മൂകസാക്ഷി

mookasakshi

 

ജീവിതത്തെ
പുറം ലോകത്തിൽ നിന്ന്
മറച്ചു പിടിച്ച
ചുമരിന്റെ ഒത്ത നടുവിൽ
ആഴ്ന്നിറങ്ങിയ
ഇരുമ്പാണിയിൽ
കഴുത്തിനൊരു കുരുക്കിട്ട്
ജീവിതത്തിനും മരണത്തിനുമിടയിൽ
ആടിക്കൊണ്ടിരിക്കുന്നു
അന്ധയും ബധിരയും മൂകയുമായി
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മ.

ആയുസ്സിനെ
കറുപ്പും ചുവപ്പുമായി
വരച്ച് വെച്ച്,
ജനനവും മരണവും
വിവാഹവും വിരഹവും
നിർവികാരയായി
നോക്കിക്കാണാൻ വിധിക്കപ്പെട്ടവൾ.

ആഘോഷങ്ങൾക്ക്
മുഹൂർത്തങ്ങൾ
പറഞ്ഞ് കൊടുത്തപ്പോഴും
സ്വയം ആഘോഷിക്കാതെ
മാറി നിന്നവൾ.

മതവും ജാതിയും
മടിയിൽ
തല ചായ്ച്ചുറങ്ങിയപ്പോഴും
ലോകത്തിലെ
ഏറ്റവും വലിയ
മതേതര വാദിയായിരുന്നവൾ.

വൃദ്ധയായി,
ഗൗളികൾക്കഭയമായി
അവസാനം
മഞ്ഞു പെയ്യുന്ന ഡിസംബറിൽ
ഭാവിയും ഭൂതവും ഇണചേരുന്ന
അർധരാത്രിയിൽ
തെരുവിലെ അഗ്നിയിൽ
ജീവിതം ഹോമിക്കപ്പെടുമ്പോഴും
പുതിയ പുലരിക്ക്
ചൂടും വെളിച്ചവും നൽകി
ചരിത്രത്തിലേക്ക്
യാത്രയാവുന്നവൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English