വാചാലം

untitled-1

വെയിലത്ത്‌ പിടിച്ചിട്ട ബസിൽ വൃദ്ധൻ കണ്ണുകളടച്ച്‌ ശാന്തനായി ഇരുന്നു .അടുത്തിരുന്ന ചെറുപ്പക്കാരന് പക്ഷെ വിരസത  വന്നു . എത്ര നേരമായിരിക്കുന്നു ബസ്‌ പിടിച്ചിട്ടിട്ട് ! അതും കൊടും വെയിലത്ത്‌. ബുദ്ധപ്രതിമ പോലെ ഇരിക്കുന്ന വൃദ്ധൻറെ മഹാശാന്തത ചെറുപ്പക്കാരനിൽ അസ്വസ്ഥത ജനിപ്പിച്ചു. സന്ദർഭത്തിനു തീരെ യോജിക്കാത്ത ആ ശാന്തത ഭേദിക്കപ്പെടേണ്ടതാണെന്ന് അയാൾ തീരുമാനിച്ചു. “ഉടനെ എങ്ങാനും വിടുമോ ചേട്ടാ?” അയാൾ വൃദ്ധൻറെ നേരെ തിരിഞ്ഞു ചോദിച്ചു. വൃദ്ധന്റെ കണ്ണുകൾ തുറക്കപ്പെട്ടു. അവ ചെറുപ്പക്കാരനിൽ കൃപയോടെ പതിഞ്ഞു . “അനിയൻ എങ്ങോട്ടാ?”. “പട്ടാഴിക്ക്” ആശ്വാസത്തോടെ ചെറുപ്പക്കാരൻ പറഞ്ഞു. ആരെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ഈ ചൂട് താങ്ങാവുന്നതേ ഉള്ളു. “തോന്നിയ പോലെയാണ് ബസൊക്കെ എടുക്കുന്നതും പോകുന്നതും.” വൃദ്ധൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “അതേയതെ” ചെറുപ്പക്കാരൻ യോജിച്ചു .”ഇതൊക്കെ നോക്കാനും നിയന്ത്രിക്കാനും സർക്കാരിനും നേരമില്ല” വൃദ്ധൻ അൽപം ഉച്ചത്തിൽ തന്നെ പറഞ്ഞത് ചെറുപ്പക്കാരന് കൗതുകകരമായി തോന്നി. അപ്പോഴേക്കും ഡ്രൈവറും കണ്ടക്ടറും ക്ലീനറും വന്നു കയറി. ബസ്‌ മെല്ലെ പുറപ്പെടുകയും ചെയ്തു.

“സായുധ സമരം കൊണ്ടു മാത്രമേ സാധാരണക്കാരനു രക്ഷയുള്ളു ” വൃദ്ധൻറെ കൃശഗാത്രത്തിൽ നിന്നും ശബ്ദമുയർന്നു . ചെറുപ്പക്കാരൻ പകച്ചു. ചുറ്റും നോക്കിയപ്പോൾ എല്ലാവരും രസിച്ചു കേട്ടിരിക്കുകയാണ്. കുറേ പയ്യൻമാർ ഊറിച്ചിരിക്കുന്നുണ്ട്. ഉറപ്പായി. അമ്മാവൻ അറിയപ്പെടുന്ന ലാത്തിയാണ് . മൂപ്പിലാനോടു സംഭാഷണം തുടങ്ങിയതിൽ അയാൾ ഖേദിച്ചു.

കണ്ടക്ടർ വന്നു .

വൃദ്ധനോട്‌ “അന്തമണ്‍ അല്ലെ” എന്നു ചോദിച്ച് മിനിമം ടിക്കറ്റ്‌ കൊടുത്തപ്പോൾ ചെറുപ്പക്കാരൻ ദീർഘനിശ്വാസം വിട്ടു .

“കൊച്ചാട്ടനോട് ഒരു രാഷ്ട്രീയക്കാരന്റെയും വേല നടക്കില്ല” വൃദ്ധൻ പ്രഖ്യാപിച്ചു. സ്വയം കൊച്ചാട്ടൻ എന്ന് വിളിച്ചിരിക്കുകയാണ് .  അപകടകാരി തന്നെ . കണ്ണടച്ചിരിക്കാം. ചെറുപ്പക്കാരൻറെ കാതിൽ പതിഞ്ഞ സ്വരത്തിൽ ഒരു അശ്ലീല പദം വീണു. അയാൾ നടുങ്ങി.”അങ്ങനെ ഉള്ളവരാ അനിയാ എല്ലാം, ഇടതായാലും വലതായാലും ഇനി അല്ല നടുക്കായാലും”. ചെവിയിൽ വീണ ഉമിനീര് തുടച്ച് ചെറുപ്പക്കാരൻ പ്രതിഷേധിക്കാൻ തിരിഞ്ഞു. വൃദ്ധൻറെ കണ്ണിൽ അലയടിക്കുന്ന ഉന്മാദം കണ്ടു പിന്തിരിഞ്ഞു. വൃദ്ധന്‌ ഇറങ്ങാനുള്ള സ്ഥലമായപ്പോൾ പയ്യന്മാരിൽ ഒരുവൻ അപരനോട് പറഞ്ഞു “ഇനിയാണ് തമാശ”.”അനിയൻ പട്ടാഴിക്കാണ് ,അല്ലെ ?” വൃദ്ധൻ ചെറുപ്പക്കാരനോട്‌ മാധുര്യത്തോടെ ചോദിച്ചു . അയാൾ മൂളുക മാത്രം ചെയ്തു .നിസ്സംഗതയോടെ കണ്ടക്ടർ ഒരു ടിക്കറ്റ്‌ കൂടി പറിച്ചു കൊടുക്കുന്നത് കണ്ട് ചെറുപ്പക്കാരൻ തരിച്ചിരുന്നു. വൃദ്ധൻ തൻറെ വാചാലതയുമായി ആ പാതയിൽ തലങ്ങും വിലങ്ങും യാത്ര ചെയ്യുന്ന ആളാണെന്നു അയാൾക്ക്‌ ബോധ്യപ്പെട്ടു . തുടർന്നുള്ള യാത്രയിൽ വൃദ്ധന്റെ വാചാലതയുമായി സമരസപ്പെട്ടു പോകുന്നതാണു നല്ലതെന്ന് ചെറുപ്പക്കാരനു തോന്നി . നിക്ഷ്പക്ഷമായി നോക്കിയാൽ തീർത്തും വിരസമായ സംസാരമല്ല മൂപ്പിലിൻറെ. തന്നെ അഭിസംബോധന ചെയ്തു നടത്തുന്നതിൻറെ പ്രയാസമേയുള്ളു.

പ്രാദേശിക രാഷ്ട്രീയം ,സാർവ്വദേശീയ രാഷ്ട്രീയം ,ജാതി ,മതം ,നാട്ടുവിശേഷങ്ങൾ ഇവകളിൽ കൂടി കടന്നു പോയ പ്രഭാഷണത്തിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾ ചെറുപ്പക്കാരന് ബോധ്യപ്പെട്ടു :

ഒന്ന് ) വൃദ്ധൻറെ പേര് ഗോപാലപിള്ള എന്നാണ്‌ .
രണ്ട് ) കെ എസ് ആർ ടി സിയിൽ ഗുമസ്തനായിരുന്നു .
മൂന്ന് ) അടിയന്തിരാവസ്ഥക്കാലത്ത് അമിത രാഷ്ട്രീയ സംഭാഷണത്തിൻറെ പേരിൽ ജോലി പോയി.
നാല് ) കേസ് നടത്തി .കോടതിയെ പ്രകോപിപ്പിച്ച് കേസ് തോറ്റു .’നീതിമാന്മാരിൽ നീതിമാനായ യേശുദേവനെ ജനക്കൂട്ടത്തിന് വിട്ടുകൊടുത്ത പാരമ്പര്യം കോടതിക്ക് ഉണ്ട്’ എന്ന് സ്വയം കേസ് വാദിക്കവെ കോടതിയെ ഓർമ്മിപ്പിച്ചു .

അഞ്ച് ) രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് .ആദ്യ ഭാര്യ ഭർത്താവുമൊത്ത് പുനലൂരിൽ സന്തോഷത്തോടെ കഴിയുന്നു . പിള്ള ആ ഭവനം വല്ലപ്പോഴും സന്ദർശിക്കാറുണ്ട്.’എൻറെ രണ്ട് ഭാര്യമാരും എനിക്ക് ഒരുപോലെയാണ് ‘
ആറ്‌) രണ്ടാം വിവാഹത്തിൽ ഒരു മകളുണ്ട് . ബാംഗ്ലൂരിൽ പഠിക്കുന്നു.
എഴ് ) ഒരു ഓഫീസിലും കാലതാമസമുണ്ടായിട്ടില്ല,ഒരിടത്തും കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടില്ല.’ചുവപ്പുനാട യൊക്കെ നമ്മുടെ നാക്കിലല്ലേ’.
എട്ട് ) വൃദ്ധന് ആത്മീയ താൽപര്യങ്ങൾ ഉണ്ട് .

പട്ടാഴി എന്ന സ്ഥലം എത്തിയപ്പോൾ വണ്ടി കിതച്ചുനിന്നു. യാത്രക്കാരെല്ലാവരും ഇറങ്ങാൻ തുടങ്ങിയപ്പോളാണ് ചെറുപ്പക്കാരൻ ഒരു കാര്യം ശ്രദ്ധിച്ചത് , തൻറെ കൈ വൃദ്ധൻറെ ദശാബ്ദങ്ങൾ പഴക്കമുള്ള മുഷ്ടിക്കുള്ളിൽ വിശ്രമിക്കുകയാണെന്ന്.പരിണാമത്തിന്റെ ഏതോ ദശാസന്ധിയിൽ മനുഷ്യരാശിയോടൊപ്പം ചേർന്ന വാചാലത എന്ന വികലസിദ്ധി തനിക്ക്‌ ഇരയായവനെ മുക്തനാവാൻ അനുവദിക്കാതെ ബന്ധിക്കുന്നു എന്ന് ചെറുപ്പക്കാരൻ തിരിച്ചറിഞ്ഞു. ചെറിയ ബലം പ്രയോഗിച്ച് സ്വയം മോചിപ്പിച്ച്‌ അയാൾ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി.

“വില്ലേജ് ഓഫീസ് ഇവിടെയല്ല ,അന്തമണിലാണ്” മുറുക്കാൻ കടക്കാരൻറെ പറച്ചിൽ കേട്ട് അയാൾക്ക്‌ ഈർഷ്യ തോന്നി.” നിങ്ങൾ വന്ന വഴിയേ തിരിച്ചു പോണം”.പുതിയ വില്ലേജ് ഓഫീസർ ആണെന്നും മലപ്പുറത്തുനിന്നും വരികയാണെന്നും കേട്ടപ്പോൾ കടക്കാരൻ ചങ്ങാത്തം കൂടി .”സാറിൻറെ പേര്?” “സജീവൻ”
“ഒരു പത്തുമിനിട്ട് നിൽക്കാമെങ്കിൽ ഓട്ടോറിക്ഷായിൽ കൊണ്ടു വിടാം. എനിക്കും അവിടെ ഒരു കാര്യമുണ്ട്”.
അര മണിക്കൂറുകഴിഞ്ഞാണ് പുറപ്പെട്ടത്‌. ഒരു ഇടവഴി തുടങ്ങുന്ന സ്ഥലത്ത് വണ്ടി നിറുത്തി കടക്കാരൻ പറഞ്ഞു “നേരേ പോയി ഇടത്തു തിരിഞ്ഞാൽ ഇടതു വശത്ത് ആണ്”.
റിക്ഷയിൽ നിന്നും ഇറങ്ങി നടന്നു തുടങ്ങിയപ്പോൾ തന്നെ എന്തോ മുഖത്തുവന്നു തട്ടി താഴെ വീണു.നോക്കിയപ്പോൾ ഒരു ഉണങ്ങിയ പ്ലാവിലയാണ്. ദു:ശ്ശകുനം ആണെന്ന് സജീവന് തോന്നി.’പ്ലാവില’ അയാളുടെ ഔദ്യോഗികമായ ഇരട്ടപ്പേരാണ്.’ താഴെക്കിടക്കുന്ന പ്ലാവില കൂടി എടുക്കില്ല’, ഇതാണ് അയാളെപ്പറ്റി പൊതുവേയുള്ള പൊതുജനാഭിപ്രായം . ഇതു മൂന്നാമത്തെ സ്ഥലംമാറ്റ ശിക്ഷ ആണ്,പതിനെട്ടാമത് വയസ്സിൽ അച്ഛൻ മരിച്ച ഒഴിവിൽ ജോലിയിൽ കയറിയ ശേഷം.
വില്ലേജ് ഓഫീസ് കണ്ടു . മഞ്ഞപെയിൻറ് അടിച്ച കെട്ടിടത്തിൻറെ മുകളിലത്തെ നിലയാണ്. പാരപ്പെറ്റിൽ കയ്യൂന്നി രണ്ടുപേർ സംസാരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തിൽ സജീവന് മനസ്സിലായി അവർ ക്ലാർക്കും പ്യൂണും ആണെന്ന്. പ്രസരിപ്പ് ഉള്ള യുവാവ് പ്യൂണ്‍,തീക്ഷ്ണ നയനങ്ങളുള്ള മദ്ധ്യവയസ്ക്കൻ ക്ലാർക്ക്. പൊതുജനങ്ങളെ ഒന്നും കാണുന്നില്ല. താഴത്തെ നിലയിലേക്ക്‌ നോക്കിയ സജീവൻറെ തലച്ചോറിലൂടെ ഒരു ധൂമകേതു പാഞ്ഞുപോയി. വീടിനു മുമ്പിലിട്ട ചാരുകസേരയിൽ കിടന്ന് ഗോപാലപിള്ള തന്നെ നോക്കി മന്ദഹസിക്കുന്നു!

‘വാ അനിയാ. വിവരമുള്ളവരേ കൊച്ചാട്ടനെ തേടി വരത്തുള്ളു. ചന്ദ്രശേഖർ സർക്കാരിൻറെ കാര്യമല്ലിയോ നമ്മൾ പറഞ്ഞോണ്ടിരുന്നത്. സ്വർണ്ണം കൊണ്ടുചെന്ന് പണയം വച്ച സർക്കാര്! കുറച്ചു പൈസ തരൂ. എൻറെ മകൻ കുറച്ചു ദിവസം ഇവിടെ ജോലിക്ക് നിൽക്കും ,എന്നു പറയുന്ന പോലല്ലിയോ അനിയാ അത്?”, അത്യന്തം സ്തോഭജനകമായ സംഭാഷണം പുനരാരംഭിച്ചിരിക്കുകയാണ്. വൃദ്ധനെ ഗൗനിക്കാതെ അയാൾ പടി കയറി.
“സാറിന് ഇവിടെത്തന്നെ താമസിക്കാം. എല്ലാ സൌകര്യങ്ങളുമുണ്ട്.” ക്ലർക്കും പ്യൂണും അയാളോട് പറഞ്ഞു.
“ഇവിടെ ശരിയാകില്ല. വേറെ എവിടെയെങ്കിലും മതി”
“വേറെ എവിടെ സാറെ? പട്ടാഴിയിൽ പോലും വീട് കിട്ടുമെന്ന് തോന്നുന്നില്ല.”

നിരാശയോടെയും അതിലേറെ ഉൽക്കണ്‍ഠയോടെയും അവിടെത്തന്നെ കൂടാൻ തീരുമാനിച്ചു. മാരകമായ ആക്രമണമായിരുന്നു ആദ്യ ദിവസങ്ങളിൽ ഗോപാലപിള്ളയുടെ ഭാഗത്തുനിന്നും . ഓഫീസ് സമയം കഴിഞ്ഞാൽ തീർത്തും അസഹനീയം. പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്നതിനാൽ വൈരസ്യം പരകോടിയിലെത്തി. ഇതിനിടയിലെപ്പഴോ സജീവൻ ഒരു കാര്യം ശ്രദ്ധിച്ചു,ജോലി ചെയ്യുകയാണെന്ന് കണ്ടാൽ പിള്ള തന്നെ ഒഴിവാക്കി തിരിച്ചു പോകുന്നു. എങ്കിലും ജോലി അഭിനയിച്ചാൽ പിന്മാറുന്നുമില്ല ! അതിലും അതിശയിപ്പിച്ച കാര്യം പിള്ളയുടെ വളർത്തു പൂച്ച ചാരപ്പണി ചെയ്യുന്നതാണ്. തന്നെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് പൂച്ച വരാന്തയിൽ വന്നിരിക്കുന്നു. ഒന്നു മൂരിനിവർന്നാൽ മതി അത് താഴേക്കുപായുന്നു. ഒട്ടും വൈകാതെ പിള്ള എത്തിച്ചേരുന്നു. ഇത് പക്ഷെ തോന്നൽ മാത്രമാണെന്നും പൂച്ച നിരപരാധിയാണെന്നും പിന്നീട് മനസ്സിലായി.പിള്ളയുടെ പീഢനത്തെ അപേക്ഷിച്ച് എന്തുകൊണ്ടും ജോലി തന്നെ ഭേദം.പൂർണ്ണസമയം ജോലി എന്ന ഗതികേടിലേക്ക് ക്രമേണ സജീവൻ എത്തിച്ചേർന്നു.

ക്ലാർക്ക് രാമചന്ദ്രനും പ്യൂണ്‍ മഹേഷും തനിക്കൊപ്പം പോരുന്ന ജോലിക്കള്ളന്മാർ തന്നെ എന്ന് സജീവന് മനസ്സിലായി .രാമചന്ദ്രന് പമ്പയിൽ ചായക്കടയുണ്ട്. മഹേഷ്‌ സ്ഥലത്തെ മുഖ്യ വസ്തു ദല്ലാളുമാണ്. പുതിയ വില്ലേജ് ഓഫീസർ മിടുക്കനാണെന്ന സംസാരം നാട്ടിലുണ്ടായിട്ടുണ്ടെന്ന് അറിയിച്ചത് ചായ കൊണ്ടുവരുന്ന ഹമീദാണ്.

പിള്ള പുറത്തുപോകുന്ന സമയമാണ് സജീവൻറെ വിശ്രമം.മുറിയിൽ ചെന്നു വെറുതെ കിടക്കും .അല്ലെങ്കിൽ പത്രാധിപന്മാർ തിരിച്ചയച്ച കഥകളും കവിതകളും തിരുത്തും ,ചിലത് കീറിക്കളയും. ‘ഊണായോ ശാന്തേ?” എന്ന പിള്ളയുടെ ഒച്ച കേൾക്കുന്നതോടെ അയാൾ ജോലി തുടങ്ങും. പിള്ള നേരെ മുകളിൽ വന്ന് സജീവനെ നോക്കും. തിരികെ പൊകുമ്പോൾ വീണ്ടും കേൾക്കാം “ഊണായോ ശാന്തേ?”.”വന്നോളൂ” എന്ന മറുപടിയും കേൾക്കാം. തുടർന്ന് അരിപ്പെട്ടി തുറന്നടയുന്ന ശബ്ദവും. ശാന്തമ്മ അരിപ്പെട്ടിയിൽ നിന്നും അരിയെടുത്തു കഴുകുവാൻ തുടങ്ങുന്നതും പിള്ള മനോരമ പത്രവുമായി വന്നിരുന്നു പാരായണം ഉറക്കെ തുടങ്ങുന്നതും സജീവന് ജോലിക്കിടയിലും അറിയാം. ഓരോ വാർത്തയോടും തീക്ഷ്ണമായി പ്രതികരിച്ചു പിള്ള മുമ്പോട്ടു പോകുമ്പോൾ ശാന്തമ്മ നിശ്ശബ്ദയായി പാചകം തുടരും. ഒടുവിൽ നിത്യവുമുള്ള മനോരമാ നിന്ദയിലെത്തുമ്പോ ഴേക്കും പാത്രത്തിൽ ചോറും കറിയുമായി ശാന്തമ്മ എത്തും. പാത്രവുമെടുത്ത് പിള്ള പുറത്തിറങ്ങും.പട്ടിയും പൂച്ചയും കാക്കകളും കാത്തുനിൽക്കുന്നുണ്ടാകും.എല്ലാറ്റി നെയും ‘സാർ’ എന്ന് അഭിസംബോധന ചെയ്ത് ഭക്ഷണം കൊടുക്കും, പിള്ളയും കഴിക്കും .ഒരു തവണ ഈ അവസരത്തിൽ ചെന്നുപെട്ട രാമചന്ദ്രൻ ചൂളിപ്പോയിട്ടുണ്ടത്രെ. ‘ഇവറ്റകളെ ഞാൻ സാറെന്നു വിളിക്കും,തന്നെ വിളിക്കില്ല’.

ഗാന്ധിജയന്തി ദിനത്തിൽ പഞ്ചായത്തിൻറെ ആദരവുമായി പ്രസിഡണ്ടും അംഗങ്ങളും സജീവനെ കാണാൻ വന്നു.’മരിച്ചു കിടന്ന ഓഫീസ് അങ്ങ് പുനരുജ്ജീവിപ്പിച്ചു’ എന്നപ്രസ്താവം കേട്ട് സജീവൻ പുളഞ്ഞു .ഗോപാലപിള്ള പുറത്തു വന്ന് ‘ഗാന്ധിജിയുടെ ഗ്രാമസങ്കല്പം സാക്ഷാത്ക്കരിക്കണമെങ്കിൽ നിങ്ങളെയെല്ലാം തല്ലിയോടിക്കണം’ എന്ന് ഉറക്കെ പറഞ്ഞതോടെ പ്രസിഡെണ്ടും സംഘവും മടങ്ങി.
കഠിനമായി അധ്വാനിച്ചതിൻറെ ചെടിപ്പ് സജീവനിൽ നിറഞ്ഞുകവിഞ്ഞു. ഒപ്പം പിള്ള സദാ പല്ലിയെപ്പോലെ നാവും നീട്ടി ഇരപിടിക്കാൻ താഴെ ഇരിക്കുന്നത് അയാളെ നിരാശയുടെ കയത്തിലുമാഴ്ത്തി. എങ്ങോട്ടെങ്കിലും പോയി കുറെയേറെ നാൾ വെറുതെയിരുന്നേ മതിയാകൂ. നാലഞ്ചു ലീവ് ഊറിക്കൂടിയിട്ടുണ്ട്. അതും വിഷുവും കൂടിയെടുത്താൽ ഒരാഴ്ച കിട്ടും. ലീവിന് അപേക്ഷിച്ചു . അനുവദിച്ചു കിട്ടി. പോകാനുള്ള ദിനം വന്നുചേർന്നു. അതിരാവിലെതന്നെ ബാഗിൽ തുണികളെല്ലാം കുത്തിക്കയറ്റി. ചെറിയ ഒരു സഞ്ചിയിൽ മറ്റു സാമഗ്രികളും. എട്ടുമണിയോടെ പിള്ള പുറത്തു പോകും. അപ്പോൾ സംഘർഷമില്ലാതെ പുറപ്പെടാം.
പതിവ് തെറ്റിക്കാതെ പിള്ള പുറത്തുപോയി . സുസ്മേര വദനനായി സജീവൻ പുറത്തിറങ്ങി. മുറി പൂട്ടി. മുറിയുടെ താക്കോലും ഓഫീസിൻറെ താക്കോലും ശാന്തമ്മയെ ഏല്പിച്ചു മുറ്റത്തേക്ക് ഇറങ്ങി.

അതേ സമയം കടകട ശബ്ദിച്ചുകൊണ്ട് ഒരു ഓട്ടോ റിക്ഷ വന്നു നിന്നു. കൈയിൽ ബാഗുമായി അതിൽ നിന്നുമിറങ്ങിയ ചെറുപ്പക്കാരിയെക്കണ്ട് സജീവൻ മിഴിച്ചു നിന്നു .സൌന്ദര്യധാമം ! പിള്ളയുടെ പുത്രിയായിരിക്കണം.
“എന്താ മോളേ ഒന്നും പറയാതെ” ശാന്തമ്മ ഓടിച്ചെന്നു.”എല്ലാം പറയാം” യുവതി സജീവനെ പകച്ചു നോക്കി. നോട്ടം സജീവൻറെ ഹൃദയത്തെ അനായാസം തുളച്ചു.
“യാത്രക്കാണെങ്കിൽ കേറിക്കോ സാറേ ” ഓട്ടോക്കാരൻ ക്ഷണിച്ചു. അമർഷത്തോടെ ഓട്ടോയിൽ കയറി.
വീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം സജീവൻറെ മനസ്സിൽ പരിചിതമല്ലാത്ത ഒരു സൌരഭ്യം നിറഞ്ഞു നിന്നു. ഒപ്പം നിശിതമായ ചില പ്രായോഗിക ചിന്തകളും വന്നുപോയി . പിള്ളയുടെ മകൾ തന്നെ ഇഷ്ടപ്പെടുമോ?പിള്ളയുടെ ഭാര്യയും പിള്ള തന്നെയും തന്നെ സ്വീകരിക്കുമോ? അവളുടെ സ്വഭാവം എങ്ങനെയായിരിക്കും?മറ്റു ചുറ്റുപാടുകൾ എന്തൊക്കെയാണ്? അതിലെല്ലാം ഉപരിയായി പിള്ളയെ എങ്ങനെ സഹിക്കും? ആശ്വാസ ചിന്തകളും കടന്നുവന്നു. തനിക്കൊരു നല്ല ജോലിയുണ്ട്.ഏതു വിധത്തിലാണെങ്കിലും ഇന്ന് നല്ല പേരുമുണ്ട്.ഒപ്പം ……..പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര ലളിതമല്ല. പിള്ള പെണ്ണിന് ചെറിയ ബാധ്യതയല്ല. മോളുടെ സ്വഭാവം ഗംഭീരമാണെന്നു പിള്ള പറയുന്നത് വിശ്വസിക്കാം . മരിച്ചാലും പിള്ള പൊളി പറയില്ല.പിള്ളക്കും ഭാര്യക്കും നല്ല ഭൂസ്വത്തുണ്ട്. കരമടച്ചപ്പോൾ താൻ ശ്രദ്ധിച്ചിരുന്നു. പിന്നെ പിള്ള. അത് പെണ്ണുമായി ആലോചിച്ച് എന്തെങ്കിലും ചെയ്യാം. അയാൾ ആ ബന്ധം ഉറപ്പിച്ചാണ് കിടന്നുറങ്ങിയത്.

ലീവ് റദ്ദാക്കാനുള്ള ശ്രമം വിജയിച്ചില്ല. ‘നിങ്ങൾ നല്ല ഫ്രഷ്‌ ആയി ജോയിൻ ചെയ്‌താൽ മതി. ജോലിക്കപ്പുറം പലതുമുണ്ട് ജീവിതത്തിലെന്നോർക്കണം’ ,തഹസീൽദാരുടെ സ്നേഹം നിറഞ്ഞ ശാസന ഫോണിലൂടെ ഒഴുകിവന്നു.
മടക്കയാത്രയിൽ പിള്ളക്കും ഭാര്യക്കും സമ്മാനമായി വസ്ത്രങ്ങൾ മേടിച്ചു. ചെന്നപാടെ ഗൌരവം വിടാതെ അവ ശാന്തമ്മയെ ഏല്പിച്ചു. അവർ മിഴിച്ചു നോക്കിക്കൊണ്ട്‌ സ്വീകരിച്ചു. സഹജാവബോധം കൊണ്ട് ഒരു കാര്യം മനസ്സിലാക്കാൻ കഴിഞ്ഞു. പെണ്‍കുട്ടി സ്ഥലം വിട്ടിരിക്കുന്നു.എങ്കിലെന്ത്!

പിള്ള സജീവൻറെ പിറകെ കൂടി പ്രഭാഷണം തുടങ്ങി. കട്ടിലിൽ കിടന്നു കണ്ണുകളടച്ച്‌ പിള്ളയുടെ സംസാരം സംഗീതം പോലെ സജീവൻ കേട്ടു.
ഇതേ സമയം താഴെ ശാന്തമ്മ മീൻകാരിയുമായി സംസാരിക്കുകയായിരുന്നു.

“പുറമേ മുശടാണെങ്കിലും ആലിവുള്ള ചെറുക്കനാ. അല്ലെങ്കിൽ ഇതൊക്കെ കൊണ്ടുത്തരുമോ?”
“അനന്തരവളു കൊച്ച് എന്നാ പോയത് ചേച്ചീ ?”
“ഇന്നു രാവിലെ .ഇവിടെ നിന്ന് വളന്നതല്ലിയോ?കല്യാണത്തിന് മുമ്പ് കുറച്ചു ദിവസം ഇവിടെ നിക്കണമെന്ന് അതിനു തോന്നി.പാവം ,അവക്കെവിടെ പോയാലും നല്ലതേ വരൂ”.
“ഇവിടത്തെ മോളെന്നു വരും? ”
“അടുത്ത മാസം.കല്ല്യാണം എന്തെങ്കിലും നോക്കണം”
“മോളിലത്തെ സാറ് കേട്ടിയതാണോ ചേച്ചീ ?”
“അല്ല.മോതിരമില്ല.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English