക്കാണല്ലോ.നിങ്ങളുടെ പൊട്ടിച്ചിരികളുടെയും അട്ടഹാസങ്ങളുടെയും ചൂണ്ടുവിരലുകളുടെയും അറ്റം എന്നും നീളുന്നത് ഞങ്ങളിലേക്കായിരുന്നുവല്ലോ.
അതൊരെഴുത്തുകാരൻ ചൂണ്ടിക്കാണിക്കുമ്പോൾ ഞങ്ങൾക്കു മനസ്സിലാകും. അയാളുടെ യുദ്ധം നിങ്ങളോടാണ്. നിങ്ങളോടു മാത്രമാണ്.