മിഴികൾ

മിഴികൾ

mizhikal

 

എല്ലാവരും തന്നെക്കാണുമ്പോൾ സഹതപിക്കും. പൊത്തൂരത്തങ്ങൾ പറയും. അത്രയുമല്ലേ അവർക്കു ചെയ്യാൻ കഴിയുകയുള്ളു.

പകൽ വിടരുന്നതും ഇരുട്ടു പരക്കുന്നതും കുറച്ചായെങ്കിലും അറിയാം. കണ്ണുകൾ തന്നില്ലെങ്കിലും ദൈവത്തെ പഴിക്കുവാൻ തനിക്കായില്ല. മുജന്മ പാപങ്ങൾ ഒരുപക്ഷെ തന്നിലേക്കു കുമിഞ്ഞുകൂടിയതായിരിക്കാമെന്നു സമാധാനിച്ചു. അതിനുവേണ്ടി ദൈവം തിരഞ്ഞെടുത്തത് തന്നെയും.!.

അമ്മ തന്റെ മിഴികളിൽ തഴുകി വ്യസനിക്കും. അമ്മയുടെ മിഴിയിണകളിൽനിന്നു ചുടുകണ്ണുനീർ ഉതിർന്നു വീഴുന്നത് ഞാനറിഞ്ഞു.

അമ്മയുടെ മിഴികളിൽ തൊട്ടുനോക്കി. മിഴിനീര്‌ തന്റെ കൈ നനച്ചു. അമ്മയെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു. തന്റെ ഉൾക്കണ്ണുകൾ നനഞ്ഞിരുന്നു. പുറം കണ്ണുകൾ വരണ്ടും. അതാർക്കും അറിയില്ലല്ലോ!

അപ്പന്റെ സ്വരം തിരിച്ചറിയിന്നതിനുമുമ്പേ അപ്പൻ കല്ലറപൂകി. അതുകൊണ്ട് അപ്പന്റെ സ്വരംപോലും അറിയില്ല.

അമ്മയെ തപ്പിനോക്കി അകമിഴികളിൽ താനെന്റെ അമ്മയുടെ രൂപം മെനഞ്ഞെടുത്തു. കണ്ണുപൊട്ടൻ ആനയെ കണ്ട കഥ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെയല്ല താൻ അകമിഴികളിൽ കണ്ട തന്റെ അമ്മയുടെ രൂപം. തന്റെ അമ്മ തന്റെ ഉൾക്കണ്ണുകളിൽ പൂർണ്ണമായി തെളിഞ്ഞുവന്നു.

അമ്മയുടെ കഴുത്തിലെ ചരടിൽ കയ്യോടിച്ചു. ചരടിന്റെ അറ്റത്തു അപ്പൻ കെട്ടിയ താലി തൂങ്ങിയിരുന്നു. താലിച്ചരടിന്റെകൂടെ കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ബന്തിങ്ങയും. ബന്തിങ്ങയിൽ കോർത്തിട്ടിരിക്കുന്നത് മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പടമാണെന്ന് അമ്മ പറഞ്ഞു.

വിശ്വാസത്തോടെ മലയോടു മാറാൻ പറഞ്ഞാൽ മാറുമെന്ന വേദവാക്യം അപ്പോൾ ഓർത്തു. അമ്മയോടു പറഞ്ഞു ബന്തിങ്ങയിലെ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പടം തന്റെ അന്ധതമൂടിയ മിഴികളിൽ തൊടുവിക്കുവാൻ. അമ്മയുടെ ഹൃദയംനൊന്ത പ്രാർത്ഥന മന്ത്രംപോലെ കുശുകുശുത്തുകൊണ്ട് ആ ബന്തിങ്ങയിലെ രൂപങ്ങൾ തന്റെ മിഴികളിൽ തൊടുവിച്ചു. ഒരു ദൈവീക സ്പർശം തന്നിലേക്കലിയുന്ന പ്രതീതിയായിരുന്നപ്പോൾ.

ചട്ടയും മുണ്ടുമായിരുന്നു അമ്മയുടെ വേഷം. മുണ്ടിന്റെ ഞൊറികളിൽ കയ്യുപരതി. ഞൊറിവുകൾ എത്രയുണ്ടെന്ന് എണ്ണുമ്പോൾ അമ്മ പറഞ്ഞു “എന്നതാടാ പാപ്പിക്കുഞ്ഞേയീക്കാണിക്കണത്…?”

ആദ്യമൊക്കെ അമ്മയാണ്‌ ദിനചര്യകൾക്കും മറ്റും കൈപിടിച്ചു നടത്തിയിരുന്നത്. പിന്നെ പെങ്ങൾ. പെങ്ങളെ കെട്ടിച്ചയക്കുന്നതിനുമുമ്പ് അവൾ തനിക്കായി അന്ധന്മാർക്കുവേണ്ടിയുള്ള ഒരു വടി വാങ്ങിത്തന്നു.

എന്നിട്ടവൾ പറഞ്ഞു “എന്നും ഞാൻ ചേട്ടായീടെ കണ്ണുകൾക്ക് വിളക്കായിരിക്കില്ല”.

അവൾ പറഞ്ഞതിന്റെ പൊരുൾ തനിക്കു മനസ്സിലായി. ശരിയാണവൾ പറഞ്ഞത്. അവളെ കെട്ടിച്ചയച്ചുകഴിഞ്ഞാൽ പിന്നെ അവൾ തന്റെകൂടെ ഉണ്ടാവില്ലല്ലോ. എന്നിട്ടവൾ തന്നെ ഏകനായി ആ വടികുത്തി നടക്കാൻ അഭ്യസിപ്പിച്ചു.

പക്ഷിജാലങ്ങളുടെ ഉണർത്തുപാട്ടുകേട്ടുണരും. കിഴക്കു വെള്ളകീറുമ്പോൾതന്നെ അകതാരിലെ മിഴികളും ഉണർന്നിട്ടുണ്ടാവും. വെളുക്കപ്പുറത്തു പള്ളിയിൽ നിന്നടിക്കുന്ന മണിനാഥവും അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്ന ബാങ്കുവിളിയും ദേവീസ്തുതി ഗീതങ്ങളും ഉയന്നുകേൾക്കാം പ്രഭാതത്തിനകമ്പടിയെന്നപോലെ !..

അനുജത്തി അഭ്യസിപ്പിച്ചുതന്ന വടിയുമായി ഇപ്പോൾ ഏകനായി തപ്പിത്തടഞ്ഞു നടക്കുന്നു. പലകുറി തട്ടിവീണു. പലകുറിയായപ്പോൾ പരിചയിച്ചു.

ഗ്രാമത്തിലെ ഒരുത്തരുടെയും മുഖങ്ങൾ അറിയില്ലെങ്കിലും അവരുടെ സ്വരവും പേരും തനിക്ക് സുപരിചിതമായിരുന്നു.

ചൂടുള്ള വർത്തമാനപ്പത്രങ്ങൾ എല്ലാവർക്കും രാവിലെതന്നെ കിട്ടണം. പട്ടണത്തിൽ നിന്നുള്ള പത്രക്കെട്ടുകൾ അങ്ങാടിയിൽ എത്തുന്നത് അതിരാവിലെയാണ്‌. അതിലൊരു പത്രക്കെട്ട് പാപ്പിക്കുഞ്ഞിന്റേതാണ്‌.

പാപ്പിക്കുഞ്ഞ് പത്രവിതരണം ചെയ്യാൻ തുടങ്ങിയപ്പോൾ മിക്കവരും അയാളിൽനിന്നും പത്രം വാങ്ങുവാൻ തുടങ്ങി. നേരിട്ടൊരു സഹായം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും പത്രം വാങ്ങുന്നതുകൊണ്ട് അയാൾക്കതൊരുപകാരമായിക്കൊള്ളട്ടെയെന്ന് പലരും ചിന്തിച്ചു.

പത്രങ്ങളുമായി അയാൾ വീടുകൾ കയറിയിറങ്ങി വിതരണം ചെയ്യും. ഓരോ കുടുംബാംഗങ്ങളുടെയും സ്വരം അങ്ങനെയാണ്‌ പാപ്പിക്കുഞ്ഞിനു സുപരിചിതമായത്. അത്രകണ്ട് അയാൾ ഗ്രാമത്തിലുള്ളവരുടെ തുടിപ്പുകൾ മനസ്സിലാക്കിയിരുന്നു.

പള്ളിയിൽ ചെന്നാൽ തനിക്കു പരിചയമുള്ള ഒരു സ്വരം കേൾക്കാതിരുന്നാൽ ഇന്നയാൾ വന്നില്ലേയെന്ന് അയാൾ പേരെടുത്ത് ചോദിക്കും.

ശബ്ദ വീചികളുടെ മാധുര്യവും കാഠിന്യവും ആരോഹണവരോഹണക്രമവും കണക്കിലെടുത്താണ്‌ പാപ്പിക്കുഞ്ഞ് സഹവാസ്സികളെ തിരിച്ചറിഞ്ഞിരുന്നത്.

എന്നും കർണ്ണപുടങ്ങളിൽ പ്രകമ്പനം കൊള്ളിച്ചിരുന്ന ഒരു ശബ്ദത്തിന്റെ ഉടമയായിരുന്നു ആന്റോ. ഒന്നുകിൽ അയാൾ കള്ളുഷാപ്പിന്റെ മുന്നിൽനിന്നു ഗർജ്ജിക്കുന്നതു കേൾക്കാം. അല്ലെങ്കിൽ അയാൾ അങ്ങാടിയിൽ പള്ളുവാക്കുകളുടെ ധോരണിയുയർത്തുകയായിരിക്കും. മദ്യഷാപ്പിലേക്ക് എലിയേപ്പോലെ പോകുന്ന ആന്റോ. തിരിച്ചുവരുന്നത് പുലിയെപ്പോലെയായിരിക്കും.

അയാൾ കലഹമുണ്ടാക്കാത്ത പള്ളിപ്പെരുനാളുന്നാളും ഉത്സവങ്ങളുമില്ല. ഉത്സവപ്പറമ്പിലെ ചീട്ടു കളിക്കാരുടെയും മുച്ചീട്ടു കളിക്കാരുടെയും കളിക്കളങ്ങളിൽ കയ്യിട്ട് അയാൾ പണം വാരിയെടുക്കും. അങ്ങനെ പലതും. പിന്നെ വഴക്കും വക്കാണവും അടിപിടിയും. മത്തുപിടിച്ചിരിക്കുന്ന അയാളെ നിയന്ത്രിക്കുക ബുദ്ധിമുട്ടുളള കാര്യമായിരുന്നു.

ആന്റൊ എന്ന വില്ലൻ തന്റെ മനസ്സിന്റെ കോട്ടകളും ഭേദിച്ച് ഭീമാകാരമായി ഉയർന്നു നില്ക്കുന്നതുപോലെ തോന്നി. വീട്ടിൽ അയാൾ സ്വൈര്യം കൊടുക്കാതായി. അയാൾ തീർത്തും മദ്യത്തിനടിമയായിരുന്നു.

ഒരിക്കൽ താൻ പത്രക്കെട്ടുമായി വീണപ്പോൾ അയാളുടെ ബലിഷ്ഠമായ കരങ്ങൾകൊണ്ട് തന്നെ താങ്ങിയെടുത്തു. എന്നിട്ട് പരുക്കൻ ശബ്ദത്തിൽ അയാൾ ചോദിച്ചു “വല്ലതും പറ്റിയോ പാപ്പിക്കുഞ്ഞേ…?” എന്ന്.

അയാൾക്കു നന്ദി പറയുമ്പോൾ അയാളുടെ പാദങ്ങളിലേക്ക് തന്റെ കരങ്ങൾ പരതിച്ചെന്നു. എന്നിട്ടയാളുടെ പാദങ്ങളെ ഗ്രസ്സിച്ചുകൊണ്ട് അയാളോട് കെഞ്ചി.

“ ചേട്ടാ എന്റെ അപ്പനെ ഞാൻ കണ്ടിട്ടില്ല…അപ്പന്റെ സ്വരം കേട്ടിട്ടില്ല…ചേട്ടനെ ഞാനെന്റെ അപ്പന്റെ സ്ഥാനത്തു കണ്ടുകൊണ്ട് യാചിക്കുകയാണ്‌ ഇനിയൊരിക്കലും കള്ളുകുടിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യരുത്…”

ആന്റോ പാപ്പിക്കുഞ്ഞിനെ സമാധാനിപ്പിക്കുവാൻ കപടസത്യവും ചെയ്തു കടന്നുകളഞ്ഞു.

അയാൾ അന്നും വയറുനിറയെ മദ്യപിച്ചുചെന്ന് വീട്ടിൽ വഴക്കുണ്ടാക്കി. വഴിയെപോകുന്നവർ ഇപ്പോൾ തീർത്തും ശ്രദ്ധിക്കാതായിരിക്കുന്നു. ആന്റോയുടെ വീട്ടിലിതൊക്കെ പതിവുപല്ലവി ആയിരിക്കുന്നു എന്നു ജനങ്ങൾക്കു മനസ്സിലായി.

ഭാര്യയെ മുടിക്കുത്തിനു പിടിച്ചുലച്ചു പൊതിരെത്തല്ലി. പാത്രങ്ങൾ തല്ലിയുടച്ചു. അത്താഴപ്പാത്രം തട്ടിത്തെറിപ്പിച്ചു. ഭക്ഷണം ചിന്നിച്ചിതറി. വിളക്കുകൾ വീണുടഞ്ഞു. കുട്ടികൾ വാതോരാതെ കരഞ്ഞു. അത്താഴപ്പട്ടിണിയിൽ എല്ലാവരും കിടന്നു.

അപ്പന്റെ ക്രൂരതകൾ കണ്ടുറങ്ങിയ കുട്ടികൾ ദുസ്വപ്നം കണ്ട് ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്നു. കുട്ടികളുടെ വയറ്‌ അപ്പോഴും വിശക്കുന്നുണ്ടായിരുന്നു. വെള്ളം കുടിച്ച് വയർ നിറച്ചു കുട്ടികൾ വീണ്ടും കിടന്നുറങ്ങി.

ഭാര്യ മണ്ണെണ്ണ വിളക്കിനു മുന്നിൽ ശവത്തിനു കാവലിരിക്കുന്നതുപോലെ ഉറക്കമിളച്ചു കുത്തിയിരുന്നു. വിളക്കിന്റെ മഞ്ഞവെളിച്ചത്തിൽ അവർ മഞ്ഞപ്പിത്തം പിടിച്ചവളെപ്പോലെയായിരുന്നു. ഉറങ്ങിയാൽ ഒരുപക്ഷെ കഴുത്തു ഞെരിച്ചു കൊന്നുകളയുമോ എന്ന ഭയം അവരെ അലട്ടിയിരുന്നു. അപ്പോഴും ആന്റോ കൂർക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു.

ഇന്നയാൾ അങ്ങാടിയിൽ തങ്ങാനോ മദ്യഷാപ്പിലേക്കു പോകാനോ നില്ക്കാതെ നേരെ വീട്ടിലേക്കാണു വന്നത്.

സിംഹ ഗർജ്ജനവുമായി വീട്ടിൽ കയറിച്ചെല്ലാറുളള അയാൾ ചെമ്മരിയാടിനെപ്പോലെ കയറിച്ചെന്നതു കണ്ടപ്പോൾ ഭാര്യ കൂടുതൽ ഭയവിഹ്വലയായി.

അയാൾക്ക് അസഹ്യത തോന്നുന്നുണ്ടായിരുന്നു. ഇന്നലെവരെ തന്നെ മുടിക്കുത്തിനു പിടിച്ചുലച്ചു പീഢിപ്പിച്ചതെല്ലാം മറന്ന് ഭാര്യ അയാൾക്കരികിലിരുന്നു സാന്ത്വനപ്പെടുത്തി.

ചെക്കപ്പുകൾ ചെയ്തപ്പോൾ ആന്റോയുടെ കരൾ തീർത്തും നശിച്ചിരുന്നു. തന്റെ കരൾ പകരം തരാമെന്നു ഭാര്യ പറഞ്ഞു. ജീവിതത്തിലുടനീളം തന്റെ ശകാരവും പീഢനങ്ങളുമേറ്റു മടുത്തിട്ടും അവൾ തനിക്കു കരൾ തരാമെന്നു പറയുന്നു! ഭാര്യയെ നോക്കി അയാൾ അറിയാതെ കരഞ്ഞുപോയി.

സമയം അതിക്രമിച്ചിരിക്കുന്നു എന്നു ഡോക്ടർ പറഞ്ഞു. വിഷാദം തളം കെട്ടിയ നിമിഷങ്ങൾ. ജീവിതത്തിലേക്കിനി മടങ്ങാൻ കഴിയില്ലല്ലോ എന്നോർത്തയാൾ കുണ്ഠിതപ്പെട്ടു.. പുറമേനിക്കായി ചെയ്തുകൂട്ടിയതെല്ലാം തന്നിലേക്കുതന്നെ മടങ്ങിവന്നിരിക്കുന്നു.

ഇതിനൊക്കെ പരിഹാരമായി തനിക്കെന്തു ചെയ്യാൻ കഴിയുമെന്നയാൾ ചിന്തിച്ചു. അന്ത്യ നിമിഷങ്ങളിലേക്ക് അയാളുടെ ചുവടുകൾ അടുത്തുകഴിഞ്ഞുവെന്ന് വിധിയെഴുതിക്കഴിഞ്ഞു. ആന്റൊ തന്റെ അന്ത്യാഭിലാഷങ്ങൾ ഭാര്യയെ അറിയിച്ചു. അപ്പോൾ ഭാര്യ വിങ്ങിപ്പൊട്ടിക്കരയുകയായിരുന്നു.

ആശുപത്രിയിൽ നിന്നും പാപ്പിക്കുഞ്ഞിനെ വിളിക്കുവാൻ ആംബുലൻസ് എത്തി. അയാളുടെ കണ്ണുകൾ രണ്ടും വിശദമായി പരിശോധന നടത്തി. അയാളുടെ കണ്ണുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പുകൾ നടന്നു.

പാപ്പിക്കുഞ്ഞിനു കണ്ണുകൾ ലഭിക്കാൻ പോകുന്നു!. അയാൾക്കതു വിശ്വസിക്കാനായില്ല. മിഴികൾ തുറന്നടയുന്ന കണ്ണുകൾ തനിക്കു ലഭിക്കാൻ പോകുന്നു. ചിലപ്പോഴെങ്കിലും ദൈവത്തെപ്പോലും പഴിപറഞ്ഞ പാപ്പിക്കുഞ്ഞ് ഉൾക്കണ്ണുകൊണ്ട് പൊട്ടിപ്പൊട്ടിക്കരഞ്ഞു. കരഞ്ഞെങ്കിലും അമ്മയുടെ കണ്ണിൽ നിന്നുതിരുന്നതുപോലുള്ള ചുടു കണ്ണുനീർ തന്റെ മിഴികളിൽനിന്നു വന്നില്ല.

ശസ്ത്രക്രിയ കഴിഞ്ഞു. പാപ്പിക്കുഞ്ഞിന്റെ മിഴികൾക്കു ജീവൻവെച്ചു. അയാളുടെ മിഴികൾ തുറന്നടയാനും കണ്ണിമകൾ വെട്ടാനും ആനന്ദ കണ്ണീർ പൊഴിക്കാനും തുടങ്ങി.

കണ്ണുതുറന്നപ്പോൾ ആദ്യമായ് കണ്ടത് അമ്മയെയാണ്‌. അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അമ്മ വ്യസനിച്ചു മിഴിനീരു പൊഴിക്കാറുള്ളതുപോലെ തന്റെ മിഴികളിൽ നിന്നും ധാരയായി സന്തോഷത്തിന്റെ മിഴിനീരടർന്നു വീണു. അമ്മ തന്റെ കണ്ണുകൾ തുടച്ചു.

ഇടയന്റെ സ്വരം തിരിച്ചറിയുന്ന കുഞ്ഞാടുകളെപ്പോലെ പാപ്പിക്കുഞ്ഞ് സർവ്വരുടെയും സ്വരംകേട്ട് ഓരോരുത്തരെയായി തിരിച്ചറിഞ്ഞു.

അയാൾ തന്റെ ജനത്തെയും തന്റെ നാടിനെയും നഗ്നമിഴികൾകൊണ്ട് കൺകുളിർക്കെ കണ്ടു.

എന്നും കേൾക്കാറുള്ള ആന്റോ ചേട്ടന്റെ ശബ്ദം പാപ്പിക്കുഞ്ഞ് അവിടമാകെ തിരക്കി. പക്ഷെ കേൾക്കാനോ കാണാനോ കഴിഞ്ഞില്ല.

ആന്റോയെ തിരക്കി പാപ്പിക്കുഞ്ഞ് അയാളുടെ വീട്ടിൽചെന്നു. വെളുത്ത തുണിവിരിച്ച കട്ടിലിന്റെ തലയ്ക്കൽ നെയ്ത്തിരിയും ചന്ദനത്തിരികളും എരിയുന്നതുകണ്ടു.

അതുകണ്ട തന്റെ മിഴികൾ ആന്റോ ചേട്ടന്റേതായിരുന്നുവെന്ന സത്യം തിരിച്ചറിയുകയായിരുന്നു പാപ്പികുഞ്ഞപ്പോൾ.

ആന്റോയുടെ ഇഷ്ടപ്രകാരം അയാൾ തന്റെ കണ്ണുകൾ പാപ്പിക്കുഞ്ഞിനും ഹൃദയം വേറൊരാൾക്കും ദാനം ചെയ്തു ഈ ലോകത്തോടു വിടപറഞ്ഞുപോയിക്കഴിഞ്ഞിരുന്നു.

പാപ്പിക്കുഞ്ഞിന്റെ മിഴികളിൽനിന്നും ധാരമുറിയാതെ കണ്ണുനീരൊഴുന്നുണ്ടായിരുന്നു അപ്പോൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഭൂമി
Next articleപുഴ ഒരു പച്ചക്കടലാകുമ്പോൾ
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here