1. ചോദ്യം
കഥയാണ് കേട്ടോ…
അതുകൊണ്ട്
ചോദ്യങ്ങൾ അരുത്!
ഇനിയുണ്ടേൽ തന്നെ ഇങ്ങോട്ട് വേണ്ട
അത്രയും നീയൊന്നും വളർന്നിട്ടില്ല
അല്ല, ഇനി വളർന്നിട്ടുണ്ടേൽ തന്നെ
എന്റെടുത്താ വിളച്ചിലു കാട്ടുന്നെ
പോടാ പോടാ പോയ് തരത്തിൽ
പോയി കളിക്ക്
രാവിലെ പോന്നോളും, ഓരോന്ന്
കുറ്റിയും പറിച്ചോണ്ട്
അല്ലപിന്നെ
ആഹാ…!
ഞാൻ എവിടാ നിർത്തിയേ…?
കേൾവിക്കാർ ഉച്ചത്തിൽ കോറസ്
‘അല്ല പിന്നെ, ആഹാ…’
2. കാഴ്ചപ്പാട്
അങ്ങിനെ
സൂര്യനിന്നും
കിഴക്കുദിച്ചു
പതിവുപോലെ…
അതെന്തിനാ മേഷ്ട്രേ, പതിവുപോലെ
എന്നതിന് ഒരു ബലം?
എന്നും നടക്കണ വസ്തുതാപരവും
ആത്യന്തിക സത്യവുമായ
ഒരു പ്രവർത്തന മെഷീനറിയെന്നു
വരുത്തി തീർക്കാനല്ലേ ഇത്തരം
മുതലാളിത്ത നിർവചനങ്ങളെ
ഒരു സാധാരണ തലത്തിലേക്ക്
നിങ്ങൾ
കൊണ്ടു വരുന്നത്?
ഇത്തരം കാഴ്ചപ്പാടുകളെ
ചോദ്യം ചെയ്യുകയല്ലേ ഇത്രയും
വിദ്യാഭ്യാസവും വിവരവും
അനുഭവ സമ്പത്തും ഉള്ള
ഒരാൾ ചെയ്യേണ്ടത്,
അതും മേഷ്ട്രേ പോലെയുള്ള ഒരു
അദ്ധ്യാപകൻ!
ഇതാണോ വിദ്യാഭ്യാസ നിലവാരം…?
3. മരുന്ന്
മരുന്നിനൊക്കെ
എന്താ ഒരു വെല… !
ഇങ്ങന്യാച്ചാ
എങ്ങിന്യാ മേഷ്ട്രേ
നമ്മളൊക്കെയിനി ജീവിക്ക്യാ…
ങ്ഹേ…?
ഇതാടോ ഇനി മുമ്പോട്ടുള്ള ജീവിതം
ഇങ്ങിനെയൊക്കെയാ,
കണ്ടില്ലേ ഇപ്പോ
ഈ മഹാമാരിയും പ്രളയവും
കേട്ടുകേൾവിയില്ലാത്തതല്ലേ…!
കലികാലം!
ഒന്നോർത്താ ഇങ്ങന്യാ തുടങ്ങാത്രെ
ലോകാവസാനം…
പിന്നെ,
വേറെ വിധത്തിലും ചിന്തിക്കാട്ടോ…
മരുന്ന് ഒരു പ്രതീകമാണ്
ജീവിതം മുൻപോട്ട് നീക്കാനുള്ള
ഊർജം
ഭൂതകാലത്തിന്റെ
നീക്കിയിരുപ്പും അതിലുണ്ടെന്നേയ്…
നമ്മുടെ രീതികളുടെ
രക്തസാക്ഷികളല്ലേ
നമ്മളെല്ലാം..
അതിന്‍റെ മുൻപിൽ ദിവസവും
ഒരനുഷ്ഠാനം പോലെ
ചാർത്തുന്ന രക്തപുഷ്പങ്ങളാണ്
മരുന്ന്!
ഉന്തിത്തള്ളുകതന്നെ
മുൻപോട്ട്…
4. ശ്രദ്ധിക്കുക
ശ്രദ്ധിക്കുക,
ആത്മഹത്യ
ഒന്നിനും
ഒരു പരിഹാരമല്ല
അത്
പരിഹാരമില്ലാത്ത
ഒരു തുടക്കം മാത്രം,
പ്രശ്നങ്ങളുടെ
ശൂന്യതയുടെ
പ്രഹേളികകളുടെ
അരക്ഷിതത്വത്തിന്റെ
ചോദ്യങ്ങളുടെ
ഭീഷണികളുടെ
എല്ലാറ്റിനും ഒരു തുടക്കം മാത്രം,
ഉറക്കമില്ലാത്ത
രാത്രികൾ ഇനി
അവർക്ക്… !
Click this button or press Ctrl+G to toggle between Malayalam and English