മഞ്ഞിൽകുളിച്ച പ്രഭാതത്തിൽ
വീട്ടിന്നുമപ്പുറം, ദൂരെനിന്നും
പാഞ്ഞടുക്കുന്നുണ്ടൊരപരിചിതൻ,
അവനാരാവാം?
നിർവികാരഭാവമെന്നും
നിഷ്‌ക്കളങ്കരൂപമെന്നും
അകന്മഷചിത്തനെന്നും തോന്നാം,
ആസുരഭാവം
മെല്ലേവരിക്കുന്നതും കാണാം.
അഘോരജന്മമായ്
ഇടതുകയ്യിൽ തൃശ്ശൂലവും
വലംകയ്യിൽ
വലംപിരിശംഖുമായിട്ടലറിവിളിക്കുന്നതും
കാണാം
ദൈവത്തെശ്ശപിക്കുന്നതും
കേൾക്കാം!
തീക്ഷ്ണാനുഭവ ജരാനരകളുമായ്,
നഗ്നപദനായ്
കാതങ്ങൾ തള്ളിമാറ്റി
വരണ്ടു വിണ്ടുകീറിയ
പാദങ്ങളോടെ
ഉടലാകെ
ബന്ധങ്ങൾ വീണെരിഞ്ഞ
ചുടലപ്പറമ്പിലെച്ചാരവും പൂശി
രൗദ്രതാണ്ഡവമാടി
ചടുലവേഗത്തിൽ
വരുന്നുവല്ലോ,
ഇവനാരോ!
കോടക്കാറൊഴിഞ്ഞൂ
അപരിചിതനല്ലിവൻ
കാണാം മുഖബിബം,
മമ സോദരൻ!
ഒന്നായ് പിറന്നവർ,
ഒന്നായ് ഉണ്ടുറങ്ങി,
കളിച്ചുപഠിച്ചവർ,
പിന്നെയെതോ
ശപ്തമുഹൂർത്തത്തിൽ രണ്ടായ് വഴിപിരിഞ്ഞവർ,
അവനും ഞാനും അപരിചിതർ!
ഞടുങ്ങീ
നെഞ്ചുകലങ്ങീ
രുധിരമൊഴുകീ
തുള്ളിത്തുടങ്ങീ ഞാനും.
ഏതോ മാസ്മരലോകത്തിൽ
മായികവലയത്തിൽ
സോദരർ, അപരിചിതർ
ഒന്നായ്
താണ്ഡവമാടുന്നതൊരു
ജന്മനിയോഗമോ
കലികാല വൈഭവമോ?