മിഠായി കാക്ക കൊണ്ടു പോയി

ഒക്കല്‍ പഞ്ചായത്ത് അക്ഷയ കമ്പ്യൂട്ടര്‍ സെന്ററിലെ അധ്യാപികയാണ് ദീപ. അക്ഷയ വഴി ഗ്രാമീണരെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നുണ്ട്. പഠിതാക്കളുടെ ചെലവു വഹിക്കുന്നത് പഞ്ചായത്താണ്. ഓരോ വാര്‍ഡില്‍ നിന്നും ഏഴു പേരെ വീതം പഠിപ്പിക്കും.

കമ്പ്യൂട്ടര്‍ പഠിക്കാന്‍ സപ്തതി കഴിഞ്ഞ ഒരു സാഹിത്യകാരനുമുണ്ട്. അദ്ദേഹം പഠിക്കാന്‍ വരുമ്പോള്‍ മിഠായിയോ പഴമോ കൊണ്ടു വരും. ദീപ ടീച്ചര്‍ക്കും കൊടുക്കും. ഒരു ദിവസം രണ്ട് മിഠായി കൊണ്ടു വന്നു ടീച്ചര്‍ക്കു കൊടുത്തു. ടീച്ചര്‍ അത് ബാഗില്‍ വച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ മക്കള്‍ക്കു കൊടുക്കാമെന്നു മനസില്‍ കരുതി.

ടീച്ചര്‍ക്കു രണ്ടു മക്കളുണ്ട് അരുണും സജീവും. അരുണ്‍ ബാലവാടിയിലും സജീവ് രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.

ടീച്ചര്‍ വൈകുന്നേരം ജോലി കഴിഞ്ഞ് പോകാന്‍ തയാറായപ്പോള്‍ ടീച്ചറുടെ ജേഷ്ഠന്റെ മകള്‍ സൗമ്യ സ്കൂള്‍ വിട്ടു വന്നു. ഇരുവരും കൂടി വര്‍ത്തമാനം പറഞ്ഞു വീട്ടിലേക്കു നടന്നു.

പോകുന്ന വഴി ഒരു മിഠായി സൗമ്യക്കു കൊടുത്തു. ഒരു മിഠായി ബാഗില്‍ ഇരുന്നു വീട്ടില്‍ ചെല്ലുമ്പോള്‍ മക്കള്‍ക്കു പകുതി വീതം കൊടുക്കാമെന്നു മനസില്‍ കരുതി.

ടീച്ചര്‍ വീട്ടില്‍ വന്നപ്പോള്‍ അരുണൂം സജീവും വീട്ടില്‍ വന്നിരുന്നു. മുത്തശി ഇരുവര്‍ക്കും ചായ കൊടുത്ത് കുളിപ്പിക്കാന്‍ എണ്ണ തേച്ചു നിര്‍ത്തിയിരിക്കുന്നതു കണ്ടു.

അമ്മയെ കണ്ടപ്പോള്‍ മക്കള്‍ ഓടീ വന്ന് അമ്മയുടെ ബാഗ് പരിശോധിച്ചു. ഒരു മിഠായി കണ്ടു. മിഠായി എനിക്കു വേണം താ എന്നു പറഞ്ഞ് സജീവ് എടുത്തുകൊണ്ട് ഓടി. എനിക്കു താ എന്നു പറഞ്ഞ് അരുണ്‍ പിന്നാലെ ചെന്നു. സജീവ് കൊടുത്തില്ല. അമ്മ ചെന്നു മിഠായി വാങ്ങി കുളി കഴിഞ്ഞു വരുമ്പോള്‍ രണ്ടു പേര്‍ക്കും മുറിച്ചു തരാമെന്നു പറഞ്ഞ് വാതിലിന്റെ മുകളില്‍ വച്ചു.
അരുണിനെ കുളിപ്പിക്കാന്‍ കുളിമുറിയിലേക്കു കൊണ്ടു പോയി ഈ തക്കത്തിനു സജീവ് വാതിലിന്റെ മുകളില്‍ വച്ചിരുന്ന മിഠായി ഒരു കോലുകൊണ്ടു കുത്തി താഴെ ഇട്ടു. നടക്കല്ലിലാണു മിഠായി ചെന്നു വീണത്. മിഠായി വീഴുന്നത് മുറ്റത്തു നിന്ന ചാമ്പയില്‍ ഇരുന്ന കാക്ക കണ്ടു. കാക്ക പറന്നു വന്ന് മിഠായി കൊത്തിയെടുത്തു കൊണ്ട് ചാമ്പയില്‍ കയറിയിരുന്നു കൊത്തിപ്പൊളിച്ചു കവര്‍ താഴെ ഇട്ടു.

അരുണ്‍ കുളീച്ചു വന്നപ്പോള്‍ അമ്മയോടു മിഠായി എടുത്തു തരാന്‍ പറഞ്ഞു അമ്മ മിഠായി വച്ചിരുന്നിടത്തു നോക്കിയപ്പോള്‍ മിഠായി കണ്ടില്ല. മിഠായി പൊതിഞ്ഞ കടലാസ് മുറ്റത്തു കിടക്കുന്നത് കണ്ടു

എനിക്കിപ്പോള്‍ മിഠായി വേണമെന്നു പറഞ്ഞു അരുണ്‍ കരഞ്ഞു. മിഠായി ആരാണ് എടുത്തത് എന്നന്വേഷിച്ചു.

സജീവ് ഒന്നും അറിയാത്ത പോലെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അമ്മ വിളീച്ചു ചോദിച്ചു

” മോനേ സജീവേ മിഠായിയുടെ കടലാസ് ആരാണു മുറ്റത്തിട്ടത്?”
സജീവ് പറഞ്ഞു ” അമ്മേ ഞാന്‍ മിഠായി വാതില്പടിയില്‍ നിന്നും കോലുകൊണ്ട് തട്ടി താഴെയിട്ടു. നടക്കല്ലിലാണു ചെന്നു വീണത്. ഞാന്‍ എടുക്കാന്‍ ചെന്നപ്പോള്‍ കാക്ക എടുത്തുകൊണ്ടുപോയി ”

”മക്കളൊടു അമ്മ പറഞ്ഞില്ലേ കുളി കഴിഞ്ഞു വരുമ്പോള്‍ മിഠായി തരാമെന്ന്. പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ കാക്ക കൊണ്ടു പോകുമായിരുന്നോ?”

അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ സജീവിനു തോന്നി അമ്മ പറഞ്ഞതനുസരിച്ചിരുന്നെങ്കില്‍ മിഠായിയുട്രെ പകുതി തിന്നാമായിരുന്നു. അനുസരിക്കാതെ മിഠായി എടുത്തു തിന്നാന്‍ നോക്കിയതു കൊണ്ട് കാക്ക കൊണ്ടു പോയി. ഇനി പറഞ്ഞിട്ടെന്തു കാര്യം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here