ഇലവുംതിട്ട മൂലൂര്‍ സ്മാരക സമിതി സരസകവി മൂലൂര്‍ എസ് പദ്മനാഭപ്പണിക്കരുടെ സ്മരണക്കായി ഏറ്റവും മികച്ച കവിതാ സമാഹാരത്തിന് വര്‍ഷംതോറും നല്‍കിവരുന്ന പുരസ്‌കാരം `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു. 25001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നപുരസ്‌കാരം അസീം താന്നിമൂടിനാണ് ലഭിച്ചത്.ഡോ.അനു പി.ടി, പ്രൊഫ.പിഡി ശശിധരന്‍, പ്രൊഫ.ഡി പ്രസാദ് എന്നിവര്‍ അംഗങ്ങളായുള്ള പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് പുസ്തകം തെരഞ്ഞെടുത്തത്.
സമിതി നവാഗതര്‍ക്കു നല്‍കി വരുന്ന പുരസ്‌കാരം രമേശ് അങ്ങാടിക്കലിനാണ്. അധികപ്പേടി,കണ്‍ഫ്യൂഷന്‍,മണിച്ചീടെ വീട്ടില്‍ വെളിച്ചമെത്തി,ച്യൂയിങ്ഗം,ജലമരം,പക്ഷിയെ വരയ്ക്കല്‍,കേട്ടു പതിഞ്ഞ ശബ്ദത്തില്‍,പ്രളയം,തൊട്ടാവാടിമുള്ള്,ദൈവത്തിന്റെ ഫോണ്‍ നമ്പര്‍, കാടുവരയ്ക്കല്‍,നിയ്യത്ത്,ലിപിയിരമ്പം,താണു നിവരുന്ന കുന്നില്‍…തുടങ്ങി ശ്രദ്ധേയങ്ങളായ 64 കവിതകള്‍ അടങ്ങുന്ന സമാഹാരമാണ് അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’.തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിലെ താന്നിമൂട് സ്വദേശിയാണ്
വൈലോപ്പിള്ളി പുരസ്‌കാരം,വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം,തിരുനെല്ലൂര്‍ കരുണാകരന്‍ പുരസ്‌കാരം,മൂടാടി ദാമോദരന്‍ പുരസ്‌കാരം,വിടി കുമാരന്‍ മാസ്റ്റര്‍ പുരസ്കാരം തുടങ്ങി ശ്രദ്ധേയങ്ങളായ പത്തോളം പുരസ്‌കാരങ്ങള്‍ അസീമിന്റെ ആദ്യ സമാഹാരമായ കാണാതായ വാക്കുകള്‍'(ഡിസി ബുക്‌സ്)ക്കു ലഭിച്ചിരുന്നു.പത്രപ്രവര്‍ത്തകനാണ്.
152-)മത് മൂലൂര്‍ ജയന്തി ദിനമായ മാര്‍ച്ച് 11ന് വൈകിട്ട് 3.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍(കേരള വര്‍മ്മ സൗധം)നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനത്തില്‍ മുന്‍ മന്ത്രി .എം എ ബേബി അവാര്‍ഡുകള്‍ വിതരണം ചെയ്യും.