വിരണ്ട ചുമരുകൾ.. നരച്ചതും… ചുറ്റിലും മരണ വിജനത.
തണുത്ത മുറി ശവനിദ്രയുടെ നിശ്ചല മോർച്ചറി.
ഓരോ ഷെൽട്ടറിലും ഓരോരുത്തർ അന്റാർട്ടിക്കൻ ശീതം നുകരുന്നു. ചിലർ മണ്ണ് സ്വപ്നം കാണുന്നു, ചിലർ അഗ്നിയും…
എല്ലാവർക്കും വേണ്ടത് മോക്ഷം… പുതിയ ഗേഹം പൂകണം ശീഘ്രം .
പുനർജനി നൂണ്ടവർക്ക് പ്രതീക്ഷ ഇനിയും മുളപൊട്ടി കിളിർത്തേക്കാം…
എന്തിനെന്ന് കാമുകൻ -ത്യജിച്ചതിൽ കയർത്തുമ്പിൽ… പ്രാണനുടച്ചൊരു കാമുകി….പുനർജന്മം വേണമെന്ന് സൗഖ്യ ദാമ്പത്യം നുകർന്ന് മതികെടാത്തൊരു വൃദ്ധപത്നി.
വിഷം നുണഞ്ഞൊടുങ്ങിയ യുവാവിന്റെ ഖേദം. ഈ തണുപ്പിൽ നിന്ന് ശ്മശാനത്തിലേക്കെടുക്കു.. .
ഒരു സിഗരറ്റ് ആഞ്ഞു വലിക്കാൻ ഇനിയും മോഹമെന്നൊരു പട്ടാളമൃതൻ.
പോസ്റ്റ്മാർട്ടത്തിനെതിരെ സമരം ചെയ്യണമെന്ന് വീറുകെടാത്തൊരു രാഷ്ട്രീയക്കാരൻ.
ദൈവമേ ദൈവമേ… നിനക്ക് വന്ദനം ഒരു വിശ്വാസി ആരിലും പെടാതെ കേഴുന്നു..
ആരോ വരുന്നു ആരുടെയോ ഊഴമെത്തി.
വലിയ വാതനങ്ങൾ തുറന്ന്…. ചകിതരായ് ആരോ ഒരാൾ കൂടി തണുപ്പിലേക്കെത്തുന്നു… ദൈവമോ ചെകുത്താനോ മനുഷ്യരോ ആരോ..?