മിഠായിത്തെരുവില്‍ ഒരു മകന്‍ – സുഭാഷ് ചന്ദ്രൻ

 

14121419072160subhash-chandran

ഉടൻ പ്രസിദ്ധീകരിക്കുന്ന “പാഠപുസ്തകം” എന്ന സുഭാഷ്‌ ചന്ദ്രന്റെ ഓർമ്മപ്പുസ്തകത്തിൽ നിന്ന് ഒരു ഭാഗം :

‘ഇന്നലെ മിഠായിത്തെരുവിലൂടെ നടക്കുമ്പോള്‍ കുറേ വര്‍ഷങ്ങള്‍ക്കു ശേഷം അവനെ കണ്ടു: പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി കണ്ടപ്പോഴെന്ന പോലെ ഇപ്പോഴും അവന്റെ കൈവിരല്‍ത്തുമ്പില്‍ അച്ഛനുണ്ടായിരുന്നു.

തിരക്കില്‍ മദിക്കുന്ന മിഠായിത്തെരുവ്. പലനിറങ്ങളും പല സുഗന്ധങ്ങളുമായി നിറഞ്ഞൊഴുകുന്ന ആള്‍പ്പുഴ. അച്ഛനമ്മമാരുടെ കൈവിരലില്‍ത്തൂങ്ങി ആഹ്‌ളാദത്തോടെ നീങ്ങുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ എന്റെ മക്കള്‍ ബാല്യം പിന്നിട്ടുകഴിഞ്ഞ കാര്യം സങ്കടത്തോടെ ഓര്‍മിച്ചു. മുതിര്‍ന്ന മക്കള്‍ മുന്നില്‍ വരുമ്പോള്‍ കാലം നമ്മെ ശാസിക്കുന്നു: പതുക്കെപ്പോകൂ, നീ വൃദ്ധനായിത്തുടങ്ങുന്നു!
അതോര്‍ത്തുനടക്കുമ്പോഴാണ് വൃദ്ധനായ അച്ഛനേയും പിടിച്ചുനീങ്ങുന്ന ഒരു യുവാവിനെ റോഡിന്റെ അങ്ങേവശത്ത് കണ്ടത്. മകന്റെ കൈയില്‍ പിടിച്ച് ഉച്ചവെയിലില്‍ വിയര്‍ത്തു നടക്കുന്ന അദ്ദേഹത്തെ എനിക്ക് പെട്ടെന്ന് ഓര്‍മവന്നു: കൃഷ്ണന്‍കുട്ടി ചേട്ടന്‍!
പൂർണ്ണമായും അന്ധനായ അദ്ദേഹം പ്‌ളാസ്റ്റിക് വയര്‍ വരിഞ്ഞ മരക്കസേരകള്‍ നന്നാക്കാനായി മുമ്പ് മാതൃഭൂമിയില്‍ വന്നിരുന്നു. ഞാന്‍ ബാലഭൂമിയില്‍ ജോലിചെയ്യുന്ന കാലത്ത് എം.എം. പ്രസ്സിന്റെ മുകള്‍നിലയിലേക്ക് ജീവനക്കാര്‍ കയറുന്ന ലിഫ്റ്റ് ഒഴിവാക്കി ഇദ്ദേഹത്തെ കൈപിടിച്ച് നട കയറ്റുന്ന എട്ടോ ഒമ്പതോ വയസ്സുള്ള ഒരാണ്‍കുട്ടിയെ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഗതകാലത്തിലെ മഹാരഥന്മാര്‍ ഇരുന്ന മരക്കസേരകള്‍ മുകള്‍നിലയില്‍ ധാരാളമുണ്ട്. അതത്രയും പുതിയ വയര്‍ വരിഞ്ഞ് ഭംഗിയാക്കാനാണ് കണ്ണില്ലാത്ത കൃഷ്ണന്‍കുട്ടിച്ചേട്ടന്‍ വന്നിരുന്നത്. ഇടയ്‌ക്കൊരു ദിവസം സമയം കിട്ടിയപ്പോള്‍ ഞാൻ മുകള്‍നിലയില്‍ ചെന്നു നോക്കി. കണ്ണുകള്‍ക്കു പകരം കൈവിരലുകളില്‍ ഉദിച്ച വെളിച്ചത്തിന്റെ സഹായത്തോടെ ഒരാള്‍ പല ഡിസൈനുകളില്‍ അതിസുന്ദരമായി കസേരവയര്‍ നെയ്തുചേര്‍ക്കുന്നു! വിസ്മയക്കണ്ണോടെ അച്ഛനെത്തന്നെ ഉറ്റുനോക്കി അടുത്ത് മകനിരിക്കുന്നു.
ഇടനേരങ്ങളില്‍ പിന്നെയെപ്പോഴോ അവന്‍ താഴെ എന്റെ ഇരുപ്പറയിലേക്ക് സങ്കോചത്തോടെ കയറിവന്നു. കസേരയില്‍ ഇരിക്കാതെ അതിന്റെ വക്കില്‍പിടിച്ച് പരിഭ്രമത്തോടെ നിന്നു. ബാലഭൂമിയുടെ പഴയ ലക്കങ്ങള്‍ എടുത്ത് അവന് സമ്മാനിച്ചപ്പോള്‍ നിഷ്‌കളങ്കബാല്യത്തിന്റെ വിടര്‍കണ്ണില്‍ സ്‌നേഹം തിളങ്ങി. ചെറിയ പരിഗണനകള്‍ കിട്ടുന്ന നേരത്ത് അതുപോലെ സന്തോഷിച്ചിരുന്ന ഒരു പഴയ കുട്ടി എന്റെ ഉള്ളിലും തെളിഞ്ഞു.
ഹരികൃഷ്ണനെന്നാണ് പേരെന്ന് അവൻ പറഞ്ഞു.
പിന്നെ അച്ഛനോടൊപ്പം വരുമ്പോഴെല്ലാം അവന്‍ സ്വാതന്ത്ര്യത്തോടെ എന്റെ അരികിലും വന്നു. അഞ്ചുരൂപ വിലയുള്ള ഒരു ബാലപ്രസിദ്ധീകരണം അവനെ സംബന്ധിച്ച് ഒരു കിട്ടാക്കനിയായിരുന്നു. അച്ഛന്‍ പണിചെയ്യുന്ന നേരത്ത് അദ്ദേഹത്തിനരികിലിരുന്ന് പുസ്തകം വായിക്കുന്ന കുട്ടിയെ നോക്കുമ്പോള്‍ ഞാന്‍ കണ്ണുനിറയാതെ ശ്രദ്ധിച്ചിരുന്നു.
കസേരകള്‍ നന്നാക്കിത്തീര്‍ന്നതോടെ ആ അച്ഛനും മകനും മടങ്ങി. ഒരിക്കല്‍ ബസ്സിലിരിക്കുമ്പോള്‍ അവര്‍ മൊഫ്യൂസല്‍ സ്റ്റാന്‍ഡിനു മുന്നിലൂടെ പോകുന്നതുകണ്ടിരുന്നു. കുട്ടിയെ കൈപിടിച്ചുനടത്തുന്ന അച്ഛനല്ല. അച്ഛനെ കൈപിടിച്ചുനടത്തുന്ന കുട്ടി!
കാലം കണ്ണില്ലാതെ പാഞ്ഞപ്പോള്‍ പലതും മറന്ന കൂട്ടത്തില്‍ ഞാന്‍ കൃഷ്ണന്‍കുട്ടിച്ചേട്ടനേയും മകനേയും മറന്നേപോയി.
അവരാണ് ഒരു ദശാബ്ദത്തിനെങ്കിലും ശേഷം ഇപ്പോള്‍ പൊടുന്നനെ മുന്നില്‍ പ്രത്യക്ഷരായിരിക്കുന്നത്. അച്ഛന്റെ കൈ പിടിച്ചുനടക്കുന്ന ബലിഷ്ഠകായനായ യുവാവ് അന്നത്തെ ആ പയ്യനാണെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം തോന്നി. എന്റെ ശബ്ദം കേട്ടിടത്തേക്ക് അച്ഛന്‍ മുഖം തിരിച്ചപ്പോള്‍ അവന്‍ പറഞ്ഞു:’എനിക്ക് ബാലഭൂമി തന്നിരുന്ന സാറാണ് അച്ഛാ!’
അദ്ദേഹം ഇരുട്ടിൽ ശബ്ദം കേട്ടിടത്തേക്ക്‌ സ്‌നേഹത്തോടെ ചിരിച്ചു. ഞാൻ ഹരികൃഷ്ണനോട് വിശേഷങ്ങള്‍ തിരക്കി. അവന്‍ ഈ വര്‍ഷം ഐടി ഐ പാസായിരിക്കുകയാണ്. ചെറുകിട ജോലികള്‍ ചെയ്ത് കുടുംബത്തെ തോളിലേറ്റാന്‍ തുടങ്ങുന്നു.
യാത്ര പറഞ്ഞ് വീണ്ടും അച്ഛന്റെ കൈത്തണ്ടയില്‍ കരുതലോടെ പിടിച്ച് അവന്‍ മുന്നോട്ടുനീങ്ങി. ആഘോഷത്തിരക്കില്‍ അലിയാന്‍ തുടങ്ങുന്ന അവരെ വെറുതെ നോക്കിനിന്നു.
ഒരു കാലത്ത് തങ്ങളെ ചേര്‍ത്തുപിടിച്ചിരുന്ന അച്ഛനമ്മമാരുടെ കൈവിരലുകളെ കുടഞ്ഞുകളഞ്ഞ്, പിന്നീട് അവരെ അപ്പാടെ മറന്നുകളഞ്ഞ്, സ്വന്തം യൗവനം ആഘോഷിക്കുന്ന എല്ലാ മക്കളും ഈ കാഴ്ചയൊന്ന് കണ്ടിരുന്നുവെങ്കില്‍!’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. WHERE TO TALK, AND LISTEN:
    Speak more to the children; listen more to the elderly; it shouldn’t be the other way.

    പറയുമ്പോഴും കേൾക്കുമ്പോഴും:
    കൂടുതൽ സംസാരിക്കേണ്ടത് കുട്ടികളോടും; കൂടുതൽ കേള്കേണ്ടത് മുതിർന്നവരിൽ നിന്നും ആണ്. ഇത് മറിച്ചു്ആകരുത്.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English