This post is part of the series sura
തിരുവോണത്തലേന്നാണ് ‘ പാൽ തു ജാൻവർ ‘ കാണാൻ ഞാറക്കൽ മെജിസ്റ്റിൽ തിയറ്ററിൽ ചെന്നത്.
ജിവനക്കാരൊക്കെ ഓണം ഒരുക്കുന്ന തിരക്കിൽ. കളം വരക്കുന്നു, പൂവ് അടർത്തുന്നു, പൂ അരിയുന്നു. മൂന്നു വർഷത്തെ വെക്കേഷൻ കഴിഞ്ഞാണല്ലോ നമ്മുടെ ഓണം തിരിച്ചെത്തിയിരിക്കുന്നത്. ആകെ ഉത്സവ മയം .
സിനിമാ മേഖലയിലും ആ തിമിർപ്പ് കാണാമായിരുന്നു. അതുകൊണ്ടാണല്ലോ ‘പാൽ തു ജാൻവറി’ നെപ്പോലെ നല്ല സിനിമകൾ സംഭവിക്കുന്നത്.
‘ കുടിയാൻ മല ‘ എന്ന മലയോര ഗ്രാമത്തിന്റെ കഥ പറഞ്ഞ് വലിയൊരു ക്യാൻവാസ് പ്രേക്ഷകന്റെ മനസ്സിൽ ഒരുക്കി രണ്ടാമത്തെ പകുതി ആകുമ്പോഴേക്കും ചിത്രം’ മോളിക്കുട്ടി ‘ പശുവിന്റെ കഥയായി മാറുന്നു.
കാര്യത്തോടടുക്കുമ്പോൾ പല അഭിപ്രായ വ്യത്യാസങ്ങളും ഒന്നായി മാറുന്ന കാഴ്ച . ഒരു പിറവി സംഭവിക്കുന്നത്തിന്റെ വിഹ്വലതകൾ എല്ലാവരും പങ്കിട്ടെടുക്കുന്നു . പുര കത്തുമ്പോൾ വാഴ വെട്ടാനെത്തുന്ന ഇറച്ചി വെട്ടുകാരൻ പോലും .
‘കുടിയാൻ മലയിലെ ‘ പച്ചയായ ചില മനുഷ്യർ പച്ചപ്പ് വാടാതെ തന്നെ കഥാപാത്രമായി എത്തുന്നു .
ബേസിൽ ജോസഫിന്റെ പ്ലസ് പോയിന്റ് . നമ്മുടെയൊക്കെ തൊട്ടടുത്ത വീട്ടിലെ പാവം പയ്യൻ ആ നിഷ്ക്കളങ്കത ചിരിയിലും ചമ്മലിലും ഒക്കെയുണ്ട് .
ജോണി ആന്റണി എന്ന നടനില്ലെങ്കിൽ കറിക്ക് ഉപ്പില്ല എന്ന പറയും രീതിയിലാണ് ഇക്കാലത്തെ മലയാള സിനിമയുടെ പോക്ക്.
ഹാസ്യം വിട്ടൊരു കളി കളിച്ചു നോക്കിയാലോ എന്ന പരീക്ഷണം ജനത്തിനിഷ്ടപ്പെട്ടു കഴിഞ്ഞു. തനി നാട്ടിൻ പുറത്തുകാരനായ ക്ഷിരകർഷകൻ ഗ്രാമ സഭയിൽ തൊഴുത്തിന്റെ പ്രശ്‍നം എടുത്തിട്ട് എഴുന്നേറ്റു നിന്ന് ആ കഥാപാത്രം രണ്ടാം പകുതിയിൽ ഉടനീളം ഉണ്ടാകും എന്നി പ്രതീക്ഷിച്ചു കാണില്ല.
തൊഴുത്തിൽ പശുവിന്റെ അടുത്ത് ചെന്നിരുന്ന് ‘ കൊതുകു ബാറ്റ് ഉപയോഗിച്ച് കൊതുകിനെ കൊല്ലുന്ന പ്രകൃതിയോട് സമരസപ്പെട്ട ജിവിച്ചു പരുക്കനായ മനുഷ്യൻ.
‘ ആനിമേഷൻ ‘ കോഴ്സോക്കെ കഴിഞ്ഞ് അതൊരു ‘ പാഷനായി’ കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരൻ പ്രസൂൺ കൃഷ്ണകുമാർ പക്ഷെ അച്ഛന്റെ ആഗ്രഹപ്രകാരം ലൈവ്‌സ്റ്റോക്ക് ഇൻസ്പക്ടറായി ജോലി ചെയ്യേണ്ടി വരുന്നു.
‘എന്റെ കാര്യം തീരുമാനിക്കുന്നത് ഞാനല്ലല്ലോ’ എന്ന പ്രസൂണിനെക്കൊണ്ട് പറയിക്കുമ്പോൾ ഒത്തിരിയേറെ ഡെപ്ത് ഉണ്ട് ആ കൊച്ചു വാചകത്തി ൽ ‘ വിട്ടുകള എന്റെ വാവേക്കൊണ്ട് അതിനൊന്നും ആവൂല്ലെന്നേ ‘ എന്ന് കൂട പിറപ്പിനു മാത്രം പറയാവുന്ന, കൂടെപ്പിറപ്പിനു മാത്രം ഉൾക്കൊള്ളാവുന്ന ആ ഡയലോഗ് പറയുമ്പോൾ അതൊരു ഒന്നൊന്നര ഫിൽ തന്നെ സമ്മാനിക്കുന്നു പ്രേക്ഷകർക്ക്.
രണദേവ് ഗ്രാമഭംഗി പകർത്തിയെടുത്തപ്പോൾ നല്ല ഒരു സിനിമ പ്രകൃതികളിലൂടെ ആ മലയോര ഗ്രാമത്തിന്റെ അന്തരീക്ഷത്തിന്റെ തണുപ്പ് നമുക്കും അനുഭവേദ്യമാകുന്നു.
കഷ്ടപ്പെട്ട് ഇഷ്ടമില്ലാത്ത ജോലി ചെയ്യുമ്പോഴും വാശിയോടെ ലോകത്തിന്റെ ഏതേതു മൂലയിൽ കൊണ്ടിട്ടാലും ഞങ്ങൾ ജിവിക്കും എന്നൊക്കെ പറയുമ്പോഴും പലപ്പോഴും ആ സഹനത്തിന്റെ കടിഞ്ഞാൺ പ്രസുണിന്റെ കയ്യിൽ നിന്നും വഴുതിപ്പോകുന്നു.
ഒരു കാലത്ത് മൃഗങ്ങളെ കഥാപാത്രങ്ങളാക്കി സിനിമകൾ കൂടുതലും തമിഴിലായിരുന്നു ഉണ്ടായിരുന്നത് . മൃഗങ്ങളെ വച്ച് ഷൂട്ട് ചെയ്യുക അത്ര എളുപ്പമൊന്നുമല്ല. ഷൂട്ടിന് സമയവും മൂഡും നോക്കിയേ പറ്റു
തിലകൻ എന്ന മഹാനടൻ ഇപ്പോഴും ജിവിച്ചിരുപ്പുണ്ടോ എന്ന് സംശയിച്ച് പോകും ഷമ്മി തിലകന്റെ അഭിനയം കാണുമ്പോൾ എല്ലാ കാലത്തും എടുത്ത് പറയും ഇതിലെ മൃഗഡോക്ടറെ കുറിച്ച് ‘ അസ്സൽ കള്ളത്തിരുമാലി .
പശു, പോത്ത് ,ആട്, പന്നി, കോഴി എന്തിനു കുത്തനെയുള്ള മല പോലും കഥാ പാത്രങ്ങൾ തന്നെ. ഹണ്ടർ എന്ന പോലിസ് നായയുടെ നോട്ടം നന്ദിയുടേതായിരുന്നോ? അല്ല നീ കൂടുതൽ ഡോസ് മരുന്ന് കുത്തി വച്ച് എന്നെ കൊല്ലാൻ നോക്കിയതല്ലേ
കൊതിച്ചത് കിട്ടിയില്ലെങ്കിൽ വിധിച്ചത് എന്തായാലും അതിനോട് യോജിച്ച് പോകണം എന്നത് ഈ സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നു
സംഗീത് പി രാജൻ പക്വതയുള്ള ഒരു സംവിധായകനാണെന്ന് ചിത്രം അടിവരയിട്ടു പറയുന്നു. പിന്നെ തിയറ്ററിലേക്ക് ആളെ വിളിച്ച് കയറ്റാൻ ഭാവന സ്റ്റുഡിയോ ബാനർ തന്നെ ധാരാളം. അമ്പിളി രാവും…… എന്ന് തുടങ്ങുന്ന ഗാനം ഒരിളം കാറ്റു പോലെ മനസ്സിൽ ചേർത്ത് ആലോലമാകുന്നു. കിരൺ ദാസിന്റെ എഡിറ്റിങ് ചിത്രത്തെ മികവിലേക്കു എത്തിക്കാൻ കിണഞ്ഞ് ശ്രമിച്ചിട്ടുണ്ട്.
രണ്ട് സംവിധായകർ നടന്മാരായി എത്തുമ്പോൾ പോക്കറ്റിലെ കാശ് തൂകി പോകില്ല എന്ന അടിയുറച്ച് വിശ്വസിക്കുന്ന പ്രേക്ഷകരെ കുറ്റം പറയാനാകില്ലല്ലോ. കാരണം കാശിനൊക്കെ ഇപ്പൊ എന്താ വില…
വീട്ടിൽ ഓമനിച്ച് വളർത്തുന്ന കോഴിക്കും പട്ടിക്കും ആടിനുമൊക്കെ ഏതെങ്കിലും പേരൊക്കെ കൊടുക്കാറ് പതിവുണ്ട്. ആ ജിവികളും ആ പേരൊക്കെസന്തോഷപൂർവ്വം സ്വീകരിച്ച് എന്നത് ആ പേരിനൊക്കെ അവർക്കുള്ള പ്രതികരണം നമ്മെ ബോധ്യപ്പെടുത്തുന്നു. സിനിമകളിലെ മിക്കവാറും കാഴ്ചകളൊക്കെ കഥാപാത്രങ്ങളുമായി കണക്ടഡ് തന്നെ.
ഇന്ദ്രൻസിന്റെ അഭിനയം കണ്ടാൽ അദ്ദേഹം അഭിനയത്തിന്റെ സർവകലാശാല തന്നെ ആയിക്കഴിഞ്ഞിരിക്കുന്നു. ഏതു നടനോടും കട്ടക്ക് നിൽക്കാൻ തക്ക പ്രാപ്തി ഈ ചെറിയ വലിയ മനുഷ്യനുണ്ട്
ഒരു വെറൈറ്റി സിനിമാ തലത്തിൽ ഈ കൊച്ചു സിനിമ ഇടം പിടിച്ച് കഴിഞ്ഞു.
ദിലീഷ് പോത്തനും, ഫഹദ് ഫാസിലും, ശ്യാം പുഷ്ക്കരനും ഈ ചിത്രം മൂലം, ഏതായാലും നഷ്ടത്തിന്റെ കണക്ക് പറയേണ്ടി വരില്ല.
ഫോൾഡറിൽ ഒട്ടിച്ച് വച്ച സിനിമപോസ്റ്റർ നോക്കി സിനിമയുടെ പേരു ഒരു കൊച്ചു കുട്ടി തപ്പി തപ്പി വായിക്കാൻ ശ്രമിക്കുമ്പോൾ മാതാപിതാക്കൾ പണ്ടു പഠിച്ചിരുന്ന സ്‌കൂളി ഹിന്ദി ക്ളാസ് മുറിയിൽ നിന്നും മനസ് പിടിച്ച് വലിച്ചുകൊണ്ട് വരുന്ന തിരക്കിലായിരുന്നു. എല്ലാ നടി നടൻമാരും ഈ ചിത്രം വിജയിപ്പിക്കുവാൻ കയ്യും മെയ്യും മറന്ന് അഭിനയിച്ചിട്ടുണ്ട് . ഈ ചിത്രത്തിന്റെ കെട്ടുറപ്പ് തിരക്കഥ തന്നെ. അതൊരുക്കിയിരിക്കുന്നത് വിനോയ് തോമസും അനീഷും കൂടി ചേർ ന്ന്.
‘ഇതൊരു വലിയ പഞ്ചായത്താ, എല്ലാ വീടുകളിലും ഏതെങ്കിലും വളർത്തുമൃഗങ്ങൾ കാണും. അവറ്റകൾക്ക് നമ്മളെ ഉള്ളു’
‘എല്ലാ മൃഗങ്ങളും എന്റെ മനസിലുണ്ട് അതുങ്ങളുടെ മനസ്സിൽ ഞാനും’ തുടങ്ങിയ ചില ഡയലോഗുകൾ പഞ്ചിംഗ് അല്ല എന്നിട്ടു കൂടി ഇപ്പോഴും പ്രേക്ഷകമനസിൽ തങ്ങി നിൽക്കും.