കിനാവിൻ കളിവഞ്ചിയൊഴുകും സോമധാരയിൽ
സൗഭാഗ്യതാരമായ് ഉദിക്കുവാൻ മോഹം…
ശീതാംശു പെയ്യുമീ കുളിർ പൊയ്കയില്‍
ഒരു നെയ്തലാമ്പലായ് വിടർന്നുവെങ്കിൽ….
പാതിരാപ്പൂവു ചൂടും സ്വപ്നത്തീരത്ത്
രാപ്പാടി തൻ ആതിരാഗീതമായെങ്കിൽ…
കാൽത്തള കെട്ടിയ കസ്തൂരിമുല്ലകളിൽ
ഉണരും ആതിരക്കാറ്റായെങ്കിൽ…
നിത്യസ്നേഹത്തിൻ വൃന്ദാവനത്തിൽ
ഒരു തുളസിക്കതിരാകുവാൻ മോഹം…
തളിർ വെറ്റില മുറുക്കുന്ന തൊടിയിലെ ചെത്തികളിൽ
ഒരു വർണ്ണശലഭമായ് പാറുവാൻ കഴിഞ്ഞെങ്കിൽ…
പാൽമണക്കുന്ന പിഞ്ചു പൈതലിൻ
കണ്ണിലെ വിസ്മയമായെങ്കിൽ…
രാക്കുളിർ അലിയുന്ന പുലരിയില്‍
അമോഘ കിരണമായ് പടരുവാൻ മോഹം…
ദുഃഖത്തിൻ കനലെരിയും ഊഷരഭൂമിയിൽ
ഒരു കാർമുകിലായ് പെയ്തുവെങ്കിൽ…
മുറിവേറ്റ് പിടയും പാഴ്മുളംത്തണ്ടിൽ നിന്നും
ഒരു പൊൻമുരളികയായ് മാറിയെങ്കിൽ…
കണ്ണീരിൻ നനവുണങ്ങും കടലോരത്ത്
ഒരു വെൺശംഖിൻ ഹൃദയമായെങ്കിൽ…
മുഗ്ധ സങ്കൽപ്പങ്ങൾ നൃത്തമാടുന്നൊരീ
രംഗവേദിയിൽ ഇനിയും മോഹങ്ങള്‍ ബാക്കി…